വികസനത്തിന്റെ പേരിൽ പകൽക്കൊള്ള; കുമ്പള ടോൾ പ്ലാസ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ
● ദേശീയപാതയിൽ 60 കിലോമീറ്റർ ദൂരപരിധി പാലിക്കണമെന്ന സാമാന്യ തത്വം ഇവിടെ ലംഘിക്കപ്പെടുന്നു.
● മംഗ്ളൂരിൽ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി പോകുന്ന കാസർകോട്ടുകാർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ്.
● ടോൾ നിരക്ക് വർദ്ധനവ് ചരക്ക് ഗതാഗതത്തെ ബാധിക്കുന്നതോടെ വിപണിയിൽ വിലക്കയറ്റത്തിന് കാരണമാകും.
● യാത്ര സുഗമമാക്കാൻ നിർമ്മിച്ച റോഡിൽ ടോൾ ബൂത്തുകൾ ഗതാഗതക്കുരുക്കിന്റെ കേന്ദ്രങ്ങളായി മാറുന്നു.
● പ്രദേശവാസികൾക്കും സ്ഥിരം യാത്രക്കാർക്കും സൗജന്യ പാസുകളോ ഇളവുകളോ നൽകണമെന്ന് ആവശ്യം.
എ പി അബ്ദുല്ല ആരിഫ് ഹാശിമി കളത്തൂർ
(KasargodVartha) കാസർകോട് - മംഗളൂരു ദേശീയപാത കേവലം ഒരു റോഡ് മാത്രമല്ല; വടക്കൻ കേരളത്തിന്റെയും ദക്ഷിണ കർണാടകയുടെയും ജീവനാഡിയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ, രോഗികൾ, വ്യാപാരികൾ, തൊഴിലാളികൾ എന്നിവർ ദിവസേന ആശ്രയിക്കുന്ന ഈ പാതയിൽ, കുമ്പള ആരിക്കാടിയിൽ പുതിയ ടോൾ പിരിവ് ആരംഭിച്ചതോടെ ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. വികസനത്തിന്റെ പേരിൽ നടപ്പിലാക്കുന്ന ഇത്തരം അശാസ്ത്രീയ തീരുമാനങ്ങൾ സാധാരണക്കാരന്റെ കീശ കീറുന്ന പകൽക്കൊള്ളയായി മാറുന്നുവെന്നതാണ് യാഥാർത്ഥ്യം.
ദൂരപരിധിയിലെ അപാകത
ദേശീയപാത വികസനത്തിനും പരിപാലനത്തിനും ടോൾ പിരിവ് ആവശ്യമാണെന്ന വാദം അംഗീകരിക്കാം. എന്നാൽ, അതിന് കൃത്യമായ മാനദണ്ഡങ്ങളും യുക്തിയും ഉണ്ടാകണം. കുമ്പളയിൽ ടോൾ പിരിവ് തുടങ്ങിയതോടെ, വെറും 22 കിലോമീറ്റർ അകലെയുള്ള തലപ്പാടി ടോൾ പ്ലാസ കൂടി കണക്കിലെടുക്കുമ്പോൾ, വളരെ ചുരുങ്ങിയ ദൂരത്തിനുള്ളിൽ രണ്ട് തവണ ടോൾ നൽകേണ്ട ഗതികേടിലാണ് യാത്രക്കാർ. 60 കിലോമീറ്റർ ദൂരപരിധി പാലിക്കണമെന്ന സാമാന്യ തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ഇത് യാത്രക്കാരുടെ സാമ്പത്തിക ശേഷിയെ മാത്രമല്ല, ക്ഷമയെയും പരീക്ഷിക്കുന്ന നടപടിയാണ്.
സാധാരണക്കാരന്റെ മേൽ ഇരട്ട പ്രഹരം
മംഗളൂരുവിനെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റ് പലകാര്യങ്ങൾക്കും ആശ്രയിക്കുന്ന കാസർകോട്ടുകാർക്ക് ഇത് വലിയ ഇരുട്ടടിയാണ്. ദിവസേന യാത്ര ചെയ്യുന്നവർക്ക് ഓരോ തവണയും നൽകേണ്ടിവരുന്ന 'യൂസർ ഫീ' മാസാവസാനം വലിയൊരു സാമ്പത്തിക ബാധ്യതയായി മാറുന്നു. ഇന്ധന വിലവർദ്ധനവിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയിൽ നട്ടംതിരിയുന്ന സാധാരണക്കാരന്റെ തലയിൽ അടിച്ചേൽപ്പിക്കുന്ന അധിക ഭാരമാണിത്. ടോൾ നിരക്ക് വർദ്ധനവ് ചരക്ക് ഗതാഗതത്തെ ബാധിക്കുകയും, അത് ആത്യന്തികമായി വിപണിയിലെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. പ്രദേശത്തെ ചെറുകിട വ്യാപാരികളെയും ഇത് പ്രതികൂലമായി ബാധിക്കും.
യാത്ര സുഗമമാക്കാനോ അതോ കുരുക്കാനോ?
യാത്ര സുഗമമാക്കുക എന്നതാണ് പാത വികസനത്തിന്റെ ലക്ഷ്യം. എന്നാൽ, ടോൾ ബൂത്തുകൾ പലപ്പോഴും ഗതാഗതക്കുരുക്കിന്റെ കേന്ദ്രങ്ങളായി മാറുന്നു. കുമ്പളയിൽ ടോൾ പിരിവ് തുടങ്ങിയതോടെ നീണ്ട വാഹനനിരയാണ് കാണപ്പെടുന്നത്. ഇത് യാത്രാസമയം വർദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല, ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സർവീസുകളെയും ബാധിക്കുന്നു. സമയം ലാഭിക്കാൻ നിർമ്മിച്ച റോഡിൽ പണം കൊടുത്ത് കാത്തുനിൽക്കേണ്ടി വരുന്നത് വിരോധാഭാസമാണ്.
അധികൃതർ മറുപടി പറയണം
ജനങ്ങളുടെ പ്രതിഷേധങ്ങളെയും നിയമപരമായ ചോദ്യങ്ങളെയും അവഗണിച്ച് മുന്നോട്ടുപോകുന്ന രീതി ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. ടോൾ പിരിവ് ജനങ്ങൾക്ക് ഭാരമാകാതിരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം.
ദൂരപരിധി പുനഃപരിശോധിക്കുക: അടുത്തടുത്തുള്ള രണ്ട് ടോൾ പ്ലാസകളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ശാസ്ത്രീയമായ തീരുമാനം എടുക്കുക.
പ്രാദേശിക ഇളവുകൾ: പ്രദേശവാസികൾക്കും സ്ഥിരം യാത്രക്കാർക്കും സൗജന്യ പാസുകളോ ന്യായമായ ഇളവുകളോ അനുവദിക്കുക.
വികസനം മനുഷ്യർക്ക് വേണ്ടിയാകണം; മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതാകരുത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേൽ കടിഞ്ഞാണിടുന്ന കുമ്പള ടോൾ ബൂത്ത് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുകയും ജനപക്ഷത്ത് നിന്നുള്ള തീരുമാനം കൈക്കൊള്ളുകയും വേണം.
ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ
Article Summary: Criticism against the new toll plaza at Kumbala on Kasaragod-Mangalore highway for violating distance norms.
#KumbalaToll #KasaragodNews #NH66 #TollProtest #KeralaNews #MangaloreTravel






