Memories | എം എസ് ബാബുരാജ്: മലയാളത്തിന്റെ സംഗീത മാന്ത്രികൻ
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ മറയില്ലാത്ത ശബ്ദമായി മുഴങ്ങി നിന്ന സംഗീത സംവിധായകനാണ്
മൂസ ബാസിത്ത്
(KasargodVartha) വർഷങ്ങൾക്ക് മുൻപാണ്. ബസ് കണ്ടക്ടർ സിനിമയിൽ മമ്മൂട്ടിയുടെ കഥാപത്രം ഹാർമോണിയ പെട്ടിയുമായി പാടുന്നു, 'പ്രാണ സഖി ഞാൻ വെറുമൊരു പാട്ടുകാരൻ'. കേൾക്കാൻ ഇമ്പമുള്ള, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആ ഗാനത്തിന്റെ ആദ്യ വരികളോട് അന്ന് വല്ലാത്തൊരു ഇഷ്ടം തോന്നി. സെർച്ച് ചെയ്യാൻ ഗൂഗിളോ, വീണ്ടും കേൾക്കാൻ യൂട്യൂബോ സജീവമല്ലാത്ത കാലം. വെള്ളിനക്ഷത്രം വാരികയിലെ ഫാൻ മെയിൽ പേജായിരുന്നു അന്ന് എനിക്ക് ഉത്തരം നൽകിയിരുന്ന ഗൂഗിൾ. അമ്പത് പൈസയുടെ മഞ്ഞ കാർഡിൽ തിരുവനന്തപുരത്തേ വാരികയുടെ ഓഫിസിലേക്ക് കത്തയക്കും. പ്രാണ സഖി ചോദ്യത്തിന് അന്ന് എനിക്ക് ലഭിച്ച ഉത്തരമാണ് എം എസ് ബാബുരാജ്.
കേട്ട് ആസ്വദിച്ച അനേകം പാട്ടുകളുടെ പിന്നിലെയും മാന്ത്രികൻ എം എസ് തന്നെയാണെന്ന് ബാബുരാജിനെ കുറിച്ച് പഠിച്ചപ്പോഴാണ് അറിയുന്നത്. പി ഭാസ്കരൻ വരികളെഴുതി ഇന്നും മലയാളികൾ മൂളുന്ന ഒരു കൊട്ട പൊന്നുണ്ടല്ലോ, ഏകാന്തതയുടെ അപാരതീരം, ഒരു പുഷ്പം മാത്രമെൻ, താമസമെന്തെ വരുവാൻ, തുടങ്ങിയ അനവധി ബാബുരാജ് ഹിറ്റ്സ് മലയാളികൾക്ക് മറക്കാൻ പറ്റുമോ..?
മലയാളികൾ ഇന്നും ഏറ്റു പാടുന്ന അനേകം മാപ്പിളപ്പാട്ടുകളുടെ പിന്നിലും ബാബുരാജ് സ്പർശമുണ്ട്. മമ്പുറം പൂ മഖാമിലെ, ഇലാഹായ പുരാനോട് ഇരവും പകലും തേടി, പകലൽ നിശാനി ആലം, ബിസ്മിയും ഹംദും സ്വലാത്തും തുടങ്ങി ബാബുരാജ് ഈണമിട്ട എത്രയെത്ര ഗാനങ്ങൾ.
ഈയിടെ യുവാക്കളാൽ സമ്പന്നമായ വലിയൊരു സംഗീത സദസിൽ യുവ ഗായകർ പുതിയ പാട്ടുകൾക്കൊപ്പം ബാബുരാജിന്റെ പാട്ടും പാടി സദസിനെ കയ്യിലെടുത്തു, 'കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നു വിളിച്ച് വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ'. ജനറേഷൻ വിത്യാസമില്ലാതെ തന്റെ കലാ സൃഷ്ടി ആസ്വദിക്കുക, ചേർത്ത് പിടിക്കുക എന്നത് ആ മഹാനായ കലാകരൻ ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരമാണ്.
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ മറയില്ലാത്ത ശബ്ദമായി മുഴങ്ങി നിന്ന സംഗീത സംവിധായകനാണ് എം എസ് ബാബുരാജ്. ഹൃദയങ്ങളെ സ്പർശിക്കുന്ന ഈണങ്ങളിലൂടെയും വൈവിധ്യമാർന്ന സംഗീത ശൈലികളിലൂടെയും അദ്ദേഹം മലയാള സിനിമാ സംഗീതത്തെ സമ്പന്നമാക്കി. ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം കാണിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അടിത്തറയിൽ നിന്നും ഉരുവെടുത്ത അദ്ദേഹത്തിന്റെ ഈണങ്ങൾക്ക് പ്രത്യേക ഭംഗിയുണ്ടായിരുന്നു.
ബാബുരാജിന്റെ സംഗീതത്തിന്റെ മാന്ത്രികത അതിന്റെ വൈവിധ്യത്തിലാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനം കാണുന്ന ഗാനങ്ങളും മലയാളത്തിന്റെ മണമുള്ള മാപ്പിളപ്പാട്ടുകളും അദ്ദേഹം ഒരുപോലെ മികവോടെ സംവിധാനം ചെയ്തു. തലമുറകളെ കടന്ന്, ഹൃദയങ്ങളെ സ്പർശിക്കുന്ന സംഗീതം സൃഷ്ടിച്ച എം എസ്. ബാബുരാജ് എന്ന സംഗീതജ്ഞൻ മലയാള സംഗീതത്തിന്റെ അമൂല്യ നിധി തന്നെയാണ്.