city-gold-ad-for-blogger

വക്കീൽ ആമൂച്ചാൻ്റെ പുള്ളി ജപ്പാൻ അംബാസിഡർ! നഗ്മ മുഹമ്മദ് മാലിക് കാസർകോടിൻ്റെ അഭിമാനം

Nagma Mohamed Mallick, India's Ambassador to Japan
Photo Credit: Facebook/ India in Brunei Darussalam (High Commission of India, Bandar Seri Begawan)

● പോളണ്ടിലെ നിലവിലെ അംബാസഡറാണ്.
● 1991 ബാച്ചിലെ ആദ്യ മുസ്ലിം വനിത ഐ എഫ് എസ് ഉദ്യോഗസ്ഥ.
● ദക്ഷിണ കന്നഡ എഴുത്തുകാരി സാറാ അബൂബക്കറിൻ്റെ സഹോദരപുത്രി.
● ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മുന ഷംസുദ്ദീൻ കസിൻ.
● 1965-ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് പി മുഹമ്മദ് ഹാഷിം അമ്മാവൻ.

നിസാർ പെറുവാഡ്

കാസർകോട്: (KasargodVartha) കാസർകോടിന്റെ മഹിമ വാനോളമുയർത്തിക്കൊണ്ട് ഇന്നാട്ടുകാരി നഗ്മ മുഹമ്മദ് മാലിക് ഉദയ സൂര്യന്റെ നാട്ടിൽ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിതയായിരിക്കുന്നു. നിലവിൽ പോളണ്ടിലെ അംബാസഡറായ നഗ്മ, ജപ്പാനിൽ ഇന്ത്യൻ അംബാസഡറാകുന്ന രണ്ടാമത്തെ വനിതയായിരിക്കും.

ഞങ്ങൾ കാസർകോട്ടുകാർ സ്നേഹ ബഹുമാനത്തോടെ 'വക്കീൽ ആമൂച്ചാൻ' എന്ന് വിളിച്ചിരുന്ന, 1930 മുതൽ 1970 വരെ കാസർകോട് കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന പുതിയപുരയിൽ അഹമ്മദിന്റെ കൊച്ചുമകളാണ് നഗ്മ മാലിക്. 

അദ്ദേഹത്തിന്റെ മകൻ പരേതരായ മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ. (പൈവളിഗെ സ്വദേശി റിട്ട. എസ് പി എം എസ് മാണിപ്പാടിയുടെ മകളും കർണാടക മൈനോറിറ്റി കമ്മീഷൻ ചെയർമാനായിരുന്ന അൻവർ മാണിപ്പാടിയുടെ സഹോദരിയുമാണ് നഗ്മയുടെ മാതാവ് സുലു)

nagma mohamed mallick india ambassador japan kasaragod

പിതാവ് ഹബീബുള്ളക്ക് കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓവർസീസ് കമ്മ്യൂണിക്കേഷനിൽ ജോലി ലഭിച്ചതിനെ തുടർന്ന് കുടുംബം ന്യൂഡൽഹിയിലേക്ക് താമസം മാറ്റിയതായിരുന്നു. നഗ്മ ജനിച്ചതും വളർന്നതും രാജ്യ തലസ്ഥാനത്തായിരുന്നുവെങ്കിലും ലോകത്തിന്റെ ഏത് കോണിലെത്തിയാലും താനൊരു കാസർകോട്ടുകാരിയാണെന്ന് പറയുന്നതിൽ അവർ അഭിമാനിച്ചിരുന്നു. അതുല്യമായ ഈ നേട്ടത്തിൽ കാസർകോടിന് അഭിമാനിക്കാൻ ഏറെയുണ്ട്.

നഗ്മയുടെ കുടുംബബന്ധങ്ങൾ ശ്രദ്ധേയമാണ്:

ദക്ഷിണ കന്നഡയിലും കാസർകോട്ടും വിപ്ലവകരമായ രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയും കർണാടക സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പരേതയായ സാറാ അബൂബക്കറിന്റെ സഹോദരപുത്രിയാണ് നഗ്മ.

കസിൻ മുന ഷംസുദ്ദീൻ ഇപ്പോൾ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

മറ്റൊരു അമ്മാവൻ 1965-ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് പി മുഹമ്മദ് ഹാഷിമാണ്. ഇദ്ദേഹത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് കാസർകോട് റെയിൽവേ സ്റ്റേഷന് സമീപം ഒരു നിരത്തിന് പേര് നൽകിയിട്ടുണ്ട്. ഈയിടെ ടൗൺ ഹാളിന് സമീപത്ത് പുലിക്കുന്നിൽ നഗരസഭ നിർമിച്ച ഒരു സ്മാരക സ്തൂപവും തലയുയർത്തി നിൽക്കുന്നു.

1991 ബാച്ചിൽ ഇന്ത്യയിലെ ആദ്യ മുസ്ലിം വനിത ഐ എഫ് എസ് ഉദ്യോഗസ്ഥയായ നഗ്മ ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്ന് ഇക്കണോമിക്സിൽ പി ജി യും കരസ്ഥമാക്കി. 

മുപ്പത് വർഷത്തിലധികം നീണ്ട നയതന്ത്ര ജീവിതത്തിൽ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോൾ പദവി വഹിച്ചു. പ്രധാനമന്ത്രിമാരായ ഐ കെ ഗുജ്റാളിന്റെയും എ ബി വാജ്‌പേയിയുടെയും ഓഫീസുകളിലും സുപ്രധാന പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പാരീസിലെ യുനെസ്കോ ഇന്ത്യൻ മിഷനിലായിരുന്നു ആദ്യ ഔദ്യോഗിക പോസ്റ്റിംഗ്. നേപ്പാൾ, ശ്രീലങ്ക, തായ്‌ലാൻഡ്, ടുണീഷ്യ, ബ്രൂണൈ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായി സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു. കൂടാതെ വിദേശകാര്യ മന്ത്രാലയത്തിൽ റഷ്യ, ആഫ്രിക്ക, കോമൺവെൽത്ത് രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്തിട്ടുമുണ്ട്.

ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉർദു, മലയാളം തുടങ്ങി അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള നഗ്മയ്ക്ക് സാഹിത്യത്തിലും ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലും അതീവ താൽപ്പര്യമുണ്ട്. കലാമേഖലയോടുള്ള ഈ താൽപ്പര്യം മുൻപ് ദൂരദർശനിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സീരിയലായ ‘ഹം ലോഗ്’-ൽ അഭിനയിക്കുന്നതിലേക്കും അവരെ എത്തിച്ചിട്ടുണ്ട്.

രണ്ട് വർഷത്തെ കേന്ദ്രസർക്കാർ സേവനം ബാക്കിയുള്ള, ലോകത്തിലെ കരുത്തുറ്റ രാജ്യങ്ങളിൽ ഒന്നിൽ ഇന്ത്യാ സർക്കാരിനെ പ്രതിനിധീകരിക്കാൻ ഇപ്പോൾ അവസരം ലഭിച്ച ഞങ്ങളുടെ നാട്ടുകാരിയെ തേടി ഇനിയും മികച്ച അവസരങ്ങൾ വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയും പ്രാർഥനയും.

കാസർകോട്ടെ മണ്ണിൽ വേരുറച്ച ഈ പ്രതിഭയ്ക്ക് എല്ലാവിധ ആശംസകളും!

Note: പുള്ളി=കൊച്ചുമകൾ

കാസർകോടിന്റെ അഭിമാനമായ നഗ്മ മുഹമ്മദ് മാലിക്കിനെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക. 

Article Summary: Nagma Mohamed Mallick, a native of Kasaragod and currently the Ambassador to Poland, has been appointed as India's next Ambassador to Japan.

#NagmaMohamedMallick #AmbassadorToJapan #Kasaragod #IndianForeignService #IndianDiplomacy #FirstMuslimWomanIFS

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia