കാസർകോട് രാഷ്ട്രീയ കാറ്റ് എങ്ങോട്ട്? തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നേർചിത്രം ഇതാ
● മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും എകെഎം അഷ്റഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്.
● കാസർകോട് മണ്ഡലത്തിൽ യുഡിഎഫിന് വ്യക്തമായ ആധിപത്യം; ബിജെപിയിൽ അസ്വാരസ്യം പ്രകടം.
● കാഞ്ഞങ്ങാട് ചുവപ്പുകോട്ടയായി തന്നെ നിലനിൽക്കുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.
നിസാർ പെറുവാട്
കാസർകോട്: (KasargodVartha) നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം കൊടുമ്പിരികൊള്ളുമ്പോൾ കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും രാഷ്ട്രീയ പോരാട്ടം മുറുകുകയാണ്. ആദ്യഘട്ടത്തിൽ എൽഡിഎഫിനും യുഡിഎഫിനും സുരക്ഷിതമെന്ന് തോന്നിപ്പിച്ച പല സീറ്റുകളിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും പ്രചാരണത്തിൻ്റെ ഓരോ ഘട്ടങ്ങൾ പിന്നിടുമ്പോഴും ചിത്രം മാറിമറിഞ്ഞിരിക്കുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ പരിശോധിക്കാം.

തൃക്കരിപ്പൂർ: ചെങ്കോട്ടയിൽ വിള്ളൽ വീഴ്ത്താൻ സന്ദീപ് വാര്യർ
നാളിതുവരെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് തൃക്കരിപ്പൂർ മണ്ഡലത്തിനുള്ളത്. ഇ.കെ. നായനാരെയും ഇ.എം.എസ്സിനെയും നിയമസഭയിലെത്തിച്ച പാരമ്പര്യമുള്ള ഈ മണ്ഡലം ഇത്തവണ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി നാട്ടുകാരനും ജനകീയനുമായ ഡോ. വിപിപി മുസ്തഫ എത്തിയപ്പോൾ, യുഡിഎഫ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെ ഇറക്കി അപ്രതീക്ഷിത നീക്കം നടത്തി.

സന്ദീപ് വാര്യരുടെ വരവ് യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഒരു 'സെലിബ്രിറ്റി' പരിവേഷമുള്ള സന്ദീപിന് യുവ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ കയ്യൂർ ചീമേനി, പിലിക്കോട് തുടങ്ങിയ ഇടതുപക്ഷ കോട്ടകളിൽ ഈ ഓളം എത്രത്തോളം വോട്ടായി മാറുമെന്നത് കണ്ടറിയണം. കഴിഞ്ഞ തവണ എജിസി ബഷീറിനെപ്പോലെയുള്ള ജനകീയ നേതാക്കളെ പരിഗണിക്കാതെ യുഡിഎഫ് നടത്തിയ പരീക്ഷണങ്ങൾ പരാജയപ്പെട്ട ചരിത്രവും ഇവിടെയുണ്ട്.
ഉദുമ: യുഡിഎഫിന്റെ പടിയിൽ കലമുടച്ച പോരാട്ടം
യുഡിഎഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമായിരുന്നു ഉദുമ. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ അവിടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കെപി കുഞ്ഞിക്കണ്ണനും എൻകെ ബാലകൃഷ്ണനും ജയിച്ചു വന്ന ചരിത്രമുള്ള ഉദുമയിൽ, ഇത്തവണ ഒരു 'ഇൻസ്പയറിംഗ്' സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ചെമ്മനാട്, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിൽ യുഡിഎഫിന് നല്ല സ്വാധീനമുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ തിരിച്ചടിയാവുകയാണ്. ഈ സാഹചര്യം സിഎച്ച് കുഞ്ഞമ്പുവിന് കാര്യങ്ങൾ എളുപ്പമാക്കുന്നു. ഒരു 'ഈസി വാക്കോവർ' വിജയമാണ് എൽഡിഎഫ് ഇവിടെ പ്രതീക്ഷിക്കുന്നത്.

മഞ്ചേശ്വരം: പടക്കുതിരയും യുവത്വവും തമ്മിലുള്ള അങ്കം
ബിജെപിയും യുഡിഎഫും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിലെ അപൂർവ്വം മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. ഇത്തവണ മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കെ. സുരേന്ദ്രനെ നിസ്സാരനായി കാണാൻ കഴിയില്ല. വലിയ പ്രതീക്ഷയാണ് സുരേന്ദ്രൻ ഇവിടെ വെച്ചുപുലർത്തുന്നത്. എന്നാൽ എകെഎം അഷ്റഫിന്റെ കർമ്മകുശലതയും മണ്ഡലത്തിൽ പുതുതായി ചേർത്ത വോട്ടർമാരുടെ എണ്ണവും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതത്തിൽ ഉണ്ടായ അഞ്ച് ശതമാനത്തിന്റെ ഇടിവ് അവരുടെ സ്വാധീനം കുറയുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

കാസർകോട്: സുരക്ഷിതമായി യുഡിഎഫ്; ബിജെപിയിൽ അസ്വാരസ്യം
യുഡിഎഫിന്റെ ഉറച്ച സീറ്റായ കാസർകോട് മണ്ഡലത്തിൽ കല്ലട്ര മാഹിൻ ഹാജി സുരക്ഷിതനായി തുടരുന്നു. ആദ്യഘട്ടത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും പാർട്ടിയുടെ ശക്തമായ സംഘടനാ സംവിധാനം മാഹിൻ ഹാജിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നാണ് വിലയിരുത്തൽ. മറുവശത്ത്, ബിജെപി സ്ഥാനാർത്ഥി അശ്വിനിയും മുൻ സ്ഥാനാർത്ഥി ശ്രീകാന്തും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ യുഡിഎഫിന് കാര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നു. ജില്ലാ പ്രസിഡന്റുമാർ നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും കാസർകോട് മണ്ഡലത്തിനുണ്ട്. പ്രചാരണത്തിൽ മാഹിൻ ഹാജിയും എംഎൽ അശ്വിനിയും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരും ഇഞ്ചോടിച്ച് പോരാട്ടമാണ് നടത്തുന്നത്.

കാഞ്ഞങ്ങാട്: ഇടതുപക്ഷത്തിന് കുലുക്കമില്ല
കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ബഹുദൂരം മുന്നിലാണെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1977 മുതൽ 1987-ൽ എൻ. മനോഹരൻ മാസ്റ്റർ വിജയിച്ചതൊഴിച്ചാൽ സിപിഐ സ്ഥാനാർത്ഥികൾ മാത്രം ജയിച്ച മണ്ഡലമാണിത്. ഇത്തവണയും ആ ചരിത്രം ആവർത്തിക്കാനാണ് സാധ്യത.

ജില്ലയിലെ രാഷ്ട്രീയ യാഥാർത്ഥ്യം
വാർത്താമാധ്യമങ്ങൾ ത്രികോണമത്സരം എന്ന് വിശേഷിപ്പിക്കുമെങ്കിലും കാസർകോട് ജില്ലയിൽ യഥാർത്ഥത്തിൽ നടക്കുന്നത് നേരിട്ടുള്ള പോരാട്ടങ്ങളാണ്. മഞ്ചേശ്വരത്തും കാസർകോട്ടും യുഡിഎഫും (ലീഗ്) ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ഇവിടെ എൽഡിഎഫ് ചിത്രം വളരെ ദൂരെയുള്ള മൂന്നാം സ്ഥാനത്താണ്. എന്നാൽ തൃക്കരിപ്പൂർ, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ഈ മൂന്നിടത്തും ബിജെപി വളരെ പിന്നിലാണ്.
കാസർകോട് ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്. നിങ്ങളുടെ മണ്ഡലത്തിലെ രാഷ്ട്രീയ വിശേഷങ്ങൾ അറിയാൻ ഈ വാർത്ത സുഹൃത്തുക്കൾക്കും വോട്ടർമാർക്കും ഷെയർ ചെയ്യൂ. 📢 ജില്ലയിലെ തിരഞ്ഞെടുപ്പ് വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക.
Article Summary: Comprehensive political analysis of Kasaragod's five assembly seats in 2026.
#KasaragodElection #KeralaPolitics2026 #UDF #LDF #BJP #AssemblyElection






