ഓർമ്മകളിലെ കനിവുള്ള മനുഷ്യർ; കൂക്കാനം റഹ്‌മാൻ മാസ്റ്ററുടെ പുതിയ പുസ്തകം വായനക്കാരുടെ മനസ്സ് കവരുന്നു
● ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ വായനയും എഴുത്തും കൈവിടാത്തവരുടെ കഥകൾ
● കാൻഫെഡ് കാലത്തെ ഓർമ്മകൾ പുസ്തകത്തിലൂടെ ബാലകൃഷ്ണൻ നരിക്കോട് പങ്കുവെക്കുന്നു
● പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന വിനോദ് മാഷ്, ത്വാഹിറ ടീച്ചർ, പത്മനാഭൻ വാഴയിൽ തുടങ്ങിയവർ
● കൂക്കാനം മാഷിന് ലഭിച്ച ദേശീയ അധ്യാപക അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ
● പായൽ ബുക്സിന്റെ മികച്ച അച്ചടിയിൽ തയ്യാറാക്കിയ കൃതി
ബാലകൃഷ്ണൻ നരിക്കോട്
(KasargodVartha) കൂക്കാനം റഹ്‌മാൻ മാസ്റ്റർ ഈയാഴ്ച പ്രസിദ്ധീകരിച്ച 'കനിവുള്ള മനുഷ്യരും തേടിയെത്തിയ അംഗീകാരങ്ങളും' എന്ന പുസ്തകം രണ്ട് ദിവസത്തെ ഇടവേളകളിൽ വായിച്ചുതീർത്തു. സ്വന്തം നാട്ടിലെയും സൗഹൃദവലയത്തിലെയും സാധാരണക്കാരായ ചില ശ്രേഷ്ഠ വ്യക്തിത്വങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തിയ മാഷിന്റെ നല്ല മനസ്സിനെ നമിക്കുന്നു. മറ്റാരും ഇവരെക്കുറിച്ച് എഴുതുവാൻ താല്പര്യപ്പെട്ടിട്ടുണ്ടാവില്ല.
അയ്യപ്പപ്പണിക്കരും പി ടി ഭാസ്കരപ്പണിക്കരും ഒഴികെയുള്ളവരിൽ ഭൂരിഭാഗവും കരിവെള്ളൂരിലും സമീപപ്രദേശങ്ങളിലും ഉള്ളവർ. സ്വന്തം ശേഷികൊണ്ട് തളിർത്തു വളർന്ന കാട്ടുതുളസികൾ. മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ പോയവർ. മാഷിനെപ്പോലെ വിനയാന്വിതനായ ഒരാൾക്ക് മാത്രമേ ഇത്തരം വ്യക്തിത്വങ്ങളെ കണ്ടെത്തുവാൻ കഴിയുകയുള്ളൂ. ഇതിൽ പരാമർശിക്കപ്പെട്ടതുപോലെ നിരവധി അമൂല്യനിധികൾ ഓരോ നാട്ടിലുമുണ്ടാകും.
ജേഷ്ഠന്റെ ജീവിതവും പുസ്തകത്താളുകളിൽ
എന്റെ ജേഷ്ഠനെക്കുറിച്ചും അതിലൊരു താളിൽ രേഖപ്പെടുത്തിയത് വായിച്ചു. അതിലൊരു വരിയും അതിശയോക്തിപരമല്ല, സത്യസന്ധമാണ്. ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ ചെറിയ പ്രായത്തിൽത്തന്നെ പഠനമുപേക്ഷിച്ച് വിവിധ തൊഴിലുകളിൽ ഏർപ്പെടുകയും അതോടൊപ്പം വായനയെയും അതിന്റെ കരുത്തിൽ എഴുത്തും സംവാദവും സൗഹൃദവുമായി പ്രായത്തിൽ എഴുപത് വർഷത്തോടടുക്കുന്ന വേളയിൽ സ്വയം വളർന്നയാൾ. ജേഷ്ഠനെ മാഷ് വഴി ഒന്നുകൂടി വായിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.
മരണാനന്തരം സ്വശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് കുറിച്ചുവെക്കുകയും അന്ധവിശ്വാസത്തെയും സാമൂഹ്യതിന്മകളെയും രാഷ്ട്രീയത്തിലെ മൂല്യച്യുതിയെയും നവമാധ്യമങ്ങളിലൂടെ നിരന്തരം എഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരന് അങ്ങയുടെ പുസ്തകത്തിൽ ഇടം നൽകിയതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.
കാൻഫെഡ് കാലത്തെ ഓർമ്മകൾ
കാൻഫെഡ് പ്രവർത്തകനായ കൂക്കാനം മാഷിനെ എന്റെ കൗമാരകാലം മുതൽ അറിയാം. കൂക്കാനം റഹ്‌മാൻ, വി ആർ വി ഏഴോം, പരേതനായ കെ വി ഗോപിനാഥ്, അലീമക്കുട്ടി ടീച്ചർ, എ വി ആനന്ദൻ എന്നിവർ കാൻഫെഡിന്റെ സജീവ സാന്നിധ്യങ്ങളായിരുന്നു.

മാഷിന് പരിചയപ്പെടുത്തുവാൻ ഇനിയും ഒട്ടേറെപ്പേരുണ്ടാകും. സാധു ബീഡി തൊഴിലാളികളായ എം രാഘവൻ, കെ നാരായണൻ, അധ്യാപകഗുരു കുഞ്ഞികൃഷ്ണൻ മാസ്റ്റർ, നവമാധ്യമത്തിലെ സജീവ സാന്നിധ്യം എന്റെ ജേഷ്ഠൻ കൂടിയായ പത്മനാഭൻ വാഴയിൽ, കണ്ണൂർ നഗരസഭാധ്യക്ഷയും സാക്ഷരതാ പ്രവർത്തകയുമായ നൂറുന്നീസ ടീച്ചർ, ദീർഘകാലം വയനാട്ടിൽ അധ്യാപകനായിരുന്ന കരിവെള്ളൂരുകാരനായ കരുണാകരൻ മാസ്റ്റർ, പാലിയേറ്റീവ് പ്രവർത്തകനായിരുന്ന എം ടി പി മുഹമ്മദ് കുഞ്ഞി, യുഎഇയുടെ ചരിത്രത്തെ പ്രണയിച്ച അമൂല്യശേഖരങ്ങളുടെ ഉടമ ഹമീദ് പൈക്ക, ലോകമാകെ സഞ്ചരിച്ച യാത്രാപ്രേമി പറ്റ്വ വിജയൻ മാഷ്, കൂക്കാനം മാഷിന്റെ നിർദേശപ്രകാരം നീണ്ടകാലത്തെ പുകവലി ശീലം നിർത്തിയ ഇബ്രാഹിം, സ്വപരിശീലനത്താൽ ആയിരക്കണക്കിന് കുഴൽക്കിണറുകൾക്ക് സ്ഥാനവും ആഴവും നിശ്ചയിച്ച ഹംസ, രണ്ടാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് സ്വന്തം কഴിവിൽ റിപ്പയർ ജോലിയിൽ മികവ് കാട്ടിയ പക്ഷിമൃഗാദികളെ സ്നേഹിച്ച സുലൈമാനിച്ച, ബീഡിതെറുപ്പും സംഗീതവും നാടകവുമായി ജീവിതം സന്തുഷ്ടമാക്കിയ കരിവെള്ളൂർ ബാലൻ, സർക്കാർ ദത്തുപുത്രിക്ക് ജീവിതം നൽകിയ മനുഷ്യസ്നേഹിയായ വിനോദ് മാഷ്, ഹോട്ടൽ പണിയിൽ നിന്നും അധ്യാപനരംഗത്തേക്ക് വന്ന മനുഷ്യസ്നേഹിയായ രാഘവൻ മാഷ്, യാഥാസ്ഥിതികതയുടെ തോട് പൊട്ടിച്ച് ആദ്യത്തെ കോളജ് വിദ്യാർത്ഥിയും ബിരുദാനന്തര ബിരുദധാരിയും എഴുത്തുകാരിയുമായ ത്വാഹിറ ടീച്ചർ, ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണ് എന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്ത കൂക്കാനത്തെ ഗുരുശ്രേഷ്ഠൻ കുമാരൻ മാഷ്, കരിവെള്ളൂരിലെ ഏവൺ ക്ലബ്ബ് & ലൈബ്രറി രൂപപ്പെടുത്തിയ അമ്പുക്കുഞ്ഞി മാസ്റ്ററെ പോലുള്ള അധ്യാപകരുടെ കൂട്ടായ്മ, കരിവെള്ളൂരിലെ ആദ്യത്തെ എംഎസ്‌സിക്കാരനായ ശാസ്ത്രാധ്യാപകൻ എംഎസ്‌സി നാരായണൻ മാസ്റ്റർ, സമയങ്ങളുടെ കാവൽക്കാരൻ വാച്ച് റിപ്പയറിന്റെ കുലപതി നാരായണൻ എന്നീ അമൂല്യരത്നങ്ങളെ കൂക്കാനം മാഷ് നമ്മളെ പരിചയപ്പെടുത്തുന്നു.
അംഗീകാരങ്ങളുടെ മുപ്പത് പേജുകൾ
പിന്നീടുള്ള മുപ്പതോളം പേജുകൾ കൂക്കാനം റഹ്‌മാൻ മാഷിന് ലഭിച്ച ദേശീയ അധ്യാപക അവാർഡ് അടക്കമുള്ള ഏഴോളം അംഗീകാരങ്ങളെക്കുറിച്ചുള്ള പരാമർശമാണ്. പായൽ ബുക്സിന്റെ മനോഹരമായ അച്ചടിയിൽ തീർത്ത ഈ കൃതി എന്റെ വായനാശേഖരത്തിലെ അമൂല്യനിധിയായിരിക്കും. പുസ്തകം കൂടുതൽ വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
കൂക്കാനം റഹ്‌മാൻ മാസ്റ്ററുടെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ഈ മനോഹരമായ വായനാനുഭവം നിങ്ങളുടെ സുഹൃത്തുക്കൾക്കും വായനാഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Balakrishnan Narikkode shares a touching review of Kookkanam Rahman Master's newly published book which highlights ordinary yet extraordinary personalities from Karivellur.
#BookReview #KookkanamRahman #Karivellur #MalayalamLiterature #Biographies #KeralaNews #PayalBooks






