ചീഞ്ഞുനാറുന്ന നെല്ലിക്കുന്ന് കൽമാഡി പുഴ; ദുർഗന്ധം കാരണം പരിസരവാസികൾ ദുരിതത്തിൽ
● പുഴയിലെ മലിനജലം ആഴ്ന്നിറങ്ങി പ്രദേശത്തെ കിണറുകളിലെയും ബോർവെല്ലുകളിലെയും വെള്ളം പൂർണ്ണമായി മലിനമായി
● പള്ളത്ത് പുതിയ പാലം പണിതപ്പോൾ പഴയ പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ നീക്കാത്തതാണ് ഒഴുക്ക് തടസ്സപ്പെടുത്തിയത്
● കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിവിടുന്നതായും പരാതിയുണ്ട്
● കടപ്പുറം പാലത്തിനടിയിൽ കുന്നുകൂടിയ ആക്രി അവശിഷ്ടങ്ങൾ കാറ്റിലും മഴയിലും പുഴയിലേക്ക് വീഴുന്നതും തിരിച്ചടിയാണ്
മുഹമദലി നെല്ലിക്കുന്ന്
കാസർകോട്: (KasargodVartha) നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശത്തൂടെ ഒഴുകിപ്പോകുന്ന കൽമാഡി പുഴയാണ് ചീഞ്ഞുനാറുന്നത്. ബങ്കരക്കുന്നിനെയും കടപ്പുറത്തിനെയും ബന്ധിപ്പിക്കുന്ന അണക്കെട്ടിലും പള്ളം പാലം വരെയുള്ള സ്ഥലത്താണ് ദുർഗന്ധം കൊണ്ട് പരിസരവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കറുപ്പ് നിറത്തിലുള്ള വെള്ളം പുഴയിൽ കെട്ടിക്കിടക്കുന്നതിനാൽ ഈ വെള്ളമെല്ലാം പരിസരത്തുള്ള കിണറിലേക്കും ബോർവെല്ലുകളിലേക്കും ആഴ്ന്നിറങ്ങി മലിനമാവുകയാണ്. കുടിക്കാനോ കുളിക്കാനോ വസ്ത്രങ്ങൾ അലക്കാനോ പറ്റാത്ത സാഹചര്യത്തിലാണ് ഈ പ്രദേശത്തുള്ളവർ ജീവിക്കുന്നത്. മലിനമായ പുഴയിലെ ദുർഗന്ധം മൂലം പല രോഗങ്ങൾ പിടിപെടുന്നുവെന്ന് പരിസരവാസികൾ പറയുന്നു.
പള്ളം പാലത്തിനടിയിൽ ഒരു കോൺക്രീറ്റ് സ്ലാബുണ്ട്. അത് വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായിരിക്കുകയാണ്. അത് നീക്കം ചെയ്താൽ ഒരു പരിധിവരെ വെള്ളം ശുദ്ധിയാവുമെന്നാണ് കരുതുന്നത്. പള്ളത്ത് പുതിയ പാലം നിർമിച്ചപ്പോൾ പഴയ പാലത്തിന്റെ കോൺക്രീറ്റിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതാണ് കൽമാഡി പുഴയിൽ വെള്ളം കെട്ടിക്കിടക്കാനും അത് മലിനമായി ചീഞ്ഞുനാറാനും കാരണമാകുന്നത്.
അതുകൂടാതെ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും മാലിന്യങ്ങൾ ഈ പുഴയിലേക്ക് ഒഴുക്കിവിടുന്നതായും ആരോപണമുണ്ട്. ഇതും പ്രശ്നം രൂക്ഷമാക്കുന്നു. നാട്ടുകാരുടെ പരാതി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനൊരു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ഈ പ്രദേശവാസികൾ പറയുന്നു. മൂക്ക് പൊത്താതെയും മാസ്ക് ധരിക്കാതെയും ഇതിലൂടെ നടക്കാൻ സാധിക്കുകയില്ല.

നെല്ലിക്കുന്ന് കടപ്പുറം പാലത്തിനടിയിലെ ആക്രി സാധനങ്ങൾ കുന്നുപോലെ കൂട്ടിവെച്ചതിൽ നിന്നും കാറ്റിലും മഴയിലും അത് പറന്നും ഒഴുകിയും ഈ പുഴയിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. അതുമൂലവും വെള്ളം മലിനമാവുകയും കൊതുകുകൾ പെരുകുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പ്രശനം പരിഹരിക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
നെല്ലിക്കുന്ന് കൽമാഡി പുഴയിലെ മലിനീകരണ പ്രശ്നത്തെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കൂ. പുഴകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ ഈ സന്ദേശം സുഹൃത്തുക്കളിലേക്ക് എത്തിക്കൂ. നിങ്ങളുടെ പ്രദേശത്തെ സമാനമായ പ്രശ്നങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Residents near Kalmadi river in Kasaragod protest against severe water pollution and foul smell caused by waste and construction debris.
#KasaragodNews #KalmadiRiver #RiverPollution #KasaragodVartha #WaterScarcity #PublicProtest #EnvironmentalIssues






