ഒരധ്യാപകൻ്റെ ജന്മം: ഒരു കാലഘട്ടത്തിൻ്റെ സ്പന്ദനം

● സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ നിരവധി പേരെ അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി.
● ലഹരി ഉപയോഗം, ലൈംഗികത്തൊഴിലാളികൾ തുടങ്ങിയ പ്രതിസന്ധി നേരിടുന്നവരെയും മാഷ് സഹായിച്ചു.
● മാഷിൻ്റെ ജീവിതാനുഭവങ്ങളുടെ നേർചിത്രമാണ് ഈ പുസ്തകം.
● പുസ്തക പ്രകാശനം മാഷ് അധ്യാപനം ആരംഭിച്ച കരിവെള്ളൂർ നോർത്ത് എ.യു.പി സ്കൂളിൽ നടന്നു.
പുസ്തക പരിചയം
ഒരധ്യാപകൻ്റെ ജന്മം/ പത്മനാഭൻ നരിക്കോട്
(KasargodVartha) കൂക്കാനം റഹ്‌മാൻ മാഷിൻ്റെ ആത്മകഥാംശമുള്ള പുസ്തകമാണ് ‘ഒരധ്യാപകൻ്റെ ജന്മം’. കേവലമൊരു അധ്യാപകൻ്റെ ജീവിതകഥ എന്നതിലുപരി, മാഷ് ജീവിച്ച സാമൂഹിക, കലാ, സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തിൻ്റെ നേർക്കാഴ്ചകൂടിയാണ് ഈ കൃതി.
19-ാം വയസ്സിൽ ആരംഭിച്ച തൻ്റെ അധ്യാപന ജീവിതത്തിലൂടെ, അദ്ദേഹം കടന്നുപോയ വഴികളും സ്വാധീനിച്ച വ്യക്തികളും സംഭവങ്ങളും ലളിതവും സുന്ദരവുമായ ആഖ്യാനശൈലിയിൽ മാഷ് വരച്ചുകാട്ടുന്നു.
മണ്ണിൽ ഉറച്ചുനിന്ന് വിണ്ണിനെ സ്വായത്തമാക്കുന്ന ഒരു ശക്തിവിശേഷം ഈ പുസ്തകത്തിൽ പ്രകടമാണ്. മനുഷ്യനെയും പ്രകൃതിയെയും അവയുടെ സമഗ്രതയിൽ ദർശിക്കാനും കാലത്തിനനുസരിച്ച് പരിഷ്കരിക്കാനുമുള്ള മാഷിൻ്റെ അതീവ ജാഗ്രത അദ്ദേഹത്തിൻ്റെ സർഗ്ഗാത്മക ജീവിതത്തിൻ്റെ ഭാഗമായി മാറിയതുകൊണ്ടാണ് ഇത്രയും മനോഹരമായ ഒരു പുസ്തകം അദ്ദേഹത്തിന് രചിക്കാൻ സാധിച്ചത്.
ഓരോ കലാസൃഷ്ടിയും ജീവിതത്തിലെ അനുഭവ യാഥാർത്ഥ്യങ്ങളുടെ പുനർനിർണയത്തിന് ഉതകുന്നതായിരിക്കണം എന്ന വിശ്വാസത്തിൽ നിന്നാണ് ഇത്തരം ഉത്കൃഷ്ട സൃഷ്ടികൾ പിറവിയെടുക്കുന്നത്.
തൻ്റെ ബാല്യം മുതൽ ഇന്നുവരെയുള്ള ജീവിതാനുഭവങ്ങളുടെ നേർചിത്രം, പൊടിപ്പും തൊങ്ങലുകളുമില്ലാതെ, അക്ഷരങ്ങളിലൂടെ മാഷ് പകർത്തിവെച്ചിരിക്കുന്നു. 1950-ൽ ജനിച്ച മാഷ്, 19-ാം വയസ്സിൽ കരിവെള്ളൂർ നോർത്ത് എ.യു.പി സ്കൂളിൽ വെച്ചാണ് തൻ്റെ അധ്യാപനം ആരംഭിക്കുന്നത്.
അതേ സ്കൂളിൽ വെച്ച് തന്നെ തൻ്റെ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചു എന്നത് ഒരു അപൂർവതയാണ്. അധ്യാപന ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി പദവികളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ട്. കേരളത്തിലെ മികച്ച അധ്യാപകനുള്ള സർക്കാർ പുരസ്കാരം നേടാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അധ്യാപനത്തോടൊപ്പം സാമൂഹിക, കലാ, സാംസ്കാരിക രംഗങ്ങളിലും മാഷ് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ചെറുപ്പത്തിൽ തന്നെ നാടകരംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നല്ല പ്രാസംഗികനും പ്രഭാഷകനുമാണ് മാഷ്.
ഇതിലെല്ലാം ഉപരിയായി, സാക്ഷരതാ പ്രവർത്തനങ്ങൾക്കാണ് മാഷ് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയത്. കാൻഫെഡിൻ്റെ സാക്ഷരതാപ്രവർത്തനം തുടങ്ങുന്നതിനുമുമ്പുതന്നെ നാട്ടിലെ നിരക്ഷരരായ ആളുകളെ കണ്ടെത്തി അവർക്ക് അക്ഷരാഭ്യാസം പകർന്നുനൽകാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
കുട്ടികൾ മാത്രമല്ല, പ്രായമായവരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ജീവിതത്തിൻ്റെ കഷ്ടപ്പാടുകൾക്കിടയിൽ വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്നവർ - പാടത്തും കമ്പനികളിലും കടലിലും ജോലി ചെയ്യുന്നവർ - അങ്ങനെയുള്ളവരെ കണ്ടെത്തി വൈകുന്നേരങ്ങളിലും രാത്രികളിലും ക്ലാസുകൾ നടത്തി മാഷ് അക്ഷരാഭ്യാസം നൽകി.
അങ്ങനെ അവർ എഴുത്തും വായനയും പഠിക്കുക മാത്രമല്ല, അവരിൽ പലരും അധ്യാപകരും പോലീസ് ഓഫീസർമാരും ക്ലർക്കുമാരും സർക്കാർ മേഖലകളിൽ വിവിധ ജോലികളിൽ പ്രവേശിച്ചവരും എൻജിനീയർമാരും സ്വന്തമായി വ്യവസായം തുടങ്ങിയവരും ഗൾഫ് മേഖലകളിൽ ജോലി ചെയ്യുന്നവരുമായി മാറി. ഇതെല്ലാം റഹ്‌മാൻ മാഷിൻ്റെ സാക്ഷരതാപ്രവർത്തനത്തിൻ്റെ ഭാഗമായി സാധ്യമായതാണ്.
അതോടൊപ്പം, സമൂഹത്തിൽ പല കാരണങ്ങളാൽ ജീവിത പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി അവർക്ക് നല്ല ജീവിതം നൽകി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്ന ദൗത്യവും മാഷ് തൻ്റെ സാമൂഹിക പ്രവർത്തനത്തിൻ്റെ ഭാഗമായി ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
ലഹരി ഉപയോഗം മൂലം പ്രതിസന്ധിയിലായവർ മുതൽ ലൈംഗികത്തൊഴിലാളികളായി ജീവിതം ഹോമിക്കപ്പെടേണ്ടി വന്നവർ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു.
സാക്ഷരതാപ്രവർത്തന രംഗത്ത് പഴയ അവിഭക്ത കണ്ണൂർ-കാസർകോട് ജില്ലയുടെ പ്രധാനപ്പെട്ട ചുമതല റഹ്‌മാൻ മാഷിനായിരുന്നു. അങ്ങനെയുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായി ഏഴോം പഞ്ചായത്തിലെ എൻ്റെ നാടായ നരിക്കോട് ഏച്ചിൽ മൊട്ട പ്രദേശത്ത് മാഷ് വന്നപ്പോഴാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കിടുന്നതും.
ഏകദേശം 40 വർഷത്തോളമായിക്കാണുമത്. അക്കാലത്ത് കേരളത്തിൽ സാക്ഷരതാപ്രവർത്തനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കേന്ദ്രമായിരുന്നു ഏഴോവും ഏച്ചിൽ മൊട്ടയും. അത്തരം പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത വരിച്ച ആദ്യത്തെ പഞ്ചായത്തായി ഏഴോം പഞ്ചായത്ത് പ്രഖ്യാപിക്കപ്പെട്ടതും.
ഏഴോത്ത് അതിന് അന്ന് നേതൃത്വം നൽകിയ പ്രധാനികൾ അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ടി.പി. കുഞ്ഞിരാമേട്ടനും വി.ആർ. വി. ഏഴോവും പരിയാരം കെ.വി. ഗോപിനാഥനുമായിരുന്നു. അതോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ എനിക്കും കഴിഞ്ഞിരുന്നു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
പിന്നീട് 40 വർഷങ്ങൾക്ക് ശേഷമാണ് മാഷുമായി ഞാൻ നവമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുന്നത്. ആ സൗഹൃദം ഹൃദയത്തോട് ചേർത്തുപിടിക്കുകയും മാഷ് എഴുതിയ ‘ഒരധ്യാപകൻ്റെ ജന്മം’ എന്ന പുസ്തകത്തിൻ്റെ ഭാഗമായി എൻ്റെ ചെറിയ അക്ഷരങ്ങൾ ചേർത്ത് വെക്കാനും കഴിഞ്ഞു എന്നത് ജീവിതത്തിലെ ധന്യമായ അനുഭവങ്ങളാണ്.
ഈ പുസ്തകത്തിൽ തൻ്റെ കുടുംബത്തിൻ്റെ സന്തോഷങ്ങളും സങ്കടങ്ങളും, അവ കടന്നുപോയ വഴികളും, ബാല്യകാല സുഹൃത്തുക്കൾ മുതൽ ഇന്നും കൂടെയുള്ളവരെ വരെ മാഷ് സ്നേഹാദരങ്ങളോടെയും സമഭാവനയോടെയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പുസ്തകം ഒരു അധ്യാപകൻ്റെ ജന്മത്തിൻ്റെ ഇതിവൃത്തം മാത്രമല്ല, മറിച്ച് തൻ്റെ ജന്മം മുതൽ നാളിതുവരെയുള്ള അതിലെ മനുഷ്യരുടെ ജീവിതത്തിൻ്റെ സാമൂഹിക, രാഷ്ട്രീയ ചരിത്രം കൂടിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതൊരു ചരിത്ര പുസ്തകം കൂടിയാണ്. എല്ലാവരും ഈ പുസ്തകം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ മഹത്തായ പുസ്തകത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kookanam Rahman Master's autobiography reveals life beyond teaching.
#KookanamRahmanMaster #OruAdhyapakanteJanmam #Autobiography #Kerala #Education #SocialWork