വര്‍ഗീയതയോട് തുല്യ അകലം പാലിക്കാന്‍ എന്തു കൊണ്ട് സി പി എമ്മിന് കഴിയുന്നില്ല?
Nov 4, 2017, 12:05 IST
സി പി എം സമ്മേളനം: ചില ന്യൂനപക്ഷ വീക്ഷണങ്ങള്‍-2
-പ്രതിഭാരാജന്‍
-പ്രതിഭാരാജന്‍
(www.kasargodvartha.com 04.11.2017) ന്യൂനപക്ഷ സംഘടനകളെ സംഘടിപ്പിക്കാന്‍ സി പി എമ്മിനു പരിമിതികളുണ്ട്. മതപരമായി സംഘടിപ്പിച്ചും, സംഘടിച്ചും ബി ജെ പിയേയും, ലീഗിനേയും പോലെയുള്ള സംഘടനാ പ്രവര്‍ത്തന രീതി കൈക്കൊള്ളാന്‍ സി പി എമ്മിന് കഴിയില്ല. എന്നാല്‍ മതവിശ്വാസത്തെ തന്നില്‍ തന്നെ നിലനിര്‍ത്തി കൊണ്ട് ജനകീയ ജനാധിപത്യ വിപ്ലവം എന്ന ആശയം മതമൗലിക വാദികളിലും പ്രയോഗിക്കാന്‍ കഴിയും. നിലവിലെ സാഹചര്യത്തില്‍ കാസര്‍കോട്ടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിനായി ഒരുപാടു വിയര്‍ക്കേണ്ടതുണ്ട്. അത്തരത്തില്‍ പാകപ്പെടുത്തിയ തീരുമാനങ്ങള്‍ സമ്മേളനങ്ങളില്‍ ഉയര്‍ന്നു വരേണ്ടതായിരുന്നു. സി പി എം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോടും, കാഴ്ച്ചപ്പാടുകളോടും പുറം തിരിഞ്ഞു നില്‍ക്കുന്നവരല്ല ന്യൂനപക്ഷങ്ങള്‍.
ഇടതിനോട് മാനസിക അടുപ്പം വെച്ചു പുലര്‍ത്തുമ്പോഴും അവരില്‍ പലരും തികഞ്ഞ മതമൗലിക വാദികളാണ്. അത്തരക്കാരുടെ ഇടയിലൂടെ വേണം ബ്രാഞ്ചുകള്‍ക്ക് പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍. പാര്‍ട്ടിയെ എതിര്‍ക്കാതിരിക്കുകയും, എന്നാല്‍ വോട്ടിന്റെ ആവശ്യം വരുമ്പോള്‍ മതമൗലിക വാദത്തോടൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളെ തങ്ങളോടടുപ്പിക്കേണ്ടത് ബ്രാഞ്ചുകളുടെ ചുമതലയാണ്. അതിനായുള്ള അടവു നയങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. കണ്ണൂരിലെ പാര്‍ട്ടിയേപ്പോലെ കാസര്‍കോടിന് അത് സാധിച്ചിട്ടില്ലെന്നതിനു രണ്ടു ഉദാഹരണങ്ങളില്‍ ഒന്നാണ് കണ്ണൂരില്‍ തുടങ്ങി വെച്ച ഇസ്ലാമിക്ക് ബാങ്കും, യോഗ പഠന ശിബിരവും. ന്യൂനപക്ഷങ്ങളുടെ മതാധിഷ്ഠിത കുലത്തൊഴിലാണ് കച്ചവടം. പലിശ രഹിത എന്നാല്‍ ലാഭവിഹിത കാഴ്ച്ചപ്പാടുകളോടെ അവിടെ മനോഹരമായി ഇസ്ലാമിക ബാങ്ക് പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ സമ്മേളനങ്ങളില്‍ വന്ന് അമേരിക്കക്കെതിരെ ഗീര്‍വാണ പ്രസംഗം നടത്തിയതു കൊണ്ടായില്ല. ഗ്രാസ് റൂട്ടില്‍ ഇറങ്ങിപുറപ്പെടണം. പുലിപോലെ വന്ന കെ സുധാകരന്മാര്‍ എല്ലാ കാലത്തും എലി പോലെ തിരിച്ചു പോകുമെന്ന് സ്വപ്നം കാണേണ്ടതില്ല.
ഫാസിസത്തിനെതിരെ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭവും ചെറുത്തു നില്‍പ്പിലും ന്യൂനപക്ഷങ്ങളിലെ സാധാരണ ജനത സംതൃപ്തരാണ്. ആ തൃപ്തി സംഘടനാപരമായി മുതല്‍ക്കൂട്ടാന്‍ സമ്മേളനങ്ങള്‍ക്കായില്ല. ശക്തമായ അടിവേരുള്ള മതമാണ് ഇസ്ലാം. മതപരമായ ജീവിതചര്യകളില്‍ കടുകിട തെറ്റിക്കാന്‍ ഭയക്കുന്നവരാണവര്‍. ഭൂരിപക്ഷ ഹൈന്ദവതയില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള വ്യത്യാസവും അതു തന്നെ. എന്നാല്‍ അത്തരക്കാരോട് സിപിഎം വോട്ടു ചോദിക്കുന്നത് ഭൗതിക വാദ ചിന്ത വെച്ചു പുലര്‍ത്തുന്ന നയം സ്വീകരിച്ചു കൊണ്ടാണ്. അതിലെ വൈരുദ്ധ്യമാണ് കമ്മ്യൂണിസ്റ്റ് ആശയത്തോട് അരികു ചേരാന്‍ ന്യൂനപക്ഷങ്ങള്‍ മടിക്കുന്നത്.
സാധാരണ പ്രവര്‍ത്തകരും അവ തിരിച്ചറിയുന്നുണ്ട്. അടവു നയം പ്രയോഗിക്കേണ്ടത് അവിടെയാണ്. അവര്‍ മാറി വരേണ്ടത് സി പി എമ്മിന്റെ ചരിത്രപരമായ ആവശ്യമാണ്. ജനകീയ ജനാധിപത്യത്തിനുള്ള വിപ്ലവം വിജയിപ്പിക്കാന്‍ മുസ്ലീം ന്യൂനപക്ഷത്തോട് കൈകോര്‍ക്കാന്‍ സി പി എമ്മിന് അവര്‍ വിശ്വസിച്ചു വരുന്ന മത രീതികളോട് അനല്‍പ്പമായ അടുപ്പം കാണിക്കാതെ പറ്റില്ല. ഇങ്ങനെ അവരോട് അടുക്കുമ്പോള്‍ മുസ്ലീമുകളോട് മൃദു സമീപനവും, ഹൈന്ദവ ആചാരങ്ങളെ മാത്രം തള്ളിപ്പറയുന്നു എന്ന പരാതി വ്യാപകമാകുന്നു.
ആര്‍ എസ് എസ് അനുഭാവമുള്ള കമ്മ്യൂണിസ്റ്റു മനസുകളെ ഇത് എതിര്‍ ചേരിയിലേക്ക് പറഞ്ഞു വിടുന്നു. എന്തു കൊണ്ടാണ് ന്യൂനപക്ഷ മതങ്ങളോട് മൃതു സമീപനമെന്ന അടവു നയം സ്വീകരിച്ചു എന്ന് ബ്രാഞ്ചുകളില്‍ തുറന്നു പറയേണ്ടതായിരുന്നു. സംഘടിത മതമായ മുസ്ലീമിനേയും അത്രത്തോളം സംഘടിതമല്ലാത്ത ഹിന്ദു സംസ്‌കാരത്തേയും ഒരേ അര്‍ത്ഥത്തിലും ഭാവത്തിലും പരിഗണിച്ച് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും ജനകീയ ജനാധിപത്യ വിപ്ലവം വിജയിപ്പിക്കാനും കഴിയുകയില്ല എന്ന അടവു നയം ഇനിയും അണികള്‍ക്ക് മനസിലായിത്തുടങ്ങിയിട്ടില്ല. അതു കാരണം ന്യൂനപക്ഷത്തോട് പാര്‍ട്ടി കാണിക്കുന്ന അമിത പ്രീണനം വിപരീത ഫലമുണ്ടാക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ തുറന്നു വിടേണ്ട കൂട്ടിലെ തത്തയായിരുന്നു ഈ ആശയം. എന്നാല്‍ ഭയം കാരണമാകാം അതുണ്ടാകുന്നില്ല. തീയില്‍ മുളച്ച പാര്‍ട്ടി വെയില്‍ ചൂടില്‍ തന്നെ വാടുന്നു.
കഴിക്കുന്ന ഭക്ഷണത്തില്‍ പോലും ഫാസിസം ഇടപെടുന്ന പൂതിയ കാലത്ത് ന്യൂനപക്ഷങ്ങളോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ യോജിപ്പുള്ള മേഖലകളിലൊക്കെ ഒന്നിച്ചു ചേരാന്‍ കഴിയേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളില്‍ നിന്നു മാത്രമല്ല, ഭൂരിപക്ഷ മതവിഭാഗങ്ങളില്‍നിന്നു പോലും ഇടതിലോട്ടു ആളുകള്‍ വന്നു ചേരാന്‍ കണ്ണൂരിലെ പാര്‍ട്ടി അടവു നയത്തെ പ്രയോജനപ്പെടുത്തിയിരുന്നു. അതിനുദാഹരണമാണ് വിവാദത്തിലായ ശ്രീകൃഷ്ണ ജയന്തി ആഘോഷവും, അമ്പാടി മുക്ക് സംഭവവും.
എങ്ങനെയെങ്കിലും നേതാവാവുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയല്ല. ജനകീയ വിപ്ലവത്തിനു കളമൊരുക്കാനെന്ന വ്യാജേന ജില്ലയിലെ നേതാക്കള്‍ അധികാരത്തിന്റെ സോപാനത്തില്‍ മതിമറന്നുല്ലസിക്കുകയാണ്. ജനപിന്തുണയുണ്ടെന്ന വ്യാജ സ്വപ്നങ്ങളും, അധികാരഹുങ്കും അത്തരക്കാരെ ത്രസിപ്പിക്കുകയാണ്. അക്കാര്യത്തില്‍ മാത്രം ജില്ലാ നേതൃത്വത്തിന്റെ എല്ലാ താവഴികളും ഏക സ്വരത്തിലാണ്. ഇതൊന്നും ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചര്‍ച്ചയായി വരത്തില്ലല്ലോല്ലെ? അതാണ് അവര്‍ക്കറിയേണ്ടത്. അടച്ചു വെച്ചവ കുടത്തില്‍ നിന്നും പുറത്തെടുക്കാതെ ഒരു അമേരിക്കന്‍ വിരോധവും കാച്ചി അവസാനിപ്പിക്കുകയാണ് സമ്മേളനങ്ങള്‍. ന്യൂനപക്ഷത്തു നിന്നു തന്നെ നേതാക്കളെ വാര്‍ത്തെടുക്കേണ്ടിയിരിക്കുന്നു. അതിന് എന്തു കൊണ്ട് നേതൃത്വം ശ്രമിക്കുന്നില്ല, കാരണം നമുക്കന്വേഷിക്കേണ്ടതുണ്ട്.
പ്രതിഭാരാജന്‍
Also Read: സിപിഎം സമ്മേളനങ്ങളിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ കഴിഞ്ഞോ? ചര്‍ച്ച തുടങ്ങേണ്ടത് അവിടെ നിന്നല്ലേ?
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Prathibha-Rajan, CPM, BJP, RSS, Politics, Could bring minorities in CPM conferences? Part-2.