city-gold-ad-for-blogger

കാസർകോട് സാഹിത്യവേദി യുടെ ‘സർഗ്ഗ സഞ്ചാര’ത്തിന്റെ അലയൊലികൾ

Kasaragod Sahitya Vedi Sarga Sancharam cultural procession
Photo Credit: Facebook/ A Tribute to T Ubaid

● ഉബൈദ് സാഹിബിന് അക്ഷരങ്ങൾ ഒരു പടവാൾ ആയിരുന്നുവെന്ന് അംബികാസുതൻ മാങ്ങാട് പറഞ്ഞു.
● ഉബൈദ് ആദ്യമായി അധ്യാപകനായ കുമ്പള ആരിക്കാടി ഫിഷറീസ് എൽ.പി. സ്കൂളിൽ ജാഥയെത്തി.
● സ്ത്രീവിദ്യാഭ്യാസത്തിനായി വീടുവീടാന്തരം ചെന്ന് രക്ഷിതാക്കളോട് കെഞ്ചിയ വ്യക്തിത്വമായിരുന്നു ഉബൈദ്.
● ജാഥയുടെ സമാപനം ഇശൽ ഗ്രാമം എന്നറിയപ്പെടുന്ന മൊഗ്രാലിൽ വെച്ച് നടന്നു.

എ എസ് മുഹമ്മദ്‌കുഞ്ഞി 

(KasargodVartha) 1908 ഒക്ടോ. 7 ഒരു ബുധനാഴ്‌ച്ചയാണ് ടി ഉബൈദെന്ന പിൽക്കാലത്ത് അറിയപ്പെട്ട അബ്ദുൽറഹ്‌മാന്റെ ജനനമെന്ന് അനുമാനിയ്ക്കപ്പെടുന്നു. ഈ ഒക്ടോ, 7-ന്  (ചൊവ്വ) ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്  117 വയസ്സ്. പക്ഷെ 64-ആം വയസ്സിൽ 1972 ഒക്‌ടോബർ 3-ന് ടി ഉബൈദ് വിട വാങ്ങി. മാപ്പിളപ്പാട്ട്, മലയാള സാഹിത്യത്തിന്റെ മഹത്വം അന്നത്തെ മലയാള സാഹിത്യ മേലാളന്മാർക്ക്, (1947 മെയ് 17,18, സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനം, സാമൂതിരി ഹൈസ്കൂൾ, കോഴിക്കോട്) ബോധ്യപ്പെടുത്തിക്കൊണ്ട്, അത് മുഖ്യധാരാ മലയാള സാഹിത്യത്തിന്റെ ഒരവിഭാജ്യ ഘടകമാണെന്ന് സ്ഥാപിച്ചെടുത്ത മഹാകവി ടി ഉബൈദിന്റെ 53-ആം സ്മൃതിദിനം, അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ സ്ഥാപിതമായ കാസർകോട് സാഹിത്യവേദി ഇപ്രാവശ്യം വളരെ വ്യത്യസ്തമായാണ് ആചരിച്ചത്. രണ്ടു ദിനങ്ങളിലായി കാസർകോടിന്റെ പ്രാന്ത പ്രാദേശങ്ങളിലൂടെ ഉബൈദ് സാഹബിന്റെ കാൽ പാദങ്ങൾ  പിന്തുടർന്ന് കൊണ്ടുള്ള ഒരു കലാ ജാഥ. അക്ഷര വെളിച്ചം സർഗ്ഗ സഞ്ചാരം. ഒക്ടോ 3. വെള്ളി 4 മണിക്ക്, അദ്ദേഹം വിട  വാങ്ങിയ  തളങ്കര മുസ്ലിം ഹയർ സെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ വെച്ചാണ് ആരംഭിച്ചത്. 53 വർഷങ്ങൾക്ക് മുമ്പ് അവിടെ അദ്ദേഹം അറബി അധ്യാപകരുടെ ഒരു ഇൻസർവീസ് കോഴ്സ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കവെയാണ് അന്ത്യം സംഭവിച്ചത്. അതൊരു ചൊവ്വാഴ്ച്ച   രാവിലെ 10 നും 11 നും ഇടയിലുള്ള സമയം.  അര നൂറ്റാണ്ടിനു ശേഷം  മറ്റൊരു ഒക്ടോ. 3 ന്  (വെള്ളി) അദി സ്കൂൾ അങ്കണത്തിൽ നിന്ന് സാഹിത്യവേദി, സർഗ്ഗസഞ്ചാരം കലാ ജാഥക്ക് തുടക്കം കുറിക്കുമ്പോൾ അതൊരു ചരിത്ര ദൗത്യത്തിന്റെ പൂരകമായി. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ആണ് ഉദ്‌ഘാടനം നിർവഹിച്ചത്. അക്ഷരങ്ങൾ ഉബൈദിന് ഒരു പടവാൾ ആയിരുന്നെന്നും വി ടി ഭട്ടതിരിപ്പാടിനെ പോലെ അദ്ദേഹം സാമൂഹിക തിന്മകൾക്കെതിരെ പോരാടുകയായിരുന്നെന്നും അദ്ദേഹം പറയുകയുണ്ടായി. ഉബൈദ്  സാഹിബിന്റെ നാട്ടുകാരനും സമകാലികനും ആയിരുന്ന കവി പി സീദിക്കുഞ്ഞിയുടെ മകനും കവിയുമായ  പി എസ് ഹമീദ് ആണ് അധ്യക്ഷത വഹിച്ചത്. 

ആ തിരുമുറ്റത്ത് വെച്ചു സ്‌കൂൾ പിടിഎ. അധ്യക്ഷൻ നൗഫൽ തായൽ ഫ്‌ളാഗ് ഓഫ് ചെയ്ത കലാജാഥയുടെ അന്നത്തെ സമാപനം  കാസർകോട് നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്ത്, കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കൃതനായ പ്രശസ്ത വിവർത്തകൻ കെ വി കുമാരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഉബൈദ് മുമ്പേ നടന്ന്കൊണ്ട്   പിന്നാലെ വരുന്നവർക്ക് വഴി കാട്ടുകയായിരുന്നെന്നും  പല മേഖലകളിലും അദ്ദേഹത്തിന് ഇവിടെ പിൻഗാമികളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.  ഒക്ടോ. 4 (ശനി)  കാസർകോട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, അങ്കണത്തിൽ കലാജാഥ നഗരസഭാ ചെയര്മാൻ  അബ്ബാസ് ബീഗം ഉദ്‌ഘാടനം ചെയ്തു.  തുടർന്ന് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരവനടുക്കം, വിദ്യാനഗർ കളക്ട്രേറ്റ് കോമ്പൗണ്ട്, എരിയാൽ ചൗക്കി സന്ദേശം ലൈബ്രറി പരിസരം തുടങ്ങിയ കേന്ദ്രങ്ങളിലെ ഗംഭീര സ്വീകരണങ്ങൾക്ക് ശേഷം ഞങ്ങളെത്തിയത് കുമ്പള ആരിക്കാടി ഫിഷറീസ്  എൽ പി സ്കൂളിലാണ്. ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ്  ഉബൈദ് സാഹബ് ആദ്യമായി അദ്ധ്യാപകന്റെ കുപ്പായമണിഞ്ഞ വിദ്യാലയത്തിൽ. പഴക്കം ചെന്ന ഒരു കെട്ടിടം  പഴയപടി ഓട് മേഞ്ഞ നിലയിൽ, പഴയ പ്രതാപം എന്ന് പറയാനാവില്ല, പഴക്കത്തിന്റെ എളിമയുമായി നില കൊള്ളുന്നു.

mahakavi t ubaid sarga sancharam kasaragod sahitya vedi

ഉബൈദ് സാഹബിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചെത്തിയ  ഒരു വിദ്യാലയം, ആരിക്കാടി ഫിഷറീസ്. ചരിത്രത്തിന്റെ പല ഏടുകളിലും അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അറിവ്‌ ആർജ്ജിച്ചു കൊണ്ട് മുന്നേറുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ അക്ഷീണം  യത്നിച്ച വ്യക്തിത്വത്തിനുടമയാണ് ടി ഉബൈദ്. അദ്ദേഹത്തിന്റെ, സാമൂഹ്യ പരിഷ്‌കർത്താവ് എന്ന ലാബെലിനു കീഴിൽ പ്രധാനമായും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് വിദ്യാഭ്യാസം, പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു എന്നതാണ്. പാട്ട പിരിവ് നടത്തിയും, വീട് വീടാന്തരം ചെന്ന് പിടിയരി വാങ്ങിയും കൊണ്ട് ഒരു വിദ്യാലയം സ്ഥാപിക്കുക എന്നതിനപ്പുറം വലിയ ഒരു വിപ്ലവം ഏതാണ്? ചവിട്ടിന് ചവിട്ടിന് വിദ്യാലയങ്ങളുള്ള ഇന്ന് അതിന്റെ വിഷമതകളൊന്നും ഈ തലമുറക്ക് മനസ്സിലായി എന്ന് വരില്ല. അതിന് സാക്ഷ്യം വഹിച്ചു കൊണ്ട് കാസർകോട് സാഹിത്യവേദി കലാ ജാഥ യുടെ തുടക്കം കുറിച്ച തളങ്കര മുസ്ലിം ഹൈസ്കൂൾ ഇന്ന് പടർന്നു പന്തലിച്ചു നിൽക്കുന്നു എന്ന് പറയാം. പെൺകുട്ടികൾ മദ്രസകളിൽ പോലും ചെന്ന് പഠിക്കാൻ മുസ്ലിം സമൂഹം അനുവദിക്കാത്ത ഒരു ഇരുണ്ട കാലത്ത്,  അവർ  ഭൗതീക  വിദ്യാഭ്യാസം ആർജ്ജിക്കണം.. എങ്ങനെയായിരിക്കും അന്നത്തെ സമുദായം അത് സ്വീകരിച്ചിരിക്കുക? സ്‌കൂൾ ഇല്ലാത്ത ഇടങ്ങളിൽ സ്കൂൾ പണിയുന്നതിനെ പോലും നിരുത്സാഹപ്പെടുത്തിയിരിക്കില്ലേ.?  ഉബൈദ് സാഹബ്, സ്വന്തം മകളെ സ്കൂളിൽ ചേർത്തു കൊണ്ട് ആ മഹാവിപ്ലവത്തെ ഒന്ന് കൂടി ആളിക്കത്തിച്ചു എന്ന് പറയുന്നതാവും ശരി. 

ആരിക്കാടി ഫിഷറീസ് എൽ. പി. ശാലയിൽ പിള്ളാർക്ക് അക്ഷരം ചൊല്ലി കൊടുക്കാൻ, മലയാളം, ഇംഗ്ലീഷ് അടക്കം അറിയുന്ന ഒരു മാഷ് എത്തിയിട്ടുണ്ടെന്ന് കേട്ട് പരിസരവാസികൾ അവരുടെ കുട്ടികളെയും കൊണ്ട് ഓടി സ്കൂളിലെത്തി എന്ന് കരുതുന്ന ആരെങ്കിലും വായനക്കാരുടെ ഇടയിൽ ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. അവിടെയും ആ അധ്യാപകന് വീടു വീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കളോട് കെഞ്ചേണ്ടി വന്നു.  ഒരു നൂറു വർഷങ്ങൾക്ക് ശേഷം ആ  തിരുമുറ്റത്ത് എത്തിയ സാഹിത്യവേദി കലാ ജാഥയുടെ അംഗങ്ങൾ ശരിക്കും ഇതൊക്കെ അവിടുന്ന് വായിച്ചെടുത്തു. ഈ എന്നെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികമായിരുന്നു ആ സന്ദർഭം. ഉബൈദ്  സാഹബിന്റെ സാന്നിധ്യം. അവിടെയെവിടെയോ അദ്ദേഹം ഉണ്ടെന്ന തോന്നൽ. ടി കെ അൻവറും യുസഫ് കട്ടത്തടുക്കയും ഉബൈദിന്റെ കവിതകളും ഗാനങ്ങളും, അതിമനോഹരമായി ആലപിക്കുന്നത് കേട്ട് ഉബൈദിന്റെ ആത്മാവിനെങ്ങനെ ആ വിദ്യാലയ മുറ്റത്ത് എത്താതിരിക്കാനാവും.? കലാ ജാഥ യുടെ സമാപനം ഇശൽ ഗ്രാമം എന്ന് വിളിക്കപ്പെടുന്ന മൊഗ്രാലിൽ അല്ലാതെ മറ്റെവിടെയാണ് അരങ്ങേറുക.!

റഹ്‌മാൻ തായലങ്ങാടി ഉദ്‌ഘാടനം ചെയ്ത സമാപന സമ്മേളനത്തിന്  മൊഗ്രാലിലേതടക്കം  ഒരു മഹാ ജനസഞ്ചയം സാക്ഷിയായി   ഉബൈദിന്റെ കവിത കളുടെ ആലാപനങ്ങളും  മാപ്പിളപ്പാട്ടുകളും അവർ ശരിക്കും ആസ്വദിച്ചു. ഇസ്മായിൽ തളങ്കരയടക്കമുള്ള ഗായകർ പാടിയും പറഞ്ഞും ശരിക്കും കൊഴുപ്പിക്കുകയായിരുന്നു വേദിയേയും സദസ്സിനെയും   തബല കൊട്ടിയ  ഹാർമോണിയം വായിച്ച 

അക്ഷരവെളിച്ചം സർഗ്ഗസഞ്ചാരത്തെ, സാഹിത്യവേദി സംഘാടകർ പ്രതീക്ഷിച്ചതിലും മനോഹരമാക്കി തന്ന സഹൃദയർക്കും, കലാകാരന്മാർക്കും സാഹിത്യ കുതുകികൾക്കും സർവോപരി എല്ലാവർക്കും, ഞങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്താൻ ഭാഷ പരിമിതമായിപ്പോകുന്നുവോ എന്ന സംശയം..ഇതിൽ  ഒരുപാട് വിയർപ്പൊഴുക്കിയവരുണ്ട്. ധനസഹായം നൽകി സഹകരിച്ചവരുണ്ട്. നല്ല ഭക്ഷണം നൽകി അവരുടെ വിശാല മനസ്കത പ്രകടിപ്പിച്ചവരുണ്ട്. എല്ലാവർക്കും നന്ദി.. ഇതിന് ധനം കണ്ടെത്താനായി പുറപ്പെടുമ്പോൾ  പി.വി കൃഷ്ണൻ മാഷുടെ മകൾ രേഖ  പറഞ്ഞത് ഓർക്കുന്നു. രണ്ടായിരം രൂപ ഞാൻ തരാം എന്ന്.. ആ കൈനീട്ടം ഐശ്വര്യപൂർണ്ണമായിരുന്നു എന്നിപ്പോൾ തോന്നുന്നു

മഹാകവി ടി ഉബൈദിന്റെ ഓർമ്മകൾക്ക് തിളക്കമേകിയ ഈ 'സർഗ്ഗ സഞ്ചാര'ത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Kasaragod Sahitya Vedi held a two-day 'Sarga Sancharam' cultural procession in memory of Mahakavi T. Ubaid.

#TUbaid #SargaSancharam #Kasaragod #MalayalamLiterature #MappilaPattu #LiteraryEvent

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia