city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Memories | ഇബ്രാഹിം ബേവിഞ്ച: തൂലിക മുസ്ലിം - ദളിത് - പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ചലിപ്പിച്ച മനുഷ്യ സ്നേഹി

-എ എസ് മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഇബ്രാഹിം ബേവിഞ്ചയെ, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒടുവിലായി കാണുന്നത് അദ്ദേഹത്തിന്റെ മുറ്റത്ത് വെച്ചു നല്‍കിയ ഒരു അനുമോദന ചടങ്ങില്‍ വെച്ചാണ്. അന്ന് അവിടുന്ന് പിരിയുന്നതിനു മുമ്പ് ഒന്ന് കാണണമെന്ന് ഇബ്രാഹിം ആവശ്യപ്പെടുകയുണ്ടായി. വൈകി അടുത്ത ചെന്ന് ഞാന്‍ പോയ്ക്കോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോള്‍, ഒന്നുല്ലെടോ.. വരാന്‍ സൗകര്യം കിട്ടുന്നില്ലെങ്കിലും ഇടക്ക് വിളിക്കയെങ്കിലും ചെയ്യണേ നീ.. എന്ന് പറയുകയുണ്ടായി. ഏക മകന്റെ വിവാഹച്ചടങ്ങിന് വളരെ അടുത്ത ആള്‍ക്കാരെ മാത്രമെ ക്ഷണിച്ചിരുന്നുള്ളൂ. ഞങ്ങള്‍ അല്പം നേരത്തെ എത്തിയിരുന്നു.
       
Memories | ഇബ്രാഹിം ബേവിഞ്ച: തൂലിക മുസ്ലിം - ദളിത് - പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ചലിപ്പിച്ച മനുഷ്യ സ്നേഹി

വിശ്രമിക്കുകയായിരുന്ന ഇബ്രാഹിമിനെ മുറിയില്‍ ചെന്ന് കണ്ട് തിരിച്ചു പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കൈ പിടിച്ച് കിടക്കയില്‍ ഇരുത്തി. കുറേ നേരം നോക്കിയിരുന്നു. വേറെയും ആള്‍ക്കാര്‍ വരുന്നു. ഞാന്‍ പുറത്ത് ഇരിക്കാം എന്ന് പറഞ്ഞു എഴുന്നേറ്റപ്പോള്‍ ഭക്ഷണം കഴിക്കാതെ പൊയ്ക്കളയരുത് എന്ന് പിറകില്‍ വിളിച്ചു പറയുകയയുണ്ടായി. അതെനിക്ക് മര്‍മ്മത്തിലെവിടെയോ തട്ടി വേദനിച്ചത് പോലെ തോന്നി. എന്താ ഇബ്രാഹിം ഞാന്‍ ഭക്ഷണം കഴിക്കാതെ പോകുവോ.? ഞാന്‍ മനസിലാണ് ചോദിച്ചത്.

ഏറ്റവും ഒടുവിലായി ഒരു ഫോണ്‍ സംഭാഷണത്തിനിടയില്‍ ചോദിക്കുകയുണ്ടായി. എ എസ്, നീ ഈയിടെയായി ഫോണ്‍ വിളിക്കലും വല്ലാതെ കുറച്ചു കളഞ്ഞു അല്ലെടോ.? എനിക്ക് വിളിച്ചു സംസാരിക്കാനാവാത്തതിന്റെ, അകമേ ഒരു നിസ്സഹായാവസ്ഥയില്‍ പുളയുമ്പോഴും ഞാന്‍ മൗനം പാലിച്ചു. ഇബ്രാഹിമും ഞാനും ഇരുമെയ്യാണെങ്കിലും.. എന്ന പോലെ എത്രയോ കാലം കഴിഞ്ഞവരാണ്. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങള്‍ വളരെ പരിമിതമായിരുന്നു. ഞാനോര്‍ക്കുന്നു, 60-കളുടെ ഒടുവിലത്തെ ഒരു മേയ് മാസ പുലരിയില്‍ ജിഎച്എസ്എസ്സില്‍ എട്ടാംക്ലാസിലേക്ക് ഞങ്ങള്‍ ചേരാന്‍ വന്നതും ഒരേ ദിവസമായിരുന്നു. ഒരാഴ്ചയോ മറ്റോ കഴിഞ്ഞു പുസ്തകങ്ങള്‍ വാങ്ങാന്‍ ബുക്ക് ഷോപ്പിലെത്തിയതും അതേപോലെ, ഒരേ ദിവസം.. അതിനാല്‍ . ആ അധ്യയന വര്‍ഷത്തിന്റെ ആദ്യ പുലരിയില്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ ചിരകാല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.
             
Memories | ഇബ്രാഹിം ബേവിഞ്ച: തൂലിക മുസ്ലിം - ദളിത് - പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ചലിപ്പിച്ച മനുഷ്യ സ്നേഹി
ഇബ്രാഹിം ബേവിഞ്ചയ്‌ക്കൊപ്പം ലേഖകനും എം എ റഹ്‍മാനും  (ഒരു പഴയകാല ചിത്രം) 

ഞാന്‍ എങ്ങനെ വായനയിലേക്കും എഴുത്തിലേക്കും വന്നു എന്നത് പലപ്പോഴും എഴുതിയതാണ്. പക്ഷെ ഹൈസ്‌കൂളില്‍ എന്നെ വായനയിലേക്ക് പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്ന് ബേവിഞ്ചയാണ്. മലയാള അധ്യാപകന്‍ അപ്പുക്കുട്ടന്‍ മാഷ്, ആ ക്ലാസ്സില്‍ പുസ്തകം നെഞ്ചോട് ചേര്‍ക്കുന്നവരുണ്ടെന്ന് തിരിച്ചറിഞ്ഞു, നിങ്ങള്‍ വായിച്ച പുസ്തകം, ഒരു കുറിപ്പ് തയ്യാറാക്കി പിറ്റേന്ന് കൊണ്ട് വരണം എന്നാവശ്യപ്പെടാന്‍ തുടങ്ങി. അതോട് കൂടി വായന മറ്റുള്ളവരിലേക്കും പടര്‍ന്നു. എന്നാലും ഇബ്രാഹിം തയാറാക്കിയ കുറിപ്പുകള്‍, ചെറു പഠനങ്ങള്‍ തന്നെ ആയിരുന്നു എന്ന് പില്‍ക്കാലത്ത് അപ്പുക്കുട്ടന്‍ മാഷ് എഴുതുകയുണ്ടായിട്ടുണ്ട്..

വെക്കേഷന്‍ കാലത്ത് ഞങ്ങള്‍ പരസ്പരം കത്തുകള്‍ എഴുതിക്കൊണ്ടിരുന്നു. വലിയ രാഷ്ട്രീയ വിവരമൊന്നും എന്നെ സംബന്ധിച്ചിടത്തോളം അന്ന് എനിക്കുണ്ടായിരുന്നില്ല. എന്നാലും ചായ്വ് വ്യക്തമാക്കി ഇബ്രാഹിം പോസ്റ്റ് കാര്‍ഡിന്റെ ഒടുവില്‍ സീഎച്ച്എം കോയ സിന്ദാബാദ് എന്ന ചേര്‍ക്കും. കുറേക്കഴിയുമ്പോള്‍ ഞാനവന് എഴുതി. നീയിനി സീഎച്ച്എം കോയ എന്ന് മാത്രമെഴുതിയാല്‍ മതി. ആ സിന്ദാബാദ് എന്നത്, അത് ഞാനെഴുതിക്കോളാമെന്ന്. ലീഗ് രാഷ്ട്രീയ പിളര്‍പ്പിലേക്ക് വഴുതിയ കാലമായിരുന്നു അത്. പ്രീഡിഗ്രി എത്തുമ്പോള്‍ ആ കാലത്താണ് എഴുത്തിന്റെ സൂക്കേട് ഞങ്ങളിലെല്ലാം ആവാഹിക്കുന്നത്. അവിടുത്തേക്ക് കോട്ടിക്കുളം ഹമീദും എം എ റഹ്മാനും എത്തിച്ചേര്‍ന്നുവല്ലോ.

ചന്ദ്രിക ബാലപംക്തിയില്‍ എഴുതിത്തുടങ്ങി. പിന്നെ ചില ചിരിപ്പൊട്ടുകള്‍ ബാല മാസികകളിലും. അന്ന് കുട്ടേട്ട -(കുഞ്ഞുണ്ണി)- നായിരുന്നു മാതൃഭൂമി ബാലപംക്തി കൈകാര്യം ചെയ്തിരുന്നത്. എന്റെ ഒരു കഥ മാതൃഭൂമി ബാലപംക്തിയില്‍ അച്ചടിച്ച് വരുന്നത് ഞാന്‍ ഫസ്റ്റ് ഡിസി ക്ക് പഠിക്കുന്ന കാലത്താണ്. ഒരിക്കല്‍ കൂടി എന്ന ടൈറ്റിലില്‍ വന്ന ആ കഥ എന്നെ അധ്യാപകരടക്കം പലരുടെയും പ്രശംസക്ക് പാത്രീഭൂതനാക്കി. അപ്പോഴേക്കും എം എ റഹ്മാന്റെ കഥകളും ഇബ്രാഹിം ബേവിഞ്ചയുടെ പല കുറിപ്പുകളും കഥകളും ചന്ദ്രികയടക്കം മലയാളത്തിന്റെ മൈന്‍സ്ട്രീം വാരാന്ത്യ, വാരിക മാസികാദികളില്‍ പ്രസിദ്ധീകരിച്ചു വരാന്‍ തുടങ്ങിയിരുന്നു.

ഇബ്രാഹിം, കോളേജ് മലയാളം അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നു. പ്ലാനിങ് ഫോറം സെക്രട്ടറിയായി ഞാന്‍ മത്സരിച്ചുവെങ്കിലും പരാജിതനായി. പ്രൊഫ. പി കെ ശേഷാദ്രി, പ്രൊഫ. ഗീവര്‍ഗീസ് തുടങ്ങിയ പ്രശസ്തരായ അധ്യാപകര്‍ക്കൊപ്പം, അലിയാര്‍ വെളിയം അന്ന് മലയാളം അധ്യാപകനായി കോളേജിലുണ്ട്. മലയാളം അസോസിയേഷന്‍ ഏറ്റവും സജീവമായ വര്‍ഷം ആയിരുന്നു അത്. നിരവധി പരിപാടികള്‍ ആ വര്‍ഷം നടന്നു. കോളേജിലെ ഗായകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംഗീത സായാഹ്നങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍ തുടങ്ങി. അസ്സോസിയേഷന്റെ ഉദ്ഘാടനം സാംസ്‌കാരിക കാസര്‍കോടിനെ തന്നെ പുളകം കൊള്ളിച്ച ഒന്നായിരുന്നു. വന്‍ ജനാവലി. എം.ടി. വാസുദേവന്‍ നായര്‍ ആയിരുന്നു ഉദ്ഘാടകന്‍.

മലയാള സാഹിത്യ മണ്ഡലത്തിലേക്ക് അത്യാധുനികവും അസ്തിത്വവാദവും കൊണ്ട് വന്നവരില്‍ ഒരാളായ പുനത്തില്‍ കുഞ്ഞബ്ദുള്ള കൂടെ. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ അന്ന് ഇബ്രാഹിമിനൊപ്പം ഞങ്ങളൊക്കെ ഉണ്ടായിരുന്നു. കോളേജിന്റെ ചരിത്രത്തില്‍ എക്കാലവും ചര്‍ച്ചാ വിഷയമായ ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന കൈയെഴുത്ത് മാസിക തയാറാക്കുന്നതിന് പിന്നിലും ഞങ്ങളുടെ ആ കൂട്ടം തന്നെ ആയിരുന്നു. അന്ന് ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന പ്രൊഫ. കെ വി തിരുമലേഷ് മാഷ് മുക്തകണ്ഠം പ്രശംസിച്ച ഒരു സംരംഭമായിരുന്നു ആ കൈയെഴുത്ത് മാസികയും അതിലെ വരകളും. ആ വരകള്‍ നിര്‍വഹിച്ചത് എം എ റഹ്മാനും ഞാനും കൂടി ആയിരുന്നു. ഇബ്രാഹിമിന്റെ വിദ്യാര്‍ത്ഥി സര്‍ഗ സപര്യ കാലത്ത് ഒരു പൊന്‍ തൂവല്‍ ചാര്‍ത്തിയ വര്‍ഷമായിരുന്നു ആ കടന്നു പോയത്. അതോടൊപ്പം കാസര്‍കോട് കോളേജിന്റെയും.

കോട്ടിക്കുളം ഹമീദിനും എം എ റഹ്മാനും യൂണിവേഴ്‌സിറ്റി നോവല്‍ രചന പുരസ്‌കാരവും, കവിതക്ക് എ സോണ്‍ (ഡിഗ്രി പരീക്ഷ വന്നതിനാല്‍ യൂണിവേഴ്‌സിറ്റി മത്സരത്തിന് പങ്കെടുക്കാന്‍ എനിക്കായില്ല). പുരസ്‌കാരവും ലഭിച്ചത് അതേ കാലത്താണ്. ഡിഗ്രി കഴിഞ്ഞു ഞാന്‍ റിപോര്‍ട്ടറായി കാസര്‍കോട്ട് ചന്ദ്രികയില്‍ കയറുന്നു. കേവലം ഒരു ആറ് മാസക്കാലം മാത്രം. മുംബൈയില്‍ ജോലി ശരിയായി ഞാന്‍ ഒഴിയുന്ന കസേരയില്‍ പിന്നീട് ഇബ്രാഹിമും ഇരുന്നു. അവിടുന്ന് സബ് എഡിറ്ററായി കോഴിക്കോട് ഡെസ്‌ക്കിലും ഇബ്രാഹിം ഇരുന്നു. 80 കളിലുടനീളം കാസര്‍കോട് സാഹിത്യവേദിയുടെ കാര്യദര്‍ശി പട്ടം ഇബ്രാഹിമിലാണ് നിക്ഷിപ്തമായത്.

അദ്ദേഹം സാഹിത്യ അക്കാദമി അംഗമായി ഇരുന്ന കാലത്താണ് അക്കാദമി പരിപാടികള്‍ ചന്ദ്രഗിരി പുഴക്കിപ്പുറം എത്തുന്നത്. അതുവരെ അപൂര്‍വമായേ കണ്ണൂരിനപ്പുറം തല കാണിക്കാറുണ്ടായിരുന്നുള്ളൂ. കാഞ്ഞങ്ങാടിനിപ്പുറം വന്നതേ ഓര്‍മ്മയിലില്ല. ഇബ്രാഹിം പ്രവര്‍ത്തക സമിതി അംഗമായിരുന്ന വേളയില്‍ മുകുന്ദനും കുഞ്ഞബ്ദുള്ളയും ഒപ്പം അക്കാലത്തെ മലയാള സാഹിത്യത്തിലെ തിളങ്ങുന്ന പല നക്ഷത്രങ്ങളും വേദി കൊഴുപ്പിച്ച ആലിയ ഓഡിറ്റോറിയത്തില്‍ നടന്ന അതിവിപുലമായ പരിപാടി ഓര്‍മ്മയിലെത്തുന്നു.

ഇബ്രാഹിമിന്റെ എഴുത്തിന്റെ ശക്തിയും സൗന്ദര്യവും അന്യാദൃശം എന്ന് വേണം പറയാന്‍. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ 90 കളില്‍ പ്രസിദ്ധീകരിച്ചു വന്നു തുടങ്ങിയ പ്രസക്തി എന്ന നീണ്ട 18 വര്‍ഷക്കാലം തുടര്‍ന്ന കോളം തന്നെ ഉദാഹരണം. പ്രവാസ ജീവിതാരംഭത്തോടെ എന്റെ വായനക്ക് സാരമായ കോട്ടം തട്ടിയിരുന്നു. 90 കളിലാണ് അതിനെ ഞാന്‍ തിരികെ ട്രാക്കിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നത്. പ്രവാസത്തിന് താത്കാലിക വിരാമമിട്ടു കൊണ്ട് നാട്ടിലെത്തിയ വേളയില്‍, . ഇത് പോലെ അതൊരു ആഗസ്ത് ആദ്യ വാര ശനിയാഴ്ച ആണെന്ന് ഓര്‍മ്മ. ടൗണിലെത്തി ന്യൂസ് സ്റ്റാന്‍ഡില്‍ നിന്ന് വാരികകളൊക്കെ വാങ്ങുന്ന കൂട്ടത്തില്‍ യാദൃച്ഛികമായാണ് ചന്ദ്രിക വാങ്ങിയത്. വാരാന്തപ്പിതിപ്പില്‍ ഇബ്രാഹിമിന്റെ പ്രസക്തി കോളം. ഹിരോഷിമ നാഗസാക്കി അണുബോംബ് വര്‍ഷത്തെ അനുസ്മരിച്ചു കൊണ്ട് എഴുതിയ ലേഖനത്തില്‍, മനുഷ്യ വംശത്തിന് എക്കാലത്തേക്കുമായി അത് ഏല്‍പ്പിച്ച, മുറിവ്. വരികള്‍ക്കും അക്ഷരങ്ങള്‍ക്കും ഇടയില്‍ നിന്ന് രക്തം കിനിയുന്നുണ്ടായിരുന്നു.

ഹിരോഷിമ, നാഗസാക്കി; എത്രയോ ലേഖനങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. ഇംഗ്ലീഷിലും മറ്റു ഭാഷകളിലും. പക്ഷെ ഇബ്രാഹിമിന്റെ ആ ഒരു ലേഖനം വായിച്ചു പോകുമ്പോള്‍ തൊലി ഉരിയുന്ന പോലൊരു അസഹ്യമായ വേദന എനിക്കുണ്ടായി. ഇത്രയും അണുവികിരണം പ്രസരിപ്പിച്ച ഒരു ലേഖനം ഞാന്‍ അതിനു മുമ്പ് വായിച്ചവയിലില്ല എന്ന് പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ല. ഞങ്ങളുടെ പി എ റഷീദ് എന്നൊരു സുഹൃത്ത് വാരാന്തപ്പതിപ്പ് കൈകാര്യം ചെയ്തിരുന്ന ഘട്ടത്തിലാണ് അതാരംഭിക്കുന്നത്. ഇബ്രാഹിമിനെ നിര്‍ബ്ബന്ധിച്ചതും പി എ റഷീദ് തന്നെ. പിന്നീട് അതൊരു പ്രസരണം തന്നെ ആയിരുന്നു. മലയാളത്തിന്റെ സാമാന്യ വായനക്കാരുടെ ഇടയിലേക്ക്. റഷീദ് പിആര്‍ഡി.(സര്‍ക്കാര്‍)-യില്‍ ജോലി കിട്ടി ചന്ദ്രിക വിട്ടു. പ്രസക്തി തുടരുകയായിരുന്നു. ഇബ്രാഹിമിന്റെ എഴുത്ത്, വായനക്കാരുടെ മനസ്സിലേക്കുള്ള അതിന്റെ ഇറങ്ങിപ്പുറപ്പെടല്‍, പല അതിലെ ദര്‍ശനത്തെ ഖണ്ഡിച്ച ദീര്‍ഘമായ പല സംവാദങ്ങളും അതില്‍ നടന്നിട്ടുണ്ട്. അതും ധിഷണാ ശാലികളുമായി തന്നെ. എം എന്‍ കാരശ്ശേരി, യൂസഫലി കേച്ചേരി. പിന്നീട് അത് വായനക്കാര്‍ ഏറ്റെടുത്തതോടെയാണ് അവര്‍ പിന്മാറിയത്.

കേരളത്തിലങ്ങോളമിങ്ങോളം എണ്ണമറ്റ വായനക്കാര്‍ പ്രസക്തിയെ നെഞ്ചേറ്റി എന്നതിന് നേരില്‍ തെളിവുണ്ട്. ഒന്ന് അടുത്ത ആഴ്ചകളില്‍ വന്ന പ്രതികരണങ്ങള്‍, കത്തുകള്‍. മറ്റൊന്നു ബേവിഞ്ചക്ക് പലേടത്തും കിട്ടിയ വരവേല്‍പ്പുകള്‍. ചിലതിനെങ്കിലും ഞാനും ദൃക്സാക്ഷി ആയിട്ടുണ്ട്. ഞങ്ങളുടെ യാത്രക്കിടയില്‍ പത്രം വില്‍ക്കുന്ന മലപ്പുറത്തെയും മറ്റും പെട്ടിക്കടക്കാര്‍ പോലും ഇബ്രാഹിമെന്ന പ്രസക്തികാരനെ തിരിച്ചറിഞ്ഞിരുന്നു. അവരൊന്നും വലിയ വായനക്കാരല്ലെന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതല്ലല്ലോ. അക്കാലത്ത് ശനിയാഴ്ച പ്രഭാതങ്ങളില്‍ ചന്ദ്രിക പത്രമെത്താന്‍ കാത്തിരുന്ന ഒരുപാട് നല്ല വായനക്കാര്‍ ഇപ്പോള്‍, മരണാനന്തരം, സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നു. ഒരു ശനിയാഴ്ച കഴിഞ്ഞാല്‍ അടുത്ത ശനിയാഴ്ചക്കുള്ള അവരുടെ കാത്തിരിപ്പ്. പ്രസക്തി വരുന്ന ദിവസങ്ങളില്‍ കേരളമൊട്ടുക്കും കൂടുതല്‍ കോപ്പികള്‍ അയക്കണമെന്ന് ആവശ്യപ്പെടുന്ന പത്രം ഏജന്റുമാറായിരുന്നു ഏറെയും. പക്ഷെ എന്നിട്ടും ചന്ദ്രിക മാനേജ്മെന്റ് എന്ത് കൊണ്ട് ആ പംക്തി അവസാനിപ്പിക്കാന്‍ ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു എന്നത് ഇന്നും അജ്ഞാതമാണ്. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരപ്പുറത്തേക്ക് ചരിഞ്ഞാല്‍.. എന്നതായിരിക്കുമോ.? ആര്‍ക്കറിയാം.

ഇബ്രാഹിം ഒരിക്കല്‍ ഒരു യാത്രക്കിടയില്‍ എന്നോട് പറഞ്ഞത് ഒരു രംഗം ഓര്‍ത്ത് പോകുന്നു. അത് തിരൂര്‍ സ്റ്റേഷനിലാണെന്നാണ് എന്റെ ഓര്‍മ്മ. അതി വെളുപ്പിനാണ് ഇബ്രാഹിം യാത്ര ചെയ്ത വണ്ടി സ്റ്റേഷനിലെത്തുന്നത്. അവിടെ കുടുംബ സദസ്സിന്റെ ഒരു പരിപാടിയില്‍ സാംസാരിക്കാന്‍. പ്ലാറ്റ്‌ഫോമില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഒരു വന്‍ സന്നാഹം, തന്റെ നേരെ നടന്നടുക്കുന്നത് കണ്ട്, ഇബ്രാഹിം പറയുകയാണ്, എടോ ഞാന്‍ ശരിക്കും ഞെട്ടിപ്പോയെന്ന്. ആ കുടുംബങ്ങള്‍ മുഴുവന്‍, വെളി പൊട്ടുന്ന നേരത്ത് സ്വീകരിക്കാന്‍ സ്റ്റേഷനില്‍ സന്നിഹിതരായിരിക്കുന്നു. ഇബ്രാഹിം അതിലൊരു കുടുംബത്തിന്റെ വലിയൊരു കാറില്‍ കയറി, പിന്നാലെ അനുഗമിച്ചു മറ്റു കാറുകളും. അതെനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് ഇബ്രാഹിം പില്‍ക്കാലത്തും അയവിറക്കാറുണ്ടായിരുന്നു.

എഴുത്തുകാരനും വായനക്കാരും തമ്മില്‍ അങ്ങനെയൊരു ഇഴയടുപ്പം. അത് സൃഷ്ടിക്കണമെങ്കില്‍ ആ എഴുത്തില്‍ ഒരു സാന്ത്വനം അനിവാര്യം. ഇത്തരം ഇഴയടുപ്പം ഇന്ത്യയില്‍ കുറവെന്നാണ് വിദഗ്ധാഭിപ്രായം. ഒരു ദശകം പിന്നിടുന്ന പ്രസക്തി, ചന്ദ്രിക കൊണ്ടാടിയിരുന്നു. ഒരു വരാന്തപ്പതിപ്പ് ലക്കം നിറയെ പ്രമുഖരുടെ എണ്ണപ്പെട്ട ലേഖനങ്ങള്‍ സഹിതം. ഈയുള്ളവനും അതില്‍ എഴുതി. മനസ്സ് പൊള്ളിച്ച പല ലേഖനങ്ങളെ കുറിച്ചും. അതില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പ്രസക്തി ലക്കങ്ങള്‍ വായനക്കാര്‍ എക്കാലവും സൂക്ഷിച്ചു വെക്കേണ്ട ഒന്നെന്ന്. .

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്ന പോലെയാണ് ഇബ്രാഹിമിന്റെ കാര്യവും. കാസര്‍കോട് ആ നഷ്ടത്തെ ഇപ്പോള്‍ വിലപിക്കുന്നു. ഇബ്രാഹിം ഏറെയും എഴുതിയത് വേലിക്ക് പുറത്താകുന്ന/പുറത്താക്കപ്പെടുന്നവരെ കുറിച്ചാണ്. മുസ്ലിം ദളിത് വിഭാഗത്തിന് നേരെ ആ വിമര്‍ശനത്തിന് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നു. മലയാള ഭാഷ പഠിക്കുകയെന്നത് ഒരുകാലത്ത് നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗം (മുസ്ലിം) ഒരു സമൂഹം, പില്‍ക്കാലത്ത് അത് പഠിച്ചു ആ ഭാഷക്ക് തന്നെ കനത്ത സംഭാവന നല്‍കുന്നത് കണ്ടു ഏറെ പുളകം കൊണ്ട മനസ്സാണ് ഇബ്രാഹിമിന്റേത്. അകാലത്തില്‍ പൊലിഞ്ഞു പോയ പി ടി അബ്ദുറഹിമാന്‍ എന്ന കവിയെ കുറിച്ചു ബേവിഞ്ചക്ക് ആയിരം നാക്കായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ വേണ്ടത്ര വായിക്കപ്പെടാതെ പോയതില്‍ ഏറെ ഖിന്നനായിരുന്നു ബേവിഞ്ച. ഇത്ര മാത്രം പ്രതിഭാ തിളക്കം പ്രസരിച്ചിട്ടും അര്‍ഹതപ്പെട്ട ഒന്നും പി ടി ക്ക് കിട്ടിയില്ലല്ലോ എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ രത്‌നഖനികളില്‍ ഏറെ ഖനനം നടക്കേണ്ടതുണ്ടായിരുന്നു എന്നതും അത് നടന്നില്ല എന്നതും അദ്ദേഹത്തെ നിരാശനാക്കി.

ഇബ്രാഹിമിന്റെ പുസ്തകങ്ങളുടെ ടൈറ്റില്‍ നമ്മെ അവ വായിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, ബഷീര്‍ ദ മുസ്ലിം, ഖുര്‍ആനും ബഷീറും, മതിലുകള്‍ ഇനിയും ഇടിയാനുണ്ട് തുടങ്ങിയവ. ശരിക്കും പഠിക്കാതെ ഇബ്രാഹിം ഒന്നും എഴുതുകയോ അത് പിന്നീട് പുസ്തകമാക്കുകയോ ചെയ്തില്ല. ബഷീറിയന്‍ കൃതികളിലെ ഇസ്ലാമിക ചിഹ്നങ്ങള്‍ക്ക് പിന്നിലെ എഴുത്തുകാരനെ അന്വേഷിച്ചന്വേഷിച്ചു ബഷീര്‍ ദ മുസ്ലിം എന്ന പഠനത്തില്‍ കലാശിച്ചു. ഉബൈദിന്റെ കാവ്യ ലോകത്തെ പുതു തലമുറക്ക് പരിചയപ്പെടുത്താന്‍ വേണ്ടി ഉതകുന്ന രീതിയിലാണ് അദ്ദേഹം പഠന വിധേയമാക്കിയത്. തന്റെ എം ഫില്‍ പഠനത്തിന് ഗവേഷണം ചെയ്തത് എം ടി കഥകളിലാണ്. അത് പിന്നീട് അധ്യാപക പദവിയില്‍ നിന്നിറങ്ങുന്ന വേളയില്‍ പുസ്തകമാക്കിയിറക്കി. നിള തന്ന നാട്ടെഴുത്തുകള്‍ എന്ന പേരില്‍.

സമാന പാതയില്‍ സഞ്ചരിച്ച കാസര്‍കോട്ടുകാരായ പി കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും ടി ഉബൈദിന്റെ തീ പിടിച്ച പള്ളിയും ഒരു താരതമ്യ പഠനം ഇരു സമുദായങ്ങളുടെയും ഉള്ളിലേക്ക് വെളിച്ച വീശുന്നതായി. ഈ പുസ്തകങ്ങള്‍ മലയാളം സാഹിത്യത്തിന് മുതല്‍ക്കൂട്ടാണെന്ന് പറയാമെങ്കിലും വേണ്ടത്ര വായിക്കപ്പെട്ടോ അര്‍ഹമായ രീതിയില്‍ വായനക്കാര്‍ പരിചരിച്ചോ എന്ന കാര്യത്തില്‍ എനിക്കും സംശയമാണ്. പി ടി അബ്ദു റഹ്മാന്റെ കറുത്ത മുത്തുകള്‍ അടക്കം മലയാളത്തിലെ ലബ്ധ പ്രതിഷ്ഠരായവരുടെ പതിനഞ്ചിലധികം കൃതികള്‍ക്ക് അദ്ദേഹം അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്.

ഇബ്രാഹിം വലിയ തോതില്‍ ഒരു കോളമിസ്റ്റാണ്. പ്രസക്തിക്ക് പുറമെ കാര്യവിചാരം എന്ന പേരില്‍ മാധ്യമം ദിനപത്രത്തില്‍ അഞ്ച് വര്‍ഷം തുടര്‍ന്നു. സമകാലിക സംഭവങ്ങളിലെ വിരോധാഭാസങ്ങള്‍ അനുധാവനം ചെയ്തു കൊണ്ടുള്ള പംക്തിയായിരുന്നു അത്. മാധ്യമം വാരാദ്യത്തില്‍ കഥ പോയ മാസത്തില്‍ എന്ന കോളം ആറ് വര്‍ഷവും കൊണ്ട് നടന്നു. ഇവിടെയും ഇബ്രാഹിം തന്റെ സ്വത:സിദ്ധമായ, വേലിക്ക് പുറത്താകുന്നവരെ മെയിന്‍ സ്ട്രീമിലേക്ക് എത്തിക്കാനുള്ള വലിയൊരു ശ്രമം നടത്തുന്നത് കാണാം. ചന്ദ്രിക, ദേശാഭിമാനി വാരികകളിലും കഥ ദ്വൈവാരിക, വാരാദ്യ, വരാന്തപ്പതിപ്പുകളിലും വന്ന എന്റെ കഥകളെ ഇബ്രാഹിം ശ്രദ്ധയില്‍ പെട്ടപ്പോഴെല്ലാം പരാമര്‍ശിക്കാതെ പോയില്ല.
     
Memories | ഇബ്രാഹിം ബേവിഞ്ച: തൂലിക മുസ്ലിം - ദളിത് - പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ചലിപ്പിച്ച മനുഷ്യ സ്നേഹി

തൂലിക മാസികയില്‍ വിചിന്തനം ഏഴ് വര്‍ഷവും, രിസാല വാരികയിലെ പ്രകാശകം മൂന്ന് വര്‍ഷവും. കൈകാര്യം ചെയ്തു. കാസര്‍കോട് വാര്‍ത്തയില്‍ ഹൃദയപൂര്‍വം എന്ന പംക്തിയും, കേരളാ വിഷന്‍ ചാനലില്‍ വായന എന്ന ഒരു വിഡിയോയും ചെയ്തു വന്നിരുന്നു. ഇബ്രാഹിം ബേവിഞ്ചയെ കുറിച്ച് പലരും പലപ്പോഴുമായി എഴുതിയതിനെ ക്രോഡീകരിച്ചു സി ടി ബഷീര്‍ എന്നൊരു കണ്ണൂര്‍ക്കാരന്‍ നിര്‍വഹിച്ച പുസ്തകം ഇബ്രാഹിമിനെ കുറിച്ചു പുതിയ തലനമുറക്ക് കൂടുതല്‍ അറിയാന്‍ ഉപകാരപ്പെടുന്നതാണ്. സി ടി ബഷീറുമൊത്ത് മാപ്പിളപ്പാട്ടു രംഗത്തെ കുലപതിയായ ഒ അബുവിനെ കുറിച്ച് ഒരു ജീവചരിത്ര കൃതി തയാറാക്കിയിട്ടുണ്ട്.

അബുദാബി കെഎംസിസി, അബുദാബി റൈറ്റേഴ്സ് ഫോറം, നടുത്തോപ്പില്‍ അബ്ദുല്ല അവാര്‍ഡ്, കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ അവാര്‍ഡ് മൊറയൂര്‍ മിത്രവേദി പുരസ്‌കാരം , ദേശീയോദ്ഗ്രഥനത്തിനുള്ള ഹബീബ് റഹ്മാന്‍ സ്മാരക (തിരു.) അവാര്‍ഡ്, എം എസ് മൊഗ്രാല്‍ അവാര്‍ഡ്, വി സി അബൂബക്കര്‍ സ്മാരക പുരസ്‌കാരം, ഖത്തര്‍ കെഎംസിസി ഉബൈദ് പുരസ്‌കാരം, ഷാര്‍ജ കെഎംസിസി അവാര്‍ഡ്, കാസര്‍കോട് സാഹിത്യ വേദി ഉബൈദ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ബേവിഞ്ചയെ തേടിയെത്തിയിട്ടുണ്ട്. കാസര്‍കോട് സാഹിത്യവേദി അതിന്റെ ചരിത്രത്തില്‍ മൂന്ന് പ്രാവശ്യം മാത്രം നല്‍കിയ ഉബൈദ് അവാര്‍ഡ് കേരളമൊട്ടുക്കും ശ്രദ്ധിക്കപ്പെട്ടതാണ്. നടന്‍ കലാ ഗവേഷകനും നടനുമായ കുട്ടമത്ത് ശ്രീധരന്‍ എഴുതിയ ജീവചരിത്ര ഗ്രന്ഥം ചിലമ്പിട്ട ഓര്‍മ്മകള്‍ക്ക് ആദ്യം. രണ്ടാമത് മാപ്പിളപ്പാട്ടു രംഗത്ത് സമഗ്ര സംഭാവനകളെ മാനിച്ചു മുഹമ്മദ് അബ്ദുല്‍ കരീം സാഹബിന്. സമര്‍പ്പിച്ചതാവട്ടെ ഡോ. അയ്യപ്പപ്പണിക്കരും. മൂന്നാമത്തേതും ഒടുവിലത്തെത്തും പ്രൊഫ. ഇബ്രാഹിം ബേവിഞ്ചക്ക്. ഖത്തര്‍ കെഎംസിസി യുടേതടക്കം നിരവധി അവാര്‍ഡുകള്‍ ബേവിഞ്ചയെ തേടിയെത്തിയിട്ടുണ്ട്.

എം ഫില്ലിന് കഴിഞ്ഞു ചില ട്യൂട്ടോറിയല്‍ കോളേജുകളില്‍ അധ്യാപകനായിരിക്കെ ആണ് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത്. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ നാല് വര്‍ഷവും, കണ്ണൂര്‍ വിമന്‍സ് കോളേജില്‍ ഒരു വര്‍ഷവും ഒഴിച്ച് ബാക്കി 24 വര്ഷം കാസര്‍കോട് ഗവ. കോളേജ്, മലയാളം അധ്യാപകനായി സേവനം അനുഷ്ടിച്ചു. 2010ല്‍ മലയാളം ഭാഷ തലവനായിരിക്കെയാണ് വിരമിക്കുന്നത്. നിരവധി മേഖലകളില്‍ അദ്ദേഹം തന്റെ സേവനം വ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ ചരിത്ര രചന സമിതി അംഗമായും കേരള സാഹിത്യ അക്കാദമി അംഗമായും ഇരുന്നിട്ടുണ്ട്. യു ജി സി സെമിനാറുകളില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ഉണ്ടായി. കോഴിക്കോട് സര്‍വകലാശാല പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും (മൂന്ന് വര്ഷം) യുജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും (ആറ് വര്‍ഷം) അംഗമായിരുന്നിട്ടുണ്ട്.. സാഹിത്യ അക്കാദമി (രണ്ട് പ്രാവശ്യം) , സാഹിത്യ പരിഷത് എന്നിവയിലും ഇബ്രാഹിം ബേവിഞ്ച അംഗമായിരുന്നിട്ടുണ്ട്.

Keywords: Ibrahim Bevinje, Malayalam literature, Kasargod Govt. College, Writer, AS Mohammad Kunjhi, Ibrahim Bevinje: Philanthropist who wielded his pen for Muslim-Dalit-backward communities.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia