സ്വകാര്യാശുപത്രികളുടെ പകല്‍ക്കൊള്ള തടയാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാറണം
Oct 13, 2017, 12:05 IST
അസ്ലം കാസര്‍കോട്
(www.kasargodvartha.com 13.10.2017) മംഗളൂരുവിലെ സ്വകാര്യാശുപത്രികള്‍ നടത്തുന്ന കൊള്ളക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന കാലമാണിത്. അവിടങ്ങളില്‍ രോഗികള്‍ കൊടും ചൂഷണങ്ങള്‍ക്ക് ഇരകളാകുന്ന സ്ഥിതിക്ക് ഇതുകൊണ്ടൊന്നും മാറ്റം വന്നിട്ടില്ല. കാസര്‍കോട് ജില്ലയിലെ ചില സ്വകാര്യാശുപത്രികളും ഇത്തരത്തിലുള്ള ചൂഷണത്തിന്റെ കാര്യത്തില്‍ മംഗളൂരുവിലെ ആശുപത്രികളോട് മത്സരിക്കുകയാണ്. യാതൊരു തരത്തിലുള്ള തത്വദീക്ഷയുമില്ലാതെ രോഗികളെ കൊള്ളയടിക്കുന്ന ഈ സ്ഥാപനങ്ങളെ ആതുരാലയങ്ങള്‍ എന്ന് വിളിക്കാനാവില്ല. ഇതൊരിക്കലും രോഗികള്‍ക്ക് ആശ്വാസകേന്ദ്രങ്ങളല്ല. മറിച്ച് രോഗികളുടെ ചോരയും നീരും ഊറ്റിയെടുക്കുന്ന അറവുകേന്ദ്രങ്ങള്‍ എന്നുതന്നെ വിശേഷിപ്പിക്കണം.
ഇത്തരം ആശുപത്രികളില്‍ ഒരാഴ്ച ചികിത്സയില്‍ കഴിഞ്ഞാല്‍ സ്വത്തിന്റെ അടിയാധാരം വരെ വില്‍ക്കേണ്ടിവരും. തൊട്ടതിനും പിടിച്ചതിനും ബില്ലില്‍ വന്‍തുകകള്‍ എഴുതിച്ചേര്‍ക്കുന്നു. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യമാണ് സ്വകാര്യാശുപത്രികള്‍ മുതലെടുക്കുന്നത്. ശസ്ത്രക്രിയകള്‍ പോലും മുടക്കി സ്വകാര്യലോബിയെ സഹായിക്കുന്ന സമീപനമാണ് കാലങ്ങളായി സര്‍ക്കാര്‍ ആശുപത്രികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആകര്‍ഷകമായ കമ്മീഷന്‍ സര്‍ക്കാര്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഇതിന്റെ പേരില്‍ കൈപ്പറ്റുന്നുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും അവധിയെടുത്ത് സ്വകാര്യാശുപത്രികളില്‍ പ്രാക്ടീസ് ചെയ്യാനാണ് പല ഡോക്ടര്‍മാര്‍ക്കും ഇന്ന് താത്പര്യം.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതുമൂലം പരമാവധി പ്രതിസന്ധിയുണ്ടാക്കി സ്വകാര്യലോബികള്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുന്നു. ഈ ചൂഷണപരമ്പരകള്‍ കാലങ്ങളായി നടന്നുവരികയാണ്. പൊതുവെ പ്രതികരണശേഷി കുറഞ്ഞ സമൂഹമായി നമ്മള്‍ മാറിയതോടെ ഈ കൊള്ളക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആരുമില്ലാതായിരിക്കുന്നു. ആതുരസേവന മേഖല പാവപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് വലിയൊരു പരീക്ഷണം തന്നെയാണ്. പണമുള്ളവന് മാത്രമേ ചികിത്സയുള്ളൂ എന്ന നിലയ്ക്കാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. നിര്‍ധനകുടുംബങ്ങള്‍ക്ക് ആശ്വാസമാകേണ്ട സര്‍ക്കാര്‍ ആശുപത്രികള്‍ പരാധീനതകളാല്‍ വീര്‍പ്പുമുട്ടുകയാണ്. ഡോക്ടറില്ല, മരുന്നില്ല എന്നിങ്ങനെയുള്ള പരാതികള്‍ നിലനില്‍ക്കുന്നിടത്ത് പാവപ്പെട്ടവന് മെച്ചപ്പെട്ട ചികിത്സ കിട്ടുമെന്ന് പ്രതീക്ഷിക്കാനാകില്ല. ഇങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ടിവരും.
സ്വകാര്യാശുപത്രികളുടെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടണം. അത് സംഭവിക്കാത്ത സാഹചര്യത്തില്‍ പൊതു ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. നിര്‍ഭാഗ്യവശാല്‍ ആ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്നില്ല. സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കാന്‍ ആവശ്യമായ സമരപരിപാടികള്‍ നടത്താന്‍ പോലും ആര്‍ക്കുമിപ്പോള്‍ താത്പര്യമില്ല. ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതക്കും ചൂഷണത്തിനുമെതിരെ മുമ്പ് ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയ നമ്മുടെ നാട്ടിലെ യുവജനസംഘടനകളെ ഇപ്പോള്‍ കണികാണാനില്ല. അവരൊക്കെയും നവമാധ്യമങ്ങളില്‍ പോരാടുന്ന തിരക്കിലാണ്.
നാടിനെയും പൊതുജനങ്ങളെയും ബാധിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കൊന്നും സമയമില്ല. ഇത്രയും നിഷ്‌ക്രിയമായ സമൂഹം ഇതിനുമുമ്പുണ്ടായിട്ടില്ല. ചൂഷകരെ പ്രോത്സാഹിപ്പിക്കുന്നത് നമ്മള്‍ തന്നെയാകുമ്പോള്‍ എതിര്‍പ്പ് എവിടെ നിന്നുണ്ടാകാന്‍. ഉത്തരേന്ത്യയിലെ മാത്രം പ്രശ്‌നങ്ങളെക്കുറിച്ച് വാചാലരാകുന്ന ഇവിടത്തെ രാഷ്ട്രീയക്കാര്‍ നമ്മുടെ നാട്ടിലെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് കണ്ണുതുറന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്. അക്രമം നടത്തിയല്ല, ജനാധിപത്യരീതിയിലുള്ള സമരങ്ങളിലൂടെ ആരോഗ്യമേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സമൂഹമാണ് ഇവിടെയുണ്ടാകേണ്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Patient's, Treatment, Doctors, Exploits, Private hospitals, No medicines, Health sector, Aslam Kasargod, Government hospital should change for prevent spoil of private hospitals.