city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പളയുടെ ടൂറിസം ഭൂപടത്തിലേക്ക് കിദൂർ പക്ഷി ഗ്രാമം

ഹാഷിർ കൊടിയമ്മ

(www.kasargodvartha.com 23.09.2020) കുമ്പള ഗ്രാമ പഞ്ചായത്തിലെ കിദൂർ വില്ലേജിൽ കുണ്ടങ്കേരടുക്കയിലെ നിർദിഷ്ട പക്ഷി ഗ്രാമം കുമ്പളയുടെ ടൂറിസം വികസനത്തിൽ ഇടം പിടിക്കുകയാണ്. അപൂർവങ്ങളായ ദേശാടന പക്ഷികളടക്കം ഇതിനകം 156 ഇനം പക്ഷികളെ കണ്ടെത്തിയ ഇടമാണ് കിദൂർ കുണ്ടങ്കേരടുക്ക.

10 ഏക്കർ വിസ്‌തൃതിയിലുള്ള പ്രദേശമാണ് നിർദിഷ്ട പക്ഷി ഗ്രാമം. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം. ആവശ്യമായ വെള്ളവും, ഭക്ഷണവും, ശാന്തതയുമുള്ള പ്രദേശമായതിനാലാണ് പക്ഷികൾ കൂട്ടത്തോടെ ഇവിടെയെത്തുന്നതെന്ന് പറയപ്പെടുന്നു.

കുമ്പളയുടെ ടൂറിസം ഭൂപടത്തിലേക്ക് കിദൂർ പക്ഷി ഗ്രാമം

ചെങ്കൽ കുന്നുകളും, പ്രകൃതിയുടെ തനത് ജലസംഭരണ കേന്ദ്രങ്ങളായ പള്ളങ്ങളും കാഞ്ഞിര മരങ്ങളും, കല്ലാലവും നിറഞ്ഞ പ്രദേശമാണ് കിദൂർ. മറുവശത്തു ഷിറിയ പുഴ വിശാലതയോടെ ശാന്തമായി ഒഴുകുന്നു. ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയായ കിദൂരിൽ കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നൊക്കെ പക്ഷിനിരീക്ഷണത്തിന്നായി ആളുകൾ എത്തിച്ചേരാറുണ്ട്.

2018 ൽ കിദൂരിൽ പക്ഷി നിരീക്ഷകർ നടത്തിയ ഒരു പരിപാടിയിൽ സംബന്ധിക്കവെ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവാണ് പ്രദേശത്തിന്റെ മനോഹാരിത മനസ്സിലാക്കി കിദൂറിനെ പക്ഷി ഗ്രാമമാക്കാൻ മുൻകൈയെടുത്തത്. ഇത് തത്വത്തിൽ സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇതിനായി ജില്ലയുടെ വികസന പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ടും അനുവദിക്കുകയും ചെയ്തു.

മാത്രവുമല്ല പക്ഷി നിരീക്ഷണത്തിനായി കുമ്പള ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രതിവർഷം എട്ടോളം ക്യാമ്പുകൾ ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്. പറവകൾക്ക് ചേക്കേറാൻ ഇടമൊരുക്കാൻ ആരിക്കാടിയിൽ നിന്ന് 7 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കിദൂർ പ്രദേശം വികസന കുതിപ്പിലേക്ക് നീങ്ങുമ്പോൾ കിദൂർ പക്ഷി സങ്കേത കേന്ദ്രം ജില്ലയിലെ തന്നെ ടൂറിസം സ്വപ്നങ്ങൾക്ക് ഊർജം പകരുന്നതോടൊപ്പം, കുമ്പളയുടെ സമഗ്രമായ വികസനത്തിനും വഴിയൊരുങ്ങും.

നെൽപ്പാടങ്ങളും, പാറപ്രദേശങ്ങളുമുള്ള 'ലാറ്ററൈറ് ' ഭൂമിയും, ചെറിയ വനപ്രദേശവുമുൾപ്പെടെ വിത്യസ്ത ഭൂപ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഷിറിയ പുഴയുടെ സാന്നിധ്യവും ഒക്കെ പക്ഷികളുടെ സ്വാതന്ത്ര്യ വിഹാരത്തിന്ന് അനുകൂല ഘടകവുമാണ്.

നദീ തീര നടപ്പാത, വിശ്രമ കേന്ദ്രം,വലയങ്ങളോട് കൂടിയുള്ള ഇരിപ്പിടം തുടങ്ങിയവയുടെ നിർമ്മാണത്തിനായി 2.77 കോടിയിലേറെ രൂപ പക്ഷിഗ്രാമ വികസനത്തിന്ന് വകയിരുത്തിയിട്ടുണ്ട്. പൂർണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങളാകും നടപ്പിലാക്കുക എന്നത് തന്നെ പക്ഷി ഗ്രാമത്തിലെ വേറിട്ട കാഴ്ചയായിരിക്കും.


കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും, പുറത്ത് നിന്നുമുള്ള പക്ഷി നിരീക്ഷകരുടെയും, പ്രകൃതി സ്നേഹികളുടെയും മുഖ്യ ആകർഷണ കേന്ദ്രമാക്കി കിദൂറിനെ മാറ്റാൻ അടിസ്ഥാന സൗകര്യത്തിനായുള്ള പദ്ധതി കൊണ്ടു സാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന സോളാർ തെരുവ് വിളക്കുകൾ, ആധുനിക ശൗചാലയങ്ങൾ, എഫ് ആർ പി മാലിന്യ സംസ്കരണ സംവിധാനങ്ങളൊക്കെ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനൊരുങ്ങുകകയാണിവിടെ. ഈ പദ്ധതികളൊക്കെ പൂർത്തിയായാൽ കുമ്പള ഗ്രാമ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നതിൽ സംശയമില്ല. ഇതിനായി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌  കെ എൽ പുണ്ഡരീകാക്ഷ പ്രത്യേക താല്പര്യം കാട്ടുന്നുമുണ്ട്.

ജില്ലയിലെ തന്നെ ഏറ്റവും വലിയ പക്ഷി സങ്കേതമായ കിദൂരിൽ ഡോർമിറ്ററി നിർമ്മിക്കുന്നതിന്ന് ഇതിനകം അനുമതി ലഭ്യമായിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, നിരീക്ഷകർക്കും ഡോർമിറ്ററി പ്രയോജനപ്പെടുത്തും. വികസന പാക്കേജിലുൾപ്പെടുത്തിയ 2.75 കോടി രൂപയുടെ കുമ്പള ഗ്രാമീണ ടൂറിസം പദ്ധതി പ്രകാരമാണ് കിദൂരിൽ ഡോർമിറ്ററി നിർമ്മിക്കുന്നത്. ഡിസംബറോടെ നിർമ്മാണം പൂർത്തിയാവുമെന്നാണ് പറയപ്പെടുന്നത്. പരിസ്ഥിതി സൗഹാർദ്ദമായി നിർമ്മിക്കുന്ന കെട്ടിടത്തിൽ മുളയുൾപ്പെടെയുള്ളവ കൊണ്ടായിരിക്കും മുറികൾ വേർതിരിക്കുക എന്നും പറയുന്നുണ്ട്.

ജനസമൂഹം വികസിക്കുന്നതിനനുസരിച്ച് വനപ്രദേശങ്ങൾ ചുരുങ്ങുകയും, പക്ഷി മൃഗാദികൾക്കുള്ള ആവാസവ്യവസ്ഥ തന്നെ തകിടം മറിയുകയും ചെയ്യുന്ന വേളയിലാണ് കിദൂർ പക്ഷി ഗ്രാമമായി ചിറകു വിരിക്കാനൊരുങ്ങുന്നത് എന്നത് പരിസ്ഥിതി സ്നേഹികളിൽ ആശ്വാസമേകുന്നുണ്ട്.

Keywords:  Kerala, Article, Kumbala, Birds, District Collector, Tourism, Ecotourism, Hashir Kodiyamma, Kidoor, Village,  Bird watchers, Kidoor bird village on the tourism map of Kumbala.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia