13 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ 62-കാരിക്ക് രക്ഷകനായി ഓട്ടോറിക്ഷ ഡ്രൈവർ; ഒന്നര മണിക്കൂറിന് ശേഷം പുറത്തെടുത്തത് ഫയർ ഫോഴ്സ്
● ഒന്നര മണിക്കൂറോളം പാപ്പച്ചൻ ഏലിയാമ്മയെ വെള്ളത്തിൽ മുങ്ങിത്താഴാതെ താങ്ങിനിർത്തി.
● ചീമേനി അഗ്നിരക്ഷാസേനയെത്തി വലയുടെ സഹായത്തോടെയാണ് ഇവരെ സുരക്ഷിതമായി പുറത്തെടുത്തത്.
● വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കാഞ്ഞങ്ങാട്ടേക്ക് മാറ്റി.
● സംഭവമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) നാട്ടക്കല്ലിലെ വലിയപറമ്പത്ത് വക്കച്ചൻ എന്ന വർഗീസിൻ്റെ ഭാര്യ ഏലിയാമ്മയാണ് (62) അബദ്ധത്തിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഏലിയാമ്മ കിണറ്റിൽ വീണതോടെ ഭർത്താവ് വർഗീസ് ഉടൻ സമീപവാസികളെ വിളിച്ചുകൂട്ടി സഹായം തേടി. ഇതിനിടെയാണ് മാലോത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന കോനൂർ പാപ്പച്ചൻ സ്ഥലത്തെത്തിയത്.
കിണറ്റിലിറങ്ങി ഓട്ടോറിക്ഷ ഡ്രൈവർ
കിണറ്റിലെ സാഹചര്യം മനസ്സിലാക്കിയ പാപ്പച്ചൻ കയറിൻ്റെ സഹായത്തോടെ അതിവേഗം കിണറ്റിലേക്ക് ഇറങ്ങുകയും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന ഏലിയാമ്മയെ പിടിച്ചുനിർത്തുകയുമായിരുന്നു. 13 കോൽ താഴ്ചയുള്ള കിണറായിരുന്നു ഇത്. കിണറ്റിൽ ഒരാൾ പൊക്കത്തിലധികം വെള്ളവുമുണ്ടായിരുന്നു.
വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. കിണറ്റിൽ കുടുങ്ങിയ ഏലിയാമ്മയെ എത്രയും വേഗം പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങൾ നാട്ടുകാർ ആരംഭിച്ചു. എന്നാൽ ആഴമേറിയ കിണറ്റിൽ നിന്ന് നേരിട്ട് പുറത്തെടുക്കുന്നത് പ്രയാസമായതിനാൽ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തു
ഒന്നര മണിക്കൂറോളം പാപ്പച്ചൻ കിണറ്റിനുള്ളിൽ തന്നെ തങ്ങിനിന്ന് ഏലിയാമ്മയെ താങ്ങിനിർത്തി. തുടർന്ന് കയ്യൂരിൽനിന്നുള്ള ചീമേനി അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അഗ്നിരക്ഷാസേനാംഗങ്ങൾ പ്രത്യേക സംവിധാനമൊരുക്കി വലയുടെ സഹായത്തോടെ ഏലിയാമ്മയെ കിണറ്റിൽനിന്ന് സുരക്ഷിതമായി മുകളിലെത്തിച്ചു.
കിണറ്റിൽനിന്ന് പുറത്തെടുത്ത ഉടൻ ഏലിയാമ്മയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: An autorickshaw driver named Konoor Pappachan rescued a 62-year-old woman, Eliyamma, who accidentally fell into a 13-kol deep well at her residence in Nattakkal, Malom on Thursday evening.
#KasargodVartha #Vellarikundu #Malom #RescueOperation #FireForce #KasaragodNews #MalayalamNews #AparnaNews






