അണയാത്ത സംഗീത ജ്വാല: മുഹമ്മദ് റാഫിക്ക് ഒരു പുസ്തക പ്രണാമം
● പുസ്തകം വായിച്ചപ്പോൾ റാഫിയുടെ മനുഷ്യസ്നേഹം മനസ്സിനെ സ്പർശിച്ചു.
● ഹിന്ദി സിനിമാഗാനങ്ങളുടെ ചരിത്രവും പുസ്തകത്തിൽ ഉൾപ്പെടുന്നു.
● റാഫിയുടെ ജീവിതത്തിലെ ചെറിയ സന്ദർഭങ്ങൾപോലും സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്.
● പുസ്തകം റാഫിയോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിപ്പിച്ചു.
ശിഹാബ് വടക്കത്തുവളപ്പിൽ
(KasargodVartha) മുഹമ്മദ് റാഫി ഓർമ്മയായിട്ട് 56 വർഷം പിന്നിടുന്നു. 1924 ഡിസംബർ 24-ന് ജനിച്ച്, 1980 ജൂലൈ 31-ന് നമ്മെ വിട്ടുപിരിഞ്ഞ ആ മഹാഗായകന് പ്രാർത്ഥനയോടെ ഒരായിരം ഓർമ്മപ്പൂക്കൾ!
എനിക്ക് മുഹമ്മദ് റാഫി ഇന്നലെവരെ ഒരു ഗായകൻ മാത്രമായിരുന്നു. എന്നാൽ ഇന്ന് സംഗീതലോകത്തുനിന്ന് എന്നെന്നേക്കുമായി അണഞ്ഞുപോയ, സമാനതകളില്ലാത്ത ഒരു അമാനുഷിക പ്രതിഭയാണദ്ദേഹം.
ഒരിക്കൽപ്പോലും നേരിട്ട് ആസ്വദിക്കാൻ കഴിയാതെപോയ ആ വസന്തം, ജാബിർ പാട്ടില്ലത്തിന്റെ ‘സൗ സാൽ പെഹലെ’ എന്ന ഗ്രന്ഥത്തിലൂടെ എന്റെ മനസ്സിൽ കണ്ണീർമഴ പെയ്യിച്ചിരിക്കുന്നു. റാഫിയെക്കുറിച്ചുള്ള ഒരു നീറുന്ന ഓർമ്മ അത് മനസ്സിലേക്ക് കൊണ്ടുവന്നു. പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും കണ്ണുനീർത്തുള്ളികൾ എഴുത്തുകളിൽ ഒരു സ്മാരകം പണിതിരിക്കുന്നു.

വളരെ യാദൃശ്ചികമായാണ് ഈ പുസ്തകം എനിക്ക് വായിക്കാൻ കിട്ടിയത് (ഞാനൊരു ഗൗരവമുള്ള വായനക്കാരനൊന്നുമല്ല). കുമ്പളയിലെ ഹമീദ് കാവിലിന്റെ പർദ്ദ ഷോപ്പിൽ ധാരാളം പുസ്തകങ്ങൾ കണ്ടപ്പോൾ ഒന്ന് വേണമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ജാബിർ പാട്ടില്ലത്തിന്റെ ‘സൗ സാൽ പഹലെ’ എന്ന പുസ്തകം അദ്ദേഹം എനിക്ക് തന്നു.
മനസ്സില്ലാമനസ്സോടെയാണ് ഞാൻ അത് വാങ്ങിയത്. ഒരു ഗായകനിൽ നിന്ന് എന്താണ് കൂടുതലായി പഠിക്കാനുള്ളത് എന്ന ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാൽ എങ്ങനെ 'വേണ്ട' എന്ന് പറയും എന്നോർത്ത് ഞാൻ പുസ്തകം വാങ്ങി. പുസ്തകം കിട്ടി ആമുഖം വായിച്ചു കഴിയുമ്പോഴേക്കും കണ്ണ് നനയാൻ തുടങ്ങിയിരുന്നു.
റാഫി എന്ന മനുഷ്യസ്നേഹിയെ സ്വർഗത്തിൽ വെച്ചെങ്കിലും കാണിക്കണമെന്ന് ഞാൻ അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തു. പ്രാർത്ഥനകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതേതെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, ‘കുടുംബസമേതം സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടണമെന്ന’ പ്രാർത്ഥനയാണെന്ന്. അതിലപ്പുറം നമുക്കെന്താണ് വേണ്ടത്? അതുപോലെ ഞാനും ആഗ്രഹിച്ചു, അവിടെവെച്ചെങ്കിലും അദ്ദേഹത്തെ നേരിൽ കാണണമെന്ന്.
റാഫിയെ കേന്ദ്രീകരിച്ചാണ് ഈ പുസ്തകം മുന്നോട്ട് പോകുന്നതെങ്കിലും, ഹിന്ദി സിനിമാഗാനങ്ങളുടെയും എഴുത്തുകാരുടെയും സംഗീത പ്രതിഭകളുടെയും ഒരു ചെറിയ ചരിത്രംകൂടി നമുക്ക് പുസ്തകത്തിൽ നിന്ന് വായിക്കാൻ കഴിയും. ഹിന്ദി സിനിമാഗാനങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയ പഠനത്തിന് ഒരു ആമുഖമെന്ന് വേണമെങ്കിൽ ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.
ഈ പുസ്തകം വായിക്കുമ്പോൾ ഞാൻ വല്ലാതെ അത്ഭുതപ്പെട്ടിട്ടുണ്ട്, എങ്ങനെയാണ് ഇത്രയും സൂക്ഷ്മമായ കാര്യങ്ങൾ കണ്ടെത്താനും ഇത്രയും രസകരമായി എഴുതാനും കഴിഞ്ഞതെന്ന്! റാഫി തന്റെ ആത്മകഥ എഴുതുകയാണെങ്കിൽ പോലും അത് ഇത്രത്തോളം കാര്യങ്ങൾ ഉൾക്കൊള്ളുമോയെന്നത് സംശയമാണ്. ജീവിതത്തിലെ ഓരോ ചെറിയ സന്ദർഭങ്ങളും കൃത്യമായി വരച്ചുവെച്ചിരിക്കുന്നു.
ജാബിർ പാട്ടിലിന്റെ ഇല്ലത്തുനിന്ന് വന്നതുകൊണ്ടാണോ എന്തോ ഇത്രയും ആഴത്തിൽ രസകരമായി എഴുതാൻ കഴിഞ്ഞതെന്ന് എനിക്കറിയില്ല. സുഹൃത്ത് ഹമീദ് കാവിൽ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്പോൾ സാധാരണ കുറേ പാട്ടോർമ്മകളായിരിക്കും എന്നാണ് കരുതിയത്.
ഓരോ വരികളും വായിച്ചുതുടങ്ങുമ്പോൾ നമ്മളും റാഫിയുടെ കൂടെ ബോളിവുഡിലെ മാസ്മരിക സംഗീതലോകത്ത് സഞ്ചരിക്കുകയാണെന്ന് തോന്നിപ്പോകും. ഓരോ സ്റ്റേജ് ഷോയുടെയും വിവരണങ്ങൾ നൽകുമ്പോഴും നമ്മൾ ആ ഗാനമേള ആസ്വദിച്ച് അവിടെയുണ്ടായിരുന്നതായി അനുഭവപ്പെടും.
അവസാനം ഒരു വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് മീസാൻ കല്ലുകൾക്കിടയിലേക്ക് ഉറങ്ങാൻ പോയപ്പോൾ, മൂന്ന് പിടി മണ്ണ് വാരിയിട്ട് ഇഷ്ടപ്പെട്ടവർ തിരിച്ചുപോരുമ്പോൾ ആ മൺതരി നമ്മുടെ കൈകളിലും പറ്റിപ്പിടിച്ചോ എന്ന് സംശയിച്ചുപോകും.
ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ലാത്ത ആ മനുഷ്യനെ ഇങ്ങനെ നമ്മുടെ കൺമുന്നിൽ വരച്ചുകാണിച്ചുതന്നതുപോലെ. ഓരോ സന്ദർഭത്തിലും റാഫിയിലെ മനുഷ്യനെ നാം കാണുമ്പോൾ ഒരു വലിയ റാഫിയുടെ ബിംബം നമ്മുടെ മനസ്സിൽ കുടിയിരിക്കും.
റാഫിയോടുള്ള സ്നേഹവും ബഹുമാനവും ആഴത്തിൽ നട്ടുനനച്ച് വളർത്തിയ ഒരാൾക്ക് മാത്രമേ ഇങ്ങനെ ആഴത്തിൽ എഴുതാൻ കഴിയുകയുള്ളൂ. ജാബിർ പാട്ടില്ലത്തിന്റെ ഈ കഴിവിന് മുന്നിൽ തലകുനിക്കുന്നു.
കൂടെ പാടിയവരും പ്രവർത്തിച്ചവരും നടന്നവരും ജീവിച്ചവരും റാഫി എന്ന മനുഷ്യസ്നേഹിയെപ്പറ്റി വാചാലമാകുമ്പോൾ ഖുർആനിലെ സൂറത്ത് ഇബ്രാഹിമിലെ മനോഹരമായ ഒരു ഇമേജറി ഞാൻ ഓർത്തുപോയി: ‘നല്ല വാക്കുകൾ ആഴത്തിൽ വേരൂന്നി, അന്തരീക്ഷത്തിൽ പടർന്നുപന്തലിച്ച്, സമയാസമയങ്ങളിൽ തന്റെ നാഥന്റെ സമ്മതത്തോടെ ഫലങ്ങൾ നൽകുന്ന വൃക്ഷങ്ങളെ പോലെയാണ്.’
അതെ, വാക്കാണ് മനുഷ്യൻ, വാക്ക് തന്നെയാണ് മനുഷ്യൻ. അല്ലെങ്കിലും അണപൊട്ടിയൊഴുകുന്ന മലവെള്ളപ്പാച്ചിലിനെ തടഞ്ഞുനിർത്താൻ ഏത് മീസാൻ കല്ലുകൾക്കാണ് കഴിയുക?
ഈ ഹൃദയസ്പർശിയായ ലേഖനം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് റാഫി ഓർമ്മകൾ പുതുക്കൂ!
Article Summary: A book's tribute to legendary singer Mohammed Rafi, highlighting his humanity.
#MohammedRafi #IndianMusic #SathSaalPahle #BookReview #MusicLegend #Tribute






