നിയമം ലംഘിച്ച് ആരിക്കാടി ടോൾ ഗേറ്റ്; അധികൃതർ കരാർ കമ്പനിയെ രക്ഷിക്കുന്നു, പിഴിയുന്നത് യാത്രക്കാരെ!
● ചെങ്കള - നീലേശ്വരം റീച്ചിൽ നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാത്ത കരാറുകാരന്റെ വീഴ്ചയ്ക്ക് പൊതുജനങ്ങളെ മൊത്തമായി പിഴിയുന്ന നടപടിയാണിത്.
● ആരിക്കാടിയിൽ മൂന്ന് ലൈനുകൾ മാത്രമുള്ള ടോൾ ബൂത്ത് വൻ ഗതാഗതക്കുരുക്കിന് കാരണമായേക്കാം.
● ടോൾ ഒഴിവാക്കി സഞ്ചരിക്കാൻ സർവീസ് റോഡ് ഇല്ലാത്തത് യാത്രക്കാർക്ക് നിർബന്ധിതമായി ചുങ്കം നൽകേണ്ട അവസ്ഥ സൃഷ്ടിക്കുന്നു.
● കണ്ടൽക്കാടുകളാൽ സമൃദ്ധമായ പരിസ്ഥിതി ലോലപ്രദേശത്താണ് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്.
നിസാർ പെറുവാഡ്
കാസർകോട്: (KasargodVartha) ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാസർകോട് കുമ്പളയ്ക്ക് അടുത്ത് ആരിക്കാടിയിൽ പൂർത്തിയാക്കിയ ടോൾ ഗേറ്റ് നിയമം തെറ്റിച്ച് സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ടോൾ ബൂത്തിൻ്റെ ക്യാമറകൾ പ്രവർത്തനക്ഷമമായിക്കഴിഞ്ഞതോടെ, ദിവസങ്ങൾക്കകം ഇവിടെ വാഹനങ്ങളിൽ നിന്ന് ചുങ്കം പിരിവ് ആരംഭിക്കുമെന്നുറപ്പായി. എന്നാൽ, ടോൾ പിരിവിന് പിന്നിലെ അശാസ്ത്രീയതയും ജനദ്രോഹ നടപടിയും അധികൃതരെ പ്രതിക്കൂട്ടിലാക്കുന്നു.
നിയമം തെറ്റിച്ച ടോൾ പിരിവ്: നഷ്ടം യാത്രക്കാർക്ക്
ദേശീയപാത അതോറിറ്റിയുടെ നിയമമനുസരിച്ച് സാധാരണഗതിയിൽ ഓരോ 60 കിലോമീറ്ററിലും മാത്രമാണ് ടോൾ ഗേറ്റ് സ്ഥാപിക്കാൻ അനുമതിയുള്ളത്. നിലവിൽ തലപ്പാടിയിൽ ഒരു ടോൾ ഗേറ്റ് നിലവിലുണ്ട്. 60 കിലോമീറ്റർ ദൂരമനുസരിച്ച് അടുത്ത ടോൾ ബൂത്ത് വരേണ്ടത് കാഞ്ഞങ്ങാടിനടുത്തുള്ള ചാലിങ്കാലിൽ ആണ്.
എന്നാൽ, ചെങ്കള - നീലേശ്വരം റീച്ചിൽ കരാറെടുത്ത കമ്പനി നിശ്ചിത സമയത്തിനുള്ളിൽ റോഡ് പണി പൂർത്തിയാക്കാത്തതിനാൽ ചാലിങ്കാലിൽ ടോൾ ബൂത്ത് സ്ഥാപിക്കാൻ സാധിച്ചില്ല. ഈ കരാറുകാരൻ്റെ വീഴ്ചയ്ക്ക് നഷ്ടം ഈടാക്കുന്നതിന് പകരം, നിലവിലുള്ള തലപ്പാടി ടോൾ ബൂത്തിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെ ആരിക്കാടിയിൽ പുതിയ ടോൾ ബൂത്ത് തുറക്കുകയാണ് അധികൃതർ ചെയ്തത്. ഒരു കോൺട്രാക്റ്റിംഗ് കമ്പനിയുടെ വീഴ്ചയ്ക്ക് പൊതുജനങ്ങളെ മൊത്തമായി പിഴിയുന്ന നടപടി ന്യായീകരിക്കാൻ കഴിയില്ലെന്നാണ് യാത്രക്കാരുടെയും പൊതുപ്രവർത്തകരുടെയും ചോദ്യം.

വൻ ഗതാഗതക്കുരുക്ക് ഉറപ്പ്; സർവീസ് റോഡുമില്ല
ആരിക്കാടിയിലെ പുതിയ ടോൾ ബൂത്ത് വൻ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും ആശങ്കയുണ്ട്. തലപ്പാടിയിലെ ആറ് ലൈൻ ടോൾ ബൂത്തിൽ പോലും തിരക്കുണ്ടാകുമ്പോൾ, ആരിക്കാടിയിൽ വെറും മൂന്ന് ലൈനുകൾക്ക് മാത്രമേ സൗകര്യമുള്ളൂ. ഇത് കിലോമീറ്ററുകളോളം വാഹനങ്ങൾ കെട്ടിക്കിടക്കാൻ ഇടയാക്കും.
തലശ്ശേരി-മാഹി ബൈപ്പാസിലടക്കം ടോൾ ഒഴിവാക്കി സഞ്ചരിക്കാൻ സർവീസ് റോഡുകൾ ഉള്ളപ്പോൾ, ആരിക്കാടി ടോൾ ബൂത്തിന് അടുത്ത് സർവീസ് റോഡ് തന്നെയില്ല. അതായത്, മെയിൻ പാത ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും ടോൾ നൽകേണ്ടിവരും. കൂടാതെ, യാതൊരു ശാസ്ത്രീയ പരിശോധനയുമില്ലാതെ, കുമ്പള പുഴക്കടുത്തുള്ള കണ്ടൽക്കാടുകളാൽ സമൃദ്ധമായ പരിസ്ഥിതി ലോലപ്രദേശത്താണ് ഈ ടോൾ ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്.
ജനപ്രതിനിധികളുടെ മൗനം സംശയകരം
ഈ ജനദ്രോഹ നടപടിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മൗനം പാലിക്കുന്നതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. നഷ്ടം കുമ്പളക്കാർക്ക് മാത്രമല്ല, 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ഇളവുകൾ ഉണ്ടായേക്കാം. എന്നാൽ അതിനപ്പുറമുള്ള ഉദുമ മുതൽ തിരുവനന്തപുരം വരെ ദേശീയപാത ഉപയോഗിക്കുന്ന മുഴുവൻ കേരളീയരെയും ബാധിക്കുന്ന പ്രശ്നമാണിത്. എല്ലാവർക്കും ആവശ്യത്തിന് 'സഹായം' നൽകുന്ന കരാർ കമ്പനിക്ക് ആരെയും വിലക്കെടുക്കാൻ ത്രാണിയുണ്ടെന്നാണ് ജനസംസാരം.
കഴിഞ്ഞ മാസം പ്രദേശവാസികൾ പ്രക്ഷോഭം നടത്തിയപ്പോൾ, എം.എൽ.എ. വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ കരാർ കമ്പനിയുടെ വീഴ്ച എന്ന മർമ്മം എം.എൽ.എ.യും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സ്പർശിച്ചില്ല. ഇടതു-വലതു മുന്നണികളുടെയും പ്രധാന പ്രതിപക്ഷമായ ബി.ജെ.പി.യുടെയും ഈ സമീപനം ഒത്തുകളിയാണോ എന്ന് ജനം സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. 'എൻ്റെ നെഞ്ചിൽ വെടിയുണ്ട ഏറ്റാലും ഞാൻ സമരത്തിൻ്റെ മുൻപന്തിയിൽ ഉണ്ടാകും' എന്ന് പറഞ്ഞ എം.പി.യുടെ മൗനവും ചോദ്യം ചെയ്യപ്പെടുന്നു. ഈ വിഷയത്തിൽ കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും പാവപ്പെട്ട യാത്രക്കാരെ പിഴിയരുത് എന്നുമാണ് ആവശ്യം.
ആരിക്കാടി ടോൾ ഗേറ്റിൻ്റെ നിയമലംഘനത്തിനെതിരെ നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക
Article Summary: NH 66 Arikkady toll gate installed 20 km from Thalappady, violating the 60 km rule, allegedly to protect the construction contractor.
#NH66 #ArikkadyToll #TollGateProtest #KasaragodNews #KeralaHighway #PublicProtest






