city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് അബ്ദുല്ല: സേവനരംഗത്തെ വെള്ളിനക്ഷത്രം

ഇബ്രാഹിം ചെർക്കള

(www.kasargodvartha.com 01.04.2022)
അപൂര്‍വ്വതകള്‍ നിറഞ്ഞതാണ് കാസര്‍കോടിന്റെ എക്കാലത്തേയും സുല്‍ത്വാന്‍ തളങ്കരയിലെ കെ എസ് അബ്ദുല്ലയുടെ ജീവിതവഴികള്‍. ഒരു ജന്മം കൊണ്ട് പല ജന്മങ്ങളുടെ നന്മകള്‍. നാടിന്റെ സാമൂഹ്യ-സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, രാഷ്ട്രീയ രംഗങ്ങളില്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കി ആഴത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു ജന്മം. തൊട്ടതെല്ലാം പൊന്നാക്കി എന്ന ആലങ്കാരിക പദം ജീവിതത്തില്‍ സാക്ഷാത്കരിച്ച വ്യക്തിയെന്ന് പറയുന്നതിലും തെറ്റില്ല. തന്റെ മുന്നില്‍ എത്തുന്ന പ്രശ്‌നങ്ങളോട് വളരെ സൗമ്യതയോടെ, ദീര്‍ഘവീക്ഷണത്തോടെ സംവദിക്കാനുള്ള കഴിവ് തന്നെയാണ് ഓരോ നേട്ടങ്ങളുടെയും കാതല്‍.

  
കെ എസ് അബ്ദുല്ല: സേവനരംഗത്തെ വെള്ളിനക്ഷത്രം



അക്ഷരങ്ങളെയും എഴുത്തുകാരെയും ഏറ്റവും അധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മനസ്സായിരുന്നു കെ എസിന്റേത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും, അടുത്ത തലമുറയുടെ വിജ്ഞാനമേഖലയുടെ ഉന്നതിക്ക് വേണ്ടി തന്റെ പ്രവര്‍ത്തനവും സമ്പത്തും നീക്കിവെക്കുകയും ചെയ്തു. കാസര്‍കോടിന്റെ അക്ഷര വെളിച്ചം ടി ഉബൈദ് മാഷിന്റെ സേവനങ്ങളെ വിലമതിക്കുകയും അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാനും എന്നും കെ എസ് തയ്യാറായിരുന്നു. ഉബൈദ് മാഷിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മലയാള ശബ്ദം' വാരികയുടെ പ്രതിസന്ധി ഘട്ടത്തില്‍ കെ എസ് സാമ്പത്തികമായി സഹായിച്ചിരുന്നു.

വാരിക അധികകാലം തുടര്‍ന്നില്ലെങ്കിലും അതോടെ കാസര്‍കോട് മുബാറക് പ്രസ് സജീവമായി, കാലങ്ങള്‍ കടന്നപ്പോള്‍ ഉത്തരദേശം എന്ന സായാഹ്ന പത്രത്തിന്റെ പിറവിക്കും വളര്‍ച്ചയ്ക്കും അതു വഴിവെച്ചു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും പ്രഭാഷകനുമായ കെ എം അഹ്മദ് എന്ന പ്രതിഭയുടെ വളര്‍ച്ചയ്ക്കും ഇത് കാരണമായി.

1971 മെയ് 8, 9 തീയ്യതികളില്‍ തിരൂരങ്ങാടിയില്‍ മാപ്പിളപ്പാട്ട് മഹോത്സവവും സെമിനാറും നടന്നു. വലിയ സാംസ്‌കാരിക ആഘോഷമായിരുന്നു അത്. കേരളത്തിലെ അന്നത്തെ തലയെടുപ്പുള്ള എഴുത്തുകാര്‍ കെ പി കേശവമേനോന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, എസ് കെ പൊറ്റക്കാട്, ഉറൂബ്, സുകുമാര്‍ അഴിക്കോട്, സി പി ശ്രീധരന്‍ തുടങ്ങിയ നീണ്ട നിരതന്നെ ഉണ്ട്. ചരിത്രം അടയാളപ്പെടുത്തിയ യോഗത്തിന്റെ സമാപന ചടങ്ങില്‍ മഹാകവി ടി ഉബൈദ് മാഷിനെ, കെ പി കേശവമേനോന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ജന്മനാട്ടില്‍ തിരിച്ചെത്തുന്ന ഉബൈദിന് കെ എസ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കി. അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഉബൈദ് മാഷിന്റെ കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി. മുഇസ്സുല്‍ ഇസ്‌ലാം സ്‌കൂളിന് നല്ലൊരു കെട്ടിടം ഇല്ലെന്ന സങ്കടം ഉയര്‍ന്നു. ഉടനെ അതിനും പ്രതിഫലനം ഉണ്ടായി. പുതിയ കെട്ടിടം കെ എസ് അബ്ദുല്ലയും പി എ അഹമ്മദും അപ്പോള്‍ തന്നെ വാഗ്ദാനം ചെയ്തു.

1972ല്‍ ഉബൈദ് മാഷ് തളങ്കര മുസ്ലീം ഹൈസ്‌കൂള്‍ വേദിയില്‍ ഒരു പ്രസംഗത്തിനിടയില്‍ കുഴഞ്ഞുവീണാണ് മരണപ്പെടുന്നത്. അതിനുശേഷവും കവിയുടെ ഓര്‍മ്മകള്‍ കെ എസ്സില്‍ സദാ തുടിച്ചു നിന്നു. 1974-ല്‍ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 34-ാം സമ്മേളനം കാസര്‍കോട്ട്. സമ്മേളന നഗരിക്ക് ഉബൈദിന്റെ നാമം നല്‍കി. ഇത് മലയാള സാഹിത്യ ചരിത്രത്തില്‍ അടയാളപ്പെട്ട ദിവസങ്ങളായി. നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി വിലപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ കെ എസ് അബ്ദുല്ലയ്ക്ക് കഴിഞ്ഞു. 1969-ല്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന്റെ രജത ജൂബിലി യോഗം ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്‌കൂളിന്റെ നടത്തിപ്പിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു.

കുട്ടികളുടെ എണ്ണക്കുറവാണ് പ്രധാന പ്രശ്‌നം. ഉബൈദിന്റെ നേതൃത്വത്തില്‍ അതിന് പരിഹാരം കാണാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാവപ്പെട്ട കുട്ടികള്‍ക്ക് യൂണിഫോം, ഉച്ചക്കഞ്ഞി, അതുപോലെ പഠനോപകരണങ്ങള്‍, കളിക്കോപ്പുകള്‍, പോക്കറ്റ് മണി അടക്കം കെ എസ് അബ്ദുല്ലയുടെ കാരുണ്യത്തില്‍ വിതരണം ചെയ്തു തുടങ്ങി. മുന്നൂറില്‍ താഴെയായിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ പെട്ടെന്നു തന്നെ ആയിരത്തിലേറെയായി ഉയര്‍ത്താന്‍ സാധിച്ചതോടെ സ്‌കൂളിന്റെ പുതിയ ഉണര്‍വ്വിന് അത് വഴിയൊരുക്കി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍, അതിനൊരു മാറ്റം വരണമെന്നത് ടി. ഉബൈദ് സാഹിബിന്റെ സ്വപ്നമായിരുന്നു. ആ വഴിക്ക് കെ.എസ്. അബ്ദുല്ലയുടെ വലിയ സേവനങ്ങള്‍ തന്നെ ഉണ്ടായി.

ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കാസര്‍കോട് എത്തി. കെ.എസിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ചര്‍ച്ചകള്‍ക്കിടയില്‍ നാടിന് വേണ്ടി ഒരു ഗേള്‍സ് ഹൈസ്‌കൂള്‍ എന്ന ആവശ്യം കെ എസ് മന്ത്രിയെ ഉണര്‍ത്തി. പിന്നീടുള്ള നീക്കങ്ങള്‍ ചടുലമായിരുന്നു. ആ വര്‍ഷത്തെ സ്‌കൂള്‍ ലിസ്റ്റില്‍ കാസര്‍കോടും ഉള്‍പ്പെട്ടു. സ്‌കൂളിന് മൂന്നേക്കര്‍ സ്ഥലവും, അനുമതിക്കായി 25000 രൂപയും കെട്ടിവെക്കണം. പണം കെ എസ് അബ്ദുല്ല അതേസമയം സംഘടിപ്പിച്ചു. സൗകര്യപ്രദമായ സ്ഥലത്തിനായി പലവഴിക്കും അന്വേഷണങ്ങള്‍ തുടര്‍ന്നു. അധികം വൈകാതെ ഹമീദലി ഷംനാടിന്റെ വീട്ടില്‍ത്തന്നെ ക്ലാസിന് ആരംഭം കുറിച്ചു. പിന്നീട് നഗരസഭയുടെ അകത്ത് നെല്ലിക്കുന്നില്‍ സ്ഥലം കണ്ടെത്തി. ഇതുപോലെ കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃനിരയില്‍ കെ എസ് ഉണ്ടായിരുന്നു.

കോഴിക്കോട്ടെ ഡോ. പി കെ അബ്ദുല്‍ഗഫൂറിന്റെ നേതൃത്വത്തില്‍ എംഇഎസ്. കേരളത്തിലുടനീളം വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ചപ്പോള്‍ കെ എസ് അബ്ദുല്ല സംഘടനയുടെ ഭാഗമായി ചേര്‍ന്നു. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും കര്‍ണാടകയിലും മുംബൈയിലും എംഇഎസ് ശാഖകള്‍ ആരംഭിക്കാനും സമ്മേളനങ്ങള്‍ നടത്താനും, പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനും കെ എസ് ഉണ്ടായി. എംഇഎസ്സിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് പദവികളും വഹിച്ചു.

ഒരുകാലത്ത് ലോകവിപണി കീഴടക്കിയിരുന്ന തളങ്കര തൊപ്പി വ്യാപാരിയും എക്‌സ്‌പോര്‍ട്ടറുമായിരുന്ന കെ എസ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകനായി 1933ലാണ് കെ എസിന്റെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം മഹാരാഷ്ട്രയിലെ ജഞ്ചിറാ മുറുഡില്‍ 1968 വരെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടു. അതിനിടെ തന്റെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കാനുള്ള നിരവധി പദ്ധതികളെപ്പറ്റി ചിന്തിക്കുകയും കാസര്‍കോട് ഇസ്‌ലാമിയ്യ ടൈല്‍ ഫാക്ടറി ആരംഭിക്കുകയും ചെയ്തു. 1969ല്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനമായ ഉള്ളാളിലെ മാംഗ്ലൂര്‍ സീ ഫുഡ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണറായി. തുടര്‍ന്ന് 1972-ല്‍ കാസര്‍കോട് സതേണ്‍ ഇന്ത്യ മറൈന്‍ കമ്പനി (സിംകോ) സ്ഥാപിച്ച കണ്‍സന്റ് എന്ന പേരിലുള്ള കാസര്‍കോട് കോണ്‍ട്രാക്ടിംഗ് കമ്പനി, മംഗലാപുരത്തു അല്‍-അമീന്‍ ടൈല്‍ ഫാക്ടറി, ബംഗ്ലൂരിലെ വോള്‍ഗാ റസ്റ്റോറന്റ്, ഈമാന്‍ എക്‌സ്‌പോര്‍ട് എന്നിങ്ങനെ വലിയ വലിയ വ്യവസായ സ്ഥാപനങ്ങളുടെ അധിപനായി.

കാരുണ്യം, സ്‌നേഹം, സൗഹൃദം എന്നിവ കെ എസിന്റെ ജീവിതത്തിന്റെ മുഖമുദ്രകളായി. കാസര്‍കോടിന്റെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥയില്‍ ചെറിയ തോതിലെങ്കിലും ഇടപെടല്‍ നടത്തണം എന്ന ചിന്തയില്‍ നിന്നും ഉത്ഭവിച്ചതാണ് മാലിക് ദീനാര്‍ ആശുപത്രി എന്ന ആശയം. പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസം എന്നതോടൊപ്പം നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് നേഴ്‌സിങ്ങില്‍ പരിശീലനവും തൊഴിലും എന്ന ലക്ഷ്യവും അതിനോടൊപ്പം ഉണ്ടായിരുന്നു. സാമൂഹ്യ-സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ എന്ന പോലെ സാമുദായിക സംഘടനകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് നേതൃത്വം നല്‍കുകയും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനും അത് എന്നും സൂക്ഷിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

ചെട്ടുംകുഴിയിലെ കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തളങ്കരയിലെ ഹയര്‍സെക്കന്ററി സ്‌കൂള്‍, മാലിക്ദീനാര്‍ ആശുപത്രിയോടനുബന്ധിച്ച നേഴ്‌സിംഗ് സ്‌കൂള്‍, സീതാംഗോളിയില്‍ കെ എസ് അബ്ദുല്ല എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ കീഴില്‍ ഫാര്‍മസി, ജേണലിസം തുടങ്ങിയ കോഴ്‌സുകളുള്ള കോളേജ് എന്നിവ കെ എസ് അബ്ദുല്ലയുടെ പേരില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. കെ എസ് ഇടപെടുന്ന കാര്യങ്ങളില്‍ അതേതായാലും അതിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. സഹജീവി സ്‌നേഹം പോലെ തന്നെ മറ്റുള്ളവരെ അംഗീകരിക്കുന്ന കാര്യത്തിലും കെ എസ് മുന്‍പന്തിയിലാണ്. കൊച്ചു കുട്ടിയോട് പോലും ബഹുമാനത്തോടെ, ക്ഷമയോടെ കാര്യങ്ങള്‍ കേള്‍ക്കുകയും അറിയുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. ഒരു ജന്മം കൊണ്ട് പല ജന്മങ്ങളുടെ പ്രവര്‍ത്തനം കാഴ്ചവെച്ച് തലമുറകള്‍ക്ക് ആവേശം പകര്‍ന്ന കെ എസ് അബ്ദുല്ലയുടെ ജീവിതം പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണ്.

Keywords:  Kasaragod, Kerala, News, Top-Headlines, Ibrahim Cherkala, K.S Abdulla, Writer, Article, Mappilapatt, Railway, Thalangara, T-Ubaid, Samastha, Sahithyavedi, Memories about K S Abdulla.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia