city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടുകാരെ, നമ്മളെ തോറ്റോടിയ ജനത എന്ന് ചരിത്രം വിലയിരുത്താൻ ഇടവരരുത്; എയിംസിനു വേണ്ടിയെങ്കിലും നമുക്കൊന്നിക്കാം

അമ്പലത്തറ കുഞ്ഞികൃഷ്ണൻ

(www.kasargodvartha.com 07.11.2021) അതിർത്തിയിൽ മതിയായ ചികിത്സ കിട്ടാതെ പൊലിഞ്ഞവരുടെ, എൻഡോസൾഫാൻ വിഷമഴ ദുരന്തം വിതച്ച കുടുംബങ്ങളുടെ.. അങ്ങനെ ആരോഗ്യ രംഗത്തെ അവഗണന മൂലം നീറുന്ന വേദനയോടെ കഴിയുന്നവരുടെ നാട്ടിൽ നിന്നും ഒരു ജനത കേഴുകയാണ്, ഇന്ത്യയിലെ മികച്ച ഒരു ആരോഗ്യസ്ഥാപനത്തിന് വേണ്ടി.
 
കാസർകോട്ടുകാരെ, നമ്മളെ തോറ്റോടിയ ജനത എന്ന് ചരിത്രം വിലയിരുത്താൻ ഇടവരരുത്; എയിംസിനു വേണ്ടിയെങ്കിലും നമുക്കൊന്നിക്കാം


2014 ൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും ഒന്നു വീതം എയിംസ് നൽകാൻ നയപരമായ തീരുമാനമെടുക്കുകയായിരുന്നു. ഇതനുസരിച്ച് 2014ൽ തന്നെ അന്നത്തെ അഞ്ച് എം എൽ എമാർ - പി ബി അബ്ദുർ റസാഖ്, എൻ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമൻ, ഇ ചന്ദ്രശേഖരൻ, കെ കുഞ്ഞിരാമൻ - മുഖേന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എയിംസ് കാസർകോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.

2015 ൽ കേന്ദ്ര സർക്കാറിനു നൽകിയ പ്രൊപ്പോസലിൽ, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, എറണാകുളം ജില്ലകളുടെ പേരുകളുണ്ടായി. എന്നാൽ കാസർകോടിന്റെ പേര് കണ്ടില്ല. 2017 ൽ, മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മുമ്പിലേക്ക് മുൻ എം പി, പി കരുണാകരന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘം നിവേദനവുമായെത്തി. പിണറായിയും കേട്ടില്ല.

പിന്നീട് അറിയുന്നത് കോഴിക്കോടിന് എയിംസ് ലഭിക്കാൻ കരുക്കൾ നീക്കുന്നുവെന്നായിരുന്നു. നമ്മുടെ നേതാക്കന്മാരും ജനപ്രതിനിധികളും നിശ്ശബ്ദരായി. 2018 ഓടെ പി പി കെ പൊതുവാൾ ചെയർമാനും പത്മനാഭൻ ബ്ലാത്തുർ കൺവീനറുമായുള്ള എയിംസ് ജനകീയ കൂട്ടായ്മ വിദ്യാർഥികളുമായി തെരുവിലിറങ്ങി. അതും അധികമാരും കേട്ടില്ല. പ്രളയം വന്നതോടെ ആ ശബ്ദവും നിലച്ചു.

എന്നാൽ പ്രളയസമയത്ത് കാസർകോട്ടുകാർ സഹായ വണ്ടിയുമായി തെക്കോട്ടോടി. കാസർകോട്ടുകാർ ആരാണെന്നും അവരുടെ മനുഷ്യ സ്നേഹം എന്താണെന്നും തെളിയിക്കപ്പെട്ട ദിനങ്ങളായിരുന്നു അത്. കൊറോണയുടെ വരവ് കാസർകോട്ടുകാർക്കൊരു പാഠം നൽകി. എന്താണ് ജില്ലയുടെ ആരോഗ്യ മേഖലയുടെ അവസ്ഥയെന്ന് തെളിയിക്കപ്പെട്ടു.

അതിർത്തി അടഞ്ഞപ്പോൾ നടുറോഡിൽ നമ്മുടെ സഹോദരങ്ങൾ പിടഞ്ഞു മരിച്ചപ്പോഴാണ് കാസർകോട്ടുകാരുടെ മനസിന് ആഘാതമേറ്റത്. എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടു പോയ നാളുകൾ. വേണം കാസർകോട്ടുകാർക്കൊരു മെച്ചപ്പെട്ട ആരോഗ്യ സ്ഥാപനമെന്ന ചിന്ത വീണ്ടും മുളച്ചു. കേരളത്തിനു ലഭിക്കേണ്ട എയിംസ് കാസർകോടിന് അനുവദിക്കണമെന്ന ആവശ്യത്തിന് വീണ്ടും ചിറകു വിരിച്ചു. പി പി കെ പൊതുവാൾ ചെയർമാനും രാജേന്ദ്രൻ കോളിക്കര കൺവീനറുമായ വാട്സാപ് കൂട്ടങ്ങൾ പ്രചരണ രംഗത്ത് സജീവമായി.

കൊറോണയ്ക്ക് അയവ് വന്നപ്പോൾ കമ്മിറ്റി പുന:സംഘടിപ്പിക്കുകയായിരുന്നു. കെ ജെ സജി (ചെയർമാൻ) ഫറീന കോട്ടപ്പുറം (ജനറൽ കൺവീനർ) നേതൃത്വം വഹിക്കുന്ന എയിംസ് ജനകീയ കൂട്ടായ്മ കാസർകോടുകാരെ തെരുവിലിറക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഉത്തരവാദിത്വമുള്ള രാഷ്ടീയ നേതൃത്വങ്ങളും ജനപ്രതിനിധികളും നിശ്ശബ്ദരാകുമ്പോൾ അതല്ലാതെ വേറെ വഴിയില്ല.

വിഷം പൊള്ളിച്ച മണ്ണിൽ കുടിലുകളിലേക്ക് കയറിച്ചെന്ന് കണ്ണുകൾക്ക് സഹനമുണ്ടെങ്കിൽ ചോദിക്കും കാസർകോടല്ലാതെ പിന്നെ എവിടെയാണ് എയിംസ് സ്ഥാപിക്കേണ്ടത് ?. ഒരു ന്യൂറോളജിസ്റ്റു പോലുമില്ലാത്ത ജില്ല, എൻഡോസൾഫാൻ നിർമ്മിച്ച രോഗാതുരത മുലം ദുരിതം പേറുന്ന പതിനായിരങ്ങൾ, രോഗമെന്തറിയാതെ പകച്ചു നിൽക്കുന്ന വൈദ്യ ശാസ്ത്ര സമൂഹം. കാസർകോടിന്റെ മുറിവ് കേരളത്തിന്റെതാണെന്ന് വിളിച്ചു പറയുന്ന രാഷ്ടീയ നേതൃത്വങ്ങൾ. എന്നിട്ടുമെന്തേ എയിംസ് വേണമെന്നു പറയാൻ ഇവർക്ക് മടി?.

ഇവർ ആരെയാണ് ഭയപ്പെടുന്നത് ? എന്തോ ചീഞ്ഞുനാറുന്നതു പോലെ. കൊടിയുടെ നിറം നോക്കാതെ ഇറങ്ങാൻ ആരാണ് തടസ്സം?. കോഴിക്കോടിനു വേണ്ടി പറയാൻ മുഖ്യമന്ത്രിയടക്കം മുൻ നിരയിലുണ്ട്. കോഴിക്കോടിന്റെ ആരോഗ്യ മേഖല എത്ര മാത്രം സമ്പന്നമാണെന്ന് അറിയാത്തതല്ല. എന്നിട്ടും കാസർകോടിന്റെ പ്രൊപ്പോസൽ നൽകാൻ മടി കാണിക്കുമ്പോൾ കാസർകോടെന്തേ കേരളത്തിലല്ലേ എന്ന് ചോദിക്കാൻ നാട്ടുകാർ മുന്നോട്ടു വരണം.

തോറ്റോടിയ ജനത എന്ന് ചരിത്രം വിലയിരുത്താൻ ഇടവരരുത് .അവകാശങ്ങൾക്കു വേണ്ടി അഭിപ്രായങ്ങൾ ഏതുമാവട്ടെ ഐക്യത്തിന്റ മതിലുകൾ തീർക്കാം. നമ്മളെ രക്ഷിക്കാനാരുമില്ല, നമ്മൾ മാത്രം. കാസർകോട്

ജാഥകൾ തുടങ്ങാനുള്ള കേന്ദ്രം മാത്രമല്ലാന്ന് തെളിയിച്ചു കൊടുക്കണം.കാസർകോട്ടുകാർ ഒന്നിനും കൊള്ളാത്തവരെന്ന 'തെക്കിന്റെ' മനോഭാവം തിരുത്തണം. കാസർകോട്ടുകാർക്ക് അതിനു കഴിയണം.

എയിംസിനു വേണ്ടിയെങ്കിലും നമുക്കൊന്നിക്കാം. ഈയൊരു സന്ദർഭം ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ നടക്കില്ല. 2021 നവംബർ 17 ന് കാസർകോട് നടക്കുന്ന ബഹുജന റാലി ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കാൻ വഴിയൊരുക്കണം. കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്നാണ് പറയാറ്. ശബ്ദങ്ങൾ ഉയരട്ടെ, പോരാട്ടങ്ങളും.


Keywords: Kasaragod, Kerala, Article, Medical College, Science, Government, District, Development project, Kasaragod is waiting for AIIMS.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia