Farewell | എ കെ മുഹമ്മദ് കുട്ടി മാസ്റ്റർ പടിയിറങ്ങിയപ്പോൾ ബാക്കിയാവുന്നത് സേവന പരമ്പരയുടെ പ്രശംസകൾ
28 വർഷങ്ങൾക്ക് ശേഷം തന്റെ സേവനത്തിൽ നിന്നും പിരിഞ്ഞു പോകുമ്പോൾ ബാക്കിയാവുന്നത് മമ്മുട്ടി മാഷ് എന്ന നാമമാണ്.
(KasargodVartha) നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിൽ ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടി മാസ്റ്റർ സ്കൂൾ സേവനത്തിൽ നിന്നും വിരമിച്ചു പടിയിറങ്ങിയപ്പോൾ സഹപ്രവർത്തകരും മാനേജ്മെന്റ് കമ്മിറ്റിയും രക്ഷിതാക്കളും മനസ്സ് നീറി കൊണ്ട് യാത്രയയപ്പ് നൽകുകയായിരുന്നു. അക്ഷര വെളിച്ചത്തിന്റെ വിളക്കു മാടമായി വളർത്തിയെടുത്ത സ്കൂളാണ് നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂൾ. ദീർഘകാലം പ്രധാന അധ്യാപകനായും, പാഠ്യ പാഠ്യേതര പ്രവർത്തന മേഖലകളിൽ മികവാർന്ന നേതൃത്വവും നൽകി വിദ്യാലയത്തിനെ ഉന്നതിയിലെത്തിക്കുകയും, പേരും പെരുമയുടേയും കൊടുമുടിയിലെത്തിക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ്.
നീണ്ട ഇരുപത്തിയെട്ട് വർഷക്കാലയളവിൽ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിൽ അക്ഷര വെളിച്ചം പകർന്നു നൽകി പ്രശംസ പിടിച്ചു പറ്റി അധ്യാപന ജീവിതത്തിൽ മുഖമുദ്ര ചാർത്തിയ നല്ല മനുഷ്യ സ്നേഹിയാണ്. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം തന്റെ സേവനത്തിൽ നിന്നും പിരിഞ്ഞു പോകുമ്പോൾ ബാക്കിയാവുന്നത് മമ്മുട്ടി മാഷ് എന്ന നാമമാണ്.
1996 ജനുവരി എട്ടിന് യു.പി സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2005 മെയ് ഒന്നിന് ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിക്കുകയും ചെയ്തു. പത്തൊമ്പത് വർഷങ്ങളോളം ഹെഡ്മാസ്റ്ററുടെ ചുമത വഹിച്ചു. ആരുടേയും മനസ് കീഴടക്കുന്ന വാക്കുകളും, തന്റെ സേവനത്തോടുമുള്ള ആത്മാർത്ഥതയും കൊണ്ട് ഈ കാലയളവിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. നെല്ലിക്കുന്ന് അൻവാറുൽ ഉലൂം സ്കൂളിനെ എല്ലാ നിലയിലും ഉന്നതിയിലെത്തിക്കാൻ അഹോരാത്രം സേവനം ചെയ്ത വ്യക്തി കൂടിയാണ്.
അക്കാദമിക് നിലവാരത്തിലും മറ്റു കാര്യങ്ങളിലും മുൻകൈയ്യെടുത്തും കാസർകോട് ജില്ലയിൽ തന്നെ നെല്ലിക്കുന്ന് സ്കൂളിനെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തി കൊണ്ടു വന്നു. മാതൃഭൂമി സീഡ് ക്ലബിന്റെ ജില്ലാതല പുരസ്കാരം നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിന് നേടിയെടുക്കുന്നതിൽ നേതൃപരമായും താൽപര്യ പൂർവവുമായ വഹിച്ച പങ്ക് ഏറ്റവും വലുതാണ്.
മനോരമയുടെ നല്ല പാഠം ക്ലബ് സ്കൂളിന് രണ്ടാം സ്ഥാനവും നേടിയെടുത്തതിൽ മമ്മൂട്ടി മാഷിന്റെ പ്രയത്നം സ്വാഗതാർഹം തന്നെയാണ്. ഇപ്പോൾ ഈ സ്കൂളിൽ ആയിരത്തിനാന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. പത്തു വർഷത്തോളം കാസർകോട് ജില്ലയിൽ ഒന്നാം ക്ലാസ് പ്രവേശനത്തിൽ യു.പി സ്കൂളിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞത് മുഹമ്മദ് കുട്ടി മാഷിന്റേയും, സ്കൂൾ മാനേജ്മെന്റിന്റേയും പ്രയത്നമാണ്. 2014ൽ സബ് ജില്ലാ കലോത്സവം സംയുക്തമായി ഏറ്റെടുത്ത് നടത്തുകയും, അതു പോലെ 2019ൽ സബ് ജില്ലാ ശാസ്ത്രമേള സ്കൂൾ സ്വന്തമായി ഏറ്റെടുത്തു നടത്തുകയും അതിലൂടെ പ്രശംസകളേറ്റു വാങ്ങുകയും ചെയ്തു.
ഗുണനിലവാരം ഉയർത്താൻ സ്വന്തമായി പല പദ്ധതികളും ഏറ്റെടുത്ത് നടത്തി വിജയിപ്പിച്ചു. സ്കൂൾ ചുറ്റുവട്ടം വാർത്താ പദ്ധതി സംസ്ഥാന തലംവരെ ശ്രദ്ധയാകർഷിച്ച പരിപാടിയായി മാറ്റുകയും ചെയ്തു. ഒന്നാം ക്ലാസ് ഒന്നാം തരം എന്ന പദ്ധതി വിക്ടേഴ്സ് ചാനൽ ഈയിടെ സംപ്രേഷണം ചെയ്യുകയുണ്ടായി. സബ്ജില്ലാ ജില്ലാതലങ്ങളിൽ മേളകളും മറ്റും നടത്തുന്നതിന് മുൻപന്തിയിലായിരുന്നു അദ്ദേഹം.
ജില്ലാ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റിയിൽ കുറേ വർഷം അംഗമായി പ്രവർത്തിച്ചു. കെ.എസ്.ടിയുവിന്റെയും, എസ്.ഇ.എയുടേയും സംസ്ഥാന കമ്മിറ്റി അംഗമായി. എസ്.ഇ.എയുടെ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ പിന്നോക്ക വിദ്യാർത്ഥികൾക്ക് അഞ്ച് വർഷത്തോളമായി സിവിൽ സർവീസ് പരിശീലനം നടത്തുന്നതിന് നേതൃത്വം നൽകി വരുന്നു. ഉളിയത്തടുക്ക ബീവി ഖദീജ വുമൻസ് കോളേജ് സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതോടൊപ്പം ഒരുപാട് വർഷക്കാലം ഡയറക്ടറായി പ്രവർത്തിച്ചു.
പതിനഞ്ച് വർഷത്തോളം ഉളിയത്തടുക്ക ജമാഅത്ത് പള്ളിക്കമ്മിറ്റി അംഗമായി. മധൂർ പഞ്ചായത്ത് മോണിംഗ് ഷട്ടിൽ ക്ലബ്ബ് അംഗമായും പ്രവർത്തിച്ചു. പല മേഖലകളിലും തന്റെ കൈയ്യൊപ്പ് ചാർത്തുകയും പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയും ചെയ്ത ഒരാളാണ് എ.കെ മുഹമ്മദ് കുട്ടി മാഷ്. നെല്ലിക്കുന്ന് പ്രദേശ വാസികൾക്കും, രക്ഷിതാക്കൾക്കും, സഹപ്രവർത്തകർക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. മമ്മുട്ടി എന്ന എ.കെ മുഹമ്മദ് കുട്ടി മാഷ് നെല്ലിക്കുന്ന് സ്കൂളിന്റെ പടിയിറങ്ങുമ്പോൾ നാലു ചുമരുകളും,അയാളിരുന്ന കസേരയും,മേശയും പൊട്ടിക്കരഞ്ഞു കാണും.