Travelogue | ചാർമിനാറും കേശവേട്ടൻ്റെ സിഗരറ്റ് ശേഖരവും
● ചാർമിനാറിന്റെ നാല് മിനാരങ്ങൾ പേർഷ്യൻ ശൈലിയിൽ നിർമ്മിച്ചിരിക്കുന്നു.
● ഷാദാബിലെ ബിരിയാണിയും ഷാലി ബണ്ടയിലെ ലസ്സിയും പ്രശസ്തമാണ്.
● ലാഡ് ബസാറിലെ വളകൾ കാഴ്ചക്ക് മനോഹരമാണ്.
● ചാർമിനാറിൽ ഇസ്ലാമിക, പേർഷ്യൻ, ഹിന്ദു നിർമാണ രീതികൾ കാണാം.
ഹൈദരാബാദ് യാത്ര - 1 / ഡോ. കൊടക്കാട് നാരായണൻ
(KasargodVartha) ഹൈദരാബാദിനെക്കുറിച്ചു പറയുമ്പോൾ ആദ്യം എല്ലാവരുടെയും മനസ്സിൽ ഓർമ്മ വരിക ചാർമിനാറിന്റെ രൂപമാണ്. പണ്ട് നാട്ടിൻ പുറത്തു ഒരു സിഗരറ്റ് കിട്ടുമായിരുന്നു, മഞ്ഞ നിറമുള്ള പാക്കറ്റിൽ ഉള്ള ചാർമിനാർ സിഗരറ്റ്. ഞങ്ങളുടെ കൊടക്കാട്ടുകാർക്ക് ചാർമിനാർ വലിക്കുന്നവരോട് വല്ലാത്ത ആരാധനയാണ്. കോളേജ് പഠനകാലത്താണ് ചാർമിനാർ സിഗരറ്റ് ഞാൻ ആദ്യമായി കാണുന്നത്. കരിവെള്ളൂരിലെ കേശവേട്ടൻ്റെ (പാലക്കാട്ടുകാരൻ) കടയിലെ അലമാരിയിൽ ഒഴിഞ്ഞ ചാർമിനാർ പാക്കറ്റുകൾ നിറയെ അടുക്കി വെച്ചിട്ടുള്ളത് കാണാൻ നല്ല രസമായിരുന്നു.
സിഗരറ്റു കൂടിന്റെ മേലെ ഉള്ള മിനാരത്തിന്റെ ചിത്രം ഹൈദരാബാദിലെ ചാർമിനാറിന്റെതാണെന്നു അന്നൊന്നും അറിയില്ലായിരുന്നു. ജീവിതം എന്തെല്ലാം ആണ് നമുക്കായി കാത്തു വെച്ചിരിക്കുന്നത് എന്നത് ആർക്കു പ്രവചിക്കാനാവും. അന്നാരറിഞ്ഞു ആ ചാർമിനാർ നിൽക്കുന്ന നഗരത്തിൽ സർവീസിൽ നിന്നു പിരിഞ്ഞ ശേഷം ചരിത്രത്തിൻ്റെ തിരുശേഷിപ്പുകൾ ഹൃദയത്തിൽ തുന്നി വെക്കാൻ അവസരം കിട്ടുമെന്ന്!
ഞങ്ങളുടെ യാത്രയുടെ മൂന്നാം ദിവസമാണ് ചാർമിനാറിനു വേണ്ടി മാറ്റി വെച്ചിരുന്നത്. ഗോൽകൊണ്ട കോട്ടയുടെ ചരിത്രം പറയുമ്പോൾ ക്വിലി ഖുതുബ് ഷാ രാജവംശത്തെ പറ്റി പറഞ്ഞിരുന്നല്ലോ. ഖുതുബ് ഷാ വംശാവലിയിലെ അഞ്ചാമത് സുൽത്താൻ ആയ മുഹമ്മദ് ക്വിലി ഖുതുബ് ഷാ ആണ് മുസി നദി പരിസരത്തു ചാർമിനാർ നിർമ്മിക്കുന്നത്. 1580 മുതൽ ഏതാണ്ട് മുപ്പതു വർഷം ആണ് മുഹമ്മദ് ക്വിലി ഖുതുബ് ഷാ ഗോൽകൊണ്ട ഭരിച്ചത്. മുഹമ്മദ് ക്വിലി ഖുതുബ് ഷായുടെയും ഭാഗ്യവതിയുടേയും പ്രണയകഥ വിശദമായി പിന്നെ എഴുതാം.
ഗോൽകൊണ്ടയിൽ നിന്ന് മുസി നദിക്കരയിലേക്ക് തലസ്ഥാനം മാറ്റാൻ ഭാഗ്യവതിയുമായുള്ള പ്രണയവും ഒരു കാരണമാണ്. മുസി നദികരയിലെ ഹൈദർമഹലിൽ ആണ് മുഹമ്മദ് ഷാ ഭാഗ്യവതിയെ താമസിപ്പിച്ചിരുന്നത്. അതിനിടെയാണ് നാടിനെ നടുക്കി പ്ലേഗ് എന്ന രോഗം ജനങ്ങളെ ബാധിക്കുന്നത്. ഒരുപാട് പേർ അന്ന് രോഗം വന്നു മരിക്കാൻ ഇടയായി. സുൽത്താന്റെ മന്ത്രിമാരും കൊട്ടാരത്തിലെ വൈദ്യന്മാരും ചേർന്നുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി ഒരു വിധം രോഗം നഗരത്തിൽ നാടു നീങ്ങി. മനസ്സിന് ശാന്തി തേടി സുൽത്താൻ ആദ്യം തീരുമാനിച്ചത് പുതിയ നഗരത്തിൽ ആദ്യം വേണ്ടത് ജനങ്ങൾക്ക് സ്വസ്ഥമായി പ്രാർത്ഥിക്കാൻ ഒരു സ്ഥലം ഉണ്ടാക്കണം എന്ന തീരുമാനത്തിലാണ്.
തന്റെ രാജ്യത്തിൻ്റെ പുതിയ തലസ്ഥാനത്തെ ആദ്യ കെട്ടിടം എന്ന നിലയിൽ അത് പ്രൗഢ ഗംഭീരം ആയിരിക്കണം എന്ന് സുൽത്താന് നിർബന്ധമായിരുന്നു. അതിനു വേണ്ടി അദ്ദേഹം പേർഷ്യയിൽ നിന്നും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും അറിയപ്പെടുന്ന ശില്പികളെയാണ് ചുമതലപ്പെടുത്തിയത്. ആ പ്രഗത്ഭരായ ശില്പികളുടെ മേൽനോട്ടത്തിൽ ആണ് ചാർമിനാർ മുസി നദിക്കരയിൽ രൂപം കൊള്ളുന്നത്. 1591 ഇത് ചാർമിനാറിന്റെ പണി കഴിഞ്ഞു. ഖുത്വബ് ഷാ വംശത്തിന്റെ മഹിമ വിളിച്ചോതുന്നതും നഗരത്തിന്റെ അഭിമാന സ്തംഭവുമായി ചാർമിനാർ മാറാൻ അധികം സമയം എടുത്തില്ല
ചാർമിനാർ പേര് സൂചിപ്പിക്കും പോലെ നാല് മിനാരങ്ങൾ ആണ് അതിനുള്ളത്. ഓരോ മിനാരവും 54 മീറ്റർ ഉയരം ഉണ്ട്. രണ്ടു നിലകളിൽ ആണ് ചാർമിനാർ സ്ഥിതി ചെയ്യുന്നത്. ഒന്നാമത്തെ നിലയിൽ നിറയെ പ്രാർത്ഥനാ മുറികളും രണ്ടാമത്തെ നിലയിൽ ആണ് പള്ളിയുമാണ് സ്ഥിതി ചെയ്യുന്നത്. വളഞ്ഞു പിരിഞ്ഞ ഗോവണിയിലൂടെ വേണം മിനാരത്തിന്റെ മുകളിൽ എത്താൻ. ഒരു സ്റ്റെപ്പിൽ നിന്ന് അടുത്ത സ്റ്റെപ്പിലേക്ക് നല്ല ഉയരം ഉണ്ട്. അങ്ങിനെ 149 സ്റ്റെപ്പുകൾ കയറി പകുതിയാകുമ്പോൾ എല്ലാവരും ക്ഷീണിക്കും.
പക്ഷെ അതിലൂടെ തിരിച്ചിറങ്ങാൻ പറ്റില്ല. ഒരാൾക്ക് കയറാനുള്ള വീതിയെ ആ ഗോവണിക്കുള്ളൂ. ഒരു മിനാരത്തിലൂടെ കയറി അടുത്ത മിനാരത്തിലൂടെ വേണം താഴേക്ക് ഇറങ്ങാൻ. ഇരുട്ട് പേടിയുള്ളവരും കാൽമുട്ടുകൾക്ക് വേദന ഉള്ളവരും അതിനു ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷെ കൂട്ടത്തിലെ ആലക്കാടൻ ദാമോദരൻ മുട്ട് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും പിന്മാറിയില്ല.
ചാർമിനാറിന്റെ നിർമിതി പരിശോധിച്ചാൽ അതിൽ ഇസ്ലാം പേർഷ്യൻ ഹിന്ദു നിർമാണ രീതികൾ സമ്മേളിച്ചിരിക്കുന്നതു കാണാം. മിനാരങ്ങൾ പേർഷ്യൻ നിർമിതിയോടും ഉള്ളിലെ ഡോം ഇസ്ലാമിക് ശില്പകലയിലും അതിനകത്തെ വിടർന്ന താമരയുടെ നിർമാണം ഹിന്ദു നിർമാണ കലയോടും ചേർന്ന് നിൽക്കുന്നു. പേർഷ്യൻ, ഉറുദു, തെലുങ്ക് എന്നീ ഭാഷകളിൽ കവിതകൾ എഴുതുന്നതിൽ തല്പരൻ ആയിരുന്നു മുഹമ്മദ് ഖുത്വബ് ഷാ. വിവിധ സംസ്കാരങ്ങളോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ഇഷ്ടം ചാർമിനാറിന്റെ നിർമിതിയിലും അദ്ദേഹം പുലർത്തി എന്ന് വേണം അനുമാനിക്കാൻ.
ചാർമിനാറിന്റെ പരിസരങ്ങളിൽ ആണ് പിന്നീട് ഹൈദരാബാദ് എന്ന നഗരം രൂപം കൊള്ളുന്നത്. ജനങ്ങൾ കൂട്ടമായി താമസിക്കാനും കച്ചവടം ചെയ്യാനുമായി ചാർമിനാറിൽ എത്തിത്തുടങ്ങി. മച്ചലിപ്പട്ടണം എന്ന തുറമുഖത്തേക്കുള്ള കവാടം കൂടെ ആയിരുന്നു ചാർമിനാർ. അത്രത്തോളം വാണിജ്യ പ്രാധാന്യം പിൻകാലത്തു ചാർമിനാറിന്റെ പരിസരങ്ങൾക്കു കൈവന്നു. ചാർമിനാറിന്റെ തെക്കു പടിഞ്ഞാറു ഭാഗത്താണ് ഏറെ പ്രസിദ്ധമായ മെക്കാ മസ്ജിദ്. അതിന്റെ നിർമാണത്തിന് തുടക്കം ഇട്ടതും മുഹമ്മദ് ഷായുടെ കാലത്തായിരുന്നു .
ഖുത്വബ് ഷാ ഭരണം മുഗൾ വംശജരാൽ അവസാനിക്കപ്പെട്ടപ്പോഴാണ് നൈസാം ഭരണത്തിലേക്ക് ഗോൽകൊണ്ടയും ഹൈദെരാബാദും മാറുന്നത്. നൈസാം വംശത്തിന്റെ പല എണ്ണം പറഞ്ഞ നിർമിതികളും ചൗ മഹല പാലസ്, സലാർ ജങ് മ്യൂസിയം, ഒസ്മാനിയ മെഡിക്കൽ കോളേജ് ഉൾപ്പെടെ പിൽക്കാലത്തു ചാർമിനാറിന്റെ പരിസരങ്ങളിൽ ആണ് സ്ഥാപിതമായത്. നൈസാമിന്റെ സാമന്തന്മാരായ പൈഗ ഫാമിലിയുടെ ആസ്ഥാനമായ ഫലഖ്നാമ കൊട്ടാരവും ചാർമിനാറിനു അടുത്താണ്. ചാർമിനാർ മിനാരങ്ങൾ കയറി ഇറങ്ങിയപ്പോഴേക്കും ഞങ്ങളുടെ കൂട്ടത്തിലെ പലരും ക്ഷീണിച്ചിരുന്നു. യാത്രയുടെ ലഹരിയിൽ എനിക്ക് ക്ഷീണം തോന്നിയില്ല.
ചാർമിനാറിന്റെ പടിഞ്ഞാറേ ഗോപുര നടയിലാണ് ലാഡ് ബസാർ എന്ന് വിളിക്കുന്ന വളക്കച്ചവടക്കാരുടെ തെരുവ്. ചാർമിനാറിന്റെ പരിസരത്തെ ഏറ്റവും മനോഹര കാഴ്ച ആണ് നിറയെ വെള്ളി വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന വളക്കടകൾ. കുപ്പി വളകളും, വർണ വളകളും, പേൾ കൊണ്ടുള്ള ആഭരണങ്ങളും നിറഞ്ഞ ആ തെരുവിലേക്ക് എത്തിയാൽ യാത്ര സംഘത്തിലെ സ്ത്രീകളെ പിന്നെ മഷിയിട്ടു നോക്കിയാൽ കാണില്ല. അത് തികച്ചും ഒരു വ്യത്യസ്തമായ ഒരു ലോകം തന്നെയാണ് പ്രത്യേകിച്ചും സ്ത്രീകൾക്ക്.
അത്തർ അല്ലെങ്കിൽ ഊദ് എന്ന് വിളിക്കുന്ന സുഗന്ധദ്രവ്യം അതിന്റെ ഏറ്റവും ഒറിജിനൽ ആയ രൂപത്തിൽ ഇവിടെ കിട്ടും. പഴയ നാണയങ്ങൾ ശേഖരിക്കുന്നവർക്ക് ചാർമിനാർ പരിസരത്തു പോയാൽ ഏതു കാലഘട്ടത്തിലെ നാണയങ്ങൾ വേണമെങ്കിലും വിൽക്കുന്ന ചിലരെ കാണാം. ചാർമിനാറിന്റെ പരിസരം ഇന്ന് അറിയപ്പെടുന്നത് പഴയ സിറ്റി എന്ന പേരിൽ ആണ്. പുതിയ ഹൈദരാബാദ് ഇന്ന് ഗച്ചിബൗളി, ഹൈടെക് സിറ്റി തുടങ്ങിയ സ്ഥലങ്ങളെ ചുറ്റിപറ്റി ആണ് വളർന്നു വരുന്നത്. പക്ഷെ അതൊന്നും പഴയ ഹൈദരാബാദിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കിയിട്ടില്ല.
ഇന്നും ഏറ്റവും തിരക്കുള്ള ഷോപ്പിംഗ് സ്ട്രീറ്റ് ആണ് ചാർമിനാർ പരിസരം. എല്ലാ സാധനങ്ങളും വളരെ വിലക്കുറവിൽ കിട്ടും എന്നതാണ് പ്രധാന കാരണം. രണ്ടാമത്തെ കാരണം ഹൈദരാബാദിന്റെ തനതു ഭക്ഷണം കഴിക്കണമെങ്കിൽ ഇവിടെ തന്നെ വരണം എന്നതും. ചാർമിനാറിന്റെ തെക്കു വശത്താണ് ഷാലി ബണ്ട എന്ന സ്ഥലം. ഇന്ത്യയിലെ തന്നെ ഏറ്റവും രുചികരമായ ലസ്സി കുടിക്കണമെങ്കിൽ ഷാലി ബണ്ടയിൽ പോകണം. അതുപോലെ ഹൈദരാബാദിന്റെ രുചി പെരുമയിൽ ഏറ്റവും പ്രധാനമാണ് റംസാൻ സമയത്തു നഗരത്തിൽ കിട്ടുന്ന ഹലീം എന്ന മട്ടൻ വിഭവം. ചാർമിനാറിനു അടുത്തുള്ള പിസ്താ ഹൗസ് എന്ന ഹോട്ടലിൽ ആണ് ഏറ്റവും നല്ല ഹലീം കിട്ടുക. മലയാളികൾക്ക് ആദ്യം കഴിക്കുമ്പോൾ ഹലീം ഇഷ്ടപ്പെടണം എന്നില്ല. പക്ഷെ രണ്ടോ മൂന്നോ തവണ കഴിച്ചു കഴിഞ്ഞാൽ പലരും അതിനു വശപ്പെടുകയും ചെയ്യും.
ഹൈദരാബാദ് ബിരിയാണി കഴിക്കുക എന്നത് ഹൈദരാബാദ് യാത്രയുടെ ഭാഗമാണ്. ഈ പറഞ്ഞത് പോലെ അതും കഴിച്ചു കഴിച്ചു. അതിന്റെ രുചി ഇഷ്ടപ്പെടുന്നതാണ്. കേരള ബിരിയാണി കഴിച്ചു ശീലിച്ചവർക്കു ആദ്യ തവണ കഴിക്കുമ്പോൾ ഹൈദരാബാദ് ബിരിയാണി അത്ര പിടിച്ചു എന്ന് വരില്ല. ഹൈദരാബാദ് ബിരിയാണിക്ക് പേര് കേട്ടത് സെക്കന്ദരാബാദ് ഉള്ള പാരഡൈസ് ഹോട്ടൽ ആണെങ്കിലും അതിനേക്കാൾ രുചികരമായി ഹൈദരാബാദ് ബിരിയാണി ഉണ്ടാകുന്ന പല ഹോട്ടലുകളും നഗരത്തിൽ അവിടവിടെ ഉണ്ട്.
അതിൽ ഏറ്റവും പ്രധാനം ചാർമിനാറിനു അടുത്തുള്ള ഷാദാബ് എന്ന ഹോട്ടലിലെ ബിരിയാണിയാണ്. വളരെ തിരക്കുള്ള ഹോട്ടൽ ആണ് ഷാദാബ്. ചിലപ്പോൾ സീറ്റ് ലഭിക്കാൻ ഏതാണ്ട് ഒരു മണിക്കൂറിൽ അധികം സമയം കത്ത് നിൽക്കേണ്ടി വരും. പക്ഷെ ആ കാത്തിരുപ്പ് വെറുതെ ആവില്ല, അത്രയ്ക്ക് രുചികരമാണ് അവിടുത്തെ ബിരിയാണി. ഞങ്ങൾ വൈകീട്ടാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണ ശേഷം കുറച്ചു സമയം കൂടെ ആ പരിസരങ്ങളിൽ ഞങ്ങൾ കറങ്ങി നടന്നു. വൈകുന്നേരം ആകുമ്പോഴേക്കും ആ പരിസരം ജനസമുദ്രമായി മാറിയിരുന്നു.
അപ്പോഴേക്കും ഏതാണ്ട് രാത്രിയായിരുന്നു . ഞങ്ങളുടെ അന്നത്തെ യാത്ര അവസാനിപ്പിക്കാൻ സമയമായി . മനമില്ലാ മനസ്സോടെ ഞങ്ങൾ ചാർമിനാറിനോട് വിട പറഞ്ഞു. അപ്പോഴും ദീപ പ്രഭയിൽ കുളിച്ചു തലയുയർത്തിചാർമിനാർ ഞങ്ങൾക്ക് പിറകിൽ പ്രൗഢ ഗംഭീരമായി നിന്നിരുന്നു. നാനൂറു കൊല്ലത്തെ ജനജീവിതത്തിന്റെ സാക്ഷിയെന്നപോലെ. ചാർമിനാറിന്റെ പരിസരം വിട്ടാൽ ഇനി നമ്മൾ കടക്കുന്നത് നൈസാം ഭരണകാലത്തേക്കാണ്. അത് അടുത്ത അധ്യായത്തിൽ.
#Charminar #Hyderabad #TravelIndia #IndianHistory #Foodie #Culture