city-gold-ad-for-blogger
Aster MIMS 10/10/2023

തെരുവത്തിൻ്റെ നന്മ വിശേഷങ്ങൾ

മനു

(www.kasargodvartha.com 16.05.2020) കണ്ണ് നിറയുമ്പോഴും ഉള്ള് നീറുമ്പോഴും താങ്ങായും കൂട്ടായും ആളുണ്ടാകുക എന്നത് അസുലഭ ഭാഗ്യമാണ്, പ്രത്യേകിച്ച് മണലാരണ്യങ്ങളിൽ. വീടും കൂടും വിട്ട് വീട്ടുകാർക്കും നാട്ടാർക്കുമായി ജീവിതം ഹോമിക്കുന്ന പ്രവാസികൾ സ്വന്തം ദുഃഖം പലപ്പോഴും കണ്ണാടിക്കു മുന്നിൽ കരഞ്ഞുതീർക്കുകയാണ് പതിവ്. ഇങ്ങനെ വിഷമിക്കുന്നവരെ ഒന്ന് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും കണ്ണീരൊപ്പാനും വിശക്കുന്ന വയറുകൾക്ക് അന്നമൂട്ടാനും ചിലരുണ്ട്. അവിടെയാണ് മജീദ് തെരുവത്ത് എന്ന പേര് വേറിട്ട് നിൽക്കുന്നത്.
ആകാരം കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും ഒരു അതിമാനുഷനാണ് മജീദ് തെരുവത്ത് എന്ന മജിച്ച. പക്ഷെ ഉള്ളിന്റെയുള്ളിൽ അലിയുന്ന കുഞ്ഞുമനസിനുടമ. മറ്റുള്ളവരുടെ വിഷമം തന്റേതായി കണ്ട് ഓടിനടക്കുന്ന, വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരുടെയും തോളത്ത് തട്ടി കുശലമന്വേഷിക്കുന്ന ഈ മനുഷ്യൻ എന്നും ഒരത്ഭുതമാണ്. പ്രായവും ഒന്നും തളർത്താത്ത പോരാളി. സേവനവഴിയിൽ നിറഞ്ഞുനിൽക്കുന്ന മജീദ് തെരുവത്ത് പക്ഷെ ഇതൊന്നും തന്റെ കഴിവാണെന്നു ഒരിക്കലും പറയില്ല, പറയാറുമില്ല.
തെരുവത്തിൻ്റെ നന്മ വിശേഷങ്ങൾ


കൊറോണയുടെ ഭീതിതമായ കാലം ഭക്ഷണം പോലും ഇല്ലാതാക്കിയപ്പോൾ അവരെ തേടിപ്പിടിച്ച് അന്നമൂട്ടിയ മനുഷ്യത്വമാണ് മജീച്ചയുടേത്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവരോട് ചോദിയ്ക്കാൻ മനസ്സനുവദിക്കാത്ത ആളുകളെ അങ്ങോട്ട് ചെന്ന് കണ്ടെത്തി അവർക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുകയാണിപ്പോൾ. ദൈവനിമിത്തമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ തുണയാകുന്നതെന്ന് തന്റെ സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം പറയുന്നു. മണലാരണ്യത്തിൽ മാത്രമല്ല, ഇങ്ങ് കാസർകോടിന്റെ മുക്കിലും മൂലയിലും എത്രയോ വർഷങ്ങളായി മജീദ് തെരുവത്ത് എത്താറുണ്ട് ഒരുപാട് പാവങ്ങളുടെ രക്ഷകനായി.

റമദാൻ മാസത്തിലും കാരുണ്യപ്രവർത്തനം പ്രവാചകവചനം ഉൾക്കൊണ്ട് തുടരുകയാണ് മജീദ് തെരുവത്ത്. പറയേണ്ടത് ആരോടായാലും വെട്ടി തുറന്ന് പറയാൻ ആർജവമുള്ള മനസ്സിനുടമയുമായ മജീദ് തെരുവത്തിന് പകരം വെക്കാൻ ആർക്കുമാവില്ല.

ജീവകാരുണ്യ-സാമൂഹ്യപ്രവർത്തനങ്ങളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയാണ് തന്റെ ഗുരുവെന്നും അദ്ദേഹത്തിന്റെ മാർഗദർശനിർദ്ദേശമാണ് പ്രചോദനമാകുന്നതെന്നും മജീദ് തെരുവത്ത് പറയുന്നു. അധികമാരും അറിയാതെ, ആരെയും അറിയിക്കാതെ നടത്തുന്ന ഈ സാമൂഹ്യപ്രവർത്തനം മജീദിന് ഹരമാണ്. നിസാരമായ പ്രവർത്തനങ്ങൾ നടത്തി അംഗീകാരം പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ആളുകൾക്കിടയിൽ വേറിട്ടു നിൽക്കുന്നു ഈ മനുഷ്യൻ. അടുത്തിടെ മജീദ് തെരുവത്തിനെ ദുബൈയിൽ വച്ചുനടന്ന ചടങ്ങിൽ മണലാരണ്യത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ-സാംസ്കാരിക കൂട്ടായ്മയായ കെ എം സി സി ആദരിച്ചു. അർഹിക്കുന്ന അംഗീകാരം തന്നെയാണ് മജീദിനെ തേടിയെത്തിയത്. എന്നാൽ അംഗീകാരം അതിനുമുമ്പേ തന്നെ അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്നുവെന്ന പലരുടെയും പ്രതികരണം അത് തെളിയിക്കുന്നു.
തന്റെ മതിലിനപ്പുറവും വലിയൊരു ലോകമുണ്ടെന്നും അവിടെയും വീടുകളും കുഞ്ഞുങ്ങളുമുണ്ടെന്നും അവിടെ ഉണ്ണാതെയും ഉടുക്കാതെയും ഉള്ളവർ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് സേവനം ചെയ്യുന്നതിലാണ് മജീദ് വേറിട്ടുനിൽക്കുന്നത്.

എല്ലാം ഒരു പുഞ്ചിരിയോടു കൂടി കൈകാര്യം ചെയ്യുന്ന വ്യക്തി ആർക്കുമുമ്പിലും തന്റെ ആശയം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം. മുറിയിൽ ഒപ്പം കഴിയുന്ന ആർക്കെങ്കിലും വല്ല അസുഖവും വന്നാൽ ആദ്യം ചെന്ന് പരിചരിക്കുന്ന വ്യക്തി. ഏത് അസുഖത്തിനുമുള്ള മരുന്ന് ഏത് പാതിരാത്രിയും അദ്ദേഹത്തിന്റെ കയ്യിൽ റെഡി ആണ്. വിപുലമായ സൗഹൃദ വലയം. അദ്ദേഹത്തിന്റെ പട്ടികയിലുള്ള വി വി ഐ പികളുടെ പേരറിഞ്ഞാൽ ആരും അമ്പരന്ന് പോകും. സാധാരണക്കാരന് മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ. പ്രവാസലോകത്തും രാജ്യത്തിൻ്റെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും. ബന്ധങ്ങൾ സ്വന്തം കാര്യത്തിനായി ഉപയോഗിക്കുന്നവരിൽ നിന്നും ഏറെ വ്യത്യസ്തനാണ് ഇദ്ദേഹം. ലോക്ക് ഡൗൺ സമയത്ത് ദുബൈയിലെ മുറികളിൽ ലഭിച്ച ഭക്ഷണം ഒന്ന് മതി അദ്ദേഹത്തിന്റെ ബന്ധത്തിന്റെ ആഴമറിയാൻ. നാട്ടിൽ നിന്ന് വിസിറ്റ് വിസയിൽ എത്തി ലോക്ക് ഡൗണിൽ കുടുങ്ങിയ നിരവധി പ്രവാസി കുടുംബങ്ങൾക്കും നാട്ടിലെ പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പ്രവാസി സംഘടനകളായ ഇൻകാസ്, കെ എം സി സി എന്നിവയുടെ സഹകരണത്തോടെ ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ചുനൽകുന്നതിൽ മുന്നിലായിരുന്നു, അദ്ദേഹത്തിന്റെ സഹായം എത്താത്ത മേഖലകൾ കുറവായിരിക്കും. പ്രവാസ ജീവിതം നയിക്കുമ്പോഴും അദ്ദേഹത്തിന്റെ ഓരോ തുടിപ്പും നാടിനും നാട്ടുകാർക്കും വേണ്ടി ആയിരുന്നു. റിലീഫ് കിറ്റുകൾ അർഹർക്ക് എത്തിക്കാനുള്ള പ്രവർത്തനം എത്ര  പ്രശംസിച്ചാലും തീരാത്തതാണ്. ലോകത്തെ എന്ത് വിവരവും ആദ്യമായി ലഭിക്കുന്ന മനുഷ്യൻ. കാസർകോട്ടെ ഉത്തരദേശം സായാഹ്‌ന ദിനപത്രത്തിന്റെ ലേഖകൻ കൂടിയാണ് അദ്ദേഹം. 1978ലാണ് ജീവിത പ്രാരാബ്ധവുമായി ദുബൈയിൽ എത്തിയത്. ആദ്യഘട്ടങ്ങളിൽ നാട്ടിലെ പത്രങ്ങളിൽ കാണുന്ന സഹായാഭ്യർത്ഥന പ്രകാരം സഹായധനം എത്തിക്കുന്നതാായിരുന്നു രീതി. കഴിഞ്ഞ 38 വർഷമായി ദുബൈയുടെ തൂണിലും തുരുമ്പിലും മജീദ് സജീവമാണ്. നാട്ടിലെത്തിയാൽ മക്കളെയും കൂട്ടി പലതവണകളിലായി  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അർഹരായവർക്ക് സഹായമെത്തിക്കാൻ കാറിൽ പുറപ്പെടുന്നത് പ്രധാന ശീലമാണ്. തിരിച്ച് മജീദ് പ്രതീക്ഷിക്കുന്നത് പ്രാർത്ഥന മാത്രമാണ്, അത് വേണ്ടുവോളം ലഭിക്കുന്നുവെന്നതിലാണ് തെരുവത്തിൻ്റെ ആനന്ദം. പ്രവാസമെന്നാൽ പ്രയാസമെന്നിടത്ത് പ്രവാസമെന്നാൽ സ്നേഹമെന്ന് കാണിക്കുന്നതാണ് മജീദ് തെരുവത്തിന്റെ ജീവിതം.

തെരുവത്തിൻ്റെ നന്മ വിശേഷങ്ങൾ
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മജീദ് തെരുവത്തിനൊപ്പം 

തെരുവത്തിൻ്റെ നന്മ വിശേഷങ്ങൾ
മജീദ് തെരുവത്തും, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും 1984 ല്‍ കൊച്ചിന്‍ ഡെപ്യൂട്ടി മേയര്‍ ഹംസക്കുഞ്ഞിനൊപ്പം ദുബൈ ഹയാത്ത് റീജന്‍സി ഹോട്ടലില്‍

Keywords:  Kasaragod, Kerala, Article, House, Theruvath, Social worker, Article about Majeed Theruvath
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia