ഇന്ദിരാ ഗാന്ധി: രാജ്യത്തിന്റെ ഹൃദയമിടിപ്പ് നിലച്ച ആ ദിനം; 41-ാം രക്തസാക്ഷിത്വ ദിന സ്മരണയിൽ
● ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്ദിരാജി വെറും ഒരു അധ്യായമല്ല, മറിച്ച് ഒരു കാലഘട്ടമാണ്.
● 1984 ഒക്ടോബർ 31-ലെ അവരുടെ മരണം ഒരു കാലഘട്ടത്തിൻ്റെ നിശ്ശബ്ദമായ ഉയർച്ചയുടെ താളം മാറ്റിമറിച്ചു.
● 'ഞാൻ മരിച്ചാലും, എൻ്റെ രക്തത്തിൻ്റെ ഓരോ തുള്ളിയും ഈ മണ്ണിൽ ഇന്ത്യയെ ജീവിച്ചിരിപ്പിക്കും,' എന്ന് അവർ പറഞ്ഞിട്ടുണ്ട്.
● ബാങ്ക് ദേശീയവൽക്കരണം, ബംഗ്ലാദേശ് വിമോചനം, 'ഗരീബി ഹഠാവോ' എന്നിവ അവരെ 'അയൺ ലേഡി'യാക്കി.
ഹമീദ് കാവിൽ
(KasargodVartha) ഒക്ടോബർ 31, മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനി ഗാന്ധിയുടെ 41-ാമത് രക്തസാക്ഷിത്വ ദിനമാണ്. ഉറച്ച കണ്ണുകളുള്ള ധീരവനിത എന്ന നിലയിലും രാജ്യത്തിന്റെ വിധി നിർണ്ണയിക്കുന്ന വേദികളിൽ ആത്മവിശ്വാസത്തോടെ നിലകൊണ്ട രൂപമായും ഇന്ദിരാ ഗാന്ധി ഓരോ ഭാരതീയന്റെ മനസ്സിലും ദൃശ്യമാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ വെറും ഒരു അധ്യായമല്ല ഇന്ദിരാജി; മറിച്ച്, ഒരു കാലഘട്ടം മുഴുവൻ അവരുടെ കൈയൊപ്പിനാലാണ് എഴുതപ്പെട്ടത്.
1984 ഒക്ടോബർ 31-ന് അവരുടെ ഹൃദയത്തിലേക്ക് വെടിയേറ്റപ്പോൾ, അത് ഒരു വ്യക്തിയുടെ മരണമായിരുന്നില്ല. അതൊരു കാലഘട്ടത്തിന്റെ നിശ്ശബ്ദമായ ഉയർച്ചയുടെ താളം മാറ്റിമറിച്ച ദിനമായിരുന്നു. എന്നാൽ അവരുടെ രക്തം വീണ മണ്ണ്, ഈ നാടിന്റെ ഭാവിയിൽ ധൈര്യത്തിന്റെ വിത്തുകൾ പാകി.
ഇന്ദിരാജി പറഞ്ഞ പ്പോലെ, ‘ഞാൻ മരിച്ചാലും, എന്റെ രക്തത്തിന്റെ ഓരോ തുള്ളിയും ഈ മണ്ണിൽ ഇന്ത്യയെ ജീവിച്ചിരിപ്പിക്കും.’ അവരുടെ അവസാനത്തെ ആ വാക്കുകൾ ഇന്നും ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ യശസ്സ് പ്രതിഫലിക്കുന്നു. പുലരിയുടെ മഞ്ഞിലും കർഷകന്റെ നെറ്റിത്തിളക്കത്തിലും, സ്ത്രീയുടെ ആത്മവിശ്വാസത്തിലും, സൈനികന്റെ പ്രതിജ്ഞയിലും ഇന്ദിരാജിയുടെ ഓർമ്മകൾ ജീവിക്കുന്നു.

ഇന്ദിരാ ഗാന്ധി ഒരു രാഷ്ട്രീയ നേതാവിനപ്പുറം, ഒരു വികാരമായിരുന്നു. അവരുടെ മുഖത്ത് ഒരു അമ്മയുടെ വാത്സല്യവും കരുത്തും ഒരു യോദ്ധാവിന്റെ ആത്മവീര്യവും കാണാമായിരുന്നു. ബാങ്ക് ദേശീയവൽക്കരണത്തിന്റെ ധൈര്യവും, ബംഗ്ലാദേശ് വിമോചനത്തിന്റെ ഉറച്ച തീരുമാനവും, ദാരിദ്ര്യനിവാരണത്തിനായുള്ള 'ഗരീബി ഹഠാവോ'യുടെ ജനാധിപത്യ സ്വപ്നവും അവരെ 'അയൺ ലേഡി'യായി ലോകം നെഞ്ചിലേറ്റിയിരുന്നു. അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്, ധൈര്യം സ്ത്രീസുലഭതയുടെ വിരുദ്ധമല്ല, മറിച്ച് അതിന്റെ ആഴത്തിലുള്ള രൂപമാണ് എന്നാണ്.
ഒക്ടോബർ 31, നാല്പത്തിയൊന്നാം രക്തസാക്ഷിത്വ ദിനത്തിൽ, രാജ്യത്തിനായി ജീവിച്ചവരുടെ ആത്മസ്മരണയിൽ ലോകം ഇന്ദിരാജിയെ ഓർക്കുന്നു. നാം അവരെ ഓർക്കുമ്പോൾ, അത് രാഷ്ട്രീയമെന്ന പരിധിയിൽ മാത്രമല്ല, ആത്മാർത്ഥതയുടെ പാഠമായി കൂടി എഴുതിച്ചേർക്കുന്നു.
ഇന്ദിരാജിയുടെ ജീവിതം പറഞ്ഞുതരുന്ന സന്ദേശം ഇതാണ്: ‘ജനസേവനം ഒരുദിനം തീരുന്ന ജോലി അല്ല; അത് ജീവന്റെ ദീപമായി പകരേണ്ട ഉത്തരവാദിത്വമാണ്.’
ഇന്ദിരാജി ഇല്ലെങ്കിലും, അവരുടെ സ്വപ്നം ഇപ്പോഴും ഇന്ത്യയുടെ മണ്ണിൽ വെളിച്ചം വീശുന്നു – സ്വാഭിമാനത്തിന്റെയും സഹിഷ്ണുതയുടെയും സ്ത്രീശക്തിയുടെയും വഴികളിലൂടെ ഇന്ദിരാജിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും.
അവർ രക്തമായി മണ്ണിൽ വീണെങ്കിലും, അവർ ഒരാശയമായി ആകാശത്തോളം ഉയർന്നു നിൽക്കുന്നു. ഇന്ദിരാജിയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം.
ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് ഇന്ദിരാജിയുടെ ഓർമ്മകൾക്ക് പ്രണാമം അർപ്പിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Tributes pour in on the 41st martyrdom anniversary of former Prime Minister Indira Gandhi, remembering her as India's 'Iron Lady' and a defining force in the nation's history.
#IndiraGandhi #MartyrdomDay #IronLady #IndianPolitics #October31 #KasargodVartha






