Criticism | ദുർഗന്ധപൂർ സൂപ്പർ ഫാസ്റ്റ് വൈകി ഓടിക്കൊണ്ടിരിക്കുന്നു
● ദക്ഷിണേന്ത്യയിലേക്കുള്ള ട്രെയിനുകൾ പലപ്പോഴും വളരെ വൈകി ഓടുന്നു.
● ട്രെയിനുകളിലെ അശുചിത്വം യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുന്നു.
● റെയിൽവേ അധികൃതർ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
എ എസ് മുഹമ്മദ്‌കുഞ്ഞി
(KasaragodVartha) ഈയടുത്തായി എനിക്ക് രത്നഗിരി-(മഹാരാഷ്ട്ര)-യിലേക്കും തിരിച്ചും ദിവസങ്ങളുടെ ഇടവേളകളിക്കിടയിൽ ഒന്ന് രണ്ട് ട്രെയിൻ യാത്രകൾ അനിവാര്യമായി വന്നു. റിസർവേഷന് നേരിയ തിരക്ക് കാണിക്കുന്നുണ്ടായിരുന്നെങ്കിലും ഒരു തിങ്കളാഴ്ച അങ്ങോട്ടുള്ള യാത്രക്ക് ജബൽപ്പൂരിലേക്കുള്ള ഒരു സ്‌പെഷൽ വണ്ടിക്ക് സീറ്റ് കിട്ടി. വണ്ടി വളരെ വൈകിയാണ് സ്റ്റേഷനിൽ വന്നെത്തിയത്. ചൊവ്വ വെളുപ്പിന് 8 നോ 8.30 നോ രത്‌നഗിരി സ്റ്റേഷൻ തൊടേണ്ട വണ്ടി ഉച്ചക്ക് ഒരു മണിയോടടുത്താണ് എത്തിച്ചേരുന്നത്. ഇങ്ങനെ സാങ്കേതികമോ യാദൃച്ഛികമോ ആയ കാരണങ്ങളാൽ ചിലപ്പോൾ സംഭവിച്ചേക്കാം എന്ന് സമാധാനിക്കാൻ പറ്റുന്നില്ല.
കാരണം ഈയിടെയായി വിവിധ ഉത്തര, മധ്യ, പൂർവേന്ത്യൻ നഗരങ്ങളിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് വരുന്നതും, ഇവിടുന്ന് അങ്ങോട്ട് ഓടുന്നതുമായ എല്ലാ ഫാസ്റ്റ്, എക്സ്പ്രസ്, സൂപർ ഫാസ്റ്റ് വണ്ടികളും വൈകിയോടിക്കൊണ്ടിരിക്കുന്നു.
രത്‌നഗിരിയിൽ നിന്ന് ഇങ്ങോട്ടുള്ള യാത്രക്ക് തത്ക്കാൽ ടിക്കറ്റ് വേണ്ടി വന്നു. ബുധനാഴ്ച വൈകുന്നേരത്തെ ട്രെയിനിന്. ഏതായാലും സീറ്റ് കിട്ടിയല്ലോ എന്ന ആശ്വാസത്തോടെ സ്റ്റേഷനിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണ് 4 മണിക്ക് എത്തേണ്ട ട്രെയിൻ മണിക്കൂറുകൾ വൈകും എന്നറിയുന്നത്. എത്ര മണിക്കൂർ.! 6.30 മണിക്കാണ് വണ്ടി രത്നഗിരി സ്റ്റേഷനിലെത്തിയത്. ഈ വക ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യുന്നവരുടെ ഗതികേട് എന്നല്ലാതെന്തു പറയും!.
ട്രെയിനുകളുടെ വൈകിയോടൽ പല യാത്രക്കാരുടെയും ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ടാവും. ആരും ഇതിനെതിരെ വലുതായൊന്നും ശബ്ദിക്കുന്നില്ല. അതിനാൽ ട്രെയിൻ യാത്ര ചെയ്യാത്തവർ ഇതൊന്നും അറിയുന്നുമില്ല. പുതുതായി ജോലിക്കോ അല്ലെങ്കിൽ സ്ഥാപനത്തിൽ അവധിക്ക് ശേഷം ജോലിക്ക് കയറാനോ, പഠനത്തിനോ, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനോ വെളുപ്പിനെത്തേണ്ട ഒരു യാത്രക്കാരൻ വൈകിയാണ് എത്തുന്നതെങ്കിലോ!
എന്നെ അന്ന് ഇതിലും വലുതായി നട്ടം കറക്കിയത് സ്റ്റേഷൻ അധികൃതരുടെയോ ആരുടേതെന്നറിയില്ല, കൈയബദ്ധങ്ങ/അനാസ്ഥക- ളിലൊന്നാണ് തിരിച്ചു വരാൻ രത്‌നഗിരി സ്റ്റേഷനകത്ത് കയറിയ ഉടനെ ഞാൻ അവിടെ സ്ഥാപിച്ച ഇലക്ട്രോണിക് റിസെർവേഷൻ കമ്പാർട്മെന്റ് പൊസിഷൻ നോക്കി എന്റെ സീറ്റ് തിട്ടപ്പെടുത്തി. S-5 റിസർവേഷൻകാർക്ക് കമ്പാർട്മെന്റ് 7 ആണ് അവിടെ ബോഡിൽ തെളിഞ്ഞിരിക്കുന്നത്. എന്റെ കൈയിൽ പത്ത് മുപ്പത് കിലോയോളം ലഗേജ് ഭാരവും ഉണ്ട്.
അതിനാൽ ഞാനും കൂടെയുള്ളവരും (മരുമകൾ തസ്മിയും കുട്ടിയും ചേട്ടത്തിയും) ലഗേജുകളെല്ലാം വലിച്ചും ചുമന്നും കൊണ്ട് പോയി പ്ലാറ്റ് ഫോമിന്റെ മുൻ ഭാഗത്തെത്തി 7 ന് നേരെ ഒരിടത്ത് ഇരിപ്പുറപ്പിച്ചു. അന്നേരം നേരിയ തോതിൽ മഴ ചാറ്റുന്നുണ്ടായിരുന്നു. ഞങ്ങളിരിക്കുന്നിടത്ത് റൂഫ് ഇല്ല. ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ വണ്ടി വളരെയൊന്നും അകലെയല്ലാത്ത ഒരു സ്റ്റേഷനിൽ കൊണ്ട് വന്ന് ഇട്ടിരിക്കുന്നു. അത് കൊണ്ടാണ് ഞങ്ങൾ സ്റ്റേഷനിൽ നേരത്തെ എത്തിയത്.. ഏറെ കാത്തിരിപ്പിന് ശേഷം, വണ്ടി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്ലാറ്റ് ഫോമിൽ എത്തിച്ചേരും എന്ന അറിയിപ്പിനൊപ്പം കോച്ച് പൊസിഷൻ അനൗൺസ് ചെയ്തപ്പോൾ S-5 വരുന്നത് കമ്പാർട്മെന്റ് നമ്പർ 15 ഏതു വിശ്വസിക്കും?
അവിടെ കണ്ട ഒരു റയിൽവെ ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോൾ അനൗൺസ്‌മെന്റിനെ വിശ്വസിക്കാം എന്ന് പറഞ്ഞു. പിന്നെ ഈ ലഗേജ്കളെല്ലാം എടുത്തു കൊണ്ട് തിരിച്ചു നടന്നു.
ഇതൊക്കെ എന്തെ ഇങ്ങനെ സംഭവിക്കുന്നു? ഇന്ത്യയിൽ മാത്രം! എല്ലാ ആധുനിക കമ്പ്യൂട്ടർ ടെക്‌നോളജിയും സാധാരണക്കാരുടെ മുറിയിൽ പോലും എത്തിയ ഈ 21 ആം നൂറ്റാണ്ടിലും? അപ്പോഴാണ് ഈയടുത്തായി വായനയിലേക്ക് വന്ന ഒരു വാർത്ത ഓർത്തത്. ജപ്പാനിൽ. ഒരു വണ്ടി ഏതാനും നിമിഷങ്ങൾ ലെയ്റ്റ് ആയതിന് റെയിൽവെ, യാത്രക്കാരോട് ക്ഷമ ചോദിക്കുകയും ടിക്കറ്റ് തുക തിരിച്ചു നൽകുകയും ചെയ്തു. മറ്റൊന്ന്. തമാശ ആവാം. പക്ഷെ നമ്മുടെ നാട്ടിൽ അങ്ങനെയും സംഭവിക്കാമല്ലോ. സംഭവിച്ചിരിക്കാവുന്നതും ആണ്.
ഒരു സ്റ്റേഷനിൽ ഒരു വണ്ടി സമയത്തിന് അര മണിക്കൂർ നേരത്തെ എത്തിക്കണ്ട യാത്രക്കാർ പരിഭ്രമിച്ചു. അന്വേഷിച്ചപ്പോഴാണ് അവരറിയുന്നത്. ആ വണ്ടി തൊട്ടു മുമ്പത്തെ ദിവസം അതെ സമയം കടന്നു പോകേണ്ട വേണ്ടിയാണെന്ന്. 23.30 മണിക്കൂർ വൈകിയോടി... അത്രേയുള്ളൂ..
വണ്ടിക്കകത്ത് കയറിപ്പറ്റിയപ്പോൾ, ഒരു പഴഞ്ചൊല്ലുണ്ടല്ലോ. പാമ്പ് കടിച്ചവനെ.. പരിതാപകരം. ഞാൻ രത്‌നഗിരിയിലോട്ട് യാത്ര ചെയ്ത വണ്ടി കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടതാണ്. ഏഴെട്ടു മണിക്കൂർ ഓടി വന്നെത്തിയത്. അത്തരം ഒരു വണ്ടിക്കകം, എത്രയായാലും ഇത്ര മാത്രം വൃത്തിഹീനമാകാൻ സാധ്യതയുണ്ടോ! ഒരു പക്ഷെ അങ്ങോട്ട് പോയി അവിടെ ഹാൾട്ട് ആയ വണ്ടിയെ ഒരു ക്ലീനിങ് പ്രോസസ് നടത്താതെ, നേരെ ഇങ്ങട് വിട്ടതാവുമോ?
അകത്തേക്ക് പ്രവേശിച്ചതും വല്ലാത്ത ദുർഗന്ധം മൂക്കിലേക്കെത്തി.. അതോടെ എന്റെ മൂഡും വഷളായി. ഇനി പത്ത് പന്ത്രണ്ട് മണിക്കൂർ അതിനകത്ത് കഴിയണം. ഞങ്ങളിറങ്ങിയ ശേഷവും വണ്ടി പിന്നെയും എത്രയോ മണിക്കൂറുകൾ, ഒരു പക്ഷെ രാപ്പകലുകൾ തന്നെ, അതിന്റെ പ്രയാണം തുടരും. ഇന്ത്യക്കാരെ സമ്മതിക്കണം. എവിടെയിട്ടാലും ജീവിച്ചോളും. പ്രത്യേകിച്ചും ഉന്തരേന്ത്യൻസ്. ഏറ്റവും അടുത്ത ബേസിനടുത്ത് പോയി നിന്നപ്പോൾ ചർദ്ദിക്കാൻ വന്നു.
എന്നോ പാൻ ചവച്ചരച്ചു തുപ്പിയത് ഉണങ്ങി പറ്റി പിടിച്ചു കിടക്കുന്നു. വെള്ളം തുള്ളികളായും ഇറ്റി വീഴുന്നില്ല. ടോയ്‌ലെറ്റ് തുറന്നു നോക്കണോ എന്ന് ഞാൻ സംശയിച്ചു നിന്നു. എന്നാലും ഡോർ ഒന്ന് തുറന്ന് നോക്കി. എത്ര നാളായിക്കാണും അത് ഒരു ശുചീകരണ തൊഴിലാളിയുടെ കരസ്പർശം ഏറ്റിട്ട്.. ടോയ്‌ലെട്ടിനകത്ത് പ്രവേശിച്ച ഞാൻ ഒരു റബ്ബർ ബാൾ എറിഞ്ഞാലെന്ന പോലെ പിറകോട്ട് വെട്ടി മാറി. മൂക്ക് പൊത്തിക്കൊണ്ട് കമ്പാർട്മെന്റിന്റെ മറു ഭാഗത്തേക്ക് നടന്നു. ബേസിനും ടോയിലേറ്റും ഉപയോഗ യോഗ്യമായിരിക്കും എന്ന പ്രതീക്ഷയോടെ.. ഒന്നേ എത്തി നോക്കിയുള്ളൂ. പോരാ.. ഇതിലും കഷ്ടം അവിടെ..
അതിനിടയിൽ ഖാന ഖാനാ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് പാൻട്രിയിലെ ഭക്ഷണം വിറ്റഴിക്കുന്ന തൊഴലാളികൾ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്.. അതിലൊരുവനെ വിളിച്ചു നിർത്തി ഞാൻ ഹിന്ദിയിൽ ചോദിച്ചു.. ഈ ഡബ്ബയുടെ ഇരുവശങ്ങളിലുമുള്ള ടോയ്‌ലെറ്റ് താങ്കൾ നോക്കിയിട്ടുണ്ടോ?. പോട്ടെ വാഷ് ബേസിൻ! കൈ കഴുകാൻ മാത്രം വെള്ളം പോലും ഈ ഡബ്ബയുടെ ഇരു വശങ്ങളിലും ഇല്ല. പിന്നെങ്ങനെ താങ്കളോട് ഭക്ഷണം വാങ്ങി ഇതിനകത്തിരുന്ന കഴിക്കും!
കഴിക്കുന്നവർക്ക് മെഡൽ കൊടുക്കണം. എന്താണ് ഭായ്? അങ്ങോട്ടുള്ള യാത്രക്ക് തരപ്പെട്ട ഡബ്ബയുടെ കാലപ്പഴക്കം കാരണമാവാം ദുരനുഭവം. അല്ലെങ്കിൽ സ്‌പെഷൽ ആയി ഓടിക്കേണ്ടി വന്നത് കൊണ്ട് സംഭവിച്ചതാവാം. പക്ഷെ തിരിച്ചു വരാൻ കിട്ടിയ ഇൻഡോർ എക്സ്പ്രേസ്സോ?
ഏതായായാലും എനിക്ക് വിധിക്കപ്പെട്ട സീറ്റിലെത്തിയപ്പോൾ ആശ്വാസമായി. സൈഡ് അപ്പർ ആണ്. ഭക്ഷണം ബന്ധു വീട്ടിൽ നിന്ന് പൊതിഞ്ഞു താന്നിട്ടുണ്ട്. അത് കഴിച്ചു ഉറക്കം. വെളുപ്പിന് അങ്ങെത്തിക്കിട്ടും. പിന്നെ പ്രശ്നമെന്ത്? ലഗേജ് സീറ്റിനടിയിലാക്കി കൈയിൽ കരുതിയ പുസ്തകം തുറന്നു വായിക്കാനിരുന്നു. .
ഉത്തരവാദപ്പെട്ട തൊഴിലാളികൾ അവരുടെ കടമകൾ നിർവ്വഹിക്കുന്നില്ല എന്നതല്ലേ നേർ?. അത് നിർവ്വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും ആരും ഇല്ലാത്ത സ്ഥിതിയും!
#IndianRailways #traindelay #dirtytrain #passengercomplaints #railwayinfrastructure #travel