കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍
Apr 11, 2018, 15:36 IST
അനുഭവം-3/ ഇബ്രാഹിം ചെര്‍ക്കള
(www.kasargodvartha.com 11.04.2018) കടന്നു പോകുന്ന ഗ്രാമങ്ങള്‍ അധികവും പാവപ്പെട്ട കര്‍ഷകരുടെ ലോകമാണ്. കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂട്ടമായും ഒറ്റയായും നടന്നു നീങ്ങുന്നു. ചെറിയ വാഹനങ്ങളില്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നവര്‍. ആടുകളേയും പശുക്കളേയും കൂട്ടമായി തെളിച്ചു നടക്കുന്നവര്‍. പാടവും കുന്നും കടന്ന് ഏതോ വനപ്രദേശത്ത് കൂടിയാണ് ബസ് കടന്നു പോകുന്നത്. മരങ്ങളില്‍ നിന്നും ചാടിക്കളിക്കുന്ന കുരങ്ങുകള്‍ കൗതുകത്തോടെ വാഹനങ്ങളെ തുറിച്ചു നോക്കുന്നു. വൈകുന്നേരത്തിന്റെ നിറം മങ്ങിയ വെയില്‍. ബസ് ഒരു ജനവാസ കേന്ദ്രത്തില്‍ എത്തി. ഉറക്കം കഴിഞ്ഞ് ഉണര്‍ന്ന യാത്രക്കാരുടെ മുഖത്ത് ക്ഷീണം. ബസ് ഒരിടത്ത് നിന്നു. ചായ കുടിക്കാന്‍ എല്ലാവരും പുറത്തിറങ്ങി, ചുറ്റും നോക്കി. മറ്റു ചില ബസുകളും പാര്‍ക്ക് ചെയ്തിട്ടുണ്ട്. എല്ലാം ദൂര യാത്രക്കാര്‍ തന്നെ. ഹോട്ടലിലേക്ക് നടന്നു. പുതിയ സുഹൃത്തുക്കളുടെ കൂടെ ഇരുന്നു ചായ കുടിച്ച് ബില്ല് വാങ്ങി പൈസ കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ ശരീഫ് ഒന്ന് തറപ്പിച്ചു നോക്കി, പിന്നെ പറഞ്ഞു. ചിലവുകള്‍ എല്ലാം ഓരോരുത്തരും സ്വന്തമായി നടത്തണം. നിങ്ങള്‍ അങ്ങനെ ഒറ്റയ്ക്ക് കൊടുക്കേണ്ട. പെട്ടെന്ന് ഒരു ഉത്തരവും പറയാതെ ഞാന്‍ നിന്നു. ഇവിടെ എല്ലാവരും അവരവരുടെ കാര്യത്തിന് പോകുന്നവരാണ്. അത് കൊണ്ട് സ്വന്തം കാര്യങ്ങള്‍ നോക്കിയാല്‍ മതി; അതേ ശരിയാകൂ. ശരീഫ് തുടര്‍ന്നു. മറ്റുള്ളവര്‍ മൗന മന്ദഹാസത്തോടെ അതിന് സമ്മതം മൂളി.
കാഴ്ചയില്‍ ചെറുപ്പമാണെങ്കിലും ശരീഫിന്റെ ഓരോ വാക്കിലും പ്രവര്‍ത്തിയിലും നല്ല പക്വത പ്രകടമായിരുന്നു. യാത്ര തുടര്‍ന്നു. സന്ധ്യയോടെ ഇരുട്ട് പ്രകൃതിയെ പുതപ്പിച്ചു. സുഹൃത്തുക്കള്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങി. വിസ നേടാന്‍ സഹിച്ച ബുദ്ധിമുട്ടുകള്‍ ഒരാള്‍ വിവരിച്ചു. ശരീഫ് നാട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിച്ചവനാണ്. ജ്യേഷ്ഠന്റെ സഹായത്തോടെ സംഘടിപ്പിച്ച വിസയാണ്. ഖാലിദിന്റെ ബാപ്പയും ബന്ധുക്കളും സ്വന്തമായി ഗള്‍ഫില്‍ കടയുള്ളവരാണ്. അതുകൊണ്ട് വിസയ്ക്ക് കാര്യമായി ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. മുഹമ്മദ് നാട്ടില്‍ കൂലി വേല ചെയ്തു കഴിയുന്നവനാണ്. ഒരു വലിയ കുടുംബത്തിന്റെ ഭാരം ചുമക്കുന്നവന്‍, പലരുടേയും സഹായത്താലാണ് ഈ യാത്രയ്ക്ക് വഴി തെളിഞ്ഞത്. നാട്ടുകാരനായ ഒരാളുടെ ഹോട്ടലിന്റെ വിസയാണ്. പകുതി പണം നല്‍കി, ജോലി ചെയ്ത് ബാക്കി കടം വീട്ടണം.
എന്റെ വിസയുടെ കാര്യങ്ങളും ഞാന്‍ പറഞ്ഞു. ഒരിക്കലും ഇങ്ങനെയൊരു യാത്ര ആഗ്രഹിച്ചതല്ല. എങ്കിലും സാഹചര്യം. അങ്ങനെ സംഭവിച്ചു. ഇനി എല്ലാം വരുന്നിടത്ത് വെച്ചു കാണാം. എന്നും ജീവിതം ഒരേ മട്ടില്‍ അല്ലല്ലോ. പല നാടുകള്‍. നാട്ടുകാര്‍. സംസ്‌കാരങ്ങള്‍ അങ്ങനെ എല്ലാം പഠിക്കണം. പുതിയ പുതിയ നാടുകളും അവിടുത്തെ ജീവിതങ്ങളും, എല്ലാം കാണാന്‍ ഭാഗ്യം ലഭിക്കുക എന്നത് വലിയ കാര്യമല്ലെ? സംസാരം പല വഴിയായി നീണ്ടു. ബസില്‍ ഹിന്ദി ഗാനത്തിന്റെ അലയടികള്‍ വീണ്ടും ഉണര്‍ന്നു. പിന്നെ കുറെ നേരം ഗാനാസ്വാദനത്തില്‍ ലയിച്ചു. മനസില്‍ തെളിഞ്ഞിരുന്ന ജന്മനാടിന്റെ ഓര്‍മ്മചിത്രങ്ങള്‍. മുഖങ്ങള്‍ എല്ലാം മൂടല്‍ മഞ്ഞില്‍ അകന്നകന്ന് പോകുന്നത് പോലെ...
പ്രകാശ ദീപങ്ങളില്‍ കുളിച്ച ചെറിയ പട്ടണത്തിലെ അലങ്കരിച്ച ഒരു ഹോട്ടലിന് മുന്നില്‍ ഏതാനും ടൂറിസ്റ്റ് വാഹനങ്ങള്‍ക്കരികെ ബസ് പിന്നേയും നിന്നു. രാത്രി ഭക്ഷണത്തിന്റെ സമയമായി. വേഗത്തില്‍ ഇറങ്ങി. നല്ല വിശപ്പ് തോന്നിയില്ലെങ്കിലും എന്തെങ്കിലും കഴിക്കണം. ഇനി രാവിലെ മാത്രമെ അതിന് പറ്റൂ. കൂട്ടുകാരുടെ പിന്നാലെ നടന്നു. ഭക്ഷണം കഴിച്ച് ബില്ല് കൊടുത്തു. അല്‍പസമയം, കൂടെ യാത്ര ചെയ്യുന്ന ചില സഹയാത്രികരുമായി സംസാരിച്ചു. അധികം പേരും ഗള്‍ഫ് നാടുകളിലേയ്ക്ക് യാത്ര പുറപ്പെട്ടവരാണ്. പുതിയ വിസയില്‍ പോകുന്നവരും, വര്‍ഷങ്ങള്‍ പ്രവാസ ജീവിതം നയിച്ച് അവധിയില്‍ വന്ന് മടങ്ങുന്നവരും എല്ലാം ഉണ്ട്. എല്ലാ മുഖങ്ങളിലും പ്രതീക്ഷയുടേയും വേവലാതിയുടേയും നിഴല്‍ ചിത്രങ്ങള്‍.
ബസ് വേഗത കൂട്ടി അതിന്റെ പ്രയാണം തുടര്‍ന്നു. ഏതോ വിരഹ ഗാനത്തിന്റെ താളലയത്തില്‍ അധികം പേരും ഉറക്കത്തിലേയ്ക്ക് വഴുതി. എത്ര ശ്രമിച്ചിട്ടും എന്ത് കൊണ്ടോ ഉറക്കം വന്നില്ല. മനസില്‍ ചിന്തകളുടെ വേലിയേറ്റം. ജന്മ-നാടും സ്വന്തക്കാരും ബന്ധുക്കളും എല്ലാം അകന്നകന്നു പോയി. അവിടെ പുതിയ ലോകത്തിന്റെ സങ്കല്‍പങ്ങള്‍ വിടര്‍ന്നു, അറ്റമില്ലാത്ത ചിന്തകള്‍. ചോദ്യങ്ങള്‍, പുതിയ നാടും നാട്ടുകാരും. പുതിയ കാഴ്ചകള്‍. നല്ലത് മാത്രം സംഭവിക്കാന്‍ മനസ് പ്രാര്‍ത്ഥിച്ചു. അനുഭവങ്ങളുടെ നവലോകത്തിന് മനസ് ദാഹിച്ചു. ഏതോ ആവേശം മനസിനകത്ത് ആനന്ദം നിറഞ്ഞു. കണ്ണുകള്‍ താനെ അടഞ്ഞു. മയക്കത്തിലേയ്ക്ക്... മനോഹരമായ സ്വപ്നങ്ങള്‍ മനസിനെ ശാന്തമാക്കി.
ഏതോ ശബ്ദം കേട്ട് കണ്ണ് തുറന്നു. നേരിയ ഇരുട്ട്. ബസ് നിര്‍ത്തിയിരിക്കുകയാണ്. ചെക്ക് പോസ്റ്റുണ്ട്. വലുതും ചെറുതുമായ വാഹനങ്ങളുടെ നീണ്ട നിര, ദൂരെ വരെ കാണാം. ഓരോ വാഹനവും പരിശോധന കഴിഞ്ഞ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ബസ് ക്ലീനര്‍ രേഖകളുമായി ഇറങ്ങിപ്പോയി. പിന്നെ അല്‍പസമയം കൊണ്ട് മടങ്ങി വന്നു. ബസ് വലിയ പാലം കടക്കുകയാണ്. കാഴ്ചകള്‍ക്കും ഗന്ധങ്ങള്‍ക്കും മാറ്റം വന്നു. നല്ല വേഗതയിലാണ്. മുംബൈയില്‍ എത്തിയിരിക്കുന്നു. അടുത്തിരുന്ന ആള്‍ പറഞ്ഞു. ഉയര്‍ന്ന കെട്ടിടങ്ങള്‍ നേരിയ ഇരുട്ടില്‍ തെളിഞ്ഞു തെളിഞ്ഞു വന്നു. തെരുവ് ഉണര്‍ന്നിട്ടില്ല. അമ്പലങ്ങളില്‍ നിന്ന് ഉയരുന്ന മണിയൊച്ചകളും ഭക്തി സാന്ദ്രങ്ങളായ കീര്‍ത്തനങ്ങളും.
സൂര്യപ്രകാശം തെളിഞ്ഞു തുടങ്ങി. വീതിയേറിയ റോഡുകള്‍ക്ക് ഇരുവശത്തും തിങ്ങി നിറഞ്ഞ ജനം. കെട്ടിടങ്ങള്‍, വാഹനങ്ങള്‍. ഓടയില്‍ നിന്നും മാലിന്യകൂമ്പാരങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ദുര്‍ഗ്ഗന്ധം പട്ടണത്തിന്റെ സ്വഭാവം വെളിപ്പെടുത്തി. പെട്ടിക്കടകളും തെരുവില്‍ ജീവിക്കുന്നവരും ഉണരുകയാണ്. ജീവിതത്തിന്റെ കറുപ്പും വെളുപ്പും എല്ലാം ഈ തെരുവില്‍ തന്നെ അവസാനിപ്പിക്കപ്പെടുന്ന വലിയൊരു ജന സഞ്ചയം കണ്‍മുന്നില്‍ തെളിഞ്ഞു. പ്രഭാതകൃത്യങ്ങള്‍ റോഡരികില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നിര്‍വ്വഹിക്കുന്നത് കണ്ടപ്പോള്‍ അറപ്പും വെറുപ്പും മനസില്‍ നിറഞ്ഞു. ഇന്ത്യയുടെ മഹാനഗരങ്ങളെക്കുറിച്ച് വായനയില്‍ മാത്രം അറിഞ്ഞ ഒരു സത്യം നേരില്‍ അനുഭവപ്പെടുമ്പോള്‍ ചിന്തകളില്‍ അപസ്വരങ്ങളുയര്‍ന്നു. മണി മന്ദിരങ്ങളില്‍ മയങ്ങുന്ന ചെറിയ ശതമാനം... തെരുവില്‍ പുഴുക്കളെപ്പോലെ അനേകം കോടി ജനങ്ങള്‍... ഇതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ ചിത്രം.
ബസിന്റെ പ്രയാണം പതുക്കെയായി. വീതിയേറിയ റോഡില്‍ നിന്നും ചെറിയ റോഡിലേയ്ക്ക് കടന്നു. പുറം കാഴ്ചകളില്‍ മുഴുകി ഇരിക്കുകയാണ്. എവിടേയും വന്‍ കെട്ടിടങ്ങള്‍. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ടാക്‌സി കാറുകള്‍, മറ്റു വാഹനങ്ങള്‍. പ്രഭാത സവാരി ചെയ്യുന്ന വൃദ്ധരും ചെറുപ്പക്കാരും എല്ലാം ഇടവഴിയിലൂടെ ഓടി നടക്കുന്നു. ബസ് പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങി. ഡോങ്കിരിയും ബിസ്തിമുല്ലയും, അങ്ങനെ ചില സ്ഥല പേരുകള്‍ ബസില്‍ വെച്ച് കൂടെ ഉണ്ടായിരുന്നവര്‍ തമ്മില്‍ പറയുന്നത് കേട്ടിരുന്നു. ഇതില്‍ എവിടെയാണ് പോകേണ്ടതെന്നറിയില്ല. സഹയാത്രികരോട് ചോദിച്ചു. ഇറങ്ങേണ്ട സ്ഥലം എത്തിയോ? പലരും പുതുതായി മുംബൈയില്‍ എത്തുന്നവര്‍. മുഖത്ത് അതിന്റെ അപരിചിതത്വം തെളിഞ്ഞു.
നമ്മെ കൊണ്ട് പോകാന്‍ ബസിനടുത്ത് ആളു വരും- ശരീഫ് ഉത്തരം പറഞ്ഞു. ബസ് നിന്നു, ഓരോരുത്തരും ബാഗുമായി പതുക്കെ പുറത്തിറങ്ങി. അവര്‍ക്ക് പിന്നിലായി ഞാനും. കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്. ബസിറങ്ങി ചുറ്റും നോക്കി. നിശ്ശബ്ദമായ തെരുവ്. അടഞ്ഞു കിടക്കുന്ന കമ്പോളം. ഒറ്റപ്പെട്ട വാഹനങ്ങള്‍ ഇടയ്ക്കിടെ വേഗത്തില്‍ നീങ്ങുന്നു. ബസ് ഇറങ്ങിയവര്‍ യാത്ര പറഞ്ഞ് ഓരോ വഴിയില്‍ പിരിഞ്ഞു പോയി. ചിലരെ കൊണ്ട് പോകാന്‍ അവരുടെ ട്രാവല്‍ ഏജന്‍സിയുടെ ആള്‍ക്കാര്‍ എത്തി. ഞങ്ങളുടെ വഴി കാട്ടിയെ പ്രതീക്ഷിച്ച് നാലു പേരും നിന്നു. അധികം വൈകാതെ നീണ്ടു മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ തേടി എത്തി. ശരീഫിന്റെ നാട്ടുകാരനാണ്. അവര്‍ കളിക്കൂട്ടുകാരാണ്.
യാത്രാ വിശേഷങ്ങള്‍ കൈമാറിക്കൊണ്ട് അയാള്‍ക്ക് പിന്നാലെ വളഞ്ഞു പുളഞ്ഞ ഗലിയിലൂടെ ഞങ്ങള്‍ നടന്നു. ഏറെയും പഴയ കെട്ടിടങ്ങള്‍. ഒരു ദര്‍ഗ പരിസരത്ത് എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു- ഇതാണ് ഹാജി ദര്‍ഗ. ചന്ദനത്തിരിയും കുന്തിരിക്കവും മത്സരിച്ച് പുകയുന്നു. മണത്തോടൊപ്പം അതിന്റെ പുകയും അവിടെ മൂടല്‍മഞ്ഞ് സൃഷ്ടിച്ചിരിക്കുന്നു. ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നവരുടെ നാദം അലയടിച്ചു. അല്‍പസമയം നോക്കി നിന്നു ഞങ്ങള്‍ മുന്നോട്ട് നീങ്ങി.
റോഡിന് വീതി പിന്നേയും കുറഞ്ഞു. ഇടുങ്ങിയ ഗലിയില്‍ കൂടി നടന്നു. ദര്‍ഗയുടെ അടുത്തുള്ള ഹോട്ടലുകളില്‍ മലയാളത്തിലാണ് ബോഡുകള്‍ ഉള്ളത്. ശരിക്കും കേരളത്തിലെ ഒരു കവലയില്‍ എത്തിയത് പോലെ തോന്നി. തീര്‍ച്ചയായും ഇത് മലയാളികളുടെ താവളമായിരിക്കും. എന്റെ ചിന്തകള്‍ അതില്‍ ഉടക്കി നിന്നു. കൂട്ടുകാര്‍ക്ക് പിന്നാലെ ഝടുതിയില്‍ നടന്നു. ഒരു പഴയ കെട്ടിടത്തിനു മുന്നില്‍ എല്ലാവരും നിന്നു. ഇതാണ് നമ്മുടെ മുറിയുള്ള കെട്ടിടം. യുവാവ് ചൂണ്ടിക്കാണിച്ചു. അടുത്ത പെട്ടിക്കടയില്‍ നിന്നും ചായ കുടിക്കുന്ന രണ്ട് മൂന്ന് ചെറുപ്പക്കാര്‍ ഞങ്ങള്‍ക്കരികിലേയ്ക്ക് എത്തി. അവര്‍ ശരീഫിന്റെ നാട്ടുകാരാണ്. മുംബൈയില്‍ തന്നെ ജോലി ചെയ്യുന്നവര്‍. അവര്‍ തമ്മില്‍ ഹിന്ദിയിലാണ് സംസാരിക്കുന്നത്. വിശേഷങ്ങള്‍ ചോദിച്ചു ഞങ്ങളെ ചായ കുടിക്കാന്‍ ക്ഷണിച്ചു. ഭാരം തൂങ്ങുന്ന ബേഗ് ചുമലില്‍ നിന്ന് താഴെ വെച്ച് ഞങ്ങള്‍ ബെഞ്ചില്‍ ഇരുന്നു. കേരളത്തിലെ ഗ്രാമത്തിലെ ചായക്കടയില്‍ എത്തിയത് പോലെ ഒരു നിമിഷം തോന്നി. ചായക്കടക്കാരനും മലയാളിയാണ്. നാടിന്റെ ചിന്തയോടെ ചൂട് ചായ പതുക്കെ കുടിച്ചു. അപ്പോഴും കണ്ണുകള്‍ പുതു കാഴ്ചകള്‍ തേടുകയാണ്.
(തുടരും)
അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു
അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Top-Headlines, Ibrahim Cherkala, Ibrahim Cherkala's Experience-3
< !- START disable copy paste -->