city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bobby Chemmanur | മിസ്റ്റർ 'ബോച്ചേ' യൂ ആർ ദി ഗ്രേറ്റ്!

Mr. 'Boche' you are the great!
* ഉമ്മയുടെ മുഖത്ത് സന്തോഷത്തിന്റെ പ്രകാശം പരന്നു തുടങ്ങി
* നീണ്ട പതിനെട്ട് വർഷക്കാലം ജയിലറക്കുള്ളിൽ

(KasargodVartha) മനസ് നിറയെ സ്വപ്നങ്ങളുമായി നാടും വീടും പെറ്റുമ്മയേയും വിട്ട് കടൽ കടന്നു പോയ അബ്ദുൽ റഹീമിന് അറിയില്ലായിരുന്നു എന്നേയും കാത്ത് ഒരു ദുരന്തം അവിടെയുണ്ടെന്നുള്ള കാര്യം. നീണ്ട പതിനെട്ട് വർഷക്കാലം ജയിലറക്കുള്ളിൽ കണ്ണീരും പ്രാർത്ഥനയോടും കൂടി കഴിഞ്ഞു വരികയാണ് അദ്ദേഹം. അതോടെ താൻ സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു. വൃദ്ധയായ ഉമ്മാന്റെ കരച്ചിലും, കണ്ണീരും കണ്ട് കേരളത്തിലെ മലയാളികളുടെ മനസ്സുകൾ വിങ്ങി പൊട്ടുകയായിരുന്നു. അതോടെ സഹായ ഹസ്തങ്ങളുമായി ജനസമൂഹം മുന്നിട്ടിറങ്ങി. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ എല്ലാരും ഒറ്റക്കെട്ടായി മുപ്പത്തിനാല് കോടി സമാഹരിക്കാൻ ഊണും ഉറക്കവുമൊഴിച്ച് വേനലിലെ ചൂടിനെ വകവെക്കാതെ എല്ലാം തരണം ചെയ്തു മുന്നോട്ട് കുതിക്കുകയായിരുന്നു. 

'ബോച്ചേ' രംഗത്ത് വന്നതോടു കൂടി ലോകം മൊത്തം ഉണർന്നു. ഒരു കോടി താൻ നൽകുമെന്നും, ബാക്കി മുപ്പത്തിമൂന്ന് കോടി യാചിച്ച് സമാഹരിക്കണമെന്ന ദൃഢനിശ്ചയത്തോടു കൂടി പ്രയാണം തുടരുകയായിരുന്നു. നിരപരാധിയായ അബ്ദുൽ റഹീമിനെ തൂക്കുകയറിൽ നിന്നും രക്ഷപ്പെടുത്തണമെന്ന പ്രാർത്ഥനകളോടെ ബോച്ചേയും സംഘടനകളും രാഷ്ട്രീയ സിനിമാ മേഖലകളിലുള്ളവരും പിരിവിനായ് നെട്ടോട്ടമോടുകയായിരുന്നു. ബോച്ചേയുടെ ഇടപെടലാണ് എല്ലാവരും ഉണരാൻ കാരണമായത്. കോമാളിയെന്ന് മുദ്ര ചാർത്തപ്പെട്ട ബോച്ചേ താങ്കളാണ് ലോകത്തിന് മാതൃകയായ താരം. മിസ്റ്റർ ബോച്ചേ യൂ ആർ ഗ്രേറ്റ്..!

Mr. 'Boche' you are the great!

താൻ പോലും അറിയാതെ സംഭവിച്ചു പോയ ഒരു പ്രശ്നത്തിന് തൂക്കു കയർ വിധിക്കപ്പെട്ട കോഴിക്കോട് ഫറോഖിലെ ഫാത്വിമയുടെ മകൻ അബ്ദുൽ റഹീം എന്ന ചെറുപ്പക്കാരൻ പതിനെട്ട് വർഷക്കാലം പുറംലോകം കാണാതെ സൗദി ജയിലിൽ കഴിയുകയാണ്. അബ്ദുൽ റഹീം ജോലി ചെയ്തിരുന്ന സ്പോൺസറുടെ മകന്റെ മരണമാണ് നിരപരാധിയായ റഹീമിനെ ജയിലിലാക്കിയത്. മരണപ്പെട്ടു പോയ സൗദി പൗരന്റെ ബന്ധുക്കളുമായി പലകുറി ബന്ധപ്പെട്ടവർ മാപ്പപേക്ഷയുമായി ബന്ധപ്പെട്ടപ്പോഴും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തവർ അവസാനം സൗദി റിയാൽ ഒന്നരക്കോടി അതായത് ഇന്ത്യൻ രൂപ മുപ്പത്തിനാല് കോടി ദിയാധനം ആവശ്യപ്പെടുകയായിരുന്നു.

ഇത്രയും വലിയ തുക എങ്ങനെ സമാഹരിക്കുമെന്ന ചിന്തകളായിരുന്നു കേരളത്തിലെ മലയാളികളുടെ മനസ്സിൽ ആശങ്കയുണ്ടാക്കിയത്. എന്നിട്ടും സധൈര്യം നാടും നാട്ടുകാരും, ഒരു സംസ്ഥാനം മൊത്തം രംഗത്തിറങ്ങി. അബ്ദുൽ റഹീമിന്റെ പേരിൽ ഒരു ആപ്പ് ഉണ്ടാക്കുകയും, അദ്ദേഹത്തിന്റെ ഉമ്മാന്റെ അക്കൗണ്ട് നമ്പർ വെച്ചും പല വാട്സ് ആപ്പ് കൂട്ടായ്മകളും, സംഘടനകളും, അല്ലാത്തവരും സമാഹരണ രംഗത്ത് സജീവമായി പ്രവർത്തിക്കുവാൻ തുടങ്ങി. വിചാരിച്ച തുക അക്കൗണ്ടിൽ എത്താതായപ്പോഴാണ് ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഉടമയായ ബോബി ചെമ്മണ്ണൂർ (ബോച്ചേ) രംഗത്ത് വന്നത്

മലയാളികൾ പരിഹാസ പൂർവ്വം കണ്ടു കൊണ്ടിരുന്ന ട്രോളിയും, കളിയാക്കിയും നടന്ന പണക്കാരനായ കോമാളി പട്ടം നമ്മൾ നൽകിയ ആ ബോച്ചേ തിരുവനന്തപുരം മുതൽ കാസർകോട് വരെ സ്വന്തം വാഹനങ്ങളിൽ സഞ്ചരിച്ച് യാചന നടത്തിയപ്പോൾ ലോകം തന്നെ ഉണർന്നു വരികയായിരുന്നു. സ്വന്തം പോക്കറ്റിൽ നിന്നും ഒരു കോടി രൂപ നീക്കി വെച്ച് ബാക്കിയുള്ള മുപ്പത്തി മൂന്ന് കോടികൾ സമാഹരിക്കുവാൻ വെയിലും മഴയും വകവെക്കാതെ തെരുവിൽ നിന്നും തെരുവുകളിലേക്ക് പ്രയാണം നടത്തിയപ്പോൾ ഒരു കടലോളം കാശുകൾ അക്കൗണ്ടിലേക്ക് ഒഴുകിയെത്തി.

ഇവിടെ ജാതിയുടെയോ മതത്തിന്റെയോ അതിർ വരമ്പുകളുണ്ടായിരുന്നില്ല.എല്ലാവരും ഒരുമ്മ പെറ്റ മക്കളെ പോലെ സജീവമായി പ്രവർത്തിച്ചു. ബോച്ചേ ചാനലുകളിലും, സോഷ്യൽ മീഡിയകളിലും മറ്റും പ്രകാശിക്കുന്ന നക്ഷത്രമായി മാറുകയാണുണ്ടായത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുപോലും അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നു. എവിടെയെല്ലാം മലയാളികളുണ്ടോ അവരെല്ലാം റഹീമിനെ തൂക്കു കയറിൽ നിന്നും രക്ഷപ്പെടുത്തുവാൻ സഹായം നൽകിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ പ്രയത്നമാണ് മുപ്പത്തിനാല് കോടി സമാഹരിക്കാൻ സാധിച്ചത്. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഭീമമായ ഒരു സംഖ്യ സ്വരൂപിക്കുവാൻ കഴിഞ്ഞത്. അതിന് ബോച്ചേക്കും മറ്റുള്ളവർക്കും മുപ്പത്തിനാല് കോടി നന്ദികൾ പറഞ്ഞാലും മതിയാവുകയില്ല.

അബ്ദുൽ റഹീമിന്റെ ഉമ്മയുടെ കണ്ണീരും സങ്കടവും കണ്ടവരുടെ മനസ്സൊന്ന് തേങ്ങിപ്പോകും. നിസ്കാര പായയിലിരുന്ന് അഞ്ച് നേരം സുജൂദ് ചെയ്ത് മകന് വേണ്ടി പ്രാർത്ഥിച്ച്, തന്റെ മകന് ഒരു ആപത്തും വരുത്തരുതേ എന്ന് പടച്ചവനോട് കേണപേക്ഷിച്ചതിന്റെ ഫലമാണ് ബോച്ചേ ഇടപെടുകയും മുപ്പത്തിനാല് കോടിയിലധികം തുക സമാഹരിക്കുവാൻ കഴിഞ്ഞതും. ആ ഉമ്മയുടെ മുഖത്ത് സന്തോഷത്തിന്റെ പ്രകാശം പരന്നു തുടങ്ങി. പതിനെട്ട് വർഷങ്ങൾ മനസ്സിൽ കാർമേഘം ഉരുണ്ടു കൂടിയ പ്രതീതിയാൽ കഴിഞ്ഞ ഉമ്മ മകനെയോർത്ത് കഴിഞ്ഞതോർക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെടുന്നു. ചെയ്യാത്ത തെറ്റിന്  ഒരു ദിവസം കുവൈത്ത് ജയിലിൽ കിടന്നതിന്റെ വേദനയും വിഷമമവും മനസ്സിലാക്കിയ ബോച്ചേ, അതറിഞ്ഞു കൊണ്ടു തന്നെയാണ് ഇതിന് വേണ്ടി രംഗത്തിറങ്ങിയതും. ബോച്ചേ നിങ്ങളാണ് താരം.കേരളം താങ്കളെ എന്തും വിളിച്ചോട്ടെ യൂ ആർ ദി ഗ്രേറ്റ് നൗ. ബിഗ് സല്യൂട്ട്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia