city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിരകള്‍ വലിഞ്ഞ് മുറുകുന്നു; ഫ്രീക്കന്‍മാര്‍ കഞ്ചാവ് വിട്ട് മയക്കുമരുന്നും ഫാഷനാക്കുന്നു

കെ എസ് സാലി കീഴൂര്‍

(www.kasargodvartha.com 11/04/2017)
കഞ്ചാവിന്റെ ആനന്ദം പോരാഞ്ഞ് ഇപ്പോള്‍ ഫ്രീക്കന്‍മാര്‍ മയക്കുമരുന്നും ഫാഷനാക്കുന്നു. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട നമ്മുടെ നാട്ടിലെ യുവാക്കള്‍ ലഹരിയുടെ വീര്യം പോരാതെ വരുമ്പോഴാണ് സെക്കന്റിനകം തലയ്ക്ക് പിടിക്കാന്‍ ഉപയോഗിക്കുന്ന പുതിയ മാര്‍ഗ്ഗം സ്വീകരിക്കുന്നത്.

ചെറിയ സിറിഞ്ചില്‍ മയക്കുമരുന്ന് വലിച്ചു കയറ്റി അത് സ്വയം ശരീരത്തിലെ സിരകളിലേക്ക് കുത്തി കയറ്റുമ്പോള്‍ ഞരമ്പുകള്‍ വലിഞ്ഞ് മുറുകി പ്രത്യേക ഉന്മാദത്തിലേക്കാണ് വഴുതിപ്പോകുന്നത്. ഫാഷനായി മാറിയ ലഹരിയുടെ ഉപയോഗം അപകടകരമായ പ്രവണതകളായി മാറുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാനോ, പ്രതികരിക്കാതെയിരിക്കാനോ നമുക്ക് കഴിയില്ല. നമ്മുടെ പ്രദേശത്ത് പോലും ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഇത്തരം ലഹരി ഉപയോഗം വ്യാപകമാകുന്നതിനെതിരെ അതിശക്തമായ പ്രവര്‍ത്തനങ്ങള്‍ നാം നടത്തേണ്ടിയിരിക്കുന്നു.

കൗമാരത്തില്‍ നിന്ന് യുവത്വത്തിലേക്കുള്ള ചുവടുവെപ്പിനോടൊപ്പം സ്‌കൂള്‍ ജീവിതത്തില്‍ മാറ്റത്തിന്റെ വ്യത്യസ്ത തലങ്ങള്‍ രൂപപ്പെടുന്ന ഘട്ടത്തിലാണ് പലരിലും പലരൂപത്തില്‍ ലഹരിയുടെ അനുഭവങ്ങള്‍ തേടുന്നത്. ചിലര്‍ പഠനത്തോട് തല്‍പ്പരരാവുന്നു. ചിലരാകട്ടെ കലാകായിക രംഗത്ത് ശോഭിക്കുന്നു. മറ്റു ചിലര്‍ ആശാസ്യമല്ലാത്ത കൂട്ടുകെട്ടുകളിലൂടെ ദുരന്തങ്ങളിലേക്കും ദുര്‍നടപടികളിലേക്കും നീങ്ങുന്നുവെന്നതാണ് പുതിയ രീതി.

ജില്ലയുടെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും കേന്ദ്രീകരിച്ച് കഞ്ചാവ്-മയക്ക് മരുന്ന് വില്‍പ്പന വീണ്ടും സജീവമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ലഹരി മിഠായി, ലഹരി ഗുളിക, കഞ്ചാവ് എന്നിവയ്ക്ക് അടിമകളായി മാറുകയാണ്. മയക്കുമരുന്ന് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു യുവാവിനെ കഴിഞ്ഞ ദിവസം പരിചയപ്പെടുകയുണ്ടായി...

ആ യുവാവിന്റെ പതിനഞ്ച് വയസ് മുതലുള്ള അനുവഭങ്ങള്‍ ഞാനുമായി പങ്കുവെച്ചു. കുറ്റബോധത്തോടെ ഉണ്ടായ ആ അനുഭവങ്ങള്‍ ഓരോന്നായി പൊതു സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണ്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ചങ്ങാതിമാരൊത്ത് കായല്‍ കരയില്‍ പോയപ്പോള്‍ കൂട്ടുകാര്‍ സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അവര്‍ ഒരു പഫ് എടുക്കാന്‍ നിര്‍ബന്ധിച്ച പ്രകാരമായിരുന്നു തുടക്കം...

സിരകള്‍ വലിഞ്ഞ് മുറുകുന്നു; ഫ്രീക്കന്‍മാര്‍ കഞ്ചാവ് വിട്ട് മയക്കുമരുന്നും ഫാഷനാക്കുന്നു

അങ്ങനെ ആ പഫില്‍ നിന്ന് ലഭിച്ച അനുഭൂതി പിന്നെയും പിന്നെയും ലഭിക്കാന്‍ ചങ്ങല പോലുള്ള പുതിയ ബന്ധങ്ങള്‍ തേടി അവന്‍ അലഞ്ഞു... അങ്ങനെ പല നാടുകളിലും ഇത്തരത്തിലുള്ള ചങ്ങാതിമാര്‍ അവന് ലഭിച്ചു. ഏത് നാട്ടിലിരുന്നാലും പല നാടുകളിലെ ചങ്ങാതിമാര്‍ അവനെ തേടിയെത്തുന്നു..

എഴുപത് രൂപ കൊടുത്താല്‍ മുപ്പത്തിമൂന്ന് റിസിലാ പേപ്പര്‍ (സ്‌മോക്കിംഗ് പേപ്പര്‍) ചില കടകളില്‍ സുലഭമായി കിട്ടുന്നു. കഞ്ചാവും റിസിലാ പേപ്പറും സിഗറേറ്റും മിക്സ് ചെയ്ത് റിസിലാ പേപ്പറില്‍ ചുരുട്ടി വെച്ചാണ്് സാധാരണ രീതിയില്‍ ഉപയോഗിക്കുന്നത്. ഒരു സമയത്തേക്ക് ഒരു റിസിലാ പേപ്പര്‍ മൂന്ന് പേര്‍ക്ക് ഉപയോഗിക്കാന്‍ മതിയാവും.. ഓരോ 'ദം' എടുത്ത് അടുത്തുള്ളവര്‍ക്ക് പാസിംഗ് ചെയ്യുന്നതാണ് രീതി. കൂട്ടുകാരോത്തുള്ള കമ്പനിയും നല്ല തണലുള്ള സ്ഥലവുമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. റിസിലാ പേപ്പര്‍ മൊബൈല്‍ ബാറ്ററിക്കുളളിലും പേഴ്‌സിനുള്ളിലും സ്ഥിരമായി സൂക്ഷിച്ച് വെച്ചിരിക്കും...

ചെമ്മനാട്ടെ ഒരു കടയില്‍ റിസിലാ പേപ്പര്‍ ലഭിക്കുന്നതായി യുവാവ് പറഞ്ഞു. റിസിലാ പേപ്പര്‍ വില്‍ക്കുന്നതിന് നിയമ പ്രശ്നങ്ങള്‍ ഇല്ല എന്നാണ് കേട്ടറിവ്. തമ്മില്‍ ഫോണ്‍ ബന്ധങ്ങള്‍ ഇല്ലാതെ ഒന്ന് മറ്റൊന്നിനെ കണക്റ്റ് ചെയ്യാനും കഞ്ചാവ് എവിടെയുണ്ടെങ്കിലും അത് സ്വരൂപിക്കാനും കഞ്ചാവ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് സാധിക്കുന്നു എന്നുള്ളത് ഒരു പ്രത്യേകതയാണ്.

അങ്ങനെ കഞ്ചാവ് വലിച്ചതിന് ശേഷമുള്ള അനുവഭം ആ പയ്യനോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. വായിലെ ഉമിനീര് വറ്റുന്നു... കടുത്ത വിശപ്പ് അനുവഭപ്പെടുന്നു. മധുരത്തോടുള്ള കമ്പം കൂട്ടുന്നു... കണ്ണ് ചുവക്കുന്നു... നെറ്റി തടത്തിന്റെ ഇരു ഭാഗത്തുള്ള ഞെരമ്പുകള്‍ പൊങ്ങി വന്ന് ഞരമ്പുകളെ പിടിച്ചു വലിച്ചു പ്രത്യേകമായ അനുഭൂതി ഉണ്ടാക്കുന്നു... തുടരെ തുടരെ ഉപയോഗിക്കുമ്പോള്‍ അതിന്റെ അനുഭൂതി പതിമടങ്ങ് വര്‍ദ്ധിക്കുന്നു.. പിന്നെ പൊതുവെ മന്ദഗതിയായിരിക്കും..

പിന്നെ വീട്ടിലേക്കുള്ള മടക്കയാത്രയില്‍ കണ്ണിന്റെ ചുവപ്പ് മാറ്റാന്‍ ഐഡ്രോപ്പ് മെഡിസിന്‍ ഉപയോഗിക്കുന്നു. വായ മണക്കാതിരിക്കാന്‍ ഹാപ്പിഡെന്റ് ചൂയിങ്ങം ചവക്കുന്നു.. ചുണ്ട് കറുക്കാതെയിരിക്കാന്‍ ലിപ്പ്ബാം ഉപയോഗിക്കുന്നു... ഇത്രയൊക്കെ ഉപയോഗിച്ചതിന് ശേഷം ആരുടെ മുന്നിലും പ്രത്യക്ഷപ്പെട്ടാലും ഒരാള്‍ക്കും കഞ്ചാവിന്റെ ദുര്‍ഗന്ധം പിടികൂടാന്‍ കഴിയില്ലെന്ന് മാത്രമല്ല ഡ്രൈവ് ചെയ്താല്‍ പോലും പോലീസിന് പിടിക്കാന്‍ കഴിയില്ല എന്നാണ് അവരുടെ വാദം... മയക്കുമരുന്ന് ഉപയോഗിച്ച ഒരാളെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി പോലീസ് ഇതുവരെ ഒരാളേയും പിടികൂടിയിട്ടില്ല എന്നതാണ് വാസ്തവം.

കഞ്ചാവ് കിട്ടാതെ വരുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്നു. ഭക്ഷണത്തോട് താല്‍പര്യം കുറയുന്നു. കല്യാണം പോലുള്ള മറ്റു പരിപാടികളില്‍ സാന്നിദ്ധ്യമറിയിക്കാനും മറ്റു എല്ലാവിധ കാര്യങ്ങള്‍ക്കും ഉത്സാഹം തീരെ കുറയുന്നു. കഞ്ചാവ് ഉപയോഗിക്കണമെന്ന് വിചാരിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ കൂട്ടുകാരുടെ കണ്ണികളില്‍ പങ്കാളിയായാല്‍ മതി സൗജന്യമായി തന്നെ 'ദം' ഇടാം. കഞ്ചാവിന് തീ കൊളുത്തിയാല്‍ വലിയ ദുര്‍ഗന്ധമാണ് ഉണ്ടാവുന്നത്. അതിനാല്‍ ഇതു ഉപയോഗിക്കാനും രഹസ്യ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നു.

നഗരത്തിലുള്ള ആളില്ലാ കെട്ടിടത്തിലും ബസ് സ്്റ്റാന്‍ഡിലെ ഇടനാഴികളിലും റെയില്‍വെ സ്റ്റേഷന്റെ ആളൊഴിഞ്ഞ കോണുകളിലും പുഴയോരങ്ങളിലും കടല്‍തീരത്തും കുറ്റിക്കാട്ടിലുമാണ് വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി പത്ത് മണി വരെ സുഹൃത്തുക്കളുമൊത്തുള്ള യൂസിംഗ് ടൈം. അഞ്ഞൂറ് രൂപയുടെ 20 ഗ്രാം കഞ്ചാവ് അഞ്ച് പേര്‍ക്ക് നാല് ദിവസത്തേക്ക് ഉപയോഗിക്കാന്‍ മതിയാവും. ഏറ്റവും ചുരുങ്ങിയ ചിലവില്‍ യുവാക്കളെ നാശത്തിലേക്ക് നയിക്കാന്‍ ഇത് ഏറ്റവും വലിയ കാരണമാവുന്നു.

കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഇടുക്കി, കമ്പം, കുമളി, തേനി, എന്നിവിടങ്ങളില്‍ നിന്ന് ലോറി, ബസ്, ട്രെയിന്‍ മാര്‍ഗ്ഗം നമ്മുടെ ജില്ലയില്‍ എത്തുന്നു. മഞ്ചേശ്വരം, ഉപ്പള, കുമ്പള, മൊഗ്രാല്‍, പുളിക്കൂര്‍, ഒളയത്തടുക്ക, ചെട്ടുംകുഴി, വിദ്യാനഗര്‍, കാസര്‍കോട് പഴയ ബസ് സ്റ്റാന്റ്, തളങ്കര, ചെമ്മനാട് സ്‌കൂള്‍ പരിസരം, ചളിയങ്കോട്, മേല്‍പ്പറമ്പ്, ചട്ടംഞ്ചാല്‍, ഉദുമ ഗേറ്റ്, കോട്ടിക്കുളം എന്നിവിടങ്ങളിലാണ് കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങള്‍. ഇപ്പോള്‍ നിലവിലുള്ളത്.

നിരവധി കൈമാറ്റങ്ങളിലൂടെ കഞ്ചാവ് ഓരോ കേന്ദ്രത്തിലേക്കും എത്തിക്കുന്നു. ഒരു കിലോ കഞ്ചാവിന് 12,000 രൂപയാണ് വില. ഓരോ കേന്ദ്രത്തിലെ വില്‍പ്പനക്കാരന്‍ ഇതിനെ 20 ഗ്രാം വീതമുള്ള ചെറു പാക്കറ്റുകളാക്കി ഓരോ പാക്കറ്റ് 500 രൂപയ്ക്ക് ചില്ലറ വില്‍പ്പന നടത്തുമ്പോള്‍ ഇരട്ടി ലാഭമാണ് കൊയ്യുന്നത്്. മുക്കുച്ച... എന്തുണ്ടാ... എന്ന ചില കോഡ് ഭാഷയില്‍ ബന്ധപ്പെട്ടാല്‍ ആര്‍ക്കും ഗ്രാം, കിലോ അടിസ്ഥാനത്തില്‍ മൊത്തമായി കഞ്ചാവ് ലഭിക്കും എന്നാണ് അറിയാന്‍ സാധിച്ചത്.

പരിചയമുള്ളവനിക്ക് പണം നല്‍കുമ്പോള്‍ കഞ്ചാവ് കയ്യില്‍ തന്നെ ലഭിക്കുന്നു. പരിചയമില്ലാത്തവന്‍ പോയാല്‍ പണം വാങ്ങി അല്‍പ്പം ദൂരെയുള്ള ഒരു രഹസ്യ സ്ഥലം ചൂണ്ടി കാണിച്ച് കൊടുക്കുന്നു. ലഹരി വിരുദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന എന്നോട് സ്വകാര്യമായി കഞ്ചാവ് ലഹരി ഉപയോഗത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച ആ യുവാവിനെ കൂട്ടുകാരുമൊത്ത് മംഗളൂരു ഫാദര്‍ മുള്ളേഴ്സിലെ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിനും തുടര്‍ ചികിത്സയ്ക്കും വിധേയമാക്കി.

ഏറെ മാറ്റങ്ങള്‍ക്ക് വിധേയമാണെങ്കിലും ഈ യുവാവിന് സാധരണ ജീവിതത്തിലേക്ക് കടന്ന് വരാന്‍ ഇനിയും ഒരുപാട് നാളുകള്‍ വേണ്ടിവന്നേക്കാം. അതെ ആ യുവാവ് നമുക്ക് ഏവര്‍ക്കും ഒരു പാഠമാണ്. തന്റെ പതിനഞ്ചാം വയസ്സില്‍ കഞ്ചാവ് പുകയ്ക്കുന്നത് എന്താണെന്നറിയാതെ പുകച്ച് നശിപ്പിച്ചത് തന്റെ സ്വന്തം ജീവിതമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും പൂര്‍ണ്ണമായി കഞ്ചാവ് ലഹരിക്ക് അടിമപ്പെട്ടിരുന്നു. കഞ്ചാവ് വില്‍പ്പന കേന്ദ്രവും ഉപയോഗ താവളവും ഉപയോഗിക്കുന്ന ചെറുപ്പക്കാരെയും മിക്കവര്‍ക്കും അറിയാമെങ്കിലും ബന്ധുക്കള്‍, പാര്‍ട്ടിക്കാര്‍, നാട്ടുകാരന്‍, സ്നേഹിതന്‍ എന്നിവരെ ഓര്‍ത്ത് മിക്കവരും ഇതിനെ പ്രതികരിക്കാന്‍ രംഗത്ത് വരുന്നില്ല എന്നത് ഒരു വസ്തുതയാണ്...

കുടുംബത്തിന്റെ വേദനയായി തീര്‍ന്ന ഈ യുവാവിനെ പോലെ നമ്മുടെ മക്കളും വഴി തെറ്റി പോകാതിരിക്കണമെങ്കില്‍ നാം മക്കളെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. സന്ധ്യ സമയം കഴിഞ്ഞാല്‍ ഒരു കാരണവശത്താലും കുട്ടികളെ വീടിന് പുറത്ത് വിടാതിരിക്കുകയും വീട്ടില്‍ തന്നെ സൗകര്യപ്രദമായ പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ കഴിയുന്നത്ര സമയം അവരോടൊപ്പം സ്നേഹപൂര്‍വ്വം ഒന്നിച്ച് ഇടപഴകുകയാണ് വീട്ടുകാര്‍ ചെയ്യേണ്ടത്. അത്തരം കാര്യങ്ങള്‍ ഇന്ന് അനിവാര്യമായിരിക്കുന്നു.

നമ്മുടെ മക്കളെ പോലെ തന്നെ ബന്ധുമിത്രാധികളായ കുട്ടികളെയും അയല്‍വാസികളായ കുട്ടികളെയും നാം ഓരോരുത്തരും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ മാത്രമേ ഒരു പരിധി വരെ നമ്മുടെ നാട്ടിന്‍ പുറങ്ങളിലുള്ള കഞ്ചാവ് മയക്കുമരുന്ന് വ്യാപനത്തിന് തടയിടാനാവൂ... ഇനിയുള്ള നാളുകളില്‍ അതിനാവട്ടെ നമ്മുടെ ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Article, Ganja, Youth, Family, Hospital, Treatment, Syringe, Alcoholic Candy, Addiction Pill, Counseling, Freakers use more tabs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia