തളങ്കര ഗ്രാമത്തെ ലോകോത്തര കീർത്തി കിരീടം ചൂടിച്ച ഹകീം
May 10, 2021, 12:54 IST
സൂപ്പി വാണിമേൽ
(www.kasargodvartha.com 10.05.2021) അറബിക്കടലിന്റെ റാണിയാണ് കാസർകോടിന്റെ തളങ്കര. ചരിത്രത്തിലും വർത്തമാനത്തിലും പകിട്ടൊത്ത തീരം. ഇസ്ലാം പ്രത്യയശാസ്ത്ര പ്രബോധന നിയോഗവുമായി മാലിക്ബ്നു ദീനാറും സഖാക്കളും പായക്കപ്പലിൽ വന്നിറങ്ങിയ കടപ്പുറം. അവർ പണിത ജുമാമസ്ജിദ് തനിമ ചോരാതെ കാത്തുപോരുന്നു തലമുറകൾ. കർണാടകയിൽ നിന്നുറവയെടുത്ത് തുളുനാടും മലനാടും ഇടനാടും തഴുകി അറബിക്കടൽ പുണരുന്ന ചന്ദ്രഗിരിപ്പുഴ അഴിമുഖം ദൃശ്യമനോഹരം.
തളങ്കര ഗ്രാമം പേരിനൊപ്പം ചേർത്തറിയപ്പെടുന്നവരിൽ കാലയവനികയിൽ മറഞ്ഞ തൊഴിലാളി നേതാവ് മജീദ് തളങ്കര മുതൽ പ്രവാസി വ്യവസായ പ്രമുഖൻ യഹ്യ തളങ്കര വരെയുണ്ട്. മഹാകവി ടി ഉബൈദും ശിഷ്യൻ കെ എം അഹ്മദും പിറന്ന ഈ മണ്ണിലാണ് ടി എ ഇബ്രാഹീമും കെ എസ് അബ്ദുല്ലയും ഖാദർ തെരുവത്തും രാഷ്ട്രത്തിന്റെ കാവലാളായി വീരമൃത്യു വരിച്ച ധീരജവാൻ സെകന്റ് ലഫ്റ്റനന്റ് ഹാശിമും മൗലാന മൗദൂദി ആശയ പ്രചാരകനായി നാടുകൾ താണ്ടിയ അബ്ദുല്ല ശർകിയും ഭൂജാതരായത്.
എന്നാൽ ഒരു കുടുംബത്തിന്, ഒരേയൊരു കുടുംബത്തിന് ഈ ഗ്രാമം അവരുടെ വീട്ടുപേരാണ്. ഉരു വ്യവസായത്തിൽ പുകൾപെറ്റ തളങ്കര കുടുംബ പരമ്പരയുടെ സിംഹാസനം ചന്ദ്രഗിരിപ്പുഴയോട് ചേർന്ന് റയിൽപാളത്തിന് പടിഞ്ഞാറ് കാണുന്ന വീടിനകത്തുണ്ട്.ആഢംബര പുറംകാഴ്ചയല്ല. അലിവിന്റേയും എളിമയുടേയും ആൾരൂപമായിരുന്നു ആ വീടിന്റെ സൗന്ദര്യവും ഐശ്വര്യവും. തളങ്കര അബ്ദുല്ല കുഞ്ഞി എന്ന പേര് കേൾക്കുമ്പോൾ ആൾക്കൂട്ടമല്ല അനേകങ്ങളുടെ മനസ്സാണ് ആദരവോടെ എഴുന്നേറ്റു നിന്നിരുന്നത്. തളങ്കര മുതൽ ഉള്ളാൾ വരെ തീരം ഏറെക്കുറെ സ്വന്തമായ അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും മനസ്സുകളിൽ വാണത് ജന്മിത്ത അഹങ്കാരത്തേക്കാൾ അലിവിന്റെ കടലായിരുന്നു.
അബ്ദുല്ല കുഞ്ഞിയുടെ മകനാണ് ദുബായ് ആശുപത്രിയിലെ തീവ്രപരിചരണങ്ങളെയാകെ കീഴ്‌പ്പെടുത്തി അസുഖം കൊണ്ടുപോയ ഡോ. തളങ്കര അബ്ദുൽ ഹകീം. ഉരു വ്യവസായത്തിൽ ലോകോത്തര കീർത്തി ചൂടി നിൽക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഹകീം പ്രസിഡണ്ടായ കണ്ണൂർ അഴീക്കലിലെ സുൽക്ക യാർഡിൽ ഖത്തർ രാജകുടുംബത്തിനായി രണ്ട് കൂറ്റൻ ഉല്ലാസ നൗകകൾ പണിത് വെള്ളത്തിലിറക്കുന്നതിന്റെ അന്തിമ ഘട്ടത്തിലായിരുന്നു.
10 കോടി രൂപ വീതം ചെലവ് വരുന്നവയാണിവ. തേക്കിൻ തടിയിൽ കരവിരുതിന്റെ ചാരുതയും നൂതന സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും ഒത്തിണങ്ങിയ ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ നൗകകൾ. 200 അടി നീളം. 50 അടി വീതി. 12 അടി ഉയരം. ഹകീമിന്റെ മേൽനോട്ടത്തിൽ നൂറോളം തൊഴിലാളികൾ മൂന്നുവർഷമായി ഈ ഉരുവിന്റെ പണിപ്പുരയിലായിരുന്നു. ഹകീം സംഘം ഇതിനകം നിർമ്മിച്ച മുപ്പതോളം ഉല്ലാസ നൗകകളിൽ ചിലത് അന്താരാഷ്ട്ര മേളകളിൽ ഇടംനേടിയിരുന്നു. 2015ലെ ഷോയിൽ ഏറ്റവും മികച്ച ഉരുവിന് ഖത്തർ ഭരണാധികാരിയുടെ പുരസ്കാരം ഏറ്റുവാങ്ങിയതിനെത്തുടർന്നാണ് സുൽത്താന് ആഢംബര നൗകയോട് കമ്പം ഉദിച്ചത്.
തെന്നിന്ത്യയിലെ ഏറ്റവും വലിയ ഉരു വ്യവസായിയായി വളർന്നപ്പോഴും ഹകീം സൂക്ഷിച്ച സാമൂഹിക പ്രതിബദ്ധത ജന്മിത്ത ആഢ്യത്വം തലക്കനമാവാതെ പോറ്റിയ കുടുംബ പൈതൃകമാണെന്ന് ബാല്ല്യകാല ചങ്ങാതി കാസിം മുഹമ്മദ് മുണ്ടകുന്നിൽ അനുസ്മരിച്ചു. 'ഓത്തുപള്ളിയിൽ ഞങ്ങൾക്ക് ചോക്ലേറ്റ് മധുര ഓർമ്മയാണ് ഹകീം. മലബാറിലെ വലിയ ജന്മി കുടുംബമായ ഉടുമ്പുന്തലയിലെ നാലുപുരപ്പാട്ടിൽ ഇബ്രാഹിം ഹാജിയുടെ മകൾ കുഞ്ഞാമിനയാണ് ഹകീമിന്റെ ഉമ്മ. ഹകീമിന്റേയും ഇളയ രണ്ട് പെങ്ങന്മാരുടേയും ബാല്ല്യകാലം ഉമ്മ വീട്ടിലായിരുന്നു.
പ്രമുഖ കുടുംബത്തിലാണ് ഞാനും. ഇരു വീടുകൾക്കുമിടയിൽ ഒരു വയൽ അകലമേയുയുള്ളൂ. മദ്റസയിലും സ്കൂളിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഹകീമിന്റെ കൈയിൽ എന്തെങ്കിലും പലഹാരപ്പൊതി എന്നും സഹപാഠികൾക്കായി കരുതി. ചോക്ലേറ്റുകൾ കിട്ടാക്കനിയായ അന്ന് അവൻ അതും കൊണ്ടുവന്ന് വീതംവെച്ചു, ഒപ്പം പഠിക്കുന്നവരുടെ ഇല്ലായ്മ വേഷങ്ങൾ തരംതിരിച്ചകറ്റാതെ. കുട്ടികൾക്കിടയിലെ തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ ചെറുപ്പത്തിലേ ഹകീം കാണിച്ച ഉത്സാഹം പിന്നീട് പൊതുജീവിതത്തിലും പ്രകടമായി. എം കെ രാഘവൻ എംപി പ്രസിഡണ്ടായ അവിഭക്ത കണ്ണൂർ ജില്ല കെ എസ് യു കമ്മിറ്റി ട്രഷററായിരുന്നു ഹകീം'.
കോൺഗ്രസ്സ് ഗ്രൂപ് രാഷ്ട്രീയത്തിൽ കെ കരുണാകരൻ പക്ഷക്കാരനായിരുന്നു ഹകീം എന്ന് സമകാലിക വിദ്യാർത്ഥി സംഘടനാ പ്രവർത്തകൻ കാഞ്ഞങ്ങാട്ടെ അഡ്വ. പി നാരായണൻ പറഞ്ഞു. '1975-77 കാലത്ത് ഹകീം തളങ്കരയും പി എ അഷറഫലിയുമാണ് ഇപ്പോഴത്തെ എംപി എംകെ രാഘവനോടൊപ്പം കെഎസ്യു ഭാരവാഹിയായിരുന്നത്. ഹകീം ട്രഷറർ സ്ഥാനവും അഷറഫലി ജനറൽ സെക്രട്ടറി പദവിയും വഹിച്ചു. കാസർകോട്ട് കെ എസ് യു എന്നാൽ ഹകീമും അഷറഫലിയുമായിരുന്നു. ഞാൻ അന്ന് കെ എസ് യു താലൂക്ക് പ്രസിഡണ്ട്. എൻ രാമകൃഷ്ണനായിരുന്നു കണ്ണൂർ ഡി സി സി പ്രസിഡണ്ട്. ഹകീം എൻ ആറുമായി വളരെ അടുപ്പം സൂക്ഷിച്ചു. എം കെ രാഘവൻ, വി സി രാധാകൃഷ്ണൻ തുടങ്ങി ഞങ്ങൾ എ കെ ആന്റണി പക്ഷത്തായിരുന്നു. ഗ്രൂപ്പ് വേർതിരിവുകൾ സൗഹൃദങ്ങളെ ഉലക്കാതെ കാത്തത് ഹകീം'.
ഹകീമിന്റെ വ്യവസായ, കർമ്മ മേഖല വളപട്ടണമായിരുന്നുവെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് തളങ്കരയിലെ ടി ഇ അബ്ദുല്ല പറഞ്ഞു. മുസ്ലിം ലീഗിന്റെ സാന്നിധ്യവും വളർച്ചയും ഹകീം ഇഷ്ടപ്പെട്ടിരുന്നുവെന്ന് ടി വി എ സലീം സാക്ഷ്യപ്പെടുത്തി. മുസ്ലിം ലീഗ് നേതാവായിരുന്ന മുൻ മന്ത്രി ചെർക്കളം അബ്ദുല്ല പാർട്ടി സംഭാവനക്കായി ഹകീമിനടുത്തേക്ക് അയച്ചതാണ് പാർട്ടി ജില്ല ഓഫീസ് സെക്രട്ടറിയായിരുന്ന സലീമിന്റെ അനുഭവം. കാൽ നൂറ്റാണ്ട് മുമ്പ് ഹകീം കൊടുത്തയച്ച കാൽലക്ഷം രൂപ കണ്ട് ചെർക്കളം ഞെട്ടിയിരുന്നുവെന്ന് സലീം.
മഹാമാരിയിലൂടെയാണ് ഹകീം തളങ്കരയുടെ നോവായി പെയ്യുന്നതെങ്കിൽ അദ്ദേഹത്തിന്റെ സഹോദരൻ തളങ്കര ഇബ്രാഹിം ഖലീൽ കത്തിയമർന്ന വിമാന ദുരന്തക്കനലായി ഈ തീരത്തിന്റെ നെഞ്ചിലുണ്ട്. 2010 മെയ് 22 ന് 158 യാത്രക്കാരുമായി തകർന്നുവീണ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഖലീൽ. കാസർകോട് നഗരസഭ കൗൺസിലറായും പാർട്ടി നേതൃത്വത്തിലും സജീവവും പ്രവാസ ലോകത്ത് വ്യവസായ സംരംഭങ്ങളുമായും കഴിയുന്ന വേളയിലായിരുന്നു വിടവാങ്ങൽ.
Keywords: Kasaragod, Kerala, Thalangara, Article, Karnataka, Yahya-Thalangara, K.S Abdulla, Ullal, Hospital, Congress, KSU, Muslim-league, Hakeem crowned Thalangara village with world-class fame.
< !- START disable copy paste -->