ഭാഷയിലെ അപകർഷതയും കടമെടുത്ത ‘ശുദ്ധ’ മലയാളവും; നാട്ടുഭാഷയെ മറക്കരുത്
● മധ്യതിരുവിതാംകൂറിലെ സംസാരരീതിയാണ് യഥാർഥ മലയാളം എന്ന തെറ്റായ ധാരണ ചിലരിലുണ്ട്.
● പ്രാദേശിക ഭാഷ ഉപയോഗിച്ചാൽ മറ്റുള്ളവർ പരിഹസിക്കുമോ എന്ന ഭയമാണ് പലരെയും കൃത്രിമ ശൈലി അനുകരിക്കാൻ പ്രേരിപ്പിക്കുന്നത്.
● സ്വാഭാവിക സംഭാഷണത്തിൽ കൃത്രിമ ശൈലി കടത്തിവിടുമ്പോൾ അത് കല്ലുകടിയായാണ് അനുഭവപ്പെടുന്നത്.
● കാസർകോടൻ മലയാളത്തിന് സവിശേഷമായ സൗന്ദര്യവും പദസമ്പത്തും ചരിത്രവുമുണ്ട്.
● ഭാഷയിൽ ശുദ്ധം, അശുദ്ധം എന്നീ വേർതിരിവുകളില്ല; വ്യത്യസ്ത ഭാഷാവകഭേദങ്ങൾ മാത്രമേയുള്ളൂ.
-നിസാർ പെറുവാഡ്
(KasargodVartha) ഭാഷയെന്നത് മനുഷ്യൻ്റെ ചിന്തയെയും വികാരങ്ങളെയും സ്വന്തം ചുറ്റുപാടുകളുമായി കണ്ണിചേർക്കുന്ന സ്വാഭാവിക മാധ്യമമാണ്. എന്നാൽ, നമ്മുടെ നാട്ടിൻപുറങ്ങളിൽ - പ്രത്യേകിച്ച് വടക്കൻ അതിർത്തി പ്രദേശങ്ങളിൽ, ഗൾഫിൽ പോയി തിരിച്ചെത്തുന്ന ചിലരിലെങ്കിലും പ്രകടമാകുന്ന ഭാഷാപരമായ മാറ്റം ഗൗരവമായ ചില സാമൂഹിക യാഥാർഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നുണ്ട്. സ്വന്തം പ്രാദേശിക വ്യവഹാര ഭാഷയോടുള്ള അനാവശ്യമായ ഏസിഗെയും (നാണക്കേട്) അതിൽനിന്നുണ്ടാകുന്ന അപകർഷതാബോധവും അവരെ അസ്വാഭാവികമായ മറ്റൊരു ശൈലി അനുകരിക്കാൻ പ്രേരിപ്പിക്കുന്നു.
മധ്യതിരുവിതാംകൂറിലെ സംസാരരീതിയാണ് 'യഥാർഥ' അല്ലെങ്കിൽ 'ശുദ്ധ' മലയാളം എന്നൊരു അലിഖിത ധാരണ മലയാളികൾക്കിടയിൽ പണ്ടേ രൂപപ്പെട്ടിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളും അച്ചടിഭാഷയും ഒരുകാലത്ത് ഈ ധാരണയെ ശക്തിപ്പെടുത്തിയിരുന്നു. വിദേശത്ത് ജോലിയെടുക്കുമ്പോൾ വിവിധ ജില്ലകളിൽ നിന്നുള്ളവരുമായി ഇടപഴകേണ്ടി വരുന്നതോടെ, സ്വന്തം പ്രാദേശിക ഭാഷ പുറത്തുപറഞ്ഞാൽ അത് മറ്റുള്ളവരിൽ പരിഹാസമുണ്ടാക്കുമോ എന്നൊരു തെറ്റായ ഭയം ചിലരിൽ വേരുറയ്ക്കുന്നു.
കൃത്രിമത്വവും സാംസ്കാരിക ആർജവവും
നാട്ടിൽ തിരിച്ചെത്തുമ്പോഴാണ് ഈ അപകർഷത വിചിത്രമായ രീതിയിൽ പുറത്തുവരുന്നത്. സ്വന്തം കുടുംബത്തോടും അയൽക്കാരോടും സംസാരിക്കുമ്പോൾപ്പോലും, വാക്കിൻ്റെ അവസാനം 'അറിയത്തില്ല', 'പറ്റത്തില്ല', 'കൊള്ളത്തില്ല' എന്നിങ്ങനെ കൃത്രിമമായി കൂട്ടിച്ചേർത്ത് സംസാരിക്കാൻ ഇവർ ശ്രമിക്കുന്നു. എന്നാൽ, സ്വാഭാവികമായി ഒഴുകി വരേണ്ട സംഭാഷണത്തിൽ കൃത്രിമമായ ഒരു ഭാഷാശൈലി കടത്തിവിടുമ്പോൾ, ഉദ്ദേശിച്ച മാന്യതയ്ക്ക് പകരം കേൾവിക്കാരനിൽ അത് കല്ലുകടിയും കൃത്രിമത്വവുമാണ് ഉണ്ടാക്കുന്നത്.
ഒരു ഭാഷയും മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമോ അധമമോ അല്ല. കാസർകോടൻ മലയാളത്തിന് അതിൻ്റേതായ ചരിത്രവും, ബഹുഭാഷാ സമ്പർക്കത്തിൽ നിന്ന് രൂപപ്പെട്ട പദസമ്പത്തും, സവിശേഷമായ സൗന്ദര്യവുമുണ്ട്. ആ തനിമയെ ലജ്ജയോടെ കാണേണ്ട ഒന്നായി കരുതുന്നതിലാണ് യഥാർഥ പ്രശ്നം കിടക്കുന്നത്. സ്വന്തം സ്വത്വത്തിലും ഭാഷയിലും ആത്മാഭിമാനം പുലർത്താൻ കഴിയാത്തതാണ് ഇത്തരം അനുകരണങ്ങളിലേക്ക് ആളുകളെ നയിക്കുന്നത്.
പ്രാദേശിക ഭാഷാഭേദങ്ങൾ സങ്കോചമില്ലാതെ സംസാരിക്കുകയെന്നത് സാംസ്കാരികമായ ആർജവത്തിൻ്റെ ലക്ഷണമാണ്. അന്യനാട്ടിൽ വെച്ച് പരിചിതമായ മറ്റ് ശൈലികൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതിൽ തെറ്റില്ല; എന്നാൽ സ്വന്തം മണ്ണിലും വേരുകളിലും നിൽക്കുമ്പോൾ നാട്ടുഭാഷയെ മാറ്റിനിർത്തുന്നത് ആ ഭാഷയോടും സംസ്കാരത്തോടും കാട്ടുന്ന അനാദരവാണ്. കടമെടുത്ത വാക്കുകളേക്കാൾ മനോഹരവും ആത്മാർഥവുമായത് സ്വന്തം നാവിൻ്റെ സ്വാഭാവികതയാണെന്ന് തിരിച്ചറിയുകയാണ് ഇവിടെ പ്രധാനം.
എന്താണ് ഭാഷയും ഉപഭാഷയും തമ്മിലുള്ള വ്യത്യാസം?
ഭാഷയിൽ 'ശുദ്ധം', 'അശുദ്ധം' എന്നിങ്ങനെയുള്ള ദ്വന്ദങ്ങളില്ല; ഉള്ളത് വ്യത്യസ്തമായ ഭാഷാവകഭേദങ്ങൾ (Dialects) മാത്രം. ഭക്ഷണത്തിലും ഭാഷയിലുമൊക്കെ ശുദ്ധി–അശുദ്ധി സങ്കൽപങ്ങൾ കൊണ്ടുവരുന്നത് സാമൂഹികമായ ശ്രേണീകരണത്തിൻ്റെ (Brahmanic / Elitist Construct) ഭാഗമാണ്. ഭാഷാശാസ്ത്രജ്ഞനായ മാക്സ് വെയ്ൻറിച്ചിൻ്റെ (Max Weinreich) ഒരു പ്രശസ്തമായ നിരീക്ഷണമുണ്ട്: 'A language is a dialect with an army and navy' (സൈന്യവും അധികാരവുമുള്ള ഒരു ഉപഭാഷയെയാണ് പലപ്പോഴും നാട്ടുനടപ്പ് 'ഭാഷ' എന്ന് വിളിക്കുന്നത്). അധികാരവും ഭരണസ്വാധീനവുമുള്ളവരുടെ സംസാരരീതി 'മാന്യവും ശുദ്ധവു'മാവുകയും, എളിയവരുടേത് 'അശുദ്ധവും കൊച്ച ഭാഷയു'മായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നത് അങ്ങനെയാണ്.
നമ്മുടെ കാസർകോട്ടെ പഴയ ആധാരങ്ങളും പ്രമാണങ്ങളും കന്നഡയിലായത് ഇവിടെ സംസാരിച്ചിരുന്ന മലയാളം മോശമായതുകൊണ്ടല്ല; മറിച്ച് ഇക്കേരി, മൈസൂർ ഭരണാധികാരികളുടെ ആസ്ഥാനഭാഷയും (Court Language) ഭരണാധികാരവും അതായിരുന്നതുകൊണ്ടാണ്. അധികാരത്തിൻ്റെ മേൽവിലാസം മാറുമ്പോൾ 'പ്രമാണ ഭാഷ'യുടെ അടയാളങ്ങളും മാറും. ഓരോ ഉപഭാഷയും അതാത് ദേശത്തെ മനുഷ്യരുടെ സംസ്കാരം, ഭൂപ്രകൃതി, തൊഴിൽ, ജീവിതരീതികൾ എന്നിവയുമായി ഇഴചേർന്ന് ജൈവികമായി രൂപപ്പെടുന്നതാണ്. അതിൽ തിരുത്തു വരുത്താനും പരിഷ്കരിക്കാനും അതിലൂടെ ആശയവിനിമയം നടത്തുന്ന ജനതയ്ക്ക് (Native Speakers) മാത്രമേ അവകാശമുള്ളൂ.
കാലഹരണപ്പെടുന്ന വാക്കുകളും പുതിയ പ്രയോഗങ്ങളും
ജീവൽഭാഷകൾ ഒരിക്കലും നിശ്ചലമല്ല; അവ നിരന്തരം പുതിയ വാക്കുകളും പ്രയോഗങ്ങളും സ്വീകരിച്ചും പല പദങ്ങൾ ഉപേക്ഷിച്ചും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. മുൻ തലമുറ മാത്രം ഉപയോഗിച്ചിരുന്ന കാലഹരണപ്പെട്ട എത്രയെത്ര വാക്കുകളും പ്രയോഗങ്ങളുമുണ്ട്; ഓരോ കാലത്തും പുതുതായി കടന്നു വരുന്ന പദങ്ങളും ശൈലികളുമാണ് ഭാഷയെ നവോഢയായി നിലനിർത്തുന്നത്. ചുരുക്കത്തിൽ, 'ശുദ്ധഭാഷ' എന്നത് ഒരു മിഥ്യയാണ്. പരമാവധി നമുക്കതിനെ ഭരണപരമായ സൗകര്യത്തിനായുള്ള 'പൊതുഭാഷ' (Standard Language അഥവാ മാനകഭാഷ) എന്ന് വിളിക്കാം; അല്ലാതെ മറ്റുള്ളവയേക്കാൾ ജന്മനാ 'ശുദ്ധി' അവകാശപ്പെടാൻ ഒരു ഭാഷയ്ക്കോ വകഭേദത്തിനോ സാധ്യമല്ല.
കായിഞ്ഞിൻ്റെ 'ശുദ്ധമലയാളം' വെപ്രാളത്തിൽ പൊലിഞ്ഞ കഥ
പ്രവാസലോകത്തുനിന്ന് നാട്ടിൽ ലീവിന് വിമാനം ഇറങ്ങിയാൽ ചിലർക്ക് പെട്ടെന്ന് വരുന്നൊരു മാറ്റമുണ്ട്- സംസാരത്തിൽ അങ്ങ് 'തെക്കൻ' കാച്ചുക! സ്വന്തം നാടൻ മൊഴിയൊക്കെ പറയുന്നത് ഏസിഗെ ആയിറ്റ് 'മാന്യത' നടിക്കൽ. പക്ഷേ ഒന്നുറപ്പാണ്: എടങ്ങേറ് വന്ന് പെടക്കുമ്പോൾ ഉള്ളിൻ്റെ ഉള്ളിൽനിന്ന് ചാടിവീഴുന്നത് നമ്മുടെ സ്വന്തം ഭാഷ തന്നെയായിരിക്കും. അങ്ങനെയൊരു കട്ട പ്രവാസി 'കായിഞ്ഞി'യുടെ കഥ കേൾക്കണോ?
ദുബൈന്ന് ബന്നിറ്റ് ഓള് ബെച്ചെ കറി 'കൊള്ളത്തില്ലാ...' ന്ന് കോട്ടയം ഭാഷയിൽ ചെല്ലീറ്റ് എണിച്ചെ കായിഞ്ഞി, തിരിഞ്ഞതും ദ്ക്കനെ കാല് മേസക്ക് മുട്ടി! നൊമ്പലം സദിക്കാൻ കയ്യാണ്ട് പെടഞ്ഞ കായിഞ്ഞിയുടെ വായിൽ നിന്ന് എപ്പോൾ വീണത് ഇങ്ങനെ: 'ഇത് എന്നിൻറെ കണ്ടാമാലെപ്പ! ഈ ചാഅ്നെ ഈടെ കൊട്ന്ന്റ്റ് ബെച്ചിനെ ഏത് നെജൊ ഇല്ലാത്തോന്?!' നൊമ്പലം ബന്ന്റ്റ് പെട്ക്ക്മ്പക്ക് ഓൻ്റെ സുദ്ദാല്യൊളം പോയ ബയിക്ക് പുല്ല് മൊളച്ചിറ്റ്ല്ലാല!
ഒരു അത്യാഹിതമോ സങ്കടമോ ദേഷ്യമോ വരുമ്പോഴേ മനസ്സിലാവൂ, നമ്മുടെ ഉള്ളിലെ 'നാട്ടുഭാഷ' ഒരിക്കലും നാടുവിട്ടു പോയിട്ടില്ലെന്ന്! ഞമ്മളെ ഭാസെ ഞമ്മക്ക് ബെൽദ്... തെക്കറെ ഭാസെ ഓർക്ക് ബെൽദ്! ഞമ്മൊ തമ്മൾല് ബിസ്യം പറേമ്പൊ ഞമ്മളെ ബാസെന്നെ മതി. ഏയ്ദ്മ്പക്ക് മാത്രൊ സുദ്ദാല്യോളം മതി ആബെ. നാട്ട്ലും പൊരേലും സ്വന്തം ബാസെ ബ്ട്ട്റ്റ് കളി ബേണ്ട മക്കളെ!
ഭാഷയിലെ അപകർഷതയെക്കുറിച്ചുള്ള ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ ചിന്തകൾക്കും വാർത്തകൾക്കുമായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Nizar Peruvad writes about language inferiority and Kasaragod Malayalam.
#KasaragodMalayalam #NizarPeruvad #LanguageIdentity #KeralaCulture #KasargodVartha #MalayalamArticles #AparnaNews






