Excellence | സമാനതകളില്ലാത്ത ഡോ. അബ്ദുൽ സത്താർ!
ശരിക്ക് പറഞ്ഞാൽ ഡോ. അബ്ദുൽ സത്താറിൽ കുറെ മാതൃകകളുണ്ട്. അത് വൈദ്യശാസ്ത്രം പഠിച്ചു ബിരുദവും ബിരുദാനന്തര ബിരുദവുമായി പ്രാക്ടീസിന് വരുന്ന ഡോക്ടർമാർക്ക് പഠിക്കാനുള്ളവ കൂടിയാണ്
(KasaragodVartha) ഡോ. അബ്ദുൽ സത്താർ എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ഉടനെ തെളിയുന്നത് അദ്ദേഹത്തിന്റെ അപൂർവമായ കഴിവുകളും സമർപ്പണബോധവുമാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ അത് വീണ്ടും ബോധ്യപ്പെട്ടു. സർവീസിൽ ഇരുപത്തഞ്ച് വർഷം പൂർത്തിയായെന്ന സന്തോഷവാർത്ത പങ്കുവെച്ച അദ്ദേഹത്തിന്റെ മുഖത്ത് ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു.
ചെറുപ്പം മുതൽ പഠനത്തിൽ മിടുക്കനായിരുന്ന സത്താർ, കഠിനാധ്വാനത്തിലൂടെ ഒരു മികച്ച ഡോക്ടറായി മാറി. ഓർമ്മകളെ വളരെ ഇഷ്ടപ്പെടുന്ന അദ്ദേഹം, തന്റെ ജീവിതാനുഭവങ്ങളെല്ലാം ഒരു പുസ്തകത്തിൽ കുറിച്ചു. കൊറോണ കാലത്ത് എഴുതിയ 'പുലർകാല കാഴ്ചകൾ' എന്ന ആദ്യ പുസ്തകം വായനക്കാരിൽ നിന്ന് ഏറെ സ്വീകാര്യത നേടി. പിന്നീട് മൂന്ന് പുസ്തകങ്ങൾ കൂടി അദ്ദേഹം പ്രസിദ്ധീകരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ സത്താർ, ശ്വാസകോശ രോഗ വിഭാഗത്തിൽ പ്രത്യേക പരിശീലനം നേടി. ഇംഗ്ലണ്ടിലെ പ്രശസ്തമായ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്നും ത്രിപുരയിലെ ഐ സി എഫ് എ ഐ യൂണിവേഴ്സിറ്റിയിൽ നിന്നും ഉയർന്ന ഡിഗ്രികൾ നേടിയ അദ്ദേഹം ഇപ്പോൾ ഡോക്ടറേറ്റ് പഠനത്തിലാണ്.
സർക്കാർ ആശുപത്രിയിൽ തിരക്കേറിയ ജോലിയ്ക്കിടയിലും, പുസ്തകം എഴുതാനും പഠിക്കാനും സമയം കണ്ടെത്തുന്നത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും അദ്ഭുതമാണ്. പുലർച്ചെ നേരത്തെ എഴുന്നേറ്റ് നടക്കുക, സുബ്ഹി നമസ്കരിക്കുക തുടങ്ങിയ ദിനചര്യകൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ്.
വളരെ സാധാരണമായ പൊതുമേഖല സ്കൂളുകളിൽ പഠിച്ച് മെറിറ്റിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദവും ശ്വാസകോശ രോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും നേടി കാൽ നൂറ്റാണ്ട് കാലം ആതുര സേവനം തുടരുന്ന ഡോ.സത്താർ അവിടം കൊണ്ട് പഠനം അവസാനിപ്പിച്ചില്ല. യു കെ യിലെ പ്രശസ്തമായ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിയിൽ നിന്ന് എം ആർ സി പി യും ഗ്ലാസ്കോ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിയിൽ നിന്ന് എഫ് ആർ സി പിയും നേടുന്നു. തീർന്നില്ല. ത്രിപുരയിലെ ഐ സി എഫ് എ ഐ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും എം ബി എ യും സ്വന്തമാക്കുന്നു.
ഇന്നാളൊരു ദിവസം കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, 'കുറച്ച് തിരക്കിലായിപോയി അതാണ് കാണാത്തത്' എന്ന്. ഇപ്പോഴുള്ള തിരക്കിന് പുറമേ വേറെന്ത് തിരക്ക് എന്ന് അന്വേഷിച്ചപ്പോൾ ഡോക്ടറേറ്റിനു വേണ്ടിയുള്ള റിസർച്ചിൽ ആണെന്നായിരുന്നു മറുപടി. ഡോക്ടർ ഇതൊന്നും പോരാഞ്ഞിട്ട് ഡോക്ടറേറ്റിനു വേണ്ടി റിസർച്ചിൽ ആണെന്നോ? അതാണ് ഞാൻ പറഞ്ഞത് പഠിച്ചാലും പഠിച്ചാലും മതിവരാത്ത അപൂർവ്വമായ ഒരാളാണ് ഈ ഡോക്ടറെന്നു. എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല ഡോ. അബ്ദുൽ സത്താറിന് ഇതെങ്ങനെ സാധിക്കുന്നു എന്ന് ! ഇതിനൊക്കെ എവിടുന്ന് സമയം കിട്ടുന്നുവെന്ന്.
പുലർച്ചെയ്ക്കുമുമ്പ് എഴുന്നേൽക്കണം. സുബ്ഹി നമസ്കരിക്കണം. അതുകഴിഞ്ഞ് കുറെ നടക്കണം. അതിലൊന്നും ഒരു വിട്ടുവീഴ്ച്ചയുമില്ല. അപ്പോഴേക്കും ആസ്പത്രിയിൽ പോകാൻ സമയമാകും. സർക്കാർ ആസ്പത്രി ആയതിനാൽ നിന്ന് തിരിയാൻ നേരമുണ്ടാവില്ല. അതിന് പുറമേയാണ് വായനയും എഴുത്തും യാത്രയും സാംസ്കാരിക പ്രവർത്തനവും. ഇങ്ങനെയുള്ള ഒരാൾക്ക് ആഴത്തിൽ സൗഹൃദങ്ങൾ സൂക്ഷിക്കാൻ കഴിയുന്നു എന്നത് മറ്റൊരത്ഭുതം !
ശരിക്ക് പറഞ്ഞാൽ ഡോ. അബ്ദുൽ സത്താറിൽ കുറെ മാതൃകകളുണ്ട്. അത് വൈദ്യശാസ്ത്രം പഠിച്ചു ബിരുദവും ബിരുദാനന്തര ബിരുദവുമായി പ്രാക്ടീസിന് വരുന്ന ഡോക്ടർമാർക്ക് പഠിക്കാനുള്ളവ കൂടിയാണ്.
സജീവവും ക്രിയാത്മകവുമായി കടന്നുപോയ കാൽനൂറ്റാണ്ട് ഡോ. അബ്ദുൽ സത്താറിന് മാത്രമായി പതിച്ചു നൽകിയാൽ മതിയോ? അതിൽ ഒരു നാടിന് അഭിമാനിക്കാൻ പലതുമില്ലേ? വളച്ചു കെട്ടില്ലാതെ പറഞ്ഞാൽ നമുക്ക് ഡോ. അബ്ദുൽ സത്താറിന്റെ സേവന വഴിയിലെ കാൽനൂറ്റാണ്ട് ഒരു ആഘോഷമാക്കി മാറ്റേണ്ടതല്ലേ?
അദ്ദേഹത്തിന്റെ ജീവിതം, വരും തലമുറയ്ക്ക് ഒരു വഴികാട്ടിയാകുമെന്നതിൽ സംശയമില്ല. ഒരു വൈദ്യനെന്നതിലുപരി, അദ്ദേഹം ഒരു മനുഷ്യസ്‌നേഹിയും, എഴുത്തുകാരനും, ഗവേഷകനുമാണ്. അത്തരത്തിലുള്ള അപൂർവ വ്യക്തിത്വങ്ങളെ നാം ആദരിക്കുകയും അവരുടെ പാത പിന്തുടരാനുള്ള ശ്രമം നടത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.