പുസ്തകപരിചയം: ജീവിതത്തിന്റെ പച്ചമണം പടർത്തി 'ജലാലാബാദിലെ നക്ഷത്രങ്ങൾ'
● ഡോ. അംബികാസുതൻ മാങ്ങാടാണ് പുസ്തകം പരിചയപ്പെടുത്തിയത്.
● 'ജലാലാബാദിലെ നക്ഷത്രങ്ങൾ' എന്ന കഥ അജ്മീറിനെ പശ്ചാത്തലമാക്കുന്നു.
● 'അമേലിയ', 'എത്ത ഇഴമുറിയുമ്പോൾ' എന്നിവ പ്രധാന കഥകൾ.
● കാസർകോട് പടന്നക്കടപ്പുറം സ്വദേശിനിയാണ് മൈസൂന ഹാനി.
പുസ്തക പരിചയം/ ഹമീദ് കാവിൽ
(KasargodVartha) അധ്യാപികയായ മൈസൂന ഹാനി എഴുതിയ 'ജലാലാബാദിലെ നക്ഷത്രങ്ങൾ' എന്ന കഥാസമാഹാരം ജീവിതത്തിന്റെ പച്ചമണം പടർത്തുന്ന പത്ത് കഥകളായാണ് വായനക്കാർക്ക് സമർപ്പിക്കപ്പെടുന്നത്. ഫേസ്ബുക്ക് സൗഹൃദങ്ങളിലൂടെയാണ് ഈ പുസ്തകം ലഭിച്ചത്. അനുഭവത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ അധ്യായമാകുന്ന കഥകളാണ് 'ജലാലാബാദിലെ നക്ഷത്രങ്ങൾ' എന്ന പുസ്തകത്തിലുള്ളത്.
സാധാരണക്കാർ കടന്നുപോകുന്ന, ജീവിച്ചുപോരുന്ന ചുറ്റുപാടുകളിലൂടെ നമ്മെ കൂടെ നടത്താൻ കഥാകാരിക്ക് കഴിയുന്നു എന്നതാണ് എഴുത്തുകാരി മൈസൂന ഹാനിയുടെ വിജയം. 'രണ്ട് വാക്കുകളെ കവികൾ കൂട്ടിത്തുന്നമ്പോൾ മൂന്നാമതൊരു വാക്കല്ല, നക്ഷത്രമാണുണ്ടാക്കുന്നതെന്ന്' ആംഗലേയ കവി ബ്രൗണിങ് പറഞ്ഞത് ഓർമിച്ചുകൊണ്ടാണ് ഡോ. അംബികാസുതൻ മാങ്ങാട് പുസ്തകത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്. പുസ്തകത്തിന്റെ പേര് പോലെ തന്നെ, 'ജലാലാബാദിലെ നക്ഷത്രങ്ങൾ' എന്ന കഥയുടെ ഇതിവൃത്തം അജ്മീറിലെ തീർത്ഥാടന കേന്ദ്രവും സൂഫി സംഗീതം അലയടിക്കുന്ന ഇടങ്ങളും, കുന്തിരിക്കം പുകച്ച് മഞ്ഞ് പോലെ മൂടിക്കെട്ടിയ അന്തരീക്ഷവും, അതിന്റെ പരിസരത്തെ ജീവിതവും നമുക്ക് കാട്ടിത്തരുന്നു.
ഓരോ കഥയും വ്യത്യസ്തമായ വായനാനുഭവങ്ങളാണ് നമുക്ക് നൽകുന്നത്. 'അമേലിയ', 'എത്ത ഇഴമുറിയുമ്പോൾ' എന്നിങ്ങനെ പത്തോളം കഥകൾ ഈ പുസ്തകത്തെ അലങ്കരിക്കുന്നുണ്ട്. കേരളത്തിന്റെ സാഹിത്യഭൂപടത്തിൽ വടക്കേ മലബാറിൽ നിന്ന് ഇടം കണ്ടെത്തിയ കഥാകൃത്ത് മൈസൂന ഹാനിയുടെ കഥകൾ മലയാള ഭാഷയുടെ കഥാലോകത്ത് ഇനിയും ഏറെ ചർച്ച ചെയ്യപ്പെടാനും അംഗീകാരങ്ങൾ ലഭിക്കാനും മാത്രം ശക്തമാണ്. കാസർകോട് ജില്ലയിലെ പടന്നക്കടപ്പുറം സ്വദേശിനിയായ മൈസൂന ഹനി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതാറുണ്ട്.
'ജലാലാബാദിലെ നക്ഷത്രങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: 'Jalalabadiile Nakshatrangal' by Maisoona Hani captures real-life stories.
#MalayalamLiterature #BookReview #ShortStories #MaisoonaHani #Kasargod #Literature






