പട്‌ല സ്‌കൂളിന്റെ തുടക്കം: എം. അബ്ദുൽ ഖാദർ ഹാജിയുടെ വിദ്യാഭ്യാസ സംഭാവനകൾ
● 1976 വരെ എം. അബ്ദുൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിലായിരുന്ന സ്‌കൂൾ പിന്നീട് സർക്കാരിന് കൈമാറുകയായിരുന്നു.
● 1957-ൽ മലയാളം മീഡിയം ആരംഭിച്ചതും 1980-ൽ മധൂർ പഞ്ചായത്തിലെ ആദ്യ ഗവ. ഹൈസ്കൂളായി മാറിയതും പ്രധാന നാഴികക്കല്ലുകളാണ്.
● നാട്ടുകാരുടെ കൂട്ടായ്മയും പിരിവും അധ്വാനവും കൊണ്ടാണ് ഹൈസ്കൂൾ കെട്ടിടം പണിതതെന്നത് പട്‌ലയുടെ ഐക്യത്തിന്റെ പ്രതീകമാണ്.
● 2004-ൽ ഹയർ സെക്കണ്ടറിയായി ഉയർന്ന വിദ്യാലയത്തിൽ ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം 1200-ലധികം വിദ്യാർഥികളുണ്ട്.
അസ്‌ലം മാവില
(KasargodVartha) പട്‌ലയിലെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തിന് മുമ്പ് വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പഠന സംവിധാനമുണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് പെൺകുട്ടികൾക്ക് മാത്രമായി സ്ത്രീ അധ്യാപകർ വരെ അക്കാലങ്ങളിൽ ഉണ്ടായിരുന്നുവത്രേ.
ഇന്ന് കാണുന്ന ഏകദേശം മൂന്നേക്കറോളം വരുന്ന സ്ഥലത്ത് 1951-ലാണ് വ്യവസ്ഥാപിതമായി സ്കൂൾ സമുച്ചയം വരുന്നതെങ്കിലും പട്‌ലയുടെ കിഴക്ക് വശത്ത് സ്രാമ്പിപ്പള്ളിക്കടുത്തുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് ആദ്യമായി സ്കൂൾ തുടങ്ങുന്നത്. അന്ന് കാസർകോട് പ്രദേശം മൊത്തം സൗത്ത് കാനറയുടെ ഭാഗമായതുകൊണ്ട് പഠന മാധ്യമം കന്നഡയായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ തുടങ്ങിയ ഒന്ന് മുതൽ അഞ്ച് വരെയുള്ള എലിമെന്ററി സ്കൂളായിരുന്നു ഇത്. ഒരു നൂറ്റാണ്ടിലധികം പഴക്കം ഇതിനുണ്ടാകും.

പട്‌ലയിലേക്കുള്ള പ്രധാന പോക്കുവരവ് പാത മധൂർ - ആറാട്ടുകടവ് - സ്രാമ്പി ഭാഗമായതുകൊണ്ട് അവിടെ അങ്ങനെയൊരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ഉയർന്നുവന്നതിൽ അത്ഭുതപ്പെടാനില്ല. അന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും എളുപ്പം എത്തിപ്പെടാൻ പറ്റിയ സ്ഥലവുമായിരുന്നു അത്. പ്രസ്തുത സ്ഥാപനത്തിൽ തന്നെ സാധാരണ പഠന സമയത്തിന് ഒരു മണിക്കൂർ മുമ്പ് അറബിക് ഭാഷ പഠിപ്പിക്കുവാനും അനുമതി ഉണ്ടായിരുന്നു. കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുവാൻ വേണ്ടി അന്നത്തെ പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ സ്കൂൾ അധികൃതർക്ക് മുമ്പിൽ വെച്ച ഒരു നിർദ്ദേശമാകാം ഇത്. (1920-കളിൽ പട്‌ല തായൽ ജമാഅത്ത് ഖതീബ് മമ്മിഞ്ഞി ഉസ്താദ് ഈ സ്ഥാപനത്തിൽ എത്രയോ വർഷം അറബിക് അധ്യാപകനായിരുന്നു. പരാമർശിച്ച ദേലമ്പാടി ബാവച്ചന്റെ മൊയ്തീൻകുട്ടിയുടെ പേരമകൻ മമ്മിഞ്ഞി ഉസ്താദ് എന്റെ പിതാമഹൻ കൂടിയാണ്.)

എം. അബ്ദുൽ ഖാദർ ഹാജിയുടെ സംഭാവന
1951-ലാണ് പട്‌ലയിലെ കുഞ്ഞഹമ്മദ് മുക്രിയുടെ (ചെറ്ച്ച) പേരക്കുട്ടിയും പൗരപ്രമുഖനും നാട്ടിലെ എണ്ണപ്പെട്ട വ്യാപാരികളിൽ ഒരാളും പ്രമുഖ കർഷകനുമായിരുന്ന പട്ല എം. അബ്ദുൽ ഖാദർ ഹാജി വിദ്യാഭ്യാസ രംഗത്ത് സജീവമായത്. അദ്ദേഹം മുൻകൈയെടുത്ത് മൂന്നര ഏക്കറോളം വരുന്ന സ്ഥലം സ്കൂളിനായി വിട്ടുനൽകുകയും കെട്ടിടം പണിയുകയും ചെയ്തു. സ്കൂൾ പഠനം സ്രാമ്പിയിൽ നിന്നും ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റുന്നത് ചരിത്രത്തിന്റെ തങ്കലിപിയിൽ എഴുതിയ കാലമാണ്. സാനിനെപ്പോലുള്ള ചരിത്ര അധ്യാപകർക്കും ചരിത്രാന്വേഷകർക്കും സമയം കിട്ടിയാൽ ഇക്കാര്യത്തിൽ എത്രയോ പറയാനുണ്ടാകും. 1976-ൽ സർക്കാരിന് കൈമാറുന്നത് വരെ എം. അബ്ദുൽ ഖാദർ ഹാജിയുടെ പേരിലായിരുന്നു പട്‌ല സ്കൂളും അതിലെ ജംഗമസ്വത്തുക്കളുമെല്ലാം.

പട്ല എം. അബ്ദുൽ ഖാദർ ഹാജി:
ജനനം: 1894. മരണം: 1987.
ഭാര്യമാർ: സൈനബ ആലമ്പാടി അടക്കം രണ്ടുപേർ.
മക്കൾ: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, മൊയ്തീൻ കുട്ടി, ഖദീജ, അബ്ബാസ് മാസ്റ്റർ, അബ്ദുൽ റഹിമാൻ, അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്.
പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ഖദീജുമ്മ.
പട്ല എം. അബ്ദുൽ ഖാദർ ഹാജിയുടെ നേതൃത്വവും സാംസ്കാരിക വ്യക്തിത്വങ്ങളും നാട്ടുകാരും സ്കൂളിനെ കന്നഡയിൽ നിന്നും മലയാളത്തിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി. കേരളപ്പിറവിയോടെ 1957 മുതൽ പട്‌ല സ്കൂളിലെ പഠനം സമ്പൂർണ്ണമായി മലയാളം മീഡിയത്തിലേക്ക് മാറാനുള്ള നടപടികൾ സ്വീകരിച്ചു. കാസർകോട് ഭാഗത്ത് അതൊരു വലിയ സംഭവമായിരുന്നു. (ഇന്ന് ഈ സ്കൂളിൽ മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് മീഡിയകളിൽ പഠന സൗകര്യമുണ്ട്).

വികസനത്തിന്റെ ഘട്ടങ്ങൾ
1962-ലാണ് പട്‌ല സ്കൂൾ യു.പി.യായി ഉയർത്തുന്നത്. നേരത്തെയുണ്ടായിരുന്ന ‘യു’ ആകൃതിയിലുള്ള കെട്ടിടത്തിൽ തന്നെയാണ് ഏഴാം ക്ലാസ് വരെ തുടർന്നതും. 1976-ലാണ് യു.പി. വിഭാഗത്തിന് മാത്രമായി പ്രത്യേക കെട്ടിടം അനുവദിക്കുന്നത്. 1977-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
നാട്ടുകാരുടെ നിരന്തരമായ സമ്മർദ്ദത്തിന്റെയും അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകരുടെയും പി.ടി.എ. നേതൃത്വത്തിന്റെയും സംഘടിത ശ്രമത്തിന്റെയും ഫലമായി 1980-ൽ മധൂർ പഞ്ചായത്തിലെ ആദ്യ ഗവ. ഹൈസ്കൂളായി പട്‌ല സ്കൂൾ മാറി. (ഇന്നും മധൂർ പഞ്ചായത്തിലെ ഗവ. ഹൈസ്കൂളും ഗവ. ഹയർ സെക്കണ്ടറി സ്കൂളും പട്‌ലയിൽ തന്നെയാണ്). ചെറിയ വരുമാനക്കാരായിരുന്നിട്ടു പോലും സ്വന്തം സമ്പാദ്യത്തിൽ നിന്നും പിരിച്ചെടുത്തായിരുന്നു നാട്ടുകാർ അന്ന് ഹൈസ്കൂൾ കെട്ടിടം പണിതത്. സാമ്പത്തികമായി സഹായിക്കാൻ പറ്റാത്തവർ സൈറ്റിൽ വന്ന് പണിയെടുത്തും ഈ സംരംഭത്തിന്റെ ഭാഗമായി. പട്‌ല ബി.എസ്.ടി. അബൂബക്കറിന്റെ പ്രത്യേക ഇടപെടൽ ഈ പ്രക്രിയ എളുപ്പമാക്കി. പട്‌ല എം. അബ്ദുൽ ഖാദർ ഹാജിയുടെ മകൻ പി. അബ്ബാസ് മാസ്റ്റർ, പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയ സാംസ്കാരിക വ്യക്തിത്വങ്ങൾ എത്രയോ കാലം പി.ടി.എ.യുടെ നേതൃത്വത്തിലുണ്ടായിരുന്നു.
2004-ലാണ് പട്‌ല ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെടുന്നത്. മധൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്കൂളും പട്‌ല ജി.എച്ച്.എസ്.എസ്. തന്നെയാണ്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1200-ലധികം വിദ്യാർഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 300-ലധികം വിദ്യാർഥികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ വർഷവും കുട്ടികളുടെ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഭൗതിക സൗകര്യങ്ങൾ ഇല്ലെന്നതാണ് വാസ്തവം. കഴിഞ്ഞ എത്രയോ വർഷങ്ങളായി എസ്.എസ്.എൽ.സി.യിൽ നൂറുമേനിയാണ് കൊയ്യുന്നത്. മികച്ച പഠനവും ഫാക്കൽറ്റിയും സപ്പോർട്ട് ചെയ്യാൻ പി.ടി.എ.യും എസ്.എം.സി.യും സജീവമാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ നാട്ടിലെ വിവിധ മേഖലകളിലെ കൂട്ടായ്മകൾ നൽകുന്ന പ്രോത്സാഹനങ്ങളും ശ്രദ്ധേയമാണ്. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതകളുണ്ടായിട്ടു പോലും മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ പട്‌ല ജി.എച്ച്.എസ്.എസിലേക്ക് ആകർഷിക്കാൻ പ്രധാന കാരണങ്ങളിലൊന്ന് വിദ്യാർഥി സൗഹൃദ ക്യാമ്പസ് അന്തരീക്ഷമാണ്.
ഹയർ സെക്കണ്ടറി തലത്തിൽ കൊമേഴ്സ്, സയൻസ് ബാച്ചുകളാണ് നിലവിലുള്ളത്. ഹ്യൂമാനിറ്റീസിനുള്ള ആവശ്യം ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. അതനുവദിച്ചു കിട്ടിയാൽ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണ്. നാട്ടിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ കണ്ണുതുറന്നാൽ തീരുന്ന വിഷയമേയുള്ളൂ ഇത്.
സർക്കാർ സ്കൂളുകളുടെ തിരിച്ചുവരവ്
അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും സർക്കാർ സ്കൂളിലേക്ക് മക്കളെ അയക്കാനുള്ള രക്ഷിതാക്കളുടെ മനോഭാവം മാറ്റിയെടുക്കാൻ പട്‌ലയിലെ സാംസ്കാരിക പ്രവർത്തകരും പി.ടി.എ. - എസ്.എം.സി. നേതൃത്വങ്ങളും വലിയ പ്രയത്നമാണ് നടത്തിയത്. 22 വർഷമായി നടന്ന ഇടപെടലുകളുടെ ഫലമായാണ് പട്‌ല സർക്കാർ സ്കൂൾ ഇന്നു കാണുന്ന പ്രതാപത്തിലേക്ക് എത്തിയത്. പൊതുസമൂഹത്തെ ബാധിച്ച അൺഎയ്ഡഡ് മാനിയ മാറ്റാൻ ഒരുപാട് എതിർപ്പുകൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഏറ്റവും മികച്ച അധ്യാപകരാണ് സർക്കാർ സ്കൂളിലുള്ളതെന്ന് നാം അന്ന് പ്രചാരണം നൽകി.
ഉയർന്ന അക്കാദമിക് യോഗ്യതയുള്ളവരെന്നും ബോധനത്തിൽ മികച്ച പരിശീലനം സിദ്ധിച്ചവരെന്നുമാണ് നാം രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. ഒമ്‌നി, ഓട്ടോറിക്ഷ മുതലായ വാഹനങ്ങളിൽ മക്കളെ അയക്കാൻ തിടുക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളെയും അതിജീവിച്ച് പട്‌ല സർക്കാർ സ്കൂൾ ഇന്ന് പ്രോമോട്ട് ചെയ്യപ്പെട്ടു. അത് നിലനിർത്താൻ നമുക്ക് സാധിക്കണം. അടുത്ത അധ്യയന വർഷത്തിന് മുന്നേ തന്നെ പട്‌ല സ്കൂൾ സജീവമാകണം. സ്കൂൾ അന്തരീക്ഷം സൗഹൃദപരമായി നിലനിർത്തണം. ഇല്ലെങ്കിൽ വീണ്ടും ‘പെട്ടിക്കട സ്കൂളുകൾ’ തലപൊക്കും. വാക്ചാതുരിയുള്ളവർ രക്ഷിതാക്കളെ നേരിൽക്കണ്ട് വിശ്വസിപ്പിക്കാൻ പരമാവധി ശ്രമിക്കും. അതോടെ സർക്കാർ സ്കൂളുകൾ വീണ്ടും പിന്നിലേക്ക് പോകാനിടയാകും. ഇക്കാര്യത്തിൽ ജാഗ്രത ആവശ്യമാണ്.
നിങ്ങളുടെ കുട്ടിക്കാലത്തെ സ്കൂൾ ഓർമ്മകളും പട്‌ല സ്കൂളിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്. ഈ ചരിത്രപരമായ റിപ്പോർട്ട് പട്‌ല സ്കൂളിലെ പൂർവ്വ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. വിദ്യാഭ്യാസ വാർത്തകളും പുതിയ അപ്‌ഡേറ്റുകളും ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യാൻ മറക്കരുത്.
Article Summary: A detailed report on the history and growth of GHSS Patla in Kasaragod, highlighting its 100-year legacy and the contributions of M. Abdul Khader Haji.
#PatlaSchool #KasaragodEducation #HistoryOfPatla #GHSSPatla #KeralaSchools #AbdulKhaderHaji #MadhurPanchayat #EducationHistory #KasaragodUpdate #PublicSchoolPride






