ഇടിമിന്നലിൽ തകർന്ന വീടിനുള്ളിൽ മാണിക്കത്തിൻ്റെ ദുരിതജീവിതം; അധികൃതരുടെ കനിവ് തേടി വയോധികയും രോഗിയായ അനന്തരവനും
● ഭർത്താവ് മരിച്ച മാണിക്കം, രോഗിയായ അനന്തരവൻ തമ്പാനൊപ്പമാണ് താമസിക്കുന്നത്.
● വൈദ്യശാസ്ത്രത്തിന് കണ്ടെത്താനാകാത്ത രോഗബാധിതനാണ് തമ്പാൻ.
● പ്രായാധിക്യത്തിലും അനന്തരവനെ പരിചരിക്കുന്നത് മാണിക്കമാണ്.
● പുതിയ ദുരന്തം കൂടി ഉണ്ടായതോടെ അധികൃതരുടെ കനിവ് തേടുകയാണ് ഈ കുടുംബം.
സുധീഷ് പുങ്ങംചാൽ
പുങ്ങംചാൽ: (KasargodVartha) ഇടിമിന്നലിൽ തകർന്ന വീട്ടിൽ ദുരിതജീവിതവുമായി മാണിക്കം. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട കൊടിയങ്കുണ്ട് ഉന്നതിയിലെ കൊടക്കൽ വീട്ടിൽ മാണിക്കമാണ് ദുരിതത്തിലായത്. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിലാണ് മാണിക്കത്തിൻ്റെ വീട് തകർന്നത്. കൊടിയങ്കുണ്ട് ഉന്നതിയിലെ 10 സെൻ്റ് ഭൂമിയിലെ വീട് ഇപ്പോഴും നിർമാണം പൂർത്തിയാക്കാൻ മാണിക്കത്തിന് സാധിച്ചിട്ടില്ല.

എല്ലാ കഷ്ടപ്പാടുകളും സഹിച്ച് ജീവിച്ചുവരുന്നതിനിടയിലാണ് ഇവർക്ക് മുന്നിൽ ഇടിമിന്നൽ പുതിയ വില്ലനായി എത്തിയത്. വീടിൻ്റെ ഭിത്തി മുഴുവൻ ഇടിമിന്നലിൽ തകർന്നു. വീടിനുള്ളിലെ വയറിങ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

രോഗിയായ അനന്തരവൻ്റെ സംരക്ഷണം
ഭർത്താവ് കുഞ്ഞിരാമൻ വർഷങ്ങൾക്ക് മുന്നേ മരിച്ചു. സഹോദരി മരിച്ച ശേഷം അസുഖബാധിതനായ അവരുടെ മകൻ തമ്പാനും ഇപ്പോൾ കഴിയുന്നത് 65 കഴിഞ്ഞ മാണിക്കത്തിൻ്റെ വീട്ടിലാണ്. തമ്പാനായിരുന്നു മാണിക്കത്തിൻ്റെ പിന്നെയുള്ള ആശ്രയം. എന്നാൽ വൈദ്യശാസ്ത്രത്തിന് കണ്ടുപിടിക്കാൻ പറ്റാത്ത രോഗവുമായി തമ്പാൻ വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ല. ഒരാളുടെ സഹായമുണ്ടെങ്കിൽ മാത്രമേ തമ്പാന് ദൈനംദിന കാര്യങ്ങൾ ഉൾപ്പെടെ എല്ലാം ചെയ്യാൻ സാധിക്കുകയുള്ളൂ. തൻ്റെ പ്രായാധിക്യത്തിലും അനന്തരവനെ പരിചരിക്കുന്നത് മാണിക്കമാണ്.

സഹായം തേടി കുടുംബം
ഇടിമിന്നലിൻ്റെ രൂപത്തിൽ പുതിയ ദുരന്തം കൂടി ഇവരെ തേടിയെത്തിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ വയോധിക. മാണിക്കത്തിൻ്റെ ദുരിതം കാണാൻ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള അധികൃതർ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഒപ്പം ഇവരെ സഹായിക്കാൻ മനസ്സുള്ളവരും എത്തുമെന്ന് കരുതാം.
ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: 65-year-old Manikkam and her bedridden nephew Thampan are facing severe hardship after a recent lightning strike destroyed the walls and wiring of their partially built house in Kodiyankundu Unnathi, West Eleri panchayat, leaving them desperately waiting for help from authorities and kind-hearted people.
#KasargodVartha #WestEleri #KasaragodNews #LightningStrike #KeralaNews #LocalNews #AparnaNews






