കാസർകോടിൻ്റെ കാരുണ്യത്തിന് എം എ യൂസുഫലിയുടെ പിന്തുണ; 'സ്നേഹക്കൂട്' പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് ജില്ല
● പദ്ധതിക്ക് ആവശ്യമായ സഹായങ്ങൾ നൽകി താനും ഒപ്പമുണ്ടാകുമെന്ന് യൂസുഫലി ഉറപ്പുനൽകി.
● യൂസുഫലി തൻ്റെ സുഹൃത്ത് ഖാദർ തെരുവത്തുമായുള്ള 45 വർഷത്തെ ആത്മബന്ധം ഓർത്തെടുത്തു.
● ഹല കാസ്രോട് മഹോത്സവത്തിൽ ദഫ്, കോൽക്കളി, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറി.
● ഖാദർ തെരുവത്ത്, ശംസുദ്ധീൻ ബിൻ മുഹ്യദ്ധീൻ, യഹ്യ തളങ്കര എന്നിവർക്ക് സ്നേഹാദരം സമർപ്പിച്ചു.
● കെഎംസിസി കാസറഗോഡ് ജില്ലാ ടീമിൻ്റെ പ്രവർത്തനത്തെ യൂസുഫലി അഭിനന്ദിച്ചു.
വൈ ഹനീഫ കുമ്പഡാജെ
(KasargodVartha) നിരാലംബരായവർക്ക് ആശ്രയമൊരുക്കുന്ന കാസർകോടിൻ്റെ സ്വപ്ന പദ്ധതിയായ 'സ്‌നേഹക്കൂടിന്' പ്രമുഖ പ്രവാസി വ്യവസായിപത്മശ്രീഎം.എ. യൂസുഫലി നൽകിയ പിന്തുണ ജില്ലയുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. ഒക്ടോബർ 26-ന് ദുബൈയിൽ നടന്ന 'ഹല കാസ്രോട്' മഹോത്സവ വേദിയിൽ വെച്ചായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം.
സ്നേഹക്കൂട്: കാസറഗോഡിൻ്റെ സ്വപ്നം
തങ്ങൾക്ക് ആരുമില്ലെന്ന് കരുതുന്ന, കല്ലും കുഴികളും നിറഞ്ഞ ജീവിത വഴികളിൽ തളർന്നിരിക്കുന്ന അനേകം പാവപ്പെട്ടവർക്ക് ഒരു ചെറു കരുതലിൻ്റെ സ്പർശമായി ഒരുങ്ങുന്ന ഭവന സമുച്ചയമാണ് 'സ്‌നേഹക്കൂട്'. ഈ കാരുണ്യ സംരംഭത്തിന് പിന്തുണ നൽകാൻ ഹല കാസ്രോഡിൻ്റെ ചെയർമാനും കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റുമായ് സലാം കന്യപ്പാടി അഭ്യർഥിച്ചപ്പോൾ അത് സഫലമാക്കുന്നതിന് തന്റെ നിറഞ്ഞ പിന്തുണ ഉണ്ടാവുമെന്ന് യൂസുഫലി ഉറപ്പു നൽകുകയായിരുന്നു. 'സ്നേഹക്കൂട്' പദ്ധതിക്ക് ആവശ്യമായ സഹായങ്ങൾ നൽകി താനും ഒപ്പമുണ്ടാകുമെന്ന യൂസുഫലിയുടെ വാക്ക്, കാസറഗോഡ് ജനതയ്ക്ക് ലഭിച്ച വലിയൊരു പ്രതീക്ഷയും ആശ്വാസവും വാഗ്ദാനവുമാണ്.
ഹൃദയബന്ധങ്ങളുടെ ഓർമ്മകളും പുതിയ പ്രതീക്ഷകളും
ആയിരങ്ങളെ സാക്ഷിനിർത്തി സംസാരിക്കവേ, എം എ യൂസുഫലി തൻ്റെ ഉറ്റ സുഹൃത്തും മനുഷ്യസ്നേഹിയുമായ ഖാദർ തെരുവത്തുമായുള്ള 45 വർഷത്തെ ആത്മബന്ധത്തെക്കുറിച്ച് ഓർത്തെടുത്തു. വെല്ലുവിളികളെ അതിജീവിച്ച് ലോക ഭൂപടത്തിൽ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഈ രണ്ടു മഹൽ വ്യക്തിത്വങ്ങൾ, തങ്ങളുടെ സൗഹൃദത്തിൻ്റെ അഗാധ സ്മരണകൾ അയവിറക്കിയ വേദി കൂടിയായി ഹല കാസ്രോട് മാറി.

പ്രവാസ ലോകത്തിൽ കോടികളുടെ വ്യവസായ സാമ്രാജ്യത്തിന് ഉടമയായി വളർന്നിട്ടും, 'സ്‌നേഹം കൊടുത്ത് സ്‌നേഹം തിരിച്ചുവാങ്ങലാണ് തൻ്റെ ശൈലി' എന്ന് ഖാദർ തെരുവത്ത് വ്യക്തമാക്കിയത്, കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഹല കാസ്രോട് കൂട്ടായ്മയുടെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതായിരുന്നു. ലോകത്തിലെ ഭരണാധികാരികളുടെ സൗഹൃദവലയത്തിൽ ഉൾപ്പെട്ട ഖാദർ തെരുവത്തിനെ ഓർത്തെടുത്ത യൂസുഫലി, പി.കെ. കുഞ്ഞാലിക്കുട്ടിയെ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നിൽ വെച്ച് പരിചയപ്പെടുത്തിയ കാര്യവും പങ്കുവെച്ചു.
മഹോത്സവത്തിൻ്റെ സമാപനം
കാരുണ്യ പ്രവർത്തനം കൊണ്ട് കാസറഗോഡിയൻ മനസ്സിൽ കൂടൊരുക്കിയ യഹ്യ തളങ്കര ചീഫ് പാട്രൺ ആയിട്ടാണ് പ്രവാസ ലോകത്തിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ ദുബൈയിൽ അരങ്ങേറിയത്. ഒക്ടോബർ 26-ൻ്റെ സായാഹ്നം ദഫും കോൽക്കളിയും മോഹിനിയാട്ടവും പോലുള്ള മലയാളി കലാരൂപങ്ങളാൽ സമ്പന്നമായിരുന്നു.
ഖാദർ തെരുവത്ത്, ശംസുദ്ധീൻ ബിൻ മുഹ്യദ്ധീൻ, യഹ്യ തളങ്കര എന്നിവർക്ക് സ്നേഹാദരം സമർപ്പിച്ചാണ് ഹല കാസ്രോട് സമാപിച്ചത്. ഈ അവിസ്മരണീയ മഹോത്സവത്തിൻ്റെ വിജയത്തിന് പിന്നിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ദുബൈ കെ.എം.സി.സി. കാസറഗോഡ് ജില്ലാ ടീമിനെയും ഓരോ പ്രവാസിയെയും ഹൃദയം തൊട്ടഭിനന്ദിക്കുന്നു. യൂസുഫലിയുടെ പ്രഖ്യാപനത്തോടെ, കാസറഗോഡിലെ സ്നേഹക്കൂട്ടിലെ താമസക്കാർക്ക് മികച്ച ജീവിതം ലഭിക്കുമെന്ന വലിയ പ്രതീക്ഷയാണ് ഇനി പ്രവാസികൾക്ക് മുന്നിലുള്ളത്.
നിരവധി ജനപ്രതിന്ധികളും വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നുമെത്തിയ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും അണിനിരന്ന ഹല കാസ്രോട് യാഥാർത്ഥത്തിൽ അത്ഭുതം തീർത്തൊരു മഹാ മേളയായി മാറുകയായിരുന്നു
വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. 'സ്നേഹക്കൂട്' പദ്ധതിക്ക് ആശംസകൾ നേർന്ന് കമൻ്റ് ചെയ്യുക.
Article Summary: MA Yusuff Ali pledged support for Kasaragod's 'Snehakkood' housing project at the 'Hala Kasarode' festival in Dubai.
#MAyusuffali #Snehakkood #Kasaragod #HalaKasarode #Charity #KMCC






