Book Review | കൂക്കാനം റഹ്‌മാൻ അനാവരണം ചെയ്ത ഓർമകളുടെ ഉടുപ്പുപെട്ടി
● കൂക്കാനത്തെ ഒരു കാലഘട്ടത്തെ ചിത്രീകരിക്കുന്നു
● കുട്ടിക്കാലത്തെ അനുഭവങ്ങൾ വിവരിക്കുന്നു
● സാമൂഹിക, സാംസ്കാരിക പശ്ചാത്തലം തുറന്നുകാട്ടുന്നു
പുസ്‌തക പരിചയം / പി വിജയൻ മാസ്റ്റർ
(KasargodVartha) ഒരുനാടിൻ്റെ ചരിത്രമെന്ന് പറയുന്നത് ആനാട്ടിലെ സമൂഹത്തിൻ്റെ ചരിത്രമാണ്. സമൂഹം എന്നത് വ്യക്തികളുടെ കൂട്ടായ്മയാണ്. ഒരു കാലഘട്ടത്തിൻ്റെ ചരിത്രം അനാവരണം ചെയ്യുന്നത് ആകാലത്ത് ജീവിച്ചമനുഷ്യരുടെ അനുഭവങ്ങൾ മറ്റുള്ളവർ അറിയുമ്പോഴാണ്. അത് ജീവചരിത്രമായാലും ഓർമ കുറിപ്പുകളായാലും ഒരേപോലെ ചരിത്രം മറ്റുള്ളവർക്ക് അറിയാൻ കഴിയും. അവയെ വായിക്കുമ്പോൾ നമ്മുടെ ഓർമകൾ കൂടി മാറ്റുരക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരമാവും.
ഉടുപ്പുപെട്ടിയുടെ കാര്യം തന്നെ പരിശോധിച്ചാൽ അതിൻ്റെ ചരിത്രപരമായ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനാവും തൻ്റെ ഉമ്മൂമ്മയെ സ്വപ്നം കണ്ടപ്പോൾ ഉമ്മൂമ്മയിൽ കൂടി അറിയുന്ന കാര്യങ്ങൾ ഒരു കുടുംബത്തെ ഓർക്കാനിടയാവുന്നു അക്കാലത്തെ ഒരു മുസ്ലിം കുടുംബത്തിൻ്റെ സാമൂഹ്യ സാംസ്കാരികമായ ഔന്നത്യം ഉമ്മൂമ്മയുടെ വാക്കുകളിൽ കൂടി റഹ്മാൻ മാഷ് പറയുമ്പോഴാണ് അക്കാലത്തെ കൂക്കാനത്തേയും പരിസരപ്രദേശങ്ങളുടേയും ജനജീവിതത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാനാവുന്നത്.
നാന്നൂറു കൊല്ലത്തെ പഴക്കമുള്ള ഉടുപ്പു പെട്ടി ഇന്നത്തെ തലമുറയുടെ കാര്യത്തിൽ മ്യൂസിയത്തിലെ പുരാവസ്തുവാണ്. വിവിധ അറകളോടു കൂടിയ ഉടുപ്പു പെട്ടികളിൽ അക്കാലത്ത് വില കൂടിയവസ്ത്രങ്ങളും സ്വർണാഭരണങ്ങളും മറ്റു വിലപ്പെട്ട വസ്തുക്കളും നിറച്ച് താക്കോൽ മറ്റാർക്കും കൈമാറാതെ സൂക്ഷിക്കുന്ന ഉമ്മൂമ്മയുടെ വാക്കുകൾ ശ്രദ്ധിക്കുക:
'മോനെ മക്കളായാലും ബന്ധുക്കളായാലും പ്രായമായാൽ നമ്മളെ ശ്രദ്ധിക്കണമെങ്കിൽ എന്തെങ്കിലും സമ്പാദ്യമുണ്ടാവണം. അത് എത്രയാണെന്നോ എങ്ങനെയാണെന്നോ ആരോടും വെളിപ്പെടുത്തരുത്. പെട്ടിയുടേയും മറ്റും താക്കോലുകൾ ഒരിക്കലും മറ്റുള്ളവർക്ക് നൽകരുത്. കയ്യിൽ തന്നെ സൂക്ഷിക്കണം. ബന്ധുജനങ്ങൾ പെട്ടിയുടെ ഉള്ളിലെ കാര്യമറിഞ്ഞാൽ ഇത്രേയുള്ളു എന്ന് കരുതും. കയ്യിൽപണമൊന്നുമില്ലെങ്കിലും ഉണ്ട് എന്ന നാട്യം കാണിക്കണം. എങ്കിലേ നമ്മളുടെ ബന്ധുക്കളും മറ്റും ശ്രദ്ധിക്കു'.
വൃദ്ധ സദനങ്ങളൊന്നും ഇല്ലാത്ത ഒരു സമൂഹത്തിൻ്റെ കാഴ്ചപ്പാടാണ് തൻ്റെ ഉമ്മൂമ്മയിൽ കൂടി റഹ്മാൻ മാഷ് വരച്ചുകാട്ടിയത്. ആ ഉടുപ്പു പെട്ടിനഷ്ടപ്പെടാതെ സൂക്ഷിക്കണേ മോനെ എന്നതുകൂടി കേട്ടപ്പോൾ അതിനോടുള്ള ആത്മാർത്ഥമായ സ്നേഹം നമുക്ക് മനസ്സിലാവും. 84 ലധികം പേജുകളിലായി 30 ഓളം ഓർമകൾ അയവിറക്കുന്ന റഹ്മാൻ മാഷിൻ്റെ ഓർമകൾ കാത്തുവെച്ച ഉടുപ്പു പെട്ടിയുടെ ഭംഗി നമ്മെ വല്ലാതെ ആകർഷിക്കുന്നു.
ഒരഞ്ചു വയസ്സുകാരനായിരിക്കുമ്പോൾ സംഭവിച്ച കാര്യങ്ങൾ വളരെ ഹൃദ്യമായി റഹ്മാൻ മാസ്റ്റർ ഓർമിച്ചപ്പോൾ ഓർത്തു പോയത് പഴയ കാല ദാരിദ്ര്യത്തെ കുറിച്ചായിരുന്നു. വല്യച്ചയുടെ കടയും രാവിലെ അവിടേക്ക് ചായയും പലഹാരവുമായി വരുന്ന അമ്മായിയെയും ഓർത്തപ്പോൾ തൻ്റെ ദാരിദ്ര്യത്തിൻ്റെ കഥയാണ് അനാവരണം ചെയ്യപ്പെട്ടത്. വല്യച്ചക്കുള്ള ദോശയും ചട്ണിയുമായി തുണിയിൽ പൊതിഞ്ഞ് വരുന്ന അമ്മായിയേയും കാത്ത് പീടികയിൽ ഇരിക്കുന്ന കുട്ടിയുടെ കഥ അത് മാഷുടെ കുട്ടിക്കാലത്തെ കഥതന്നെ.
വല്യച്ച ചായ കുടിക്കുന്ന സമയത്തെ കാത്തിരിക്കുന്ന കുട്ടി ഉഴുന്ന് കൂട്ടി ഉണ്ടാക്കിയ ദോശയുടെ മണം ഇന്നും മാഷിനെ സംബന്ധിച്ചോടത്തോളം ദാരിദ്ര്യത്തിൻ്റെ ഓർമ തന്നെയാണ്. ഒരു പഴുത്ത മാങ്ങ കിട്ടിയാൽ അതിന്നു വേണ്ടി കടി പിടികൂടുന്ന കുട്ടികൾ. മാങ്ങ മുറിക്കുമ്പോൾ തൻ്റെ കൈമുറിഞ്ഞ സംഭവം ഒട്ടും മങ്ങലേൽക്കാതെ വിവരിക്കുമ്പോൾ അത് വായിക്കുമ്പോൾ നമ്മുടെ അനുഭവങ്ങൾ കൂടി ചേർത്തു വായിക്കുമ്പോൾ ഉണ്ടാകുന്ന മാനസീകമായ അനുഭൂതികൾ ആസ്വാദ്യകരം തന്നെ. പഴയ കാലത്തെ ചെറിയ ക്ലാസിലെ സ്ലേറ്റിൻ്റേയും പെൻസിലിൻ്റേയും ഉപയോഗത്തെ കുറിച്ചുള്ള ഓർമകൾ നമ്മെ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
പലപ്പോഴും പൊട്ടിയ സ്ലേറ്റിൻ്റെ കഷണങ്ങളിൽ എഴുതിയിരുന്നത് പെൻസിൽ കഷണങ്ങൾ കൊണ്ടായിരുന്നു. പെൻസിൽ വാങ്ങാൻ കഴിവില്ലാത്തതുകൊണ്ടുതന്നെ. പെൻസിലിന്ന് നീളം കൂട്ടുവാൻ ഓടക്കഷണങ്ങൾക്കു വേണ്ടി കൂട്ടമെടയുന്ന രാമേട്ടനെ സമീപിച്ചിരുന്ന കാലം കൂട്ടമെടയുമ്പോൾ മുറിഞ്ഞു വീഴുന്ന ഓടക്കഷണങ്ങൾ കുട്ടികൾക്ക് എറിഞ്ഞു കൊടുക്കുന്ന രാമേട്ടനെ മറക്കാനാവുന്നില്ല മാഷിന് സ്കൂളിലെത്തിക്കുന്നതിൽ ഗുരുനാഥന്മാർ കാണിക്കുന്ന പൊടിക്കൈകൾ ഇന്നത്തെ തലമുറകൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല.
സ്കൂൾ വാർഷികത്തിന് തിരുവിതാംകൂർ രാജാവിൻ്റെ വേഷമിടാൻ കിട്ടിയ ഭാഗ്യം പൂജകൾ ചെയ്യാൻ പഠിച്ച കാര്യങ്ങളൊക്കെ ഓാർക്കുമ്പോൾ കേപ്പു മാഷേയും ഭട്ടതിരി മഷേയും ഓർത്തുപോവുകയാണ് റഹ്മാൻ മാഷ്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ലീഡർ സ്ഥാനത്തേക്ക് മോഹിച്ചിരുന്നു. വാശിയേറിയ മത്സരത്തിൽ തോറ്റുപോയ കാര്യം കൂടി പറയുമ്പോഴാണ് പഴയ കാര്യങ്ങൾ ഓർക്കാൻ വായനക്കാർക്ക് അവസരമുണ്ടാകുന്നത്. തൻ്റെ ഉടുപ്പ് പെട്ടിയിൽ സൂക്ഷിച്ചു വെച്ച ഓർമകൾ പങ്കുവെക്കുമ്പോൾ പഴയ കാലത്തെ ചരിത്ര വസ്തുതകൾ നമ്മിലേക്ക് ഓടിയെത്തുന്നു.
തൻ്റെ ഒന്നാം ക്ലാസിലേക്ക് ഉള്ള ആദ്യദിവസയാത്ര ഓർത്തു വെച്ച മാഷ് കണ്ണൻ മാഷെയാണ് പരിചയപ്പെടുത്തുന്നത്. ഖദർ മുണ്ടും ഖദർ ജൂബ്ബയും ധരിച്ച മാഷ് പിച്ചള ചോറ്റുപാത്രം. അക്കാലത്തെ ഒരു ഗമയാണ് ആ ചോറ്റുപാത്രം ഇന്നത് കാണാനില്ല. കുട്ടികൾ സ്ലേറ്റും പുസ്തകവും ഇടാൻ ഉപയോഗിക്കുന്ന ചാക്ക് സഞ്ചി കാക്കി ട്രൗസർ അങ്ങിനെ പോവുന്നു. പുതുതലമുറക്ക് ഇതൊക്കെ വായിക്കുമ്പോൾ രസം തോന്നും. ഒരു കാലാത്ത സ്കൂൾ ജീവിതത്തിൻ്റെ ഓർമകൾ ഓർമിച്ചെടുക്കുമ്പോൾ അതൊക്കെ നമ്മുടേയും അനുഭവങ്ങളായിരുന്നു എന്നതിരിച്ചറിവിൽ എത്തുമ്പോഴാണ് ആസ്വാദനം ഏറുന്നത്.
തീർന്നില്ല ഓലഷെഡ്, പൊട്ടി പൊളിഞ്ഞ ബെഞ്ച്, കസേര, ബോർഡ് തുടങ്ങി സ്കൂർ ഓർമകൾ വിവരിക്കുന്നത് തൻ്റെ ഓർമശക്തിയുടെ കരുത്തായി തന്നെ കാണണം. പിന്നീട് ഓലാട്ട് സ്കൂളിലെ സംഭവങ്ങൾ ഓർമിക്കുമ്പോൾ ഭട്ടതിരി മാഷെ പരിചയപ്പെടുത്തിയത് ശ്രദ്ധിക്കുക. 'രണ്ടാം ക്ലാസിലെ മാഷ് വെളുത്ത ഷർട്ടും മുണ്ടും വേഷം നെറ്റിയിലെ വൃത്താകൃതിയിലുള്ള ചന്ദനക്കുറി എപ്പോഴും നാവു കടിച്ചു കൊണ്ടിരിക്കും', ഭട്ടതിരി മാഷുടെ തമാശ ഇന്നും മാഷ് ഓർമിക്കുന്നു.
കള്ളുകുടിയിൽ രക്ഷപ്പെട്ട കഥ ഓർമിക്കുന്നതിലൂടെ അക്കാലത്തെ കൂക്കാനത്തെ ചരിത്രത്തെ കുറിച്ച് ഒരു ഏകദേശ രൂപം കിട്ടും. കറുത്ത വെല്ലത്തിൽ നിന്നും ഉണ്ടാക്കുന്ന റാക്ക്, പറങ്കിമാവിൻ പഴത്തിൽ നിന്നും ഉണ്ടാക്കുന്ന റാക്ക് തുടങ്ങിയവയൊക്കെ ഉണ്ടാക്കി വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഒരു കാലഘട്ടം നമ്മുടെ സ്മരണയിലേക്ക് നടന്നുവരികയാണ്. സ്കൂൾ ജീവിതത്തിന്നിടയിലെ കച്ചവടം രസകരമായ ഓർമയാണ്. അക്കാലത്ത് അതൊക്കെ പതിവായിരുന്ന കുഞ്ഞുനാളിലെ ഗോട്ടികളി മറക്കാനാവാത്ത ഓർമ തന്നെ.
തോറ്റവർക്ക്കിട്ടുന്ന മേട്ടം. വഴിയിലുള്ള പുളിമരത്തിൽ എറിഞ്ഞ് പുളി പറക്കി തിന്നുന്ന ഒരു കാലഘട്ടം ഇപ്പഴത്തെ കുട്ടികൾക്ക് ചിന്തിക്കാനാവുമോ? അക്കാലത്തെ തെരഞ്ഞെടുപ്പ് ഓർമകൾ വളരെ രസകരമായി വിവരിക്കുമ്പോൾ കാള പെട്ടിയും അരിവാൾ പെട്ടിയും കൂടിൽ പെട്ടിയുമൊക്കെ സ്മരണയിൽ തത്തിക്കളിക്കുന്നു. മെഗഫോൺ ഉപയോഗിച്ചുള്ള വോട്ടഭ്യർത്ഥനയൊക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. കാനാകണ്ണൻമാഷ് തല്ലുന്ന കാര്യത്തിൽ കേമനാണത്രെ. എന്നാലും സ്നേഹസമ്പന്നൻ.
ആലക്കാടൻ നാരായണൻ മാഷ് ഇംഗ്ലീഷ് അദ്ധ്യാപകൻ. ഇംഗ്ലീഷ് പോയം പഠിക്കാതിരുന്നപ്പോൾ ഒരിക്കൽ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ട കാര്യം ഓർമിക്കുമ്പോൾ രസം തോന്നുന്നു. മാഷ് മരിക്കുന്നതിന്നു മുമ്പ് ഒരിക്കൽ വീട്ടിൽ വെച്ച് കാണാനിടയായപ്പോൾ അദ്ദേഹം റഹ്മാൻ മാഷെ അനുഗ്രഹിച്ചത് ഓർമിച്ചത് ഓർക്കുമ്പോഴും വാചാലനാകുന്നു. കൂട്ടത്തിൽ പഴയകാല നാടൻ ചികിത്സാ രീതിയെക്കുറിച്ചും ഓർമിക്കുന്നുണ്ട് . നാടൻ ചികിത്സ മനസ്സിലാക്കാൻ അതൊക്കെ ഉപക്കരപ്പെടും.
പലിയേരിക്കൊവ്വൽ ഒരു കാലത്തെ കരിവെള്ളൂരിൻ്റെ ഫുട്ബോൾ കളിയുടെ കേന്ദ്രമായിരുന്നു. എത്രയെത്ര മത്സരങ്ങൾ അവിടെ നടന്നു. അതൊക്കെ എൻ്റെയും ഓർമകളിൽ മുഴച്ചു നിൽക്കുന്നു. തൻ്റെ കുട്ടിക്കാലത്തെ ഫുട്ബോൾ കളിയുടെ ഓർമകൾ പങ്കിടുമ്പോൾ അക്കാലത്തെ കുട്ടികളുടെ കളികളോടുള്ള താല്പര്യം ഏറെക്കുറെ വായനക്കാർക്ക് മനസ്സിലാക്കാൻ കഴിയും. തൻ്റെ ഹൈസ്കൂൾ പഠനകാലവും കോളേജ് പഠനകാലവും ഓർമിക്കുമ്പോഴാണ് അക്കാലത്തെ കരിവെള്ളൂർ ഹൈസ്കൂളിൻ്റെയും കാസർകോട് കോളേജിൻ്റേയും ഒരു ഏകദേശരൂപം മനസ്സിൽ പതിയുന്നത്.
നമുക്കൊരു പഴയ കാലമുണ്ടായിരുന്നു. അടുപ്പിൽ തീ പറ്റിക്കാൻ അടുത്ത വീട്ടിൽ നിന്നും ചേരിയിൽ തീ കൊണ്ടുവന്നിരുന്ന കാലം. പറ്റ്വാതോടും കടന്ന് പലിയേരിയിലെ കരിമ്പിൽ കമ്മാരേട്ടൻ്റെ വീട്ടിൽ നിന്നും ഞാൻ കുറ്വപ്പള്ളി വീട്ടിലേക്ക് തീ കൊണ്ടുവന്നതായി ഓർമയിലുണ്ട്. വേനൽക്കാലത്തുമാത്രമേ വയലിൽ കൂടി പോവാനായിരുന്നുള്ളു ഇന്നത് ഓർക്കുമ്പോൾ ഒരു പ്രത്യേക രസം തോന്നുന്നു. റഹ്മാൻ മാഷ് തൻ്റെ ഓർമയിലൂടെ അത്തരം കാര്യങ്ങൾ പറയുമ്പോഴാണ് പഴയകാലചരിത്രങ്ങൾ മനസ്സിൽ നിറഞ്ഞു വരുന്നത്.
നായിന്ന് നാടൻ പട്ടികളെ വിളിക്കുന്ന കാലം. കളത്തിൽ കുട്ടികളുടെ മലം ഭക്ഷിക്കാൻ വരുന്ന നാടൻ നായ്ക്കൾ. ഇന്നത്തെ പോലെ കക്കൂസുകൾ ഇല്ലാതിരുന്ന കാലം ഓർത്തു നോക്കൂ. പുതിയ തലമുറക്ക് ആകാലത്തെ കുറിച്ച് മനസ്സിലാക്കാൻ ഇത്തരം ഓർമയിൽ കൂടി കഴിയുന്നു. കൊയ്ത്തുകാലം കുട്ടികൾക്ക് സന്തോഷകരമായ അനുഭവമാണ്. തലപ്പല്ലിക്കുവേണ്ടി കാത്തു നിൽക്കുന്ന കുട്ടികൾ കിട്ടിയാലുടൻ അതുമായി അവൽ വാങ്ങാൻ പോകുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്.
എല്ലാം പറയുന്നില്ല അക്കാലത്തെ സിനിമ കാണുന്ന കാര്യം പറയുമ്പോൾ മാഷ് വാചാലനാവുന്നു. അന്നത്തെ സിനിമാ ടാക്കിസിലെ സൗകര്യങ്ങൾ നാഴികകൾ താണ്ടി പയ്യന്നൂരിൽ പോയി സിനിമ കണ്ടിരുന്ന കാലം. അതൊക്കെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളായിരുന്നു. പഴയ കാലത്തെ ശോഭാ ടാക്കീസ് അതിനു മുമ്പ് രാജാറാം ടാക്കീസ്. പഴയ കാലത്ത് റേഡിയോ സിലോൺ ഒരു ഹരമായിരുന്നു. മലയാളം പാട്ടുകളും പ്രാർത്ഥനാഗീതങ്ങളൊക്കെ ഉണ്ടാവാറുണ്ടായിരുന്നു. ദൈവവിശ്വാസിയൊന്നുമല്ലെങ്കിലും തൻ്റെ ഒരു പ്രാർത്ഥനാ ഗീതം വരുന്നുണ്ടെന്നറിഞ്ഞപ്പോഴും അത് കേട്ടപ്പോഴും തനിക്കുണ്ടായിരുന്ന ആഹ്ലാദം ചെറുതായിരുന്നില്ല.
ചില ഇടപെടലുകൾ കാരണം മുന്നോട്ട് പോകാൻ കഴിയാത്തതിൽ ഏറെ ദുഃഖമുണ്ടായതും തൻ്റെ ഓർമകളിലെ മുത്തായിട്ടു തന്നെ ഇന്നും സൂക്ഷിക്കുന്നു. കുറച്ചു കാലത്തെ നോർത്ത് സ്‌കൂളിലെ അദ്ധ്യാപക ജീവിതത്തിൽ തനിക്ക് ലഭിച്ച മുത്തുമണികൾ തൻ്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയായി മാഷ് ഓർക്കുന്നു. മലയാളം അറിയാത്ത കുട്ടി മലയാളം പഠിച്ച് മലയാളം അദ്ധ്യാപികയായി സേവനമനുഷ്ടിച്ച തൻ്റെ ശിഷ്യയെക്കുറിച്ച് പറയുമ്പോൾ വളരെ അഭിമാനത്തോടെ പറയുന്ന സന്ദർഭം നമ്മെ ഹർഷ പുളകിതരാക്കുന്നു. കുട്ടികൾ തന്നെ പൊന്നു മാഷെന്ന് വിളിച്ചത് ഓർക്കുമ്പോൾ മാഷ്തൻ്റെ പഴയ കാല അദ്ധ്യാപകജീവിതകാലത്തെക്കുറിച്ച് കൂടുതൽ ഓർക്കുന്നു.
തുടർന്ന് തൻ്റെ ജീവിതത്തിന് തന്നെ ലക്ഷ്യബോധം ഉണ്ടാക്കിയ ചില സംഭവങ്ങൾ കൂടി വിവരിക്കുകയാണ് മാഷ്. പാതിവഴിയിൽ പഠനമുപേക്ഷിക്കേണ്ടി വന്ന പലരിലും തുടർപഠനത്തിന്ന് സാഹചര്യമൊരുക്കുന്നതിൽ മാഷ് വഹിച്ച സേവനം ചെറുതൊന്നുമല്ല. അങ്ങനെ പഠിച്ച് ഉന്നത നിലകളിൽ എത്തിയവർ ഏറെയാണ്. അവരിൽ പലരും ഇന്നും റഹ്മാൻ മാഷെ ജീവനുതുല്യം സ്നേഹിക്കുന്നവരും സന്തത സഹചാരികളുമാണ് എന്നത് കാണുമ്പോൾ ആണ് മാഷുടെ വ്യക്തിത്വത്തെക്കുറിച്ച് പലരും ബോധവാന്മാരാകുന്നത്. അത്തരം ഓർമകൾ കൂടി ഈ കൃതിയിൽ നമ്മോടൊപ്പം പങ്കുവെക്കുന്നുണ്ട്.
കാൻഫഡിൻ്റെ പ്രവർത്തനത്തിൽ ഇന്നും സജീവമായിട്ടുള്ള റഹ്മാൻ മാഷുടെ ഓർമകൾ കാത്തു വെച്ച ഉടുപ്പുപെട്ടി ഒരു നാടിൻ്റെ ചരിത്രത്തെയാണ് അനാവരണം ചെയ്യുന്നത്. ഒരു കാലഘട്ടത്തിൻ്റെ ചരിത്ര വസ്തുതകൾ വരും തലമുറക്ക് കഴിഞ്ഞ കാലത്തെ കുറിച്ച് മനസ്സിലാക്കാൻ ഉപകരിക്കും. വിസ്താരഭയത്താൽ ഉടുപ്പ് പെട്ടിയിലെ പലതിനെ കുറിച്ചും സ്പർശിക്കാതെ ഞാൻ അവസാനിപ്പിക്കുകയാണ്. വളരെ ആസ്വാദ്യകരമായ ഒരു ഓർമക്കുറിപ്പായി ഇതിനെ വിലയിരുത്തുകയാണ്. ഇനിയുമിനിയും ഈ പെട്ടിയിലേക്ക് ഒഴുകിയെത്താൻ തൻ്റെ ഓർമക്കുറിപ്പുകൾക്ക് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുകയാണ്
#Nostalgia #KeralaHistory #RahmanMemoirs #VillageLife #CulturalHeritage