എൽപി സ്കൂൾ ഓർമ്മകൾ: മഴയുടെയും കളികളുടെയും അറിവിന്റെയും മധുരം നിറഞ്ഞ ബാല്യകാല സ്മരണകളിലൂടെ ഒരു മടക്കയാത്ര

-
1984-ലെ പട്ല സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ഓർമ്മകൾ.
-
വാതിലില്ലാത്ത ക്ലാസ് റൂമിലെ മഴക്കാല അനുഭവങ്ങൾ.
-
മഴയത്ത് കളിച്ച കളികളും നനഞ്ഞ കുടകളും പുസ്തകങ്ങളും.
-
സ്ലേറ്റും ഗഡ്ഡിയും കാക്കപ്പായവും കമ്യൂണിസ്റ്റ് പച്ചയിലയും.
-
കളിക്കാനുള്ള ബെല്ലിന് കാതോർത്തിരുന്ന കുട്ടിക്കാലം.
സലീം പട്ല
(KasargodVartha) ജൂൺ മാസമെത്തിക്കഴിഞ്ഞു. ആകാശം കറുത്തിരുണ്ടു, മഴ അതിന്റെ ശക്തി വർദ്ധിപ്പിച്ചു. വിദ്യാലയങ്ങൾ വീണ്ടും തുറന്നു. അക്ഷരം പഠിക്കാനും അറിവ് നേടാനുമായി കുരുന്നുകൾ നമ്മുടെ സ്കൂളുകളിലേക്കെത്തിക്കൊണ്ടിരിക്കുന്നു. പുതുതായി വിദ്യാലയത്തിലെത്തിയ എല്ലാ കുഞ്ഞുമക്കൾക്കും ഹൃദ്യമായ സ്വാഗതം.
വളരെ വർഷങ്ങൾക്കുമുമ്പ്, കൃത്യമായി പറഞ്ഞാൽ നാല്പത് വർഷങ്ങൾക്കപ്പുറം, ഇതുപോലെ ഒരു ജൂൺ മാസത്തിലെ, പേമാരി പെയ്യുന്ന പെരുമഴക്കാലത്തെ എൽ.പി. സ്കൂളനുഭവങ്ങളിലൂടെ, ഓർമ്മകൾ വിരിയുന്ന അക്ഷരമുറ്റത്തെ ഗൃഹാതുര സ്മരണകളിലൂടെ ഒരു യാത്രയാണിത്.
1984-ലെ പട്ല സ്കൂളും ഒന്നാം ക്ലാസ്സും
1984-ലെ പട്ല സ്കൂൾ... നടുവിലായി ഇംഗ്ലീഷിലെ 'സി' അക്ഷരം പോലുള്ള ആ പഴയ കെട്ടിടം! ഓർമ്മകൾ പെയ്യുന്ന ഒന്നാം ക്ലാസ്സും അവിടുത്തെ കൂട്ടുകാരും മനസ്സിലേക്ക് ഓടിയെത്തുന്നു.
വാതിലുകളില്ലാത്ത, ജാലകത്തിലൂടെ ആഞ്ഞടിച്ച് വരുന്ന തണുത്ത കാറ്റ്, ഒപ്പം ക്ലാസ് റൂമിനെ നനച്ചും തണുപ്പിച്ചും പെയ്യുന്ന ഇടവപ്പാതിയിലെ ഇടമുറിയാത്ത പെരുമഴ! സ്കൂളിന്റെ മേൽക്കൂരയിൽ നിന്ന് ക്ലാസിലേക്ക് ഇറ്റിറ്റു വീഴുന്ന മഴത്തുള്ളിക്കിലുക്കത്തിന്റെ സംഗീതം ഇന്നും കാതുകളിലുണ്ട്.
തോരാമഴയത്ത് സ്കൂൾ തിണ്ണയിൽ നിന്ന് ഓടുകളിലൂടെ താഴേക്ക് പെയ്തിറങ്ങുന്ന മഴനീർത്തുള്ളികളിലേക്ക് കുഞ്ഞുകൈകൾ നീട്ടിയും, മുറ്റത്തുള്ള വെള്ളത്തിലേക്ക് കടലാസ് തോണികളെറിഞ്ഞ് കാണാമറയത്ത് എത്തുന്നത് വരെ നോക്കി നിന്നും, മഴയിലേക്ക് തള്ളിയിട്ടും, മഴ നനഞ്ഞ് ഓടിക്കയറിയും, മഴ ആസ്വദിക്കുന്ന കുഞ്ഞുകൂട്ടുകാർ... അതെല്ലാം മനസ്സിൽ തെളിഞ്ഞുവരുന്നു.
സ്ഫടികത്തിനുള്ളിൽ വർണ്ണ പൂക്കളുള്ള പിടിയുള്ള, നനഞ്ഞ കുഞ്ഞു കുടകൾ ഉണങ്ങാനായി ക്ലാസ്സിൽ നിരയായി നിവർത്തിയിട്ട കാഴ്ചയും മറക്കാനാവില്ല. പാതി നനഞ്ഞ ഉടുപ്പുകളും പുസ്തകങ്ങളുമായി മതപാഠശാലയിൽ നിന്ന് കയറ്റം കയറി സ്കൂളിലേക്കുള്ള നടത്തം... ആ ഒരു അനുഭവം തന്നെയായിരുന്നു.
മൺസൂൺ കാലത്ത് നാലുമണി നേരത്ത് നീലാകാശത്ത് കാർമേഘങ്ങൾ ഇരുൾ പരത്തി, അങ്ങകലെ പടിഞ്ഞാറുനിന്ന് പെരുമഴയുടെ ആരവം കേൾക്കുമ്പോൾ, കുടകൾ നിവർത്തി വിദ്യാലയത്തിലെ മണിയടിക്കാൻ വേണ്ടിയുള്ള ആ കാത്തിരിപ്പ്... മണിയടി കേട്ടാൽ മഴയെത്തും മുമ്പേ വീട്ടിലെത്താൻ, ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തകർക്കുന്ന ആ ഓട്ടം!
🚀 ഗൃഹാതുരത്വം നിറഞ്ഞ എത്രയെത്ര മഴയോർമ്മകൾ!
പഠനവും കളികളും ആ പഴയ കാലവും
സ്ലേറ്റിലെഴുതാൻ ഗഡ്ഡി, സ്ലേറ്റ് മായ്ക്കാൻ കൈയ്യാങ്കണ്ണിയും മഷിത്തണ്ടും, സ്ലേറ്റ് കറുപ്പിക്കാൻ കാക്കപ്പായത്തിന്റെ നീലക്കല്ല്, വീണ് ചോര വന്നാൽ പ്രഥമശുശ്രൂഷയായ കമ്യൂണിസ്റ്റ് പച്ചയുടെ ഇല... പ്രകൃതിയോട് ഇണങ്ങിച്ചേർന്ന, മനസ്സിലും ശരീരത്തിലും കൃത്രിമത്വങ്ങളില്ലാത്ത ആ കാലം!
മാഷ് ക്ലാസെടുക്കുമ്പോൾ ശ്രദ്ധിക്കാതെ, കളിക്കാനുള്ള ബെല്ലടിക്കാൻ (ഇന്റർവെൽ) കാതുകൂർപ്പിച്ചിരുന്ന, കുഞ്ഞുമനസ്സുകൾ... കളിക്കാനുള്ള മണിയടിച്ചാൽ കുഞ്ചിയിൽ കൈയ്യിട്ട് കോത്ത് പിടിച്ച് വെള്ളം കുടിക്കാൻ വഴിയരികിലുള്ള പൈപ്പിനടുത്തേക്കുള്ള നടത്തം! പിന്നെ വയറു നിറച്ചും വെള്ളം കുടി! അങ്ങനെ ദാഹം മാറി, വയറും മനസ്സും നിറഞ്ഞ് സ്കൂളിലേക്ക് തിരിച്ച് നടത്തം.
എക്കി ചെല്ലുന്ന കബഡി, കള്ളനും പോലീസും, അപ്പച്ചെണ്ട്, കുട്ടിയും ദാണെ ഗോരി, ഗോട്ടി... അങ്ങനെ എത്രയെത്ര കളികൾ! നോട്ടം ഗോട്ടിയുമായി സ്കൂളിലെത്തുന്ന ഗോട്ടികളിക്കാർ!
മാങ്ങയുടെ ഉണങ്ങിയ കുരു എറിഞ്ഞുകൊണ്ടുള്ള അണ്ടർ ഓവർ, ജലസ ഓലീസ, പിന്നെ കുണ്ടക്കാലും, കൊത്തം കല്ലും, മഞ്ചാടികൊണ്ടും വർണ്ണക്കുപ്പിവളപ്പൊട്ടുകൊണ്ടുമുള്ള ചൊട്ടിക്കളി, ബയ്യത്തിക്കളി... അങ്ങനെ നൂറു കൂട്ടം കളികളുമായി പെൺകുട്ടികളും!
സ്റ്റിക്കർ ഒട്ടിച്ചും പെയിന്റടിച്ചും കൊണ്ടുവരുന്ന പഴയ നട്ട്‌രാജിന്റെ പെൻസിൽ ബോക്സ്! ബോക്സ് കൊണ്ട് ക്ലാസ്സിൽ ബസ്സാക്കി കൊണ്ടുള്ള കളി. സ്ലേറ്റിൽ ഒന്നുമുതൽ 12 വരെ എഴുതി ഒന്നിന് എത്ത്റേൽക്ക് കളി. ബുക്കിന്റെ ഉള്ളിലെ കുഞ്ഞി ബെക്ക്ന്നെ ചപ്പലെ!
ഒരു ബെഞ്ചിലുള്ളവർ രണ്ട് ചേരിയായി പരസ്പരം ബലം പ്രയോഗിച്ച് തള്ളി മറ്റവന്റെ സ്ഥലം പിടിച്ചടക്കുന്ന അതിർത്തി യുദ്ധം! ഡസ്റ്റർ കൊണ്ടുള്ള ഏറ്! എ ടീമും ബി ടീമും തമ്മിലുള്ള തല്ല്... പിണക്കവും പെട്ടെന്നുള്ള ഇണങ്ങിച്ചേരലും... ചൂരൽവടി കൊണ്ടുള്ള മാഷിന്റെ അടി കിട്ടിയാൽ അതിന്റെ ചൂടും!
പുതിയ പുസ്തകങ്ങളും മലയാള പാഠങ്ങളും
പുതിയ കെട്ടിടത്തിലെ അങ്ങേയറ്റത്തുള്ള കൃത്രിമ അസ്ഥികൂടം വെച്ച ക്ലാസ് റൂമിൽ നിന്ന് വാങ്ങുന്ന പുതിയ പാഠപുസ്തകങ്ങൾ! പുതിയ പുസ്തകത്തിന്റെ ആ നല്ല പുതുമണം! പഴയ പേപ്പറോ കലണ്ടറോ കൊണ്ട് ബുക്കുകൾക്ക് പുറംചട്ടയിട്ട്, ചോറ് കൊണ്ട് ഒട്ടിച്ച അഞ്ചുപൈസയുടെ മനോഹരമായ നെയിം സ്ലിപ്പുകൾ!
തറ, പന, പറ, ആദാമിന്റെ മകൻ അബു, ഖലീഫ ഉമർ, ആദ്യത്തെ ഖലീഫ, കുട്ടനും മുട്ടനും, കോഴിയമ്മയും എലികുഞ്ഞുങ്ങളും, കുരങ്ങനും മുതലയും,... വിഡ്ഢിവേഷം കെട്ടിയ രാജാവ്,.. മുറ്റത്തൊരു മൈന സുരേഷൻ തിരിഞ്ഞു നോക്കി, പണത്തിന് പകരം വടി, കൊക്കും ഞണ്ടും, പഞ്ചാരക്കുഞ്ചു, മൂളുന്ന വണ്ട് മുരളുന്ന വണ്ട്, വാനിൽ പറക്കുന്ന ചെമ്പരുന്ത്, മേരിക്കുണ്ടൊരു കുഞ്ഞാട്... പ്രാവേ പ്രാവേ പോകരുതേ.. അങ്ങനെ കഥകളും പാട്ടുകളുമുള്ള മലയാള പാഠാവലികൾ...
ബുക്കിലെ കഥാപാത്രങ്ങൾക്ക് നമ്മൾ സ്വയം വരച്ചുചേർത്ത താടിയും മീശയും കണ്ണാടിയും!
ഹാദാ ബൈത്തുൻ, ഹാദിഹി ഷജറത്തുൻ, ദാലിക്ക കലമുൻ, സകത്ത് അമ്പജുൻ, അക്കല വലദുൻ, സയ്യാറത്തുൻ, മൗസുൻ, ദൽവുൻ, നാറജീലുൻ, മിഫ്താഹുൻ, കിതാബുൻ... ഉമ്മുൻ, അബുൻ, സൗറുൻ, കിത്തുൻ, ദീക്കുൻ, സമക്കുൻ, ദജാജത്തുൻ..... ഇന്നും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന അറബി പാഠപുസ്തകങ്ങളിലെ ചിത്രങ്ങളും പദങ്ങളും മറന്നുപോയ പദ്യങ്ങളും.
ഒരിരണ്ട് രണ്ട്, ഇരീരണ്ട് നാല്, മൂരണ്ട് ആറ്, നാരണ്ട് എട്ട്... കണക്ക് മാഷിന്റെ തല്ല് പേടിച്ച് കാണാതെ പഠിക്കേണ്ടി വന്ന ഗുണന പട്ടിക!
മഴയും കുസൃതികളും അവസാന ഓർമ്മകളും
ശുചീകരണ ദിനം (തൂയി വെക്കുന്ന ദിവസം) വയറുവേദനയാണെന്നും തലവേദനയാണെന്നും പറഞ്ഞ് സ്കൂളിൽ നിന്ന് രക്ഷപ്പെടുന്ന ചില മിടുക്കന്മാർ! സ്കൂളിനടുത്തുള്ള തണൽ മരത്തിലെ ചക്കരപ്പുളി തിന്നുന്നതും പിന്നെ പൈപ്പിൽ നിന്നുള്ള വെള്ളം കുടിയും... കുറച്ചുകഴിഞ്ഞ് തലക്കറങ്ങുന്നതും! അതെല്ലാം മറക്കാനാവാത്ത അനുഭവങ്ങൾ.
1984 മുതൽ 1987 വരെയുള്ള നൊസ്റ്റാൾജിയ നിറഞ്ഞ ആ പഴയ എൽ.പി. വിദ്യാലയ ദിനങ്ങളുടെ ഓർമ്മകൾക്കൊപ്പം... കാലം ചെയ്ത പത്തിലധികം വരുന്ന എൽ.പി. സ്കൂളിൽ കൂടെയുണ്ടായിരുന്ന സഹപാഠികളും ബാല്യകാല സുഹൃത്തുക്കളും. അവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും...
എല്ലാറ്റിനുപരി, സ്കൂളിലും മതപാഠശാലയിലുമയച്ച് എന്നെ അക്ഷരം പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ സ്നേഹത്തിന്റെ നനവുള്ള ഓർമ്മകളും.
നാഥാ! കുഞ്ഞുനാളിൽ എന്നെ പോറ്റിവളർത്തിയതുപോലെ അവരോട്, നീ, കരുണ കാണിക്കണമേ...
ഈ ഗൃഹാതുര ഓർമ്മകൾ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവെക്കൂ! നിങ്ങളുടെ സ്കൂൾ കാലത്തെ മഴക്കാല ഓർമ്മകൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താമല്ലോ. ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക.
A nostalgic trip to the sweet memories of LP school days filled with rain, games, and learning.
#LPSchoolMemories, #Childhood, #RainyDays, #Games, #Education, #Nostalgia