city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൗമാരക്കാര്‍ അറിയാന്‍...

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 19/05/2015) എസ്.എസ്.എല്‍.സി പരീക്ഷയുടെ അവസാന ദിവസം കാഞ്ഞങ്ങാട്ടെ മൂന്ന് ഹൈസ്‌കൂളുകളിലെ പ്രധാനധ്യാപകര്‍ സ്‌കൂളുകളില്‍ പോലീസ് സംരക്ഷണം വേണമെന്ന് അപേക്ഷിച്ചു. പരീക്ഷയുടെ അവസാനദിവസം കുട്ടികള്‍ പരസ്പരം വെട്ടും കുത്തും നടത്താന്‍ സാധ്യതയുണ്ട് എന്ന് ഭയപ്പെടുന്നു.

ഇതാണ് നമ്മുടെ ന്യൂജനറേഷന്‍ കുട്ടികള്‍. ഇതാണ് നമ്മുടെ വിദ്യാഭ്യാസം മുഖേന നേടിയെടുത്ത മൂല്യബോധം. കുട്ടികളെ ഭയപ്പാടോടെ കാണുന്ന അധ്യാപകര്‍. സ്‌നേഹവും സൗഹൃദവും ബഹുമാനവും പഠിപ്പിച്ചുവിടുന്ന വിദ്യാലയത്തില്‍ ഒപ്പമിരുന്നുപഠിച്ചവരെ പരസ്പരം കുത്തിക്കീറുവാന്‍ പ്രേരിപ്പിക്കുന്ന ഘടകമേതാണ്?

പണ്ടൊക്കെ പത്താം ക്ലാസ് കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ച് കണ്ണീര്‍ പൊഴിക്കുന്ന കുട്ടികളെയാണ് കാണാന്‍ കഴിയുക. സ്‌നേഹം പങ്കിട്ട് മധുരം നുണഞ്ഞ് വീണ്ടും എന്നെങ്കിലും എവിടെ വെച്ചങ്കിലും കാണാം എന്നൊക്കെ പറഞ്ഞ് പിരിഞ്ഞുപോയവരായിരുന്നു അവര്‍. ഓട്ടോഗ്രാഫിലെ കളര്‍ പേപ്പറുകളില്‍ വേദന പരസ്പരം കുറിച്ചിടുന്ന കാലം. കാലമെത്രകഴിഞ്ഞാലും ആ കൊച്ചു ഓട്ടോഗ്രാഫ് ഒരു നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്ന കാലം...

അതൊക്കെ പോയ്മറഞ്ഞു. എഴുതുന്ന വാക്യങ്ങളിലും പറയുന്ന വാക്കുകളിലും ക്രൗര്യം തുളുമ്പുകയാണിന്ന്. 'ഡാ' വിളികളാണ് പരസ്പരം. കേള്‍ക്കുമ്പോള്‍ തോന്നും സൗഹൃദപദങ്ങളാണെന്ന്. ഓട്ടോഗ്രാഫിലെ വരികള്‍ കണ്ടാല്‍ ഭയപ്പെട്ടുപോകും. ഡാ പോടാ... പിന്നെ മൃഗങ്ങളുടെ പേരുകളായിരിക്കും. എന്തെങ്കിലും പ്രശ്‌നത്തിന്റെ പേരില്‍ കലഹിക്കുക, പ്രതികാരം മനസില്‍ സൂക്ഷിക്കുക, അവസാനദിവസം അടിച്ചും, ചവിട്ടിയും, വെട്ടിയും പക തീര്‍ക്കുക ഇതാണ് ഇന്നത്തെ സ്‌കൂള്‍ പഠനകാല അവസാനദിവസങ്ങളിലെ പരിപാടികള്‍.

വര്‍ത്തമാന കാലത്തെ കുട്ടികള്‍ കണ്ടുവളരുന്നതിതൊക്കെത്തന്നെയാണ്. മദ്യപിച്ചെത്തുന്ന അച്ഛന്മാര്‍. അമ്മമാരെ ക്രൂരമായി തല്ലിച്ചതക്കുന്ന കാഴ്ചയാണ് അവര്‍ കാണുന്നത്. സ്‌നേഹത്തോടെയുള്ള ഒരു നോട്ടമോ, വാക്കോ കുട്ടികള്‍ അനുഭവിക്കുന്നില്ല. അവര്‍ ദിവസേന കാണുന്നതും അനുഭവിക്കുന്നതും ഇത്തരം ക്രൂരതകളാണ്. അത് അവരുടെ ജീവിതത്തിലും പ്രയോഗവല്‍ക്കരിക്കുന്നു.

തല്ലേ പ്രണയത്തിന്റെ പേരില്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരു കുട്ടിയുടെ കൊലപാതകത്തിലും കലാശിച്ചത്? ഒരു പെണ്‍കുട്ടിയെ രണ്ടുആണ്‍കുട്ടികള്‍ പ്രണയിക്കുന്നു. പരസ്പരം അവള്‍ എന്റെതാണെന്ന് പറയുന്നു. പറച്ചിലിന് വാശികൂടുന്നു. വാശി കയ്യാങ്കളിയിലെത്തുന്നു. കയ്യിലുള്ള പ്രൊട്ടക്ടര്‍ കൊണ്ട് ഒരുവന്‍ മറ്റവനെ കുത്തുന്നു. എന്നിട്ടും അരിശം തീരാതെ അടുത്തുള്ള വെള്ളക്കെട്ടിലേക്ക് വലിച്ചുകൊണ്ടുപോകുന്നു. ശ്വാസം നിലയ്ക്കുന്നതുവരെ വെള്ളത്തില്‍ തലമുക്കി നിര്‍ത്തുന്നു. പിടച്ചില്‍ നിന്നപ്പോള്‍ വെള്ളത്തിലേക്ക് തള്ളിയിട്ട് മറ്റുരണ്ടുപേര്‍ രക്ഷപ്പെടുന്നു. ഒന്നും സംഭവിക്കാത്തപോലെ കരുണവറ്റിയ ഹൃദയത്തിനുടമകളായോ ഇന്നത്തെ കൗമാരക്കാര്‍?

ഇത്തരം ചെയ്തികളിലേക്ക് കുട്ടികളെ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ഇലക്‌ട്രോണിക്ക് ദൃശ്യമാധ്യമങ്ങളാണ്. മൊബൈലും, ഇന്റര്‍നെറ്റും, വാട്ട്‌സ്ആപ്പും, കമ്പ്യൂട്ടറും എല്ലാം കുട്ടികളില്‍ ക്രൂരത നിറയ്ക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.

മുന്‍കാലത്തും ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട് പ്രണയമുണ്ടായിട്ടുണ്ട്. അതൊക്കെ സൗമ്യതയുടെ, സ്‌നേഹത്തിന്റെ ഉദാത്തമാതൃകകളായിരുന്നു. പരസ്പരം ദേഹത്ത് സ്പര്‍ശിക്കാന്‍ പോലും ഭയപ്പെട്ടിരുന്നു. ചെറുചിരിയിലും, നോട്ടത്തിലും, ചെറുസല്ലാപങ്ങളിലും ഒതുങ്ങി നില്‍ക്കുമായിരുന്നു അത്. മനോഹരമായ പ്രണയലേഖനങ്ങള്‍ സ്‌നേഹത്തിലും, പ്രണയത്തിലും താളിച്ചെഴുതിയ മനോഹരങ്ങളായ സൃഷ്ടികളായിരുന്നു. അത് പരസ്പരം കൈമാറി വായിച്ചാസ്വദിക്കുമായിരുന്നു...

ഇന്ന് നോക്കൂ... പ്രണയലേഖനം വഴിമാറി അതിനൊന്നും സമയം മെനക്കെടാന്‍ പറ്റില്ല. പ്രണയ സിമ്മുകളാണ് കാമുകിമാര്‍ക്ക് നല്‍കുന്നത്. അതില്‍ എഴുത്തുകുത്തുകളൊന്നുമില്ല. പച്ചയായ ലൈംഗിക കേളികള്‍. കണ്ടാസ്വദിക്കൂ. അതേ പോലെ നമുക്കും നോക്കാം. രണ്ടുപേരുടെയും മനസില്‍ ചതിവിന്റെ വിത്ത് മുളയ്ക്കുന്നു. ജീവിതം ആസ്വദിക്കാം. പിരിയാം, മറക്കാം, ക്രൂരമനസുകള്‍ക്കേ ഇങ്ങിനെയൊക്കെ ആവാന്‍ സാധിക്കൂ. കാര്യം നടത്തുക വലിച്ചെറിയുക അത്രതന്നെ.

ഇക്കഴിഞ്ഞ ദിവസം കാസര്‍കോട് വെച്ച് പിടിക്കപ്പെട്ട കുട്ടിക്കള്ളന്‍ ലക്ഷങ്ങള്‍ പൊടി പൊടിച്ച് ജീവിക്കുകയായിരുന്നില്ലേ? പതിനേഴ്‌വയസുള്ള പയ്യന്‍ മുപ്പത്കാരികളായ സ്ത്രീകള്‍ക്ക് ദിവസം നാലായിരവും അയ്യായിരവും കൊടുത്ത് റൂംമേറ്റായി കൊണ്ടുനടക്കുകയായിരുന്നില്ലേ? ഇതാണ് കൗമാര ക്രൗര്യതയുടെ വേറൊരുമുഖം.

ഡല്‍ഹിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്ത നിര്‍ഭയ എന്ന പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിരോധിച്ചപ്പോള്‍ അവളുടെ കുടല്‍മാല പൊളിച്ചെടുത്ത് പുറത്തേക്ക് വലിച്ചിട്ടത് പതിനാറുകാരനായ പയ്യനല്ലേ? ചെറുപ്പക്കാരികളായ അധ്യാപികമാര്‍ക്ക് പ്രണയക്കത്തെഴുതാനും, അവരുടെ അവയവ സൗഷ്ഠവം മൊബൈലില്‍ പകര്‍ത്തി കൂട്ടുകാര്‍ക്കയച്ചുകൊടുക്കുന്ന ക്രൗര്യതനിറഞ്ഞ കൗമാര മനസിന്റെ ഉടമകളെയും സ്‌കൂളുകളില്‍ കാണാന്‍ കഴിയുന്നു.

ഇതിലും ഇതിനപ്പുറവും ഇനിയും സംഭവിച്ചേക്കാം ഇമ്മട്ടു പോയാല്‍. ഇത്തരം പരാക്രമങ്ങള്‍ അടിച്ചമര്‍ത്തിയേ പറ്റൂ. അതിനുള്ള പോംവഴികള്‍ ആരായണം. ഉപദേശം കൊണ്ടോ, നിര്‍ദേശം കൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയുന്നവയല്ലിത്. സമൂഹത്തില്‍ നടമാടുന്ന ക്രൂര കൃത്യങ്ങളുടെ മിന്നലാട്ടമാണ് കൗമാരപ്രായത്തിലുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ കാട്ടിക്കൂട്ടുന്നത്.

പതിനെട്ടുവയസ്സായില്ല. അതിനാല്‍ എന്തു കുറ്റവും ചെയ്യാം. ഏറ്റവും വലിയ ശിക്ഷയെന്ന് പറയുന്നത് ജുവനൈല്‍ഹോമുകളിലെ വാസമാണ്. അതൊരുപ്രശ്‌നമേയല്ല. സുഖമുള്ള ജീവിതം തന്നെ അവിടെയും ഇതില്‍ കൂടുതലൊന്നും നടക്കാന്‍ പോകുന്നില്ല എന്ന ചിന്ത കൗമാരക്കാരുടെയിടയില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ ഇടയാക്കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണം. പ്രായപരിധിനോക്കാതെ ഭീകരകുറ്റകൃത്യങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭിക്കുന്നതുപോലുള്ള ശിക്ഷ ഇവര്‍ക്കും കിട്ടണം.

കുട്ടികളെ വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അതിലാളനയും അതിതിരസ്ണവും പാടില്ല. ഒരു മധ്യമാര്‍ഗം സ്വീകരിക്കണം. എല്ലാകാര്യങ്ങളും സ്വയം ചെയ്യിക്കണം. എപ്പോഴും അവരില്‍ ഒരു ശ്രദ്ധവേണം. ജിറാഫിന്റെ പ്രസവം ഇതിനൊരുദാഹരണമാണ്. ഉയരത്തില്‍ നിന്നാണ് കുഞ്ഞ് പ്രസവിച്ച് വീഴുന്നത്. അനങ്ങാതെ കിടക്കുന്ന കുഞ്ഞിനെ അമ്മ ജിറാഫ് കാല് കൊണ്ട് തൊഴിക്കും. അപ്പോള്‍ കുഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കും. വീണ്ടും വീഴും, തൊഴിതന്നെ അപ്പോഴും കുഞ്ഞ് എഴുന്നേറ്റ് ഓടാന്‍ തുടങ്ങും വരെ ഈ പ്രക്രിയ നടക്കും.

അച്ഛനുമമ്മയും മാതൃകാപരമായി ജീവിക്കണം. എല്ലാം തുറന്നു പറയിക്കണം. സ്‌നേഹമുണ്ടെന്ന് പറഞ്ഞാല്‍ പോരാ, സ്‌നേഹം അനുഭവിപ്പിക്കണം. തങ്ങളുടെ മക്കളുടെ കൂട്ടുകാരെ കുറിച്ച് പൂര്‍ണമായി മനസിലാക്കണം. അവരെ വീട്ടിലേക്ക് വരുത്തി പരിചയപ്പെടണം. വഴിതെറ്റുന്നു എന്നുകണ്ടാല്‍ കടുത്തശിക്ഷ തന്നെ കൊടുക്കണം. അതും അവനെ ബോധ്യപ്പെടുത്തണം.

സമൂഹവും എപ്പോഴും കണ്ണും കാതും കൂര്‍പ്പിച്ച് ശ്രദ്ധിക്കണം. ജനാധിപത്യരാജ്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രിയ പ്രവര്‍ത്തനമാണ് മക്കളെ വളര്‍ത്തുകയെന്നത്.
കൗമാരക്കാര്‍ അറിയാന്‍...

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kookanam-Rahman, Article, Youth, School, Education, Education, Parents, Internet-crime. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia