city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഗ്ദാനങ്ങള്‍ ജലരേഖയായി; മംഗളൂരു വിമാന ദുരന്തത്തിന് അഞ്ചാണ്ട്

മാഹിന്‍ കുന്നില്‍

(www.kasargodvartha.com 22/05/2015) മംഗളൂരു വിമാനദുരന്തത്തിന് വെള്ളിയാഴ്ച അഞ്ച് വര്‍ഷം തികയുകയാണ്. രാജ്യത്തെ നടുക്കിയ മഹാദുരന്തം നടന്ന് അഞ്ച് വര്‍ഷം കഴിയുമ്പോഴും ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് ബന്ധപ്പെട്ടവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖയായി.

2010 മെയ് 22 നാണ് ദുബൈയില്‍ നിന്നും മംഗലാപുരത്തേക്ക് 166 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യയുടെ വിമാനം മംഗളൂരു വിമാനത്താവളത്തില്‍ കത്തിയെരിഞ്ഞത്. 158 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അതില്‍ അമ്പതോളം പേര്‍ കാസര്‍കോട് സ്വദേശികളായിരുന്നു.

വിമാന ദുരന്തത്തില്‍ കത്തിയെരിഞ്ഞത് പല കുടുംബങ്ങളുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. മംഗളൂരു വിമാനദുരന്തം കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഒരു മഹാദുരന്തമായിരുന്നു.

അമ്മയും മക്കളും സഹോദരങ്ങളും കുഞ്ഞുങ്ങളും ഉറ്റമിത്രങ്ങളും കുടുംബാംഗങ്ങളും... ദുരന്തം നഷ്ടപ്പെടുത്തിയ ജീവിതങ്ങള്‍ നിരവധിയാണ്. ജില്ലയിലെ ഓരോ പ്രദേശങ്ങളിലെ കണ്ണികള്‍ ദുരന്തത്തില്‍ ഇല്ലാതായപ്പോള്‍ കാസര്‍കോട്ടെ പല കുടുംബങ്ങളിലേയും പ്രിയപ്പെട്ടവരായിരുന്നു പറന്നകന്നത്.

ഉളളതെല്ലാം പണയപ്പെടുത്തി ജീവിക്കാനുളള വക തേടി ഗള്‍ഫിലേക്ക് പറന്നവരായിരുന്നു ദുരന്തത്തില്‍പ്പെട്ടവരില്‍ അധികവും. നഷ്ടപ്പെട്ടവരെ ഓര്‍ത്ത് കുടുംബാംഗങ്ങളും നാട്ടുകാരും ഇപ്പോഴും തേങ്ങുന്നു. ഉപ്പയുടെ മയ്യത്ത് അവസാനമായി ഒരു നോക്കു കാണാന്‍ വന്നവരും സഹോദരിയുടെ വിവാഹത്തിന് വന്നവരും ചികിത്സക്ക് വന്നവരും പ്രിയപ്പെട്ടവരോടൊത്ത് ആഹ്ലാദം പങ്കിടാന്‍ പുറപ്പെട്ടവരുമെല്ലാം ദുരന്തത്തിനരയായി. പല ദേശക്കാര്‍.. നിരവധി പ്രതീക്ഷയോടെ വന്നവര്‍.. ഇവരെല്ലാം നാടിന്റെ കണ്ണീര്‍ പൂക്കള്‍ ഏറ്റുവാങ്ങി. ഉറ്റവരുടെ മൃതദേഹം തിരിച്ചറിയാത്തതിനാല്‍ വിങ്ങല്‍ കടിച്ചു പിടിച്ചു കഴിയുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്.

ദുരന്ത ഭൂമിയിലും മരിച്ചവരുടെ വീടുകളിലും സന്ദര്‍ശിച്ചു വാഗ്ദാനങ്ങളും പ്രസ്താവനകളും വാരിക്കോരി  നല്‍കി ആശ്വസിപ്പിച്ചു പോയവര്‍ വേണ്ട സമയത്ത് തിരിഞ്ഞു നോക്കിയില്ല. ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് ധനസഹായം നല്‍കുമെന്നുമുളള ബന്ധപ്പെട്ടവരുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി. അന്തിമ സഹായത്തിനുള്ള അപേക്ഷകള്‍ മുംബെയില്‍ നല്‍കണമെന്ന നിര്‍ദ്ദേശവും നഷ്ടപരിഹാരം നല്‍കുന്ന സമയത്ത് ദുരന്തത്തിന് ഇരയായവരോട് എയര്‍ ഇന്ത്യ അധികൃതര്‍ നടത്തിയ വിലപേശലും വന്‍പ്രതിഷേധത്തിന് കാരണമായി.

'നിങ്ങളുടെ കോടികള്‍ വേണ്ട, എന്റെ പൊന്നു മക്കളെ തിരിച്ചു തരൂ' എന്നു പറഞ്ഞു മംഗളൂരു നക്ഷത്ര ഹോട്ടലില്‍ നിന്നും പൊട്ടിക്കരഞ്ഞ് ഇറങ്ങി വന്ന മാതാപിതാക്കള്‍ അന്ന് കാസര്‍കോടിന്റെ നൊമ്പരമായി. എയര്‍ ഇന്ത്യ അധികൃതരും അവരുടെ ദല്ലാള്‍ പണിയുമായി എത്തിയ ഇന്‍ഷൂറന്‍സ് കമ്പനിക്കാരും വിലപേശല്‍ നടത്തിയാണ് നഷ്ടപരിഹാരം കണക്കാക്കിയത്.

എയര്‍ ഇന്ത്യയുടെ പത്ത് ലക്ഷവും സംസ്ഥാന സര്‍ക്കാറിന്റ്റെ മൂന്നു ലക്ഷത്തി രണ്ടായിരം രൂപയും കേന്ദ്ര സര്‍ക്കാറിന്റെ രണ്ട് ലക്ഷം രൂപയുമാണ് വിമാന ദുരന്തത്തിനിരയായ മലയാളികുടുംബങ്ങള്‍ക്ക് അന്ന് ലഭിച്ചത്. ആദ്യഘട്ടം മുതല്‍ അവസാന ഘട്ടം വരെ ധന സഹായം ലഭിക്കുന്നതില്‍ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചു. വിമാനദുരന്തത്തില്‍ മകനെ നഷ്ടപ്പെട്ട ആരിക്കാടിയിലെ അബ്ദുസ്സലാം എന്ന പിതാവ് നീതിക്കായി സുപ്രീം കോടതി വരെ കയറിയിറങ്ങുകയാണ്.

ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞു നടന്നവര്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ല. മംഗളൂരു വിമാന ദുരന്തത്തിന് ഇരയായവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നത് മൗലവി ഡയരക്ടറായിരുന്ന എന്‍.എ. സുലൈമാനായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുളള മരണം ഈ കുടുംബങ്ങള്‍ക്ക് മറ്റൊരു ആഘാതമായി.

മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവര്‍ കുടുംബങ്ങളുടെ പ്രതീക്ഷകള്‍ മാത്രമായിരുന്നില്ല. ഈ നാടിനും ഇവിടത്തെ ജനങ്ങള്‍ക്കും താങ്ങും തണലുമായി നിന്നിരുന്നവരായിരുന്നു. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ , മരുഭൂമിയില്‍ കഷ്ടപ്പെടുമ്പോള്‍ കുടുംബത്തോടൊപ്പം ഈ നാടിനെയും സ്‌നേഹിച്ചിരുന്നു. നമ്മുടെ വേദന പ്രവാസികള്‍ക്ക് അവരുടെ വേദനയായിരുന്നു. ദുരന്തങ്ങളിലാണ് നമ്മള്‍ യഥാര്‍ത്ഥ ബന്ധുക്കളെ തിരിച്ചറിയുന്നത്. മംഗലാപുരം വിമാനദുരന്തം അതിന് നമുക്കൊരു പാഠവുമാണ്.
വാഗ്ദാനങ്ങള്‍ ജലരേഖയായി; മംഗളൂരു വിമാന ദുരന്തത്തിന് അഞ്ചാണ്ട്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia