city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈ തര്‍ക്കത്തിന് ഇങ്ങനെയൊരു പരിഹാരമായല്ലോ; മൃതദേഹങ്ങള്‍ ഇനി എവിടെയും അനാദരിക്കപ്പെടാതിരിക്കട്ടെ

അസ്ലം മാവില

(www.kasargodvartha.com 21.04.2018) അങ്ങിനെ ഒരു തര്‍ക്കത്തിന് അറുതിയായി, ഒരിടത്തെയല്ല, എല്ലായിടത്തെയും. ഒരു മഹല്ലിലെയല്ല എല്ലാ മഹല്ലുകളിലെയും. ഇനി ആരും 'മറവ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന' കാട്ടുനീതി നടപ്പാക്കാന്‍ സൈക്കിളുമെടുത്തിറങ്ങില്ലെന്ന് ഉറപ്പിക്കാം.

മരിച്ചാല്‍ സംസ്‌ക്കരിക്കുക എന്നത് മനുഷ്യ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. അതിന് മനുഷ്യാദികാലത്തോളം പഴക്കമുണ്ട്. ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണക്കാര്‍, ഇവയൊന്നുമില്ലാത്തവര്‍, അതിനത്ര പരിഗണന നല്‍കാത്തവര്‍.. ഇവര്‍ക്കൊക്കെ എവിടെയും എല്ലായിടത്തും ഈ ഒരു ഏര്‍പ്പാടുണ്ട്, മൃതദേഹത്തോട് ആദരവ് കാണിക്കുക എന്നത്.

ഈ തര്‍ക്കത്തിന് ഇങ്ങനെയൊരു പരിഹാരമായല്ലോ; മൃതദേഹങ്ങള്‍ ഇനി എവിടെയും അനാദരിക്കപ്പെടാതിരിക്കട്ടെ

സെമിറ്റിക് മതങ്ങളില്‍ മൃതദേഹം പൊതുവെ മറവ് ചെയ്യപ്പെടാറാണ് പതിവ്, ആദി പിതാവ് ആദമിന്റെ പുത്രരിലൊരാളെ മറവ് ചെയ്യാന്‍ സഹോദരന്‍ ഖാബീല്‍ അന്താളിച്ചു നില്‍ക്കെ, ആകാശത്ത് നിന്ന് വട്ടമിട്ട് പറന്നിറങ്ങിയ രണ്ട്കാക്കച്ചികളില്‍ ഒന്നാണ് പോല്‍ മറവ് രീതി പഠിപ്പിച്ചത് !

ഏത് സമുദായത്തിലായാലും, അന്ത്യകര്‍മ്മം വളരെ ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് നടക്കുക. ഒരു പ്രദേശത്ത് ജീവിച്ച (അതെത്ര മണിക്കൂറാകട്ടെ, ദിവസമാകട്ടെ, മാസങ്ങളോ വര്‍ഷങ്ങളോ ആകട്ടെ) മനുഷ്യനോട് സഹജീവികള്‍ കാണിക്കുന്നഅന്ത്യാദരവാണ് ശരിക്കും സംസ്‌കാര ചടങ്ങ്. ജീവിച്ച് തീര്‍ത്ത ഒരു മനുഷ്യന്, ജീവിക്കാന്‍ ഇനി ബാക്കി കുറച്ച് കൂടി സമയമുള്ള മനുഷ്യര്‍ നല്‍കുന്ന ഏറ്റവും ഹൃദയഭേദകമായ അവസാനത്തെ യാത്രയയപ്പ്! ഇത്തരം ചടങ്ങുകളില്‍ ആരാധനനാലയ പരിപാലകര്‍ പൊതുവെ വളരെ സൗമ്യതയും ആര്‍ദ്രതയും കാരുണ്യമനസ്സുമാണ് കാണിക്കുക.

മുസ്ലിംകളില്‍ ചിലര്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ബുദ്ധി പിന്നോട്ട് വച്ചാണ് നടപ്പെന്ന് തോന്നുന്നു. എല്ലാവരുമില്ല കെട്ടോ, വളരെ കുറച്ച് പേര്‍. അത്താഴം മുടക്കാനും ആളെപ്പറയിപ്പിക്കാനും ഈ കുറച്ചെണ്ണം മാത്രം മതിയല്ലോ! അതിന് കുറെ എണ്ണം എന്തിനാ ?

വിഷയം പറയാം: കാസര്‍കോട് ജില്ലക്കുള്ളിലെ ഒരുമഹല്ലില്‍മൂന്നര വര്‍ഷം മുമ്പ് ഒരു പ്രശ്‌നം. ആജമാഅത്തില്‍ പെട്ട ഒരു ഉമ്മ മരണപ്പെടുന്നു. പള്ളി വരിസംഖ്യ കണക്ക് നോക്കി കൊല്ലാംകൊല്ലം മുറക്ക് നല്‍കുന്ന ഒരു കുടുംബത്തില്‍ പിറന്ന ഉമ്മ. പള്ളിയുടെ എല്ലാ ദൈനംദിന ഏര്‍പ്പാടുകളിലുമാ കുടുംബമുണ്ട്. പക്ഷെ, പള്ളിക്കാട്ടില്‍ മറവ് ചെയ്യണമെങ്കില്‍ പള്ളി ബുക്കില്‍ പാസാക്കി ഒട്ടിച്ച ആചാരങ്ങള്‍ ഒന്നൊഴിയാതെ മുറക്ക് ചെയ്യണമെന്ന നിബന്ധന പാലിക്കാന്‍ മരിച്ച വ്യക്തിയുടെ മക്കള്‍ തയ്യാറല്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, ആ പ്രായമായ ഉമ്മ മരിച്ചപ്പോള്‍, ജമാഅത്തിന്റെ പള്ളിക്കാട്ടില്‍ മറവ്ചെയ്യാന്‍ പരേതയുടെ കുടുബക്കാരെ പള്ളിക്കമ്മറ്റിക്കാര്‍ സമ്മതിച്ചില്ല പോല്‍ !

ഖബറിന്റെ നീളവും ആഴവും, മയ്യത്ത് കുളിപ്പിക്കല്‍, കഫന്‍ പുടവയുടെ അളവും എണ്ണവും, കര്‍പൂരം കലക്കല്‍,മയ്യത്ത് കട്ടിലിന്റെ കാലിന്റെ എണ്ണം,ജനാസയെ അനുഗമിക്കല്‍,മയ്യത്ത് നിസ്‌ക്കാരം, മയ്യത്ത് ഖബറില്‍ വെക്കുന്നത് മുതല്‍, മൂന്ന് പിടി മണ്ണിടലും, മറമാടലും.... ഇതിലൊന്നും ഒരു അഭിപ്രായ വ്യത്യാസവും ആര്‍ക്കുമില്ലത്രെ. മരണത്തോടനുബന്ധിച്ചുള്ള നൂറില്‍ തൊണ്ണൂറ്റൊമ്പതാചാരനുഷ്ഠാനങ്ങളും ഒന്ന് തന്നെ. എല്ലാം കഴിഞ്ഞ്, മറവൊക്കെ ചെയ്ത് പള്ളിമുക്രി അവിടെ കുത്തിയിരുന്ന് അഞ്ച് മിനുറ്റ് തല്‍ഖീന്‍ ചൊല്ലിയേ തീരുവെന്ന പള്ളിക്കമ്മറ്റി നിലപാടിനോട് മാത്രംമരിച്ച വീട്ടുകാര്‍ക്ക് യോജിപ്പില്ല. അങ്ങിനെയെങ്കില്‍ മയ്യിത്ത് പള്ളി പരിസരത്ത് കൊണ്ട് വരരുതെന്നും ജമാഅത്തിന്റെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യരുതെന്ന് പള്ളിക്കാരും ശഠിച്ചു. അങ്ങിനെ അവിടെ മറവ് ചെയ്യാനാകാതെ ഉമ്മയുടെ മയ്യത്തും കൊണ്ട് മക്കള്‍സ്വന്തം മഹല്ല് വിട്ട് മറ്റൊരു ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

ഇങ്ങനെ ഒരു ഇഷ്യൂ മുമ്പിലെത്തിയാല്‍ ഒരു സാമാന്യ ബുദ്ധിക്കാരന്‍ എന്തു പറയും? അവര്‍ക്ക് തല്‍ഖീന്‍ വേണ്ടെങ്കില്‍ വേണ്ട, അതിലാര്‍ക്കെന്ത് ചേതം? വേണ്ടവര്‍ക്ക്തല്‍ഖീന് ചൊല്ലാം. വേണ്ടാത്തവര്‍ക്കതൊഴിവാക്കാം. മഹല്ലുകാരിയുടെ മയ്യത്ത് ഇവിടെ തന്നെ മറവ് ചെയ്‌തേ തീരൂ. കഴിഞ്ഞു.

പക്ഷെ ടി- മഹല്ല് ജമാഅത്തിന്റെ ബുദ്ധി നേരെ തല തിരിച്ചാണ് പ്രവര്‍ത്തിച്ചത്. മരിച്ചാല്‍ പള്ളിലിസ്റ്റില്‍ പറഞ്ഞ മുയ്മന്‍ കാര്യങ്ങളും അന്ത്യകര്‍മ്മങ്ങളായി ചെയ്തിരിക്കണം, അപ്പറഞ്ഞ നൂറില്‍ ഏതെങ്കിലുമൊന്നിന് ''നോ ' പറഞ്ഞാല്‍ പള്ളിടാക്‌സ് അടക്കുന്നയാളാണേലും വേണ്ടില്ല പള്ളിയില്‍ 24 മണിക്കൂര്‍ ഇഅതികാഫ് ഇരിക്കുന്നയാണേലും വേണ്ടില്ല, ആ മയ്യത്ത് ഈ ഖബര്‍സ്ഥാനില്‍ വെക്കാന്‍ സമ്മതിക്കില്ല.

പലിശ എല്ലാ വിഭാഗത്തിനും നിഷിദ്ധമാണല്ലോ. അതില്‍ 'സു- മു- ജ - ത വിഭാഗത്തിന്ന് ' വെെേവ്വ നിയമങ്ങളോ പ്രത്യേകം അനുമതിയോ ഇളവോ ഒന്നുമില്ലല്ലോ. മദ്യമോ,മയക്ക് മരുന്നോ,മോഷണമോ, പിടിച്ചു പറിയോ, ദൈവനിഷേധമോഇങ്ങനെയുള്ള ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ടവന്‍ മരിച്ചാല്‍അയാള്‍ അംഗമായ പള്ളിവളപ്പില്‍ ആ മയ്യത് മറവ് ചെയ്യുമോ,ഇല്ലേ ?

ബാങ്ക് /സൊസൈറ്റി ഡയറക്ടറായ ഒരു മുസ്ലിം മരിച്ചാല്‍ മറവ് എവിടെ ചെയ്യും ? അതിന്റെ പ്രസിഡന്റ് തന്നെ അറ്റാക്കായാലോ ? ഒരു മഹല്ലുകാരന്‍ നാലാള്‍ കാണ്‍കെ മരത്തില്‍ തൂങ്ങി മരിച്ചാലോ ? ബോലോ സാബ്, ടിയാനെകഹാം ദഫന്‍ കറോഗി ?

പള്ളി വളപ്പില്‍ അത്തരമൊരു മയ്യത്ത് മറവ് ചെയ്യാന്‍ ഐക്യകണ്‌ഠേന മൂളി പറയാനായി കാണുന്ന ഞൊടിന്യായമെന്താണാവോ, ആ ഞൊടിന്യായ രേഖയുടെ തൊട്ടു മുകളിലെ വരികളില്‍ തല്‍ഖീനില്ലാതെ മറവ് ചെയ്യലിനുള്ള തെളിവും കാണുമെന്നതിന്റെ തെളിവല്ലേ പുതിയ കോടതി വിധി. തെളിവ് കണ്ടില്ലെങ്കില്‍ കോടതി നിങ്ങള്‍ക്ക് കാണിച്ചു തരുമെന്ന് സാരം. അങ്ങിനെ ഒരു സുപ്രധാന വിധിയാണ് കഴിഞ്ഞ മാസം എല്ലാവരും കണ്ണു തുറന്ന് കാണുവാനായി കോടതിയില്‍ നിന്നുണ്ടായത്.

വിവരവും വിദ്യാഭ്യസവും ഉണ്ടെന്ന് തോന്നിത്തുടങ്ങിയ മഹല്ലുകളില്‍ഇമ്മാതിരി കരുണകെട്ട പണി ഇനി ഉണ്ടാകരുതെന്നാണ് എന്റെ അപേക്ഷ. വല്ലവനുംഅങ്ങിനെയൊരു കൊസറാക്കൊള്ളിക്കിറങ്ങിയാല്‍ അവരെ നിലക്ക് നിര്‍ത്താന്‍ അവിടെയുള്ള മതപണ്ഡിതന്മാരും കാരണവന്മാരും മുതിര്‍ന്ന പൗരന്മാരും കര്‍ശന നിര്‍ദ്ദശം നല്‍കണം. ഇല്ലേല്‍ കേസും കൂട്ടവുമായി ഖത്വീബുംപള്ളിക്കാരുംമാസങ്ങളോളം കോടതി പടി കയറിയും ഇറങ്ങിയും നാളുകള്‍ തള്ളി നീക്കേണ്ടി വരും.

മറവ് ചെയ്യല്‍ സംബന്ധമായ കോടതി വിധിയുടെ കോപ്പി ( മയ്യത്ത് ഖബറടക്കം ചെയ്യുന്ന തിന് പള്ളിക്കമ്മറ്റി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി കൊണ്ടുള്ള വിധി) കേരളത്തിലെ മുഴുവന്‍ സു- മു- ജ - ത കീഴിലുള്ള പള്ളികളിലേക്കും സമുദായ നേതൃത്വങ്ങള്‍ അയച്ചു കൊടുക്കണം, അതൊക്കെയാണ് അവിടെ കണ്ണാടിക്കൂട്ടില്‍ ഫോര്‍ കളറില്‍ വാക്‌സിട്ട് സൂക്ഷിക്കേണ്ടത്, അല്ലാതെ തേങ്ങ, മാങ്ങ കണക്കോ, മറവ് ചെയ്യാന്‍ പാടില്ലാത്തവരില്‍ ആരൊക്കെ പെടുമെന്ന ഓഞ്ഞ ലിസ്റ്റോ അല്ല.

ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചവരെ പുറം തട്ടി അഭിനന്ദിക്കണം. ഇക്കാര്യത്തില്‍ ഒരു തീരുമാനമായല്ലോ. വളരെ പ്രായോഗികവും നീതിപൂര്‍വ്വകവുമായ വിധിയാണ് ഉണ്ടായത്, അതും വളരെ നന്നായി. മൂന്നര കൊല്ലം കേസിന്റെ പിന്നാലെ പോയി നടന്നുണ്ടായ സാമ്പത്തിക ബാധ്യത പള്ളി കമ്മിറ്റിക്കാരില്‍ നിന്നോ അതിന് ദുര്‍മന്ത്രം ചൊല്ലിക്കൊടുത്തവരില്‍ നിന്നോ തീര്‍ച്ചയായും വസൂലാക്കണം. എന്നാലേ പഠിക്കേണ്ടവര്‍ പഠിക്കൂ.

ഒരു നാട്ടില്‍ വലിയ വണ്ടിയുള്ളവനെയും നല്ല മീന്‍കറി കൂട്ടുന്നവനെയും മണക്കുന്ന കുപ്പായമിടുന്നവനെയൊന്നുമല്ല പൗരപ്രമുഖന്‍ എന്ന് പറയുന്നത്. നാടിന് പേരുദോഷമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍, ശടപടാന്ന് ഇടപെട്ട് അവയ്ക്ക് മാന്യമായ പരിഹാരം കണ്ടെത്തുന്നവരെയാണ് അങ്ങിനെ വിളിക്കുക, വിളിക്കേണ്ടതും.( വലിയ തിരക്കായിരിക്കാം, പക്ഷെ ഇതിനൊക്കെ ഒന്നിടപെടാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ഭൂമി ലോകത്ത് 'പൗരപ്രമുഖര്‍'
ജീവിച്ചിരുന്നിട്ടെന്ത് കാര്യം)

ഒരന്യമതസ്ഥന്റെ മൃതദേഹം കടന്നു പോകുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവിന്റെ പൂമരം തീര്‍ത്ത വിശ്രുത പ്രവാചകന്റെ മഹത്ചരിത്രംപറയാന്‍ നിങ്ങള്‍ക്കവകാശമുണ്ട്,അവനവന്റെ മഹല്ലിലെ മയ്യത്ത്ഇരു കൈ നീട്ടി അത്യാദരവ് കാണിക്കാനുള്ള സന്മനസ്സും സഹൃദയത്വവും നിങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രം. അതില്ലെങ്കില്‍, നമുക്കിതുവരെ കാരുണ്യമതത്തെ കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് പറയേണ്ടിവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Aslam Mavile, Religion, Funeral, Controversy, Masjid, Controversy, Article Of Aslam Mavilae On Funeral Controversy

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia