city-gold-ad-for-blogger

തിരികെ വരുമോ, വായനയുടെ വസന്തകാലം

ബസരിയ റശീദ്

(www.kasargodvartha.com 19.06.2021) എന്തിനാണ് വായനാ ദിനം?. ഇന്നത്തെ തലമുറയ്ക്ക് സ്റ്റാറ്റസുകളിൽ ആണ്ടിലൊരു വട്ടം വിരുന്നെത്തുന്ന അതിഥി മാത്രമായ് മാറിയോ വായന ദിനം?. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിച്ച് വരുന്നു. അന്ന് മുതൽ ഇന്ന് വരെയുള്ള ഓരോ ജൂൺ 19 ഉം നമുക്ക് വായന ദിനമാണ്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. 2017 മുതൽ ദേശീയ വായനാദിനമായി ആചരിച് വരുന്നു.

തിരികെ വരുമോ, വായനയുടെ വസന്തകാലം

സദാ സമയം സ്‍മാർട് ഫോണിന്റെ ടെച് സ്ക്രീനുകൾ തലോടുന്ന നമ്മളൊക്കെ പുസ്തകങ്ങളുടെ പേജുകൾ മറിക്കാൻ മടിയുള്ളവരായി മാറിയോ?. വായന ഹരമായിരുന്നൊരു കാലം ഉണ്ടായിരുന്നു. ഓരോ ആഴ്ചയിലെ വെള്ളിയാഴ്ചയും ബാലരമയ്ക്ക് വേണ്ടി കാത്തിരുന്നൊരു കാലം. സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾക്ക് അടിപിടി കൂടിയിരുന്നൊരു കാലം. വൈക്കം മുഹമ്മദ്‌ ബഷീറും കമല സുരയ്യയും അന്നത്തെ ഇഷ്ട എഴുത്തുകാരായിരുന്നു.

വളർന്ന് വരും തോറും വായന ഭ്രാന്ത് കൂടി വരുന്നത് കണ്ട് വീട്ടികാർ പോലും സഹികെട്ടിട്ടുണ്ട്. ടിവി സീരിയലുകളെക്കാളും സ്ക്രീനിലെ വർണ കാഴ്ചയേക്കാളേറെ പുസ്തകങ്ങളിലെ കറുത്ത അക്ഷരങ്ങളോട് തന്നെയായിരുന്നു അന്ന് ഭ്രമം തോന്നിയിരുന്നത്. വായനയും എഴുത്തും കൊണ്ട് അന്നൊരു പുസ്തകപ്പുഴു ആയിരുന്നു ഞങ്ങളുടെയൊക്കെ സ്കൂൾ കാലം.

സ്മാർട് ഫോണിന്റെ കൗതുകങ്ങൾ ഒന്നും അന്ന് ആസ്വദിക്കാൻ അവസരം കിട്ടിയിട്ടില്ല. ഇന്റർനെറ്റ്‌ സൗകര്യങ്ങൾ പുസ്തകങ്ങളിൽ നിന്ന് വായിച്ചറിഞ്ഞതിൽ അപ്പുറം ഒരനുഭവം ഇല്ലായിരുന്നു. അത് കൊണ്ടാവണം കളിക്കുടുക്കയും ബാലരമയും ബാലഭൂമിയുമൊക്കെ ഞങ്ങളുടെ ബാല്യ കാലത്തെ സ്വപ്ന ലോകമായത്. മായാവിയും ലുട്ടാപ്പിയും ഡിങ്കനും മൗഗ്ലിയും കപീഷും ആയിരുന്നു ഞങ്ങളുടെ അന്നത്തെ നായക കഥാപാത്രങ്ങൾ.

ഇന്നത്തെ കുട്ടികൾക്ക് ബാല കഥാ പുസ്തകങ്ങൾ വാങ്ങി കൊടുക്കുന്ന രക്ഷിതാക്കൾ ഉണ്ടാകുമോ?

പുസ്തകങ്ങൾ സമ്മാനം നൽകി വായനയെ പ്രോത്സാഹിപ്പിക്കാൻ ഇന്നത്തെ രക്ഷിതാക്കൾ ശ്രമിക്കാറുണ്ടോ?

ബർത്ഡേ സമ്മാനങ്ങൾ ടാബും ഐ പാഡും മൊബൈൽ ഫോണുമാണല്ലോ ട്രെൻഡ്. നമ്മുടെ മക്കൾക്ക് സ്മാർട് ഫോണും ഐപാഡും സമ്മാനങ്ങൾ നൽകി ഇന്റർനെറ്റ്‌ കണക്ഷനും നൽകി കൊടുത്ത് വീടിനുള്ളിൽ സുരക്ഷിതമാക്കുകയാണ്. സ്ക്രീനിലെ വെളിച്ചം അവരുടെ കണ്ണുകളുടെ ആരോഗ്യം കളയുന്നു. കാഴ്ച ശക്തിക്കും പോറലേൽക്കുന്നു. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം അവരുടെ തലച്ചോറിനെ സാരമായ രീതിയിൽ ബാധിക്കുന്നുണ്ട്.

ചളി പുരളാത്ത ബാല്യമെന്തിന്?. മുറ്റത്ത് കല്ല് തട്ടി വീണ് ഒരിക്കലെങ്കിലും പൊട്ടാത്ത കാൽ മുട്ടോ?. കാടും മേടും കുളങ്ങളും പ്രകൃതിയും കാർട്ടൂൺ കഥകളിലെ വെറും കാഴ്ചകളായി മാറിയോ?. ബാലരമ വായിക്കാൻ വേണ്ടി തുടരും കഥകളിലെ കഥ അറിയാൻ വെള്ളിയാഴ്ചയക്ക് വേണ്ടി കാത്തിരിക്കുന്നൊരു ബാല്യകാലം ഇനിയുണ്ടാവുമോ?. വായിച്ചു തീരാത്ത പേജുകൾ വേണമെന്ന് ആശിക്കുന്ന വായന ഭ്രാന്ത് ഇനിയൊരു തലമുറയിലുണ്ടാകുമോ?

മായാവിയിലെ വിക്രമനും മുത്തുവുമായിരുന്നു ഞങ്ങളുടെയൊക്കെ അന്നത്തെ വില്ലൻ കഥാപത്രങ്ങൾ!.

കുപ്പിക്കുള്ളിൽ കുടുങ്ങിയ മായാവിയെ പുറത്തെത്തിക്കാൻ ഞാനൊക്കെ അന്നൊത്തിരി പ്രാർത്ഥിച്ചിട്ടുണ്ട്. കുട്ടൂസനും ഡാകിനിയും പനി പിടിച്ച് കിടക്കാൻ ശപിച്ചൊരു കാലം. ഈ കുഞ്ഞു കുഞ്ഞു കഥകൾക്കപ്പുറം ഒരു മാനസിക സമ്മർദവും അന്നത്തെ ബാല്യകാലം സാക്ഷിയായിട്ടില്ല.

വായന ഇത്രമേൽ കുട്ടികളിൽ നിന്ന് മാഞ്ഞു പോകാൻ കാരണം എന്താണ്?. സ്മാർട് ഫോണിന്റെ രംഗബേധമോ?. ഇന്റർനെറ്റിന്റെ അതിരില്ലാത്ത കാഴ്ചകളോ?. സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾ വാങ്ങാൻ ലൈബ്രറി പിരീഡിനായ് ഞാനൊക്കെ കാത്തിരുന്നൊരു കാലം. മൊബൈൽ ഗെയ്മുകളും കാർട്ടൂണുകളും കവർന്നെടുത്തോ പുതിയ തലമുറയയുടെ ബാല്യകാലം? അക്ഷരങ്ങളെ സ്നേഹിക്കുന്ന കുഞ്ഞു മക്കളെ ഇനി തിരികെ ലഭിക്കുമോ?

രക്ഷിതാക്കളും അധ്യാപകരും കുട്ടികളിൽ വായന ശീലം വളർത്തണം. മൊബൈൽ ഗെയ്മുകൾക്ക് പിന്നാലെ പോകുന്ന കുട്ടികളെ അല്ല, പുസ്തകങ്ങളെ സ്നേഹിക്കുന്ന അക്ഷരങ്ങളുടെ ലോകം ആസ്വദിക്കുന്നൊരു തലമുറയെ നമുക്ക് വാർത്തെടുക്കണം. കളിക്കുടുക്കയും ബാലരമയും മായാവിയും ലുട്ടാപ്പിയുമൊക്കെ കുഞ്ഞു മനസ്സിലെ കുഞ്ഞു ചിന്തകളിൽ വരണം. ടെച് സ്ക്രീനുകളെ തലോടുന്ന വിരലുകൾ ഇനി അക്ഷരങ്ങളെ തൊട്ട് തലോടട്ടെ.

വായിച്ചു വളരുന്നൊരു തലമുറയുണ്ടാവണം. സമ്മാന പൊതിക്കുള്ളിൽ ഇനി പുസ്തകങ്ങൾ കൂടി ഉണ്ടാവട്ടെ…

രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും പരിശ്രമത്തിന്റെ ഭാഗമായി ഓരോ കുഞ്ഞും വായനയുടെ പ്രാധാന്യം മനസ്സിലാക്കി വളരണം. അവരെ നാം ഇന്റർനെറ്റിന്റെ മാസ്മരികതയിലേക്ക് വിട്ടയക്കരുത്. ബന്ധങ്ങളുടെ വില അറിയുന്ന മക്കളാവണം. സ്നേഹത്തിന്റെ ആഴം വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഒതുക്കുന്ന പുതിയ ഫാഷൻ പാടെ മാറണം. തൊട്ടടുത്തുള്ളവരെ തെല്ലും മൈൻഡ് ചെയ്യാതെ ദൂരെ ഉള്ളവരുമായി മൊബൈലിൽ ചാറ്റ് ചെയ്ത് ആസ്വദിക്കുന്ന ശൈലിയും മാറണം.

ഓരോ ദിനവും മിനിമം ഒരു പത്ത് മിനിറ്റ് എങ്കിലും കണ്ണുകൾ പുസ്തകങ്ങളിലെ അക്ഷരങ്ങളെ തേടി പോവട്ടെ.

ലോക പ്രസിദ്ധരായ ഒത്തിരി എഴുത്തുകാർ നമുക്ക് വേണ്ടി നിരവധി പുസ്തകങ്ങൾ എഴുതി വെച്ചിട്ടുണ്ട്. ഷോകേസിലെ ഷോ മാത്രമായ് മാറരുത് അടുക്കി വെച്ച പുസ്തകങ്ങൾ. അക്ഷരങ്ങളെ സ്നേഹിക്കുന്ന പ്രിയവായനക്കാർക്ക് നല്ലൊരു വായന ദിനം ആശംസിക്കുന്നു. നമ്മുടെയൊക്കെ ജീവിത്തിൽ ദൈനം ദിന കാര്യങ്ങളിൽ ഒഴിച്ച് കൂടാനാവാത്തൊരു കലയായി മാറട്ടെ വായന.

Keywords:  kasaragod, Reading-Day, Article, Education ,mobile-Phone, Book, Story, House, Come back, spring of reading.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia