city-gold-ad-for-blogger
Aster MIMS 10/10/2023

Thiyya | തീയ്യരുടെ ഉല്‍പത്തിയും പരിണാമവും: ഒരന്വേഷണം

നേര്‍കാഴ്ചകള്‍ 

-പ്രതിഭാരാജന്‍

(www.kasargodvartha.com) കട്ടില്‍ തറവാടിലെ തെയ്യം കെട്ടു മഹോല്‍സവത്തിന്റെ ഭാഗമായി കട്ടില്‍ തറവാടും മണിമംഗലവും തമ്മിലുള്ള ഇതിഹാസ ബന്ധത്തിന്റെ ചരിത്ര സാഹചര്യങ്ങളിലേക്കു വിരല്‍ചൂണ്ടുകയാണിവിടെ. തീയ്യര്‍ അടക്കമുള്ള ശൂദ്രരെന്നു വിളിപ്പേരുള്ള സമൂദായങ്ങള്‍ക്കു കേരളത്തില്‍ അതിവേഗം പടര്‍ന്നു കയറാന്‍ എങ്ങനെ സാധിച്ചുവെന്നതിന്റെ ഒരന്വേഷണമാണ് ചുവടെ. തീയ്യവംശത്തിന്റെ ഉല്‍പത്തിയും പരിണാമവും എങ്ങിനെ, എവിടെ തുടങ്ങുന്നു? ആദ്യം ഇഎംഎസ് എഴുതിയ പുസ്തകത്തിലെ അഭിപ്രായം പരിശോധിച്ചു നോക്കാം. 'കേരളം മലയാളികളുടെ മാതൃഭൂമി' ഇഎംഎസിന്റെ ഒരു ഗവേഷണ ഗ്രന്ഥമാണത്. അതില്‍ ഇങ്ങനെ പറയുന്നു. 'ബുദ്ധമതത്തിനു ധാരാളം പ്രചാരം കിട്ടിയിട്ടുള്ള സിലോണില്‍ നിന്നും വന്നവരാണ് തീയ്യര്‍' (അയ്യനില്‍ നിന്നും ലോപിച്ചു തീയ്യരുണ്ടായി). ബുദ്ധനാണ് അയ്യപ്പനെന്നും പിന്നീട് ശാസ്താവായെന്നും വാദമുണ്ട്)'
                 
Thiyya | തീയ്യരുടെ ഉല്‍പത്തിയും പരിണാമവും: ഒരന്വേഷണം

ഇഎംഎസ്സിന്റെ വാദം ഇങ്ങനെ: 'തീയ്യര്‍ ബുദ്ധമത അനുയായികളായിരുന്നു. പിന്നീട് അവര്‍ ഹിന്ദുമതസ്ഥരായി. തീയ്യരുടെ വരവോടു കൂടിയാണ് കേരളത്തില്‍ തെങ്ങു വച്ചു പിടിപ്പിക്കാനും വിഭവങ്ങളെടുക്കാനും ആരംഭിച്ചത്'. ഈ വാദം ശരിയാണെങ്കില്‍ ഉദ്ദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ് കേരളത്തിലെ തീയ്യരുടെ ഉല്‍പ്പത്തി എന്നുവരും. കേവലം 2000 ആണ്ടിന്റെ പഴക്കം മാത്രമല്ല, കേരളത്തിലെ തീയ്യ സമൃദ്ധിക്കെന്ന മറുവാദമുണ്ട്. 1961ലെ സെന്‍സസില്‍ തന്നെ ഈഴവര്‍, തീയ്യര്‍, ബില്ലവര്‍, തുളുതീയ്യര്‍ പൂജാരി തുടങ്ങി 18 ഇനം തീയ്യരുടെ പട്ടികയില്‍ പെട്ടവര്‍ ആകെ ജനസംഖ്യയുടെ 24 ശതമാനം വരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതായത് നാലില്‍ ഒരാള്‍ തീയ്യപ്പട്ടികയിലുള്ളവരായിരിക്കും എന്നു ചുരുക്കം. 2020ലെ കണക്കു നോക്കിയാല്‍ ശതമാനം കൂടാനാണ് സാധ്യതയെന്ന് ഉറപ്പാണല്ലോ.

തീയ്യരുടെ വികാസവും പരിണാമവും എന്ന വിഷയത്തെ അധികരിച്ചു പഠനം നടത്തിയവര്‍ ഇഎംഎസുമായി യോചിക്കുന്നില്ല. (ഇഎംഎസ് ചിലപ്പോള്‍ തിരുവിതാംകൂറിലെ ഈഴവരെയായിരിക്കും ഉദ്ദേശിച്ചിരിക്കുക). ലിഖിത ചരിത്രത്താളുകള്‍ മറിച്ചു നോക്കുമ്പോള്‍ എഡി 509 മുതല്‍ അതായത് മുഹമ്മദ് നബിയുടെ ജനനത്തിനും 69 വര്‍ഷം മുമ്പ് മുതല്‍ പന്ത്രണ്ടാം ശതകം വരെ ശ്രീലങ്ക എന്ന രാഷ്ട്രം ചോള, പാണ്ട്യ രാജാക്കന്മാരുടെ നിരന്തര അക്രമണത്തിനു വിധേയമായിരുന്നു. സിലോണ്‍, അഥവാ ഇന്നത്തെ ശ്രീലങ്ക (ഈഴവ-ബില്ലവ ചരിത്ര പഠനങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ നിന്നും) യുമായുള്ള യുദ്ധത്തില്‍ കളരിപഠനം പൂര്‍ത്തിയാക്കിയ ഈഴവ-തീയ്യ ജാതിക്കാരെ യുദ്ധം ചെയ്യുന്നതിനായി കൂലിപ്പട്ടാളക്കാരായി നിയമിച്ചതായി കാണാം.

ഇക്കാര്യം വെളിപ്പെടുത്തുന്ന വായ്പ്പാട്ട് ഇന്നും നിലനില്‍ക്കുന്നുണ്ട് (കരിപ്പത്ത് മാഷ് അത് ലിഖിതങ്ങളാക്കിയതായി കേട്ടറിവുണ്ട്). പാട്ടിലെ പരാമര്‍ശം വെച്ചു നോക്കിയാല്‍ ആരോമല്‍ച്ചേകവരുടെ കാലത്തിനും 368 വര്‍ഷം മുമ്പേ തന്നെ ആയോധന കലകളില്‍ പ്രാമുഖ്യം നേടിയ വടക്കന്‍ തീയ്യര്‍ വടകരയിലെ പുതുപ്പണം കേന്ദ്രീകരിച്ച് കാസര്‍കോട്, തുളുനാടു വരെ നീണ്ടുനിവര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ വന്ന് തമ്പടിച്ച് തീയ്യരെ സംഘടിപ്പിച്ച് കളരി സ്ഥാപിച്ചു പരിശീലിപ്പിച്ചതായി കാണാം.
തീയ്യരുടെ അത്ഭുതകരമായ വളര്‍ച്ചക്കുള്ള ഒരു കാരണം അവരുടെ ഐക്യവും തറവാടു കേന്ദ്രീകരിച്ചുള്ള ജീവിത ശൈലിയുമായിരിക്കണം.

ഉത്തര ആയോധന പഠന കളരി കേന്ദ്രങ്ങളിലും അല്ലാതെയും തീയ്യര്‍ കുലവന്‍ ഭക്തരായി മാറിത്തുടങ്ങി. കുലവന്‍ കുലദേവനായതോടു കൂടി കള്ള് നിവേദിക്കുക നിര്‍ബന്ധമായി. ചെത്തിയും നിവേദിച്ചും, നിവേദ്യം ആവോളം പാനം ചെയ്തും സുഖിച്ചു ജീവിച്ചു പോന്ന കാരണവന്മാരുടേയും അവരുടെ മരുമക്കളുടെയും ഐക്യവും കരുത്തുമാണ് തീയ്യസമുദായത്തിനു നാടുനീളെ തറവാടുകള്‍ രൂപപ്പെടാന്‍ കാരണമെന്ന് മനസിലാക്കാന്‍ ഏറെ ചരിത്ര രേഖകള്‍ പാഠമാക്കേണ്ടതില്ല.

കുലവന്റെ ആരാധനയോടു കൂടിയാണ് അതുവരെ ആയോധന കലകളിലും, വൈദ്യവും, ഗുരുകുലം വഴി വിദ്യ അഭ്യസിച്ചും പ്രവര്‍ത്തിച്ചു വന്നവരുടെ പിന്‍തലമുറ ഇഎംഎസ് സൂചിപ്പിച്ചതു പോലെ തെങ്ങ് കൃഷി ആരംഭിക്കുകയും, കള്ളു ചെത്തി പാനം ചെയ്യുന്ന ഒരു ജീവിത ശൈലിയിലേക്കു എത്തിച്ചേര്‍ന്നതും. വീണ്ടും നാടു പുരോഗമിച്ച് ജീവിക്കാന്‍ പണം അത്യാവശ്യ ഘടകമാണ് എന്ന നിലവന്നപ്പോള്‍ മാത്രമാണ് ചെത്തിനു പുറമെ വാറ്റും ജീവിതോപാധിയായി സ്വീകരിക്കാന്‍ ഇടവന്നതെന്ന് അനുമാനിക്കാം.
           
Thiyya | തീയ്യരുടെ ഉല്‍പത്തിയും പരിണാമവും: ഒരന്വേഷണം

കളരിയില്‍ കേമത്തം നേടിയ തീയ്യരുടെ ചരിത്രത്തിനു ഉദാഹരണമായ പെരിയയിലെ നെല്ലിക്കത്തീയ്യരുടെ തറവാടായ പാലാട്ട് തറവാടിന് വടകര പുതുപ്പണത്തെ പാലാട്ട് കുഞ്ഞിക്കണ്ണന്റെ കളരി പരമ്പയുടെ പേരു ലഭിക്കാന്‍ കാരണം ഈ വാദത്തെ സ്വാധീനിക്കുന്നു. എല്ലു രോഗ ചികിത്സ, വിഷവൈദ്യം, തുടങ്ങി വൈദ്യ ശുശ്രൂഷാ രംഗത്തും പ്രഗല്‍ഭരായിരുന്നു തീയ്യര്‍ തറവാടുകള്‍. ഇതു കൂടാതെ വടകരയില്‍ നിന്നും വന്ന ഒരുകൂട്ടം ഗുരുക്കള്‍ ഗുരുകുല വിദ്യാഭ്യാസം അഥവാ എഴുത്തിനിരുത്തി ഗണപതി ഓലയില്‍ തുടങ്ങി വേദങ്ങള്‍ വരെ പഠിപ്പിച്ചു തുടങ്ങി. പാലക്കുന്നു കഴകത്തിലെ പരേതനായ ബീഡിക്കുമാരേട്ടന്റെ അച്ഛന്‍ ഭഗീരഥന്‍ ഗുരുക്ക (പക്കീരന്‍കുരുക്കള്‍) ളുടെ കയ്യില്‍ നിരവധി താളിയോല ഗ്രന്ഥങ്ങള്‍ ഈ കുറിപ്പുകാരന്‍ നേരിട്ടു കണ്ടറിഞ്ഞതാണ്.

ചിത്താരിയിലെ കടവത്തു വീടു തറവാടില്‍ ഇന്നും പുത്തരി അടിയന്തിരത്തിനു മുന്നോടിയായി ഗുരുപൂജയും നിവേദ്യവുമുണ്ട്. കടവത്ത് വീടു തറവാട്ടില്‍ കളരി അഭ്യാസവും, എഴുത്തിനിരുത്തും പരിപാലിച്ചു പോന്നിരുന്നു. അവരുടെ സ്മരണ തറവാട്ടുകാര്‍ ഇന്നും വച്ചു പുലര്‍ത്തുന്നു. ഉദുമയിലെ കൊക്കാലില്‍ ഗോവിന്ദക്കുറുപ്പ് എന്ന ഗുരുക്കള്‍ക്ക് സ്മാരകമായി ഒരു വേല്‍മുരുക ക്ഷേത്രവും ഇതിനുള്ള കൊക്കാലില്‍ കാണാം. വാറ്റും ചെത്തലുമായിരുന്നില്ല തീയ്യരുടെ ജോലി, മറിച്ച് ആയോധന കലകള്‍ പരിശീലിപ്പിക്കുകയായിരുന്നു എന്ന് മേലേ സൂചിപ്പിച്ചുവല്ലോ. വേണ്ടി വന്നാല്‍ തങ്ങള്‍ ആര്‍ജിച്ചെടുത്ത ശക്തി പ്രയോഗിക്കാനും മടിക്കാത്തവരായിരുന്നു തീയ്യര്‍. സന്ധ്യകഴിഞ്ഞാല്‍ അഥവാ കുലവന്റെ അമൃതേത്തിനു ശേഷം ആനയുടെ ശക്തിയായിരിക്കും അവര്‍ക്ക്. ഒരു കാര്‍ന്നോനും അവര്‍ക്കു ചുറ്റും പത്തുപതിനഞ്ചു മരുമക്കളും ഉണ്ടെങ്കില്‍ ഏതു മലവന്നാലും തടുക്കാനുള്ള കൈക്കരുത്തുണ്ടായിരുന്നു തീയ്യര്‍ക്ക്.

ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള തറവാടായ പാലക്കുന്ന് കഴകം ക്ഷേത്രപരിധിയിലുള്ള അരവത്ത് തായത്ത് തറവാട് തമ്പ്രാക്കളുടെ (ബ്രാഹ്മണന്മാരുടെ), തന്ത്രിവര്യന്റെ ഇല്ലം സ്ഥിതി ചെയ്യുന്നതിന്റെ ഒരു വയല്‍പ്പുറത്തിനപ്പുറമാണ്. ഇവിടെ ദേവനു വേണ്ടി പന്നിയെ വെട്ടി ചുട്ടു നിവേദിക്കുമ്പോഴുള്ള നാറ്റം അസഹ്യമായിരുന്നെങ്കിലും അങ്ങനെ പാടില്ലെന്നു പറയാന്‍ തമ്പ്രാക്കളുടെ നാവിനു ശക്തിയുണ്ടായിരുന്നില്ല. കുണ്ടംകുഴിയിലെ മാര്‍ഗം തറവാടും കുണ്ടംകുഴിയപ്പന്റെ ശ്രീകോവിലിനു തൊട്ടു മുമ്പായി വരും.

തീയ്യരെ അടക്കി ഭരിക്കാന്‍ നായന്മാരോ നമ്പൂതിരിമാരോ പലയിടത്തും ശ്രമിച്ചിരുന്നില്ല. അതും തീയ്യരുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. കീഴൂരിലെ നായര്‍ സമുദായ കൂട്ടായ്മയോട് തീയ്യസമുദായത്തിനു ആശയപരമായി അടിയറവു പറയേണ്ടി വന്നിട്ടുള്ള കാര്യവും ചരിത്രം എഴുതി വച്ചിരിക്കുന്നു. പാലക്കുന്നു കഴകത്തിലെ പരിധിയിലാണെങ്കിലും കപ്പണക്കാല്‍ ആയത്താര്‍ തറവാട്ടിനും അപ്പുറം പന്നി വേട്ടയോ, കുലവന്‍ തെയ്യം കെട്ടോ നടത്തപ്പെടാറില്ല. അതിനു കാരണം നായര്‍ വിഭാഗത്തോട് ഏറ്റുമുട്ടാന്‍ അവിടുങ്ങളിലെ തീയ്യസമുദായം അശക്തരായിരുന്നു എന്നു വേണം വിലയിരുത്താന്‍. കുലശേഖര പെരുമാളിന്റെ പരമ്പരയില്‍ പെട്ടവര്‍ ചെമ്പോലയില്‍ എഴുതപ്പെട്ട പെരുമാള്‍ ചെമ്പോല ലിഖിതത്തില്‍ തീയ്യര്‍ അങ്കം വെട്ടുകാരെന്നും കൂലിപ്പട്ടാളക്കാരായി വര്‍ത്തിച്ചിരുന്നുവെന്നും സൂചിപ്പിക്കുന്നതായി ചരിത്രാന്വേഷികള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനം കൂടി കലര്‍ത്തിയാണ് ഈ വിലയിരുത്തല്‍

ആരാണ് പെരുമാള്‍?

'ചക്കിയാള്‍ പഴയ പുരാണ'ത്തിലും, 17ാം നൂറ്റാണ്ടില്‍ രചിച്ച 'കേരളോല്‍പ്പത്തി'യിലും പറയുന്നതു പ്രകാരം. പഴയ മൈസുരും, (ഇന്നത്തെ കര്‍ണാടക. തുളുനാടും ഉത്തര കേരളവും അതില്‍ ഉള്‍പ്പെടും) ആന്ധ്രയുടെ ഒരു ഭാഗം, തുംഗഭദ്ര, കൃഷ്ണാ നദീ തീരം അടക്കം പൊരുതി ജയിച്ച് പെരുമാള്‍ രാജവംശം ഭരിച്ചു പോന്നിരുന്നു. പെരുമാള്‍ രാജാക്കന്മാരുടെ കൂലിപ്പട്ടാളക്കാരായിരുന്നു അന്ന് തീയ്യര്‍. അങ്ങനെ സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയിലല്ലെങ്കിലും വിദ്യയുടെ പരിമിതിയുണ്ടായിരുന്നെങ്കിലും ധീരന്മാരായിരുന്നു തീയ്യര്‍. ഒരു നേരത്തെ കഞ്ഞിക്കു മുട്ടില്ലാത്തതായിരുന്നു മുഴുവന്‍ തറവാടുകളും. തറവാട്ടിലെത്തിയാല്‍ കൈ നനക്കാതെ പോകരുതെന്ന് നിബന്ധനയുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ-ശൂദ്ര ജാതിയില്‍പെട്ടവരെന്ന് പറഞ്ഞ് തള്ളി പുറത്തു നിര്‍ത്തുമ്പോഴും തീയ്യത്തറവാടുകളിലെ കളരി പാരമ്പര സമ്പത്തിനെ ചരിത്രം മറച്ചു പിടിച്ചു. ശൂദ്രര്‍ക്കെന്തിനു ചരിത്രമെന്നായിരുന്നു തമ്പ്രാക്കളുടെ പക്ഷം.

ക്രിസ്തുവര്‍ഷം നാലു മുതല്‍ എട്ടാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ ഭരിച്ചിരുന്ന ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്തെ ചരിത്രരേഖകളില്‍ മാത്രമേ ബ്രാഹ്മണര്‍ എന്ന വിഭാഗത്തേക്കുറിച്ച് പരാമര്‍ശമുള്ളു. മൈസുരുവിന്റെ തെക്കും, പ്രത്യേകിച്ച് കേരളക്കരയിലും ബ്രാഹ്മണ സാന്നിദ്ധ്യം പ്രകടമായത് എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമാണ്. അവര്‍ തെക്കെ ഇന്ത്യയിലെത്തിയ കാലമതാണ്. കേരളത്തിലും പ്രത്യേകിച്ച് മലബാറിലും അവര്‍ കുടി ഉറപ്പിക്കുന്നതിനു എത്രയോ മുമ്പേ തന്നെ തീയ്യരെന്നു വിളിപ്പേരുള്ളവര്‍ ഒരു ഗോത്രമായി വളര്‍ന്നു പന്തലിച്ചിരുന്നു. ഗുപ്തസാമ്രാജ്യമെന്നാല്‍ ഇന്ത്യയുടെ സുവര്‍ണ കാലമാണ്. വിക്രമാദിത്യന്റെയും കാളിദാസന്റെയും കാലം. അക്കാലത്ത് കേരളത്തിലേക്കു ചേക്കേറിയ പണ്ഡിതന്മാരായ ബ്രാഹ്മണന്മാര്‍ വിദ്യ കൊണ്ടും മന്ത്രോച്ഛാരണങ്ങള്‍ കൊണ്ടും അജ്ഞാനികളായ രാജാക്കന്മാരെയും നാടുവാഴികളേയും പാട്ടിലാക്കി. ദേവസ്വത്തിന്റെയും, ബ്രഹ്മസ്വത്തിന്റെയും പേരില്‍ ഭൂമി വിഭജിപ്പിച്ചു. ബ്രാഹ്മണ ശാപം ഭയന്ന് നാടുവാഴികള്‍ സ്വത്തുക്കള്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു.

ബ്രാമണര്‍ക്കു നല്‍കിയ ഭൂമി ബ്രഹ്മസ്വമെന്ന പേരിലും, ദേവന്റെ അഭിവൃദ്ധിക്കു വേണ്ടി നീക്കി വെച്ച ഭൂമി ദേവസ്വം എന്നും അറിയപ്പെട്ടു. ദേവന്‍ എല്ലാ കാലത്തും മൈനറായി വര്‍ത്തിക്കുന്നതു കൊണ്ട് ദേവസ്വവും ബ്രഹ്മസ്വവുമായി ഭാഗിക്കപ്പെട്ട മുഴുവന്‍ ഭൂമിയും ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ബ്രാഹ്മണ സമൂഹത്തിന്റെ കീഴില്‍ വന്നു. അതോടെ വേദങ്ങളുടേയും ഉപനിഷത്തുകളുടെയും പിന്‍ബലത്തില്‍ ബ്രാഹ്മണര്‍ പലയിടത്തും നാടുവാഴികളേക്കാള്‍ കേമന്മാരായി. എവിടെയെല്ലാം ഇല്ലം, മന കാണാന്‍ കഴിയുന്നുവോ അവിടെയെല്ലാം ഹെക്റ്റര്‍ കണക്കിനു ഭൂമിയും ഒരു ക്ഷേത്രവും രാജാക്കന്മാരെ സ്വാധീനിച്ച് കൈവശപ്പെടുത്താന്‍ ബ്രാഹ്മണര്‍ക്കു സാധിച്ചു.

അരവത്തെ തന്ത്രിയും ഉച്ചില്ലത്തെ തന്ത്രിവര്യന്മാരും ഇതിന് ഒരുദാഹരണമായി വിലയിരുത്താം. ബ്രാഹ്മണന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ അജ്ഞരായ ജനങ്ങള്‍ നേര്‍ച്ചകള്‍ വഴി ഭണ്ഡാരങ്ങളില്‍ ധനം കുന്നു കൂടിത്തുടങ്ങി. രത്നങ്ങള്‍, സ്വര്‍ണനാണയം വെള്ളി നാണയങ്ങള്‍ നിറഞ്ഞു. ഓരോ പടയോട്ടകാലത്തും, നാടുവാഴി, രാജയുദ്ധങ്ങളിലും ക്ഷേത്രം കൊള്ളയടിക്കുന്നത് മതപരമായോ ദൈവത്തോടോ ജാതി മതങ്ങളോടോ ബ്രാഹ്മണ്യത്തോടോ ഉള്ള വിരോധമല്ല, മറിച്ച് കുന്നു കൂട്ടിയിട്ട സമ്പത്ത് കൊള്ള ചെയ്യാനാണ്. എന്നാല്‍ വിദ്യയുണ്ടെങ്കിലും അതു പ്രയോഗിക്കാന്‍ കഴിയാതെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ അറിയാതെ അശരണരായ ബ്രാഹ്മണര്‍ കൈത്തൊഴില്‍ ചെയ്തും, പശുവിനെ വളര്‍ത്തിയും, പാലുവിറ്റും, ഭിക്ഷ യാചിച്ചും ജീവിച്ചു പോന്നു. എങ്കിലും തീയ്യര്‍ പോലുള്ളവര്‍ അവരെ പൂജ്യരായി ബഹുമാനിച്ചു.

രാജാക്കന്മാരുടെ അത്യാര്‍ത്തി കാരണം നിരന്തരമായ പടയോട്ടങ്ങളും യുദ്ധങ്ങളും ഉണ്ടാകയാല്‍ നാട്ടുരാജാക്കന്മാരും അവിടുത്തെ ജനതയും അസ്ഥിരപ്പെട്ടു. വൈഷ്ണവരേക്കാള്‍ കൂടുതല്‍ ശൈവാരാധനയുള്ള മേഖലയായിരുന്നു വടക്കേ മലബാറുകാറില്‍ കൂടുതലും. അതിനു കാരണവും വടക്കേ മലബാറിലെ ഹൈന്ദവരില്‍ മഹാഭൂരിപക്ഷവും വയനാട്ടു കുലവനെന്ന മിത്തിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരാണ്. അതു കൊണ്ടു തന്നെ തീയ്യര്‍ അധിവസിക്കുന്ന ഗ്രാമങ്ങളില്‍ അപൂര്‍വ്വം ശൈവ ക്ഷേത്രങ്ങളേ കവര്‍ച്ചക്ക് ഇരയായിട്ടുള്ളു. അധികവും വൈഷ്ണവ ക്ഷേത്രങ്ങളായിരുന്നു അക്രമിക്കപ്പെട്ടത്. ശൈവക്ഷേത്രങ്ങള്‍ക്കു ചുറ്റും പൊതുവെ ശൈവാരാധകരായ തീയ്യര്‍ അധിവസിക്കുകയും, വൈഷ്ണവ ക്ഷേത്രങ്ങള്‍ക്കു ചുറ്റും കീഴ് ജാതിക്കാര്‍ക്ക് തീണ്ടലും തൊടീലും അതി കര്‍ശനമായിരുന്നു.

ആരു പടയോട്ടം നടത്തിയാലും മസില്‍ പവര്‍ വേണ്ടത്രയില്ലാത്ത വൈഷ്ണവ ക്ഷേത്രങ്ങളെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അവിടെയാണ് അധികരിച്ചും നിക്ഷേപങ്ങള്‍ കുന്നു കൂടുന്നതെന്നത് മറ്റൊരുകാര്യം. പടയോട്ട കാലങ്ങളില്‍ ഒറ്റയായും തെറ്റയായും അവരുടെ സ്വന്തം കുലദേവനെ ആരാധന നടത്തി സമാധാനമായി കഴിഞ്ഞു പോന്നിരുന്ന ബ്രാഹ്മണ കുടുംബങ്ങള്‍ പടയോട്ട ഭീതിമൂലം അവരുടെ മൂര്‍ത്തികളെ തീയ്യത്തറവാടുകളില്‍ ഏല്‍പ്പിച്ച് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യാനുള്ള അവസ്ഥ വന്നു. അങ്ങനെ എല്ലാം ഇട്ടേച്ചു പോകുന്ന സ്ഥിതി വന്ന ഒറ്റപ്പെട്ട ബ്രാഹ്മണര്‍ 'വിശ്വസിച്ചോനെ ചതിക്കില്ല കുലവന്‍ ചതിച്ചോനെ വിശ്വസിക്കില്ല' എന്ന വാമൊഴി വിശ്വാസത്തിലെടുത്ത് ഉള്ളതെല്ലാം കുലവനിങ്കല്‍ സമര്‍പ്പിച്ച് ഗോദാവരി, കൃഷ്ണാ നദീതടങ്ങളിലേക്ക് മടങ്ങിപ്പോയി.

തീയ്യരുടെ അളവറ്റ തോതില്‍ , ആള്‍ക്കരുത്തില്ലാത്ത ഇടങ്ങളിലും കുലവനെ പ്രതിഷ്ഠിക്കപ്പെട്ടു. നായര്‍ സമുദായമാണ് ഈ ഉദ്യമത്തിനിറങ്ങിത്തിരിച്ചത്. നായന്മാര്‍ ശൂദ്രരാണെങ്കില്‍പ്പോലും, കുലവനെ പ്രീതിപ്പെടുത്താന്‍ തീയ്യന്‍ തന്നെ വേണമെന്ന കീഴ്വഴക്ക പ്രകാരം നായര്‍-കുലവ തറവാടുകളെല്ലാം തീയ്യസമുദായത്തിങ്കല്‍ സമര്‍പ്പിക്കപ്പെട്ടു. അവിടങ്ങളിലെല്ലാം വയനാട്ടു കുലവന്റെ സങ്കല്‍പ്പ വാസ സ്ഥലങ്ങളായി മാറി.

കട്ടില്‍ വളപ്പ് തറവാട്

ഇത്തരം ചരിത്ര സാഹചര്യങ്ങളെ മുന്നില്‍ നിര്‍ത്തി വിലയിരുത്തുമ്പോള്‍ ഒറ്റപ്പെട്ടു കിടക്കുന്ന അത്യാവശ്യം സമ്പത്തു ശേഖരിച്ചു വച്ചിരുന്ന ബ്രാഹ്മണകുടുംബം തങ്ങളുടെ സമ്പത്തും അധികാരങ്ങളും കൊള്ളയിടിക്കപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍ അവരുടെ മനയും, ഇല്ലവും പുരയിടം സഹിതമുള്ള ഭൂസ്വത്തുക്കളെല്ലാം സമീപത്തുള്ളതും 'വിശ്വസിച്ചവനെ ചതിക്കില്ല തൊണ്ടച്ച'നെന്ന വായ്മൊഴിയില്‍ വിശ്വാസം അര്‍പ്പിച്ചും തൊട്ടടുത്തുള്ള തീയ്യത്തറവാട്ടിലെ കാരണവരെ ഏല്‍പ്പിച്ച് പൂര്‍വ സ്ഥലത്തേക്ക് തിരിച്ചുപോയി. നാര്‍ക്കുളം, പട്ടരുടെ കന്നിരാശി തുടങ്ങി പലയിടങ്ങളിലും സമാനമായ ചരിത്രം നമുക്കു പഠിച്ചെടുക്കാന്‍ കഴിയും.

ഇതിനു പുറമെ മുത്തനടുക്കം ഇടപ്പണി തുളുച്ചേരി നായര്‍ തറവാട്, അടുക്കാടുക്കം, കളിങ്ങോത്തെ വലിയവളപ്പില്‍ തറവാട്, മാപ്പിലങ്ങാട്ടെ കൂക്കള്‍ തറവാട്, കോട്ടപ്പാറ ശ്രീ കോരച്ചന്‍ തറവാട് തുടങ്ങിയവയില്‍ ചിലവ ബ്രാഹ്മണര്‍ കൈയ്യൊഴിഞ്ഞതും, മറ്റു ചിലവ തറവാടുകള്‍ പ്രാപ്തിയുള്ള നായന്മാര്‍ സ്വയം ആര്‍ജിച്ചതിനു ശേഷം തീയ്യ സമുദായത്തെ ഏല്‍പ്പിച്ചതുമായ ചരിത്രം വര്‍ത്തമാന കാലത്തിലും പ്രസക്തമാണ്.

മാണിക്കോത്ത് കട്ടില്‍വളപ്പ് തറവാട്ടില്‍ തെയ്യം കെട്ടു മഹോല്‍സവത്തിനു നാന്ദി കുറിച്ചിരിക്കുകയാണ്.
മേല്‍ വിവരിച്ച സാഹചര്യം വിലയിരുത്തി പറയുമ്പോള്‍ കട്ടില്‍വളപ്പ് തറവാട്ടു മൂപ്പന്‍ കണിമംഗലത്തു താമസിക്കുന്ന ഒരു ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടിക്ക് സര്‍പ്പ വിഷബാധയേറ്റപ്പോള്‍ ചികിത്സിച്ച് ഭേദമാക്കിയതു വഴി രൂപപ്പെട്ട രക്തബന്ധ സമാനമായ സൗഹാര്‍ദ്ദം നിലനിന്നു പോന്നിരുന്നു. കാലം പല സംഭവവികാസങ്ങളിലൂടെ കടന്നു പോയി. ഒടുവില്‍ നാട് പട്ടയോട്ടത്തെ അഭിമുഖീകരിക്കേണ്ട സ്ഥിതി വന്ന സാഹചര്യത്തില്‍ ഏറെ ഭയം പൂണ്ട സുഹൃത്തു കൂടിയായ ബ്രാഹ്മണന്‍ തന്റെ സമ്പത്തിന്റേയും ആരുഡത്തിന്റെയും, ഉപാസനാ മൂര്‍ത്തികളുടേയും പൂര്‍ണ സംരക്ഷണം കട്ടില്‍ തറവാട്ടു മൂപ്പനെ ഏല്‍പ്പിച്ചു സ്വദേശത്തേക്കു പലായനം ചെയ്തുവെന്നുമാണ് ക്ഷണപത്രത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ കുറിപ്പിന്റെ ആദ്യം സൂചിപ്പിച്ച ചരിത്ര പശ്ചാത്തലം തന്നെയാണ് കട്ടില്‍വളപ്പു തറവാടിലും നമുക്ക് കാണാനാകുന്നത്. അന്ന് കൊടുത്ത വാക്ക് കട്ടില്‍ തറവാട്ടുകാര്‍ ഇപ്പോഴും പാലിച്ചു പോരുന്നു. കൊടുത്ത വാക്ക് പിഴക്കില്ലെന്ന കുലവന്റെ തോറ്റം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നിലനിര്‍ത്തിപ്പോരുകയാണ് ഇവിടുങ്ങളിലെ കാരണവന്മാര്‍. പിഴക്കാത്ത വാക്കിന്റെ പിന്‍ബലം പറ്റി നാട്ടുക്കൂട്ടം മഹാദേവന്റെ ഓമന പുത്രനായ ശ്രീ വയനാട്ടു കുലവനെ സാക്ഷി നിര്‍ത്തി ഉല്‍സവങ്ങളുടെ മഹോല്‍സവമായ ശ്രീ വയനാട്ടു കുലവന്‍ തെയ്യം കെട്ടു മഹോല്‍വത്തിനു നാന്ദി കുറിക്കുകയാണ്.

Keywords: Thiyyas, Ezhava, Brahmin, Caste, Malabar, Temple Festival, Prethiba Rajan, Origin and Evolution of Thiyyas.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL