'നമുക്കില്ല' അതിവേഗ പാത; ഈ അവഗണന സഹിക്കാവുന്നതിലുമപ്പുറം
Jul 18, 2016, 12:23 IST
പ്രതിഭാരാജന്‍
(www.kasargodvartha.com 18/07/2016) കേരളത്തിലെ ഇടതു വികസന സ്വപ്‌നങ്ങളില്‍ കാസര്‍കോട് ജില്ല ഉള്‍പെടുന്നില്ലെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വരാനിരിക്കുന്ന റെയില്‍ അതിവേഗ പാത. കാസര്‍കോട് ജില്ലയിലെ ഇടതു എം എല്‍ എമാര്‍ മുന്ന് പേരില്‍ ഒരു മന്ത്രിയുണ്ടായിട്ടും, പ്രതിപക്ഷത്തും ഭരണപക്ഷത്തും മാറിമാറി ഇരുന്ന് തഴമ്പുള്ള രണ്ട് പ്രതിപക്ഷ എം എല്‍ എമാരും ഉള്ള ജില്ല മൗനത്തിലാണ്. അതിവേഗ റെയില്‍വേ പാതയുടെ സാദ്ധ്യതാ പഠനത്തിനുള്ള ബജറ്റ് പ്രഖ്യാപനം വന്നപ്പോള്‍, ബജറ്റില്‍ 50 ലക്ഷം മാറ്റിവെച്ചപ്പോള്‍ ഭരണകുടത്തിന്റെ സ്വപ്നങ്ങളില്‍ കാസര്‍കോടിലേക്ക് പാത പോയിട്ട് പഠനം വരെ നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അവര്‍ അഞ്ചുപേരും ഒറ്റക്കെട്ടായി കണ്ണും കാതും മാത്രമല്ല, മുഖമാകെ ഇരുട്ടില്‍ മറച്ചു പിടിച്ചിരിക്കുകയാണ്. ഷൊര്‍ണൂര്‍ വരെയുള്ള വൈദ്യുതി ലൈന്‍ കണ്ണൂര്‍ വരെ വൈദ്യുതീകരിച്ചു കഴിഞ്ഞു. കാസര്‍കോട് ബാക്കി. കാസര്‍കോടിലെ കോരന് എന്നും എപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെ. കാസര്‍കോടിനെ മറന്നു വെച്ചുകൊണ്ടുള്ള റെയില്‍വെ വികസനത്തിനേക്കുറിച്ച് ജനപക്ഷത്തു നില്‍ക്കുന്നവര്‍ വാ തുറക്കണം.
2012 കാലത്തെ ഐസക്കിന്റെ അന്നത്തെ പൊതു ബജറ്റില്‍ 20 കോടി രൂപ അതിവേഗ പാതക്കായി അനുവദിക്കുമ്പോള്‍ തത്വത്തിലുള്ള പഠനാംഗീകാരത്തില്‍ കാസര്‍കോട് ജില്ലയും ഉള്‍പെട്ടിരുന്നു, ഇപ്പോള്‍ 2016ലെത്തിയപ്പോള്‍ കാസര്‍കോടിനു തളര്‍ച്ച ബാധിച്ചതെങ്ങനെ? സ്വന്തം പോക്കറ്റില്‍ നിന്നുമല്ലല്ലോ അധികാരികള്‍ വികസനത്തിനായി പണം മുടക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമെടുത്ത് ചിലവാക്കാന്‍ മടിക്കുന്നതിന്റെ പൊരുളെന്താണ്. കാസര്‍കോട് അവസാനിക്കുന്നതല്ലല്ലോ ഈ റെയില്‍പാത. ഏതു രാഷ്ട്രീയത്തിന്റെ, രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പോരായ്മകളാണ് ഇതിനു പിറകിലെന്നറിയാന്‍ ജനത്തിന് കൗതുകമുണ്ട്. പണമില്ല എന്ന കാരണമാണ് കാസര്‍കോടിനെ ഒഴിവാക്കാന്‍ കാരണമാകുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈന സര്‍ക്കാരിന്റെ റെയില്‍വെ കോര്‍പറേഷനാണല്ലോ പണം മുടക്കാന്‍ മുന്നോട്ടു വന്നു നില്‍ക്കുന്നത്. ഡി എം ആര്‍ സിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്നു വരുന്ന മെട്രോ റെയില്‍േവക്ക് പണം മുടക്കിയ ജപ്പാന്‍ ഗവണ്‍മെന്റും താല്‍പര്യം കാണിക്കുന്നുണ്ട്.
അതിവേഗതയില്‍ യാത്ര ചെയ്താല്‍ തിരുവനന്തപുരത്തു നിന്നും തിരിച്ച് കണ്ണൂരിലെത്താന്‍ എട്ടല്ല രണ്ടരമണിക്കുര്‍ മതിയാകും എന്നാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ കാസര്‍കോടുകാരന് കണ്ണൂരില്‍ നിന്നും നാട്ടിലെത്താന്‍ വേണം അത്രയും സമയം. ഇവര്‍ കേരളത്തിലെ രണ്ടാം പൗരന്മാരും പൗരികളുമാണോ. എടുക്കാത്ത മുക്കാലും തൊട്ടും തീണ്ടിക്കുടാത്തവരുമാണോ. എന്തു ജനാധിപത്യ നീതിയാണിത്. കര്‍ണാടകയില്‍ നിന്നും മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ന്നു വന്നപ്പോള്‍ സപ്തഭാഷാ സംഗമഭൂമിയായ ഈ പുണ്യ നാടിനെ ഉയിരു നല്‍കിയും മാതൃ സംസ്ഥാനത്തോ
ടൊപ്പം നിര്‍ത്തി സംരക്ഷിക്കുമെന്ന് ആണയിട്ടു പറഞ്ഞവരെയാണ് ഭരണവര്‍ഗം വേലിക്കു പുറത്താക്കി നിര്‍ത്തിയിരിക്കുന്നത്.
മൂന്നു മാസത്തിനകം സാദ്ധ്യതാ പഠന റിപോര്‍ട്ടിന്റെ കരട് ധനവകുപ്പിന്റെ മേശപ്പുറത്ത് വരും. അതില്‍ കാസര്‍കോട് ജില്ലയും കുടി ഉള്‍പ്പെടുത്തിയിരിക്കണം എന്ന ജനാഭിലാക്ഷത്തിന്മേല്‍ രാഷ്ട്രീയം കാണരുതെന്ന അഭ്യര്‍ത്ഥനയാണ് ഇവിടത്തെ ജനങ്ങള്‍ക്കുള്ളത്. കേരളത്തിനകത്ത് ഒരു എം എല്‍ എയെ സൃഷ്ടിക്കാന്‍ ഇനിയും സാദ്ധ്യത നിലനില്‍ക്കുന്ന കാസര്‍കോട്ടെ, കേന്ദ്രം ഭരിക്കുന്ന ബി ജെ പി എന്ന പാര്‍ട്ടിയെ എഴുതിത്തള്ളാന്‍ കഴിയുന്നതല്ല. കേന്ദ്രവും കേരളവും സംയുക്തമായി രുപപ്പെടുത്തിയാണ് 91,000 കോടി രൂപ ചിലവു വരുന്ന ഈ പദ്ധതി നടപ്പിലാവുക. 190 കിലോമീറ്റര്‍ ദുരം മേല്‍പാലമായും, 140 കിലോമീറ്റര്‍ തുരങ്കത്തിലുടെയും, അത്യാവശ്യമായി വേണ്ടിടത്തു മാത്രം ഭൂനിരപ്പിന്റെ ഉപരിതലത്തിലുടെ സഞ്ചരിക്കുന്ന അതിവേഗ പാതക്ക് പൊന്നും വില കൊടുത്ത് 2,500 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ മെനക്കെടുന്നു.
കാസര്‍കോട് മാത്രം ഭൂമി കിട്ടാക്കനിയാകുന്നതെങ്ങനെ. മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് സഖാവ് പിണറായി വിജയന്‍ നയിച്ച ജനമുന്നേറ്റ യാത്രയുടെ ഉല്‍ഘാടന വേളയില്‍ കാസര്‍കോടു വെച്ച് പ്രഖ്യാപിച്ച, പിന്നീട് ചേര്‍ന്ന പാര്‍ട്ടി പഠന കോണ്‍ഗ്രസിലെ പ്രസംഗത്തില്‍ വരിവരിയായി പറഞ്ഞുവെച്ച, പിന്നീട് സമഗ്രമായ ചര്‍ച്ചക്കു വഴിവെച്ചതിന്റെ ഒക്കെ ഫലമായി രൂപം കൊണ്ട, ഒരു കിലോമീറ്റര്‍ പാത നിര്‍മ്മിക്കുന്നതിനായി 211 കോടി രൂപ ചിലവിടാന്‍ ഒരുക്കമുള്ള, ആകെ 2500 ഏക്കര്‍ സ്ഥലം എന്തു വിലകൊടുത്തും വാങ്ങാന്‍ മനസു വെക്കുന്ന ഇടതു സര്‍ക്കാര്‍ കാസര്‍കോട്ടെ മഞ്ചേശ്വരത്തു വെച്ച് ജനമുന്നേറ്റ യാത്രയില്‍ പ്രഖ്യാപിക്കപ്പെട്ട സ്വപ്നം ഇവിടുത്തുകാര്‍ക്ക് ദിവാസ്വപ്മമായി മാറ്റരുത്. കാണം വിറ്റും ഓണമുണ്ണുന്ന കേരളം തങ്ങളുടെ 2016ലെ കന്നി ബജറ്റ് പ്രസംഗത്തിന്റെ 32ാം പേജില്‍ 14ാം ഭാഗത്ത് 50 ലക്ഷം രുപ മാറ്റിവെക്കുമ്പോള്‍ പഠനം നടത്തുന്നതില്‍ നിന്നും കാസര്‍കോട് മാത്രം എങ്ങനെയാണ് തൊട്ടുകൂടാത്തവരാവുക എന്ന ജനാധിപത്യപരമായ സംശയത്തിന് ഉത്തരം കണ്ടെത്തി ജനങ്ങളോട് മറുപടി പറയാന്‍ ഇവിടെ നിന്നും തെരഞ്ഞെടുത്തു പോയ മന്ത്രിയും മറ്റു ജനപ്രതിനിധികളും തയ്യാറാകണം.
കേരള പഠന കോണ്‍ഗ്രസിലെ വികസനപ്രഖ്യാപനത്തോടൊപ്പം ജനമുന്നേറ്റയാത്രാ പ്രഖ്യാപനവും വരുമ്പോള്‍ റെയില്‍വെ കേരളം കണ്ണുര്‍ സ്‌റ്റേഷന്‍ വരെ മാത്രമായിരുന്നില്ല. റെയില്‍വെ വികസനം കണ്ണൂര്‍ വരെ മാത്രമെന്ന വാര്‍ത്ത സപ്തഭാഷാ സംഗമ ഭുമിയായ കാസര്‍കോടിലെ നാനാജാതി, മത സാംസ്‌കാരം ഉള്‍കൊള്ളുന്നവരെ അടച്ച് അപമാനിക്കുന്നതിനു തുല്യമായ പ്രവര്‍ത്തിയാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്തുമ്പോഴേക്കും കേരളത്തിന്റെ വാല് മുറിഞ്ഞോ എന്ന ചോദ്യത്തിനും, കാസര്‍കോട്ടുകാരുടെ നികുതിപ്പണം സ്വീകരിക്കുകയും വികസനം നല്‍കാതിരിക്കുകയും ചെയ്യുന്നത് സര്‍ക്കാറിന്റെ അനീതിയല്ലെ എന്ന ചോദ്യത്തിനുമാണ് ബന്ധപ്പെട്ടവര്‍ ഉത്തരം നല്‍കേണ്ടത്.
Keywords: Article, Prathibha Rajan, Railway, Kerala Government, Kasaragod, Budget, No Express train to Kasaragod; It stops at Kannur