city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സായിറാം ഭട്ട്; ജീവകാരുണ്യത്തിന്റെ പ്രതിരൂപം

/ അസീസ് പട്ള

(www.kasargodvartha.com 24.01.2022)
കാരുണ്യം എന്ന വികാരം സഹജീവികളിലും ജീവനുള്ള എല്ലാ വസ്തുക്കളിലും പ്രാവർത്തികമാക്കുമ്പോഴാണ് നമ്മൾ ജീവിതസാഫല്യം കൈവരിച്ചവരാകുന്നത്, മഹദ് ഗ്രന്ഥങ്ങളിൽ ദൈവകാരുണ്യത്തിന്റെ ഒരംശം മാത്രമാണ് സ്രഷ്ടാവ് തന്റെ സൃഷ്ടികൾക്ക് നല്കിയിരിക്കുന്നതെന്നും, ബാക്കി തൊണ്ണൂറ്റി ഒമ്പതും അവനിൽ നിക്ഷിപ്തവുമാണെന്ന് വായിക്കാൻ കഴിയും. അനിർവചനീയമാണ് സ്രഷ്ടാവ് നമുക്കായ് ഒരുക്കി വച്ചിരിക്കുന്ന കരുണക്കടലിന്റെ ആഴവും പരപ്പും.

  
സായിറാം ഭട്ട്; ജീവകാരുണ്യത്തിന്റെ പ്രതിരൂപം



തന്നിലെ കരുണ മുഴുവനും നിരാശ്രയരും, നിരാലംബരുമായ സഹജീവികളുടെ കണ്ണീരൊപ്പാനും, അവരെ ചേർത്ത് നിർത്താനും അന്തിയുറങ്ങാൻ കൂരയില്ലാത്ത 250 ഓളം കുടുംബങ്ങൾക്ക് വീട് വെച്ചു നൽകാനും രോഗശയ്യയിലുള്ളവർക്ക് സ്വവസതിക്ക് സമീപമുള്ള സായി മന്ദിരത്തിൽ എല്ലാ ശനിയാഴ്ചകളിലും ആയുർവേദ, ആലോപതിയിലെ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിൽസാക്യാമ്പും സൗജന്യ മരുന്ന് വിതരണവും, ദാഹജലം കിട്ടാക്കനിയായ നിരവധി കുടുംബങ്ങൾക്ക് കിണറുകൾ ഒരുക്കിയും, രണ്ടു പ്രാവശ്യം സായിറാം ഭട്ട് മുൻകൈ എടുത്തു നടത്തിയ സമൂഹവിവാഹത്തിൽ നിരവധി നിർധനർക്ക് മംഗല്യഭാഗ്യമൊരുക്കിയും, നിർധന കുടുംബങ്ങളിലെ തൊഴിൽരഹിതരായ മുന്നൂറിൽപ്പരം യുവതികൾക്ക് സൗജന്യമായി തയ്യൽ മെഷീൻ നൽകിയും, പത്തോളം യുവാക്കൾക്ക് ഓട്ടോറിക്ഷ നൽകിയും ഉപജീവനമാർഗ്ഗമെന്നോണം തുണയായി തണലായി, കാവലാളായി മാറുകയായിരുന്നു ആ നാട്ടുകാർക്കും പരിസരവാസികൾക്കും മത, രാഷ്ട്രീയ അടയാളങ്ങളില്ലാത്ത നിസ്വാർഥസേവകൻ.

കാസർകോട്, ബദിയടുക്ക പഞ്ചായത്തിലെ ബേളയ്ക്കടൂത്ത് കിളിങ്കാറിലെ നടുമനെ വീട്ടിൽ പരമ്പരാഗത കർഷക കുടുംബത്തിലായിരുന്നു സായിറാം ഭട്ട് എന്ന എൻ. ഗോപാലകൃഷ്ണ ഭട്ടിന്റെ ജനനം. അദ്ദേഹത്തെ അടുത്തറിയുന്നവർ സ്നേഹത്തോടെ വിളിച്ചിരുന്ന 'സ്വാമി' അദ്ദേഹത്തിന്റെ ഇരുപതേക്കാറോളം വരുന്ന കൃഷിയിടങ്ങളിലെ വരുമാനത്തിനൊപ്പം ജ്യോതിഷത്തിലും, പാരമ്പര്യ ആയുർവേദ ചികിൽസയിൽ നിന്നും കിട്ടുന്ന വരുമാനവും സഹജീവികളുടെ പ്രയാസങ്ങളെ അടുത്തറിഞ്ഞു അവരിലൊരാളായി സഹാനുഭൂതിയുടെ, ജീവകാരുണ്യത്തിന്റെ തണൽവൃക്ഷമായി ലോകത്തിന് മാതൃകതീർത്ത മഹദ് വ്യക്തിത്വമാണ്.

സ്വവസതിയായ 'സായിനിലയ' ത്തിൽ ജാതി മതഭേദമന്യേ ആർക്കും സഹായമഭ്യർഥിച്ച് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു, രണ്ടരപ്പതിറ്റാണ്ടുകൾക്കപ്പുറം ഒരു യുവാവ് മഴക്കാലത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ഓലമേഞ്ഞ കുടിൽ കാറ്റിലും മഴയിലും നിലംപതിച്ചുവെന്നും ഭാര്യയും മക്കളുമായി എവിടെപ്പോകണമെന്നറിയില്ലെന്നും വിലപിച്ച് നിർത്താതെ കരയുന്ന ആ യുവാവിന്റെ കണ്ണീർ അദ്ദേഹത്തെ വല്ലാതെ പ്രയാസപ്പെടുത്തി, അക്കൊല്ലം കാശിക്ക് തീർഥാടനത്തിന് പോകാൻ സ്വരുക്കൂട്ടിയ 45,000 രൂപ കൊണ്ട് ആദ്യമായി ഊജംപദവ് പ്രദേശത്തുകാരനായ ആ യുവാവിനും കുടുംബത്തിനും കാറ്റിലും മഴയിലും ഭയപ്പാടില്ലാതെ കഴിയാൻ ഒരു ഭവനമൊരുക്കി, ആ കുടുംബത്തിന്റെ സന്തോഷവും കണ്ണുകളിലെ തിളക്കവും അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു, തുടർന്നങ്ങോട്ട് എൺപത്തഞ്ചാം വയസ്സിലെ വർദ്ധക്യത്തിലും ഉൽസാഹഭരിതനായി ജീവകാരുണ്യത്തിന്റെ കർമ്മപഥത്തിൽ തന്റെ ജൈത്രയാത്ര അനുസ്യൂതം തുടരുകയായിരുന്നു.

ജീവകാരുണ്യ പ്രവർനത്തിന് നിരവധി അവാർഡുകൾ തേടിയെത്തിയെങ്കിലും വീടൊന്നിന് 40,000 വച്ച് സഹായിക്കാമെന്ന സർക്കാർ വാഗ്ദാനം അദ്ദേഹം സ്നേഹപൂർവ്വം നിരസിക്കുകയാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു, ഒരു വലീയ സന്ദേശം മാനവരാശിയിൽ അവശേഷിപ്പിച്ചുകൊണ്ട്.

Keywords:  Kasaragod, Kerala, News, Article, Remembrance, Remembering, Helping hands, Badiyadukka, Award, Memories of Sairam Bhat.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia