city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസ്രോട്ടെ പുള്ളറും പത്തനംതിട്ടയിലെ ആണുങ്ങളും

സമീര്‍ ഹസന്‍

മാര്‍ച്ച് മാസത്തിന്റെ ആദ്യവാരം കാസര്‍കോട് പ്രദേശത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് ലോക്‌സഭാ തിരഞ്ഞെടുപ്പല്ല, ഒരു പാട്ടായിരുന്നു.

ചേലുള്ള ചെക്കമ്മാറെ കണ്ടിനാ....,കണ്ടിറ്റാങ്ക് ബാ..... എന്ന് തുടങ്ങുന്നതും പ്രാദേശികമായ വ്യത്യാസങ്ങളോടെ ഹിറ്റായതുമായ ഒരു പുള്ളറ് പാട്ട്. കാസര്‍കോട് ജില്ലയും കടന്ന് മാഹി പാലത്തിലൂടെ തലശ്ശേരി വഴി കണ്ണൂരിലേക്കും പിന്നെ വിമാനം കയറി ഗള്‍ഫ് നാടുകളിലേക്കും എത്തിയ പാട്ട് ഇപ്പോള്‍ ഏതാണ്ട് പാടിത്തളര്‍ന്ന നിലയിലാണ്. പാട്ടിന്റെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തുകയും പാട്ടുകാരന്‍ പയ്യനെ പലരും മത്സരിച്ച് അനുമോദിക്കുകയും ചെയ്തത് പോയ വാരത്തിലായിരുന്നു. ഏതാണ്ട് ഇതേസമയത്ത് തന്നെയാണ് നമ്മുടെ രാജ്യത്ത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടന്നത്. അതിന്റെ അലയൊലികള്‍ കാസര്‍കോട്ടും മുഴങ്ങിക്കൊണ്ടിരിക്കുന്നു.

കാസ്രോട്ടെ പുള്ളറും പത്തനംതിട്ടയിലെ ആണുങ്ങളും

ഇതിനൊക്കെ ഉപരി കാസര്‍കോടിന് വന്‍ നഷ്ടമെന്ന് പറയാവുന്ന ഒരു സംഭവവും മാര്‍ച്ച് ആദ്യത്തില്‍ സംഭവിച്ചു. കാസര്‍കോട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ലോ കോളജ് പത്തനംതിട്ടയിലേക്ക് മാറ്റിയ സംഭവമായിരുന്നു അത്. പാട്ടിന്റെ അവകാശികള്‍ കാസര്‍കോട്ടുകാരോ, കണ്ണൂരുകാരോ എന്ന തര്‍ക്കം നിലനില്‍ക്കുന്നതിനിടെ തന്നെയായിരുന്നു ആ സംഭവവും. കാസര്‍കോടിന് ലോ കോളജ് നഷ്ടമായ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായെങ്കിലും അത് ഏറ്റു പിടിക്കാനോ പ്രതിഷേധം നടത്താനോ കോളേജിന് വേണ്ടി ശബ്ദമുയര്‍ത്താനോ കാര്യമായി ആരും രംഗത്ത് വന്നില്ല എന്നതാണ് വാസ്തവം. ചുരുക്കത്തില്‍ കടക്ക് പുള്ളറെ പാട്ടിനുള്ള പ്രാധാന്യം ലോ കോളെജിന് നമ്മുടെ വിദ്യാര്‍ത്ഥി സമൂഹമോ യുവ തലമുറയോ കല്‍പ്പിച്ചില്ല എന്നതാണ് സത്യം.

നാടിന്റെ മര്‍മ്മപ്രധാനമായ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിച്ച് നില്‍ക്കുന്ന ഗുരുതരമായ ഒരുതരം നിസ്സംഗതയാണ് ഇവിടെ പ്രതിഫലിച്ചത്. ജില്ലയുടെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു ലോ കോളെജ്. അത് വളരെ തന്ത്രപൂര്‍വ്വമാണ് പത്തനംതിട്ടയിലെ 'ആണുങ്ങള്‍' ഇവിടെ നിന്ന് അങ്ങോട്ടേക്ക് വലിച്ചത്. ഇവിടെ ചേലുള്ളവരും ഉസ്സാറുള്ളവരുമായ കടക്ക് പുള്ളമ്മാര്‍ ഉണ്ടായിരിക്കുമ്പോഴാണ് പത്തനംതിട്ടക്കാര്‍ ഒരു ബഹളവും വെയ്ക്കാതെ കോളെജ് ഒപ്പിച്ചെടുത്തത്. ഇതാണ് നമ്മുടെ കടക്കും പത്തനംതിട്ടക്കാരുടെ ഉസ്സാറും. പത്തനംതിട്ടക്കാര്‍ കോളജ് അടിച്ച് മാറ്റിയപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചിലരെങ്കിലും ഷെയര്‍ ചെയ്തിരുന്നു. ആ പോസ്റ്റുകളുടെ ഷെയറിന്റെയും ലൈക്കിന്റെയും എണ്ണം വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു. ഇതില്‍നിന്ന് വേണം ഇത്തരം കാര്യങ്ങളിലുള്ള നമ്മുടെ ആവേശത്തെ അളന്നുനോക്കാന്‍.

കോളെജിന്റെ കാര്യം മാത്രമല്ല കാസര്‍കോടിന് അര്‍ഹതപ്പെട്ട പല സംഗതികളും അവസാന ഘട്ടത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുന്ന എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ മേലാളന്‍മാരും മന്ത്രി പുംഗവന്‍മാരും പണച്ചാക്കുകളും ഏറെ ഉള്ളപ്പോഴാണ് ഈ സ്ഥിതി എന്ന് കൂടി ഓര്‍ക്കണം. ഓരോ തിരഞ്ഞെടുപ്പും വാഗ്ദാന പെരുമഴയിലൂടെയാണ് ഈ നാട്ടില്‍ കടന്ന് പോകുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ വോട്ട് നേടിയ ആള്‍ ജയിക്കുന്നു എന്നല്ലാതെ ഇവിടെ മറ്റൊന്നും സംഭവിക്കുന്നില്ല. വേനല്‍ക്കാലത്ത് കാസര്‍കോട്ടുകാര്‍ പാപമൊന്നും ചെയ്യാതെ തന്നെ ഉപ്പുവെള്ളം കുടിക്കുകയും ചെയ്യുന്നു.

എടുത്ത് പറയാന്‍ പറ്റുന്നതും, പത്ത് പേര്‍ക്ക് ഒന്നിച്ച് ജോലി ചെയ്യാന്‍ പറ്റുന്നതുമായ ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമേ കാസര്‍കോട്ടുളളൂ. നീണ്ട കടല്‍ തീരവും ദേശീയ പാതയുടെ സാന്നിദ്ധ്യവും മംഗലാപുരം വിമാനത്താവളത്തിന്റെ സാമീപ്യവും ഭൂമിയുടെ ലഭ്യതയും വേണ്ടത്രയുണ്ടായിട്ടും കൊള്ളാവുന്ന ഒരു വ്യവസായ സംരംഭവും ഈ വടക്കന്‍ ജില്ലയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല. ഇവിടെ മാറി മാറി ഭരിച്ച മുന്നണികളും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച ആളുകളുടെ കഴിവ് കേടുമാണ് ഇത് എടുത്ത് കാണിക്കുന്നത്. വര്‍ഗീയ കുഴപ്പങ്ങളും അസ്വാസ്ഥ്യവും സൃഷ്ടിച്ച് നാട്ടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവണതകള്‍ക്ക് ഇവിടെ യാതൊരു പഞ്ഞവുമില്ല. ഇത്തരക്കാര്‍ക്ക് ജില്ലയില്‍ വികസനം വേണമെന്നോ, കുടിവെള്ളം വേണമെന്നോ പറയാന്‍ കഴിയുകയില്ല. അത്തരക്കാര്‍ക്ക് ലോ കോളേജ് നഷ്ടപ്പെട്ടാല്‍ എന്താണ് ചേതം!

അനാരോഗ്യകരമായ പ്രവണതകളുടെ പേരില്‍ മത്സരിക്കുകയും കൊമ്പ് കോര്‍ക്കുകയും വീറോടെ വാദിക്കുകയും ചെയ്യുന്നവര്‍ നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും താല്‍പര്യം എടുക്കണമെന്നാണ് ഇവിടെ ആവശ്യപ്പെടുന്നത്. മര്‍മ്മപ്രധാനമായ ആവശ്യങ്ങളില്‍ നമ്മുടെ കര്‍ത്തവ്യവും ഉത്തരവാദിത്വവും നിറവേറ്റിയില്ലെങ്കില്‍ നമ്മള്‍ എപ്പോഴും പിന്നോക്ക ജില്ലയായി പിന്തള്ളപ്പെട്ടു പോവുകയും നമ്മള്‍ സ്ഥിരം കരയുന്നവരായും മാറിക്കൊണ്ടിരിക്കുകയും ചെയ്യും എന്ന കാര്യവും ഇവിടെ ഓര്‍മ്മപ്പെടുത്തട്ടെ. അനാരോഗ്യകരമായ കാര്യങ്ങളില്‍ കാട്ടുന്ന മാത്സര്യബുദ്ധി നാടിന്റെയും സമൂഹത്തിന്റെയും കാര്യങ്ങളിലും കൂടി കാട്ടണമെന്ന് ഇവിടെ അഭ്യര്‍ത്ഥിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related: 

ഷാഹിദിന്റെ പുള്ളറ് പാട്ടും പൊല്ലാപ്പും
ഒടുവില്‍ മാഹീലെ പെണ്ണുള്ളര്‍ സമ്മതിച്ചു; പാട്ടിന്റെ ക്രെഡിറ്റ് കാസര്‍കോട്ടുകാര്‍ക്ക് തന്നെ
കാസ്രോട്ടെ പെണ്ണുള്ളര്‍ പാടി; മാഹിയിലെ പെണ്ണുങ്ങള്‍ ഏറ്റെടുത്തു; ആഷിഖ് അബു സിനിമയാക്കുന്നു


Keywords:  Article, Kasaragod, Pathanamthitta, Whatsapp,, Law college, College, Employment Law, Social networks, Interest for two things  

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia