city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒക്ടോബർ 3: ടി ഉബൈദിന്റെ വിയോഗത്തിന് അരനൂറ്റാണ്ട്; കാലഘട്ടത്തെ പ്രചോദിപ്പിച്ച മഹാമനീഷി

/ രവീന്ദ്രൻ പാടി

(www.kasargodvartha.com)
'മുന്നോട്ടു കുതിച്ചിടും
നവത്വത്തിൻ പ്രവാഹത്തെ
പിന്നോട്ടു തിരിക്കുവാൻ
നോക്കല്ലാ,
ലോകം
മുന്നമേ പരീക്ഷിച്ച
പരമാർത്ഥമിതിന്നെതിർ
കണ്ണുകൾ ചിമ്മിയിരുട്ടാക്കല്ലാ...'

അരനൂറ്റാണ്ടു മുമ്പ് അരങ്ങൊഴിഞ്ഞ കവി ടി ഉബൈദിന്റെ 'ഇന്നിന്റെ താക്കീത്' എന്ന കവിതയിലെ ഏറെ ശ്രദ്ധേയമായ ഒരു താക്കീതാണിത്.

'മുറ്റിയോരിരുൾ തന്നിൽ
സമുദായം നിലനിൽക്കാൻ
ഒട്ടല്ല, പൗരോഹിത്യ മാശിപ്പൂ, പക്ഷേ,
മൂങ്ങകൾ വെറുത്താലും
പുലരി പുഞ്ചിരിച്ചുടൻ
പൊങ്ങിയക്കതിരോൻ
പ്രകാശിപ്പൂ...'
എന്നും ഇക്കവി ദീർഘദർശനം ചെയ്തു.
'രാവാം കരിങ്കാളിപ്പെണ്ണിൻ
വയറ്റിൽ വിഭാതം പിറക്കുന്നൂ', എന്ന അനിവാര്യത തിരിച്ചറിഞ്ഞു.
'ദുനിയാവിതെന്തു പുതുമപ്പറമ്പാണ് ആലം ഉടയോനേ ...'
എന്ന് വിസ്മയം കൊണ്ടു.

'തെളിനീർ തഞ്ചും കുളത്തിങ്കൽ ചേറുണ്ട്,
ചേറ്റിലോ താമര പൊങ്ങുന്നു!'
എന്നും
'അളവില്ലാത്തറിവു കൈവരിച്ചാലും പോരാ,
അകക്കാഴ്ച ചെലുത്തേണം
പലതാലും',
എന്നും പാടിനടന്നു.

'അടുത്തു നിന്നിടു-
മനുജനെപ്പോലും
തടഞ്ഞുവീഴുമാറിരുണ്ടു പോയ് രംഗം',
എന്ന നേര് തിരിച്ചറിഞ്ഞു.
'മതിയെ മയക്കും മാമൂലുകളേ, മതിയാക്കൂ നടനം', എന്ന് ഉദ്ഘോഷിച്ചു.
  
ഒക്ടോബർ 3: ടി ഉബൈദിന്റെ വിയോഗത്തിന് അരനൂറ്റാണ്ട്; കാലഘട്ടത്തെ പ്രചോദിപ്പിച്ച മഹാമനീഷി

കേരളമറിഞ്ഞ, അത്യുത്തരദേശത്തെ ആദ്യകാല സാഹിത്യകാരന്മാരിലൊരാളും ബഹുഭാഷാകവിയും വിവർത്തകനും സാമൂഹിക പരിഷ്കർത്താവും പ്രഭാഷകനും മാപ്പിളപ്പാട്ട് ഗവേഷകനും മാതൃകാ അധ്യാപകനും സാംസ്ക്കാരിക നായകനും ഖുർആൻ പണ്ഡിതനും മറ്റുമായ ടി ഉബൈദ് വിടവാങ്ങിയിട്ട് 2022 ഒക്ടോബർ മൂന്നിന് 50 വർഷമാവുകയാണ്.

ലോകത്തും രാജ്യത്തും ചരിത്രപ്രധാനമായ ഒട്ടേറെ സംഭവങ്ങൾ നടന്ന കാലത്താണ് ടി ഉബൈദ് ജീവിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമായി. സംസ്ഥാന രൂപീകരണത്തിന് മുമ്പും പിമ്പുമായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ കണ്ടറിഞ്ഞ്. സാഹിത്യത്തിലും കവിതയിലും സാംസ്കാരിക മേഖലയിലുമൊക്കെ വലിയ ചലനങ്ങളും പരിവർത്തനവും ഉണ്ടായ കാലഘട്ടം കൂടിയായിരുന്നു ഉബൈദിന്റെ ജീവിത കാലം. അതൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലും കൃതികളിലും പ്രവർത്തനങ്ങളിലും സ്വാധീനം ചെലുത്തി.

വിവരസാങ്കേതികമേഖലയിലും വിദ്യാഭ്യാസ രംഗത്തും ശാസ്ത്രരംഗത്തും പ്രസാധന മേഖലയിലും നാട് ഏറെ പുരോഗമിച്ച ഇക്കാലത്തും ഉബൈദ്, ഭാഷയ്ക്കും സാംസ്കാരിക മേഖലയ്ക്കും ചെയ്ത സേവനങ്ങളുടെ പ്രസക്തി ഏറുക തന്നെയാണ്. മാത്രമല്ല, കവിയുടെ വാക്കും പ്രവൃത്തിയും നിത്യപ്രചോദനമായി, വഴികാട്ടിയായി, വെളിച്ചമായി നിലനിൽക്കുകയും ചെയ്യുന്നു.

'വിളക്കു വെയ്ക്കുവിൻ,
വിളക്കു വെയ്ക്കുവിൻ,
വെളിച്ചം കാണട്ടെ
വിളക്കു വെയ്ക്കുവിൻ... '
എന്ന് ഇക്കവി ആവർത്തിച്ചാവർത്തിച്ച് ഉണർത്തി എന്നതും സ്മരണീയം.

'എൻ ഗാനം പഴഞ്ചനാ -
ണെന്നാകിലായ്ക്കൊള്ളട്ടെ,
താങ്കളെൻ പാട്ടിനെന്നെ
വിട്ടാലുമലട്ടാതെ ...'
എന്ന സ്ഥൈര്യവും ധൈര്യവും അദ്ദേഹം ആജീവനാന്തം പുലർത്തി.

കാസർകോടിന്റെ അന്തരാത്മാവിൽ കുടികൊണ്ട്, തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന മഹാനായ ഗുരുകൂടിയായിരുന്നു ഈ ഉത്തരകേരളീയൻ.

1908 ഒക്ടോബർ ഏഴിന് കാസർകോട് തളങ്കര പള്ളിക്കാലിലാണ് ടി ഉബൈദ് ജനിച്ചത്. 64-ാം വയസിന് 4 ദിവസം ബാക്കിയിരിക്കെ 1972 ഒക്ടോബർ മൂന്നിന്, താൻ വളർത്തി വലുതാക്കിയ തളങ്കര മുസ്ലിം ഹൈസ്കൂളിന്റെ അങ്കണത്തിൽ ഒരു അറബിക് സെമിനാറിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് അന്ത്യശ്വാസം വലിച്ചു. 'അതാ മണിയൊച്ച കേൾക്കുന്നു, തന്റെ വണ്ടി വിടാറായിരിക്കുന്നു. സമയമായാൽ വണ്ടിയിൽ വേണ്ടത്ര ആളുണ്ടോ, ചരക്കുകൾ കയറ്റിക്കഴിഞ്ഞോ എന്നൊന്നും നോക്കാറില്ലല്ലോ', എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. അബ്ദുൽ റഹ്മാൻ എന്നായിരുന്നു കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പേര്. ഉബൈദ് എന്നത് തൂലികാനാമമാണ്. വിനീത ദാസൻ എന്നാണ് ആ പേരിനർത്ഥം.

മാപ്പിളപ്പാട്ട് രചയിതാവും ഗായകനും വസ്ത്ര വ്യാപാരിയുമായിരുന്ന എം ആലിക്കുഞ്ഞി ഹാജിയും മാപ്പിളപ്പാട്ട് ഗായിക സൈനബ ബീവിയുമായിരുന്നു മാതാപിതാക്കൾ.

കാസർകോട് ബിഇഎം. ഹൈസ്കൂളിൽ എട്ടാം തരം വരെ കന്നഡ മീഡിയത്തിലായിരുന്നു പഠനം. മലയാളം അക്ഷരമാലയടക്കം സ്വന്തം പരിശ്രമം കൊണ്ട് പഠിച്ചു. വിവിധ സ്കൂളുകളിൽ അധ്യാപകനായിരുന്ന ഉബൈദ് ദീർഘകാലം പള്ളിക്കാൽ മുഇസ്സുൽ ഇസ്ലാം എഎൽപി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ്കൂൾ സ്ഥാപിക്കാൻ നിർണായക പങ്ക് വഹിച്ചു. മുസ്ലിം പെൺകുട്ടികളെ സ്കൂളിലയച്ച് പഠിപ്പിക്കാൻ ഏറെ ഉത്സാഹിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉദ്ഘോഷിച്ച് നാട്ടിൽ ബോധവൽക്കരണ ജാഥകൾ നടത്തി. ഇതൊക്കെ കണക്കിലെടുത്ത് മികച്ച അധ്യാപകനുള്ള കേരള സർക്കാരിന്റെ അവാർഡ് 1964 ൽ അദ്ദേഹത്തെ തേടിയെത്തി.

സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ മുഹമ്മദ് ശെറൂൾ സാഹിബുമായി ചേർന്ന് അന്ധവിശ്വാസ ദൂരീകരണവും വിദ്യാഭ്യാസ പ്രവർത്തനവും ഉൾപ്പെടെ നിരവധി സാമൂഹിക ഉന്നമന പദ്ധതികൾ ആവിഷ്ക്കരിച്ചു. അൽ അമീൻ, വക്കം അബ്ദുൽ ഖാദറിന്റെ മാപ്പിള റിവ്യു, ചന്ദ്രിക, കന്നഡ പ്രസിദ്ധീകരണങ്ങളായ മുംതാസ്, ജീവന, ജ്യോതി എന്നിവയിൽ ലേഖനങ്ങളും കവിതകളും എഴുതിക്കൊണ്ടായിരുന്നു സാഹിത്യരംഗത്ത് പദമൂന്നിയത്.

മഹാകവി വളളത്തോളിനെ ഗുരുവായി സ്വീകരിച്ചു. പിൽക്കാലത്ത് വള്ളത്തോളിന്റെ കൃതിയ്ക്ക് അവതാരികയെഴുതുന്ന നിലയിലേയ്ക്ക് ആ ശിഷ്യൻ വളർന്നു. മഹാകവി പി കുഞ്ഞിരാമൻ നായരുമായുള്ള സൗഹൃദവും എഴുത്തിന്റെ രംഗത്ത് പ്രചോദനമായി. ഗാന്ധിജിയും അല്ലാമാ മുഹമ്മദ് ഇഖ്ബാലും മഹാകവി ജിയും ടാഗോറും ശൂരനാട് കുഞ്ഞൻ പിള്ളയും ആശാനും മറ്റും ആരാധ്യരായ പുരുഷന്മാരായി.

തികഞ്ഞ ഇസ്ലാം മതവിശ്വാസിയായിരിക്കുമ്പോഴും ഭാരതത്തിന്റെ വൈവിധ്യങ്ങളിലും ബഹുസംസ്കൃതിയിലും ഊന്നിയ മതേതര സംസ്ക്കാരത്തെ അദ്ദേഹം നെഞ്ചേറ്റി. അനേകായിരങ്ങൾക്ക് അറിവിന്റെയും സാഹിത്യത്തിന്റെയും വെളിച്ചം പകർന്നു. കാസർകോട് സാഹിത്യ വേദി രൂപീകരിച്ചതും കാസർകോട്ട് നിന്ന് മലയാള ശബ്ദം വാരിക തുടങ്ങിയതും സാഹിത്യ പ്രേമികൾക്ക് വളരാനുള്ള നിലമൊരുക്കി.

വെള്ളവസ്ത്രം ധരിച്ച് നാട്ടുവീഥികളിലൂടെ നടന്ന് സ്നേഹത്തിന്റെയും പരിശുദ്ധിയുടെയും വെണ്മ പകർന്നു. പ്രവാചകപാത പിന്തുടർന്ന് കാരുണ്യവാനും സത്യസന്ധനും വിശുദ്ധനും ദേശാഭിമാനിയുമായി. വിനയവും വിജ്ഞാന ദാഹവും സ്വാശ്രയത്വവും സക്രിയതയും ജീവിത വ്രതമാക്കി. അവസാന നിമിഷം വരെ കർമനിരതനായിരുന്നു ഉബൈദ് മാഷ്. 'വിജ്ഞാനം കളഞ്ഞു പോയ മുത്തുകളാണ്. അവ എവിടെക്കണ്ടാലും പെറുക്കിയെടുക്കുക', എന്ന പ്രവാചകവചനം ഉബൈദ് മാഷിനെ വഴി നടത്തി.

ഒരുകാലത്ത് മലയാള ഭാഷയോട് പ്രതികൂല മനോഭാവം കാട്ടിപ്പോന്നിരുന്ന കാസർകോട്ടെ സമുദായ ഘടനയിൽ മലയാള ഭാഷയ്ക്കും ഭാഷാധിഷ്ഠിത കേരളത്തിനും അനുഗുണമായ, ഒരു സാമൂഹിക- സാമുദായിക കാഴ്ചപ്പാട് ഉണ്ടാക്കിയതിൽ ഉബൈദ് വഹിച്ച പങ്ക് നിസ്തുലമാണ്. ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായിരുന്ന കാസർകോട്ട് നിന്നു കൊണ്ട്, കാസർകോട് കേരളത്തിന്റെ ഭാഗമാകുന്നതു സ്വപ്നം കണ്ട്, കേരളപ്പിറവിക്കു എട്ട് വർഷം മുമ്പേ തന്നെ 'വിടവാങ്ങൽ' എന്ന കവിതയെഴുതിയ ദീർഘദർശിയായ കവിയായിരുന്നു അദ്ദേഹം.

'വിളി കേൾക്കുന്നൂ, വിളി കേൾക്കുന്നൂ,
മാതാവിൻ വിളി കേൾക്കുന്നൂ ...
വിട തരികമ്മേ, കന്നഡ ധാത്രീ കേരള ജനനി വിളിക്കുന്നൂ ...'
എന്നാരംഭിക്കുന്ന ആ കവിത നാട് ഏറ്റുവാങ്ങി.

കന്നഡ കവി മഞ്ചേശ്വരം ഗോവിന്ദ പൈയെ പോലെ രാഷ്ട്ര കവി വിശേഷണവും കന്നഡ ഭാഷാഭിമാനവും ഉൾക്കൊണ്ടിരുന്ന ഒരു മഹത് പുരുഷ സന്നിധാനത്തിലാണ് ടി ഉബൈദ് തന്റെ വേറിട്ട സാമൂഹിക സാംസ്ക്കാരിക സഞ്ചാരം നത്തിയത്. പദ്യ - ഗദ്യ വിഭാഗങ്ങളിലായി 30 ൽ പരം കൃതികൾ ഉബൈദ് രചിച്ചിട്ടുണ്ട്. പലതും ഇന്ന് കിട്ടാനില്ല. എഴുതിയതിൽ പലതും വെളിച്ചം കണ്ടുമില്ല. എങ്കിലും കേരളത്തിലും കർണാടകയിലും ഗൾഫ് നാടുകളിലും സാഹിത്യ- സാംസ്കാരിക മേഖലകളിൽ ഉബൈദിന്റെ കവിതകളും പ്രവർത്തനങ്ങളും ധാരാളമായി ഉദ്ധരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. കാസർകോട് ഉൾപെടുന്ന വടക്കൻ കേരളത്തിന്റെ ഉൾക്കണ്ണ് തുറപ്പിക്കുകയും ബഹുഭാഷാ- സാമൂഹിക - സാംസ്ക്കാരിക - സാഹിത്യരംഗത്തിന് ഭദ്രമായ അടിത്തറ പാകുകയും ചെയ്തു ബഹുമുഖ പ്രതിഭയായ ഉബൈദ്.
  
ഒക്ടോബർ 3: ടി ഉബൈദിന്റെ വിയോഗത്തിന് അരനൂറ്റാണ്ട്; കാലഘട്ടത്തെ പ്രചോദിപ്പിച്ച മഹാമനീഷി

ഇസ്ലാം മതത്തിലെ ഉന്നത മൂല്യങ്ങളും ഭാരത ദേശീയതയും ഭാഷാഭിമാനവും കേരളീയപ്രകൃതിയും കാവ്യജീവിതത്തിലൂടെ സാക്ഷാത്കരിച്ചു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ, സംഗീത നാടക അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, കർണാടക സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായി തിളങ്ങി. മലയാള മഹാ നിഘണ്ടുവിലേയ്ക്ക് മാപ്പിളപദങ്ങൾ സംഭാവന ചെയ്തു.

1947 മെയ് മാസം കോഴിക്കോട്ട് നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ ടി. ഉബൈദ് നടത്തിയ മാപ്പിളപ്പാട്ടുകളെ കുറിച്ചുള്ള പ്രഭാഷണം ഒരു ചരിത്ര സംഭവമായിരുന്നു. സമ്മേളനാനന്തരം മെയ് 25, ജൂൺ ഒന്ന്, ഏഴ് തീയതികളിൽ ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലക്കങ്ങളിൽ ആ പ്രഭാഷണം പ്രസിദ്ധീകരിക്കുകയുണ്ടായി. 'പൂങ്കുയിലുകളും പൈങ്കിളികളും വിരാജിക്കുന്ന ഈ പൂന്തോപ്പിലേയ്ക്ക് അങ്ങ് വടക്കുനിന്ന് പാറിവന്ന ഒരു കാക്കയാണ് ഞാൻ. കാക്കയ്ക്ക് മാപ്പിള എന്നും അർത്ഥമുണ്ടല്ലോ', - എന്ന ആമുഖത്തോടെയാണ് കവി പ്രഭാഷണമാരംഭിച്ചത്. അത്യധികം തയ്യാറെടുപ്പുകൾ നടത്തിയാണ് ഉബൈദ് ആ പ്രഭാഷണം നടത്തിയത്. അത് മാപ്പിളപ്പാട്ടിനെക്കുറിച്ചുള്ള വലിയ സാഹിത്യകാരന്മാരുടെ പോലും തെറ്റായ ധാരണകളെ തിരുത്തിച്ചു. മാപ്പിളപ്പാട്ടുകളെ മാറ്റി നിർത്തിയുള്ള മലയാള സാഹിത്യം അപൂർണമാണെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

ടി ഉബൈദ് കന്നഡയിൽ നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ തിരഞ്ഞെടുത്ത കവിതകളുടെ വിവർത്തനം - വള്ളത്തോൾ കവിതെഗളു, കുമാരനാശാന്റെ വീണപൂവിന്റെ വിവർത്തനം - പതിത പുഷ്പ, മുസ്ലിം ആചാരാനുഷ്ഠാനങ്ങൾ എന്ന അർത്ഥം വരുന്ന മുസ്ലിമെന മൊറെഗളു, ഖാസി അബ്ദുല്ല ഹാജിയുടെ ജീവചരിത്രം എന്നിവയാണവ. ഉബൈദ് ജീവിച്ചിരിക്കുമ്പോൾ തന്നെ ആദ്യകാലങ്ങളിൽ ഇറങ്ങിയ ഈ പുസ്തകങ്ങൾക്ക് തുടർ പതിപ്പുകൾ ഉണ്ടായിട്ടില്ല.

മുഹമ്മദ് ഇഖ്ബാലിന്റെ ശിഖ്വാ ജവാബെ ശിഖ്വാ എന്ന ഉറുദു കാവ്യം കന്നഡയിലും മലയാളത്തിലുമാക്കി. കന്നഡയിൽ നിന്ന് ശിവറാമ കാറന്തിന്റെ മറളി മണ്ണിഗെ എന്ന നോവൽ മണ്ണിലേക്ക് മടങ്ങി എന്ന പേരിൽ മലയാളത്തിലാക്കി. കന്നഡയിലെ തിരഞ്ഞെടുത്ത കഥകളും മലയാളത്തിലാക്കി. ആശാന്റെ ചിന്താവിഷ്ടയായ സീത, കരുണ, ചണ്ഡാലഭിക്ഷുകി എന്നീ ഖണ്ഡകാവ്യങ്ങൾ കന്നഡയിലാക്കാൻ കയ്യാർ കിഞ്ഞണ്ണ റൈയെ സഹായിച്ചു. മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കന്നഡ കഥകളിൽ ജ്ഞാനപീഠ ജേതാവ് മഹാകവി കുവെംപുവിന്റെ 'മീനാക്ഷിയുടെ ട്യൂഷൻ മാസ്റ്റർ', അശ്വത്ഥിന്റെ 'വ്യഭിചാരം', ത്രിവേണിയുടെ 'ചമ്പകം', നിരഞ്ജനയുടെ 'ഒടുവിലത്തെ ഇടപാടുകാരൻ' എന്നിവയാണ് ഉൾപെടുന്നത്.

വള്ളത്തോളിന്റെ 'വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ, / വന്ദിപ്പിനനന്യ സാധാരണ സൗഭാഗ്യയെ' എന്ന വരികൾ ഉബൈദ് കന്നഡയിലാക്കിയത് നോക്കൂ: 'വന്ദിസിറി മാതെയം, വന്ദിസിറി മാതെയം/ വന്ദിസിറനന്യ സാമാന്യ സൗഭാഗ്യെയം', കേരളപ്പിറവിയോടെ വിടവാങ്ങൽ എന്ന കവിതയിലൂടെ കർണാടകയോട് വിട ചോദിച്ച കവി പിന്നീട് കന്നഡയോട് വലിയ ആഭിമുഖ്യം പുലർത്തിയിട്ടില്ല. കന്നഡ പഠിച്ച് മലയാളത്തിന്റെ മഹാനായ കവിയായ ചരിത്രമാണ് ഉബൈദിന്റേത്.

കൊങ്ങിണിയനായ മഞ്ചേശ്വരം ഗോവിന്ദ പൈ കന്നഡയിലാണ് അധികം എഴുതിയത്. തമിഴനായ ഉള്ളൂർ മലയാളത്തിന്റെ മഹാകവിയാണ്. കന്നഡ പഠിച്ച ഉബൈദ് മലയാള കവിയായതും അതുപോലെ.

ടി ഉബൈദ് കവിതയോട് എന്നൊരു കവിതയെഴുതിയിട്ടുണ്ട്.

'എന്തിന്നു താമസിപ്പതംബികേ,
നിന്നുണ്ണിയാമെൻ മുന്നിലണയുവാ, നെങ്ങു
നീ മറഞ്ഞിതോ?
എത്ര നാളമ്മേ, നിന്നെത്തിരഞ്ഞും
കൊണ്ടീ വിധം
ഹൃത്തടം കരിഞ്ഞു ഞാൻ
കേണുകേണലയേണ്ടൂ?'

എന്നാണ് അതിലെ ആദ്യ നാലുവരികൾ. ഉബൈദ് കവിതയെ അമ്മയായി കാണുകയാണ്. പക്ഷേ, അംബികേ എന്ന വിളി അമ്മേ എന്ന വിളിയിലുപരിയായ ഒരു ഭാവമുണ്ടാക്കുന്നു. അംബിക ദേവിയാണ്. വിദ്യാദേവതയായ സരസ്വതി അംബികയാണ്. ശുദ്ധ മുസൽമാനായ ഉബൈദ് കവിതയെ ദേവിയായി കാണുമോ?

മഹാകവി പി യ്ക്ക് കവിത നിത്യകന്യകയും കാമിനിയുമാണ്. ഉബൈദിന് അത് വിശുദ്ധ മാതാവും ദേവിയുമാകുന്നു.

മഹാകവി വള്ളത്തോളിന് ശിഷ്യപ്പെടുകയും മഹാകവി പി യെ ആദരവോടെ തിരുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു ഉബൈദെന്ന് കാണാം. ഹൈന്ദവ സംസ്കൃതിയുടെ ചിഹ്നങ്ങളും ബിംബങ്ങളും ധാരാളമായി ഉബൈദ് കവിതയിൽ കടന്നു വരുന്നു. നൃത്തം, കൂത്ത്, പൂജ, വിധി, മാപ്പ്, ശ്രീ തുടങ്ങിയ വാക്കുകളോട് കവിയ്ക്ക് ഒരു തരം പ്രതിപത്തിയുണ്ട്. ആത്മപീഢ, നിഷ്ക്കാമ ചിന്ത എന്നിവയിൽ ഉബൈദ് അഭിരമിക്കുന്നുമുണ്ട്. ദുനിയാവിനെ ഒരു പുതുമപ്പറമ്പായി കാണാനും മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും കഴിവിൽ അഭിമാനം കൊള്ളാനും ( മിടുക്കൻ ആദം പുത്രൻ എന്ന കവിത ) കവിയ്ക്ക് സാധിക്കുന്നുമുണ്ട്.

നവരത്നമാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി, രണ്ടുൽബോധനങ്ങൾ, ചന്ദ്രക്കല, ഗാനവീചി (കവിതാസമാഹാരങ്ങൾ), തിരുമുൽക്കാഴ്ച, ഹസ്രത്ത് മാലിക് ദീനാർ, ഖാസി മർഹൂം അബ്ദുല്ല ഹാജി, മുഹമ്മദ് ശെറൂൾ സാഹിബ് (ഗദ്യം), മണ്ണിലേയ്ക്ക് മടങ്ങി, നമ്മുടെ നദികൾ, തിരഞ്ഞെടുത്ത കഥകൾ, വള്ളത്തോൾ കവിതെഗളു, മുസ്ലിമെന മൊറെഗളു, പതിത പുഷ്പ ( വിവർത്തനങ്ങൾ), ഖാസി അബ്ദുല്ല ഹാജി ( ജീവചരിത്രം), മാപ്പിള സാഹിത്യം ( സാഹിത്യ ചരിത്രം), മാപ്പിളപ്പാട്ടു വൃത്തങ്ങൾ( ഛന്ദശാസ്ത്രം), പരാതിയും മറുപടിയും ( വിവർത്തനം), കേരള കേസരി ( ജീവചരിത്രം ), മുന്തിരിപ്പഴങ്ങൾ ( ബാലസാഹിത്യം), റേഡിയോ പ്രസംഗങ്ങൾ ( പ്രബന്ധങ്ങൾ), മുസ്തഫാ കീർത്തനം , തിരഞ്ഞെടുത്ത കവിതകൾ, കഥാകവിതകൾ ( കവിതകൾ), നബിചരിത്രം ( രണ്ടു ഭാഗങ്ങൾ- മാപ്പിളപ്പാട്ട്), കലികാലം, വഫാത്ത് മാല (മാപ്പിളപ്പാട്ടുകൾ).

എന്നിവയാണ് ഉബൈദിന്റെ കൃതികൾ.

മൺമറഞ്ഞു പോയിട്ട് അരനൂറ്റാണ്ടായ കവി ഉബൈദിന്റെ കവിതകൾ കാലത്തെ അതിവർത്തിച്ചു കൊണ്ട് പുതിയ വായനകളും വ്യാഖ്യാനങ്ങളും തേടേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സമ്പൂർണ കൃതികൾ ഇറങ്ങേണ്ടതുണ്ട്. വെളിച്ചം കാണാത്തവ വെളിച്ചം കാണിക്കാനും ശ്രമമുണ്ടാകണം. സമുചിതമായ സ്മാരകവും ഉണ്ടാകേണ്ടതുണ്ട്. ആ വഴിയ്ക്കുള്ള ആലോചനകൾ കവിയുടെ ജന്മനാട്ടിൽ നടക്കുന്നു എന്നത് ആശ്വാസകരമാണ്. വിയോഗത്തിന്റെ അമ്പതാമാണ്ട് അതിനൊരു നിമിത്തമാകുമെന്ന് പ്രത്യാശിക്കാം.

Keywords:  T-Ubaid, Article, Kasaragod, Kerala, Writer, Natives, Islam, Memories of T Ubaid.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia