city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഹുമാനപ്പെട്ട ഖാസി: സുന്നീ സമൂഹം ചെയ്യേണ്ടത്

ബഹുമാനപ്പെട്ട ഖാസി: സുന്നീ സമൂഹം ചെയ്യേണ്ടത്
ചിന്തയുടെ എതിര്‍ദിശകളാണ് യുക്തിയും വിശ്വാസവും. യുക്തികൊണ്ട് വിശ്വാസമോ വിശ്വാസം കൊണ്ട് യുക്തിയോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. യുക്തിയുടെ വഴിയേ സഞ്ചരിക്കുന്നുവെങ്കില്‍ മുന്‍വിധികളില്ലാതെ അതിന്റെ മാനദണ്ഡങ്ങളിലൂടെ നീങ്ങണം. വിശ്വാസത്തിനാകട്ടെ തെളിവുകളുടെ പിന്‍ബലം ആവശ്യമില്ല. വിശ്വാസം, അതല്ലേയെല്ലാം എന്നു കരുതണം. സര്‍വ്വം അതില്‍ ഭരമേല്‍പിക്കാന്‍ കഴിയണം. അപ്പോഴാണത് പൂര്‍ണമാവുക. സുന്ദരമാവുക.


യുക്തി ഭൗതികന്റെ വഴിയാണ്. വിശ്വാസം ഭക്തി/ആശയ/ആത്മീയ മാര്‍ഗവും. യുക്തിയും വിശ്വാസവും കൂട്ടിക്കുഴയ്ക്കപ്പെടാതിരിക്കുമ്പോള്‍ അവ രണ്ടും സുന്ദരവും നിഷ്‌കളങ്കവും ശുദ്ധവുമാണ്.  കേരളത്തിലെ സുന്നീ പാരമ്പര്യം വിശ്വാസത്തിന്റെ ഈ ശുദ്ധത കാലങ്ങളായി കാത്തുസൂക്ഷിക്കുന്നുണ്ട്. അത്യാദരപൂര്‍വം സമീപിക്കപ്പെടുന്ന പവിത്രസങ്കല്‍പമാകുന്നു വിശ്വാസവും അനുബന്ധകാര്യങ്ങളും. തനിഭൗതികനായിട്ടും എന്നെ ആകര്‍ഷിക്കുന്നത് സംസ്‌കാരത്തിലെ ഈ ശാന്തസുന്ദരനൈര്‍മല്യവും വര്‍ണരാജികള്‍ വിരിയിക്കുന്ന തെളിമയുമാണ്. എത്രയെത്ര സൂഫീകഥകളാണ് കേരളത്തിലങ്ങോളമിങ്ങോളം ഭാവചാരുതയോടെ വശ്യപരിമളം പരത്തുന്നത്.

കാസര്‍കോടിനുമുണ്ട് മഹാനായ മാലിക്ദീനാറും തങ്ങളുപ്പാപ്പയും മണവാട്ടി ബീവിയുമടക്കമുള്ള നിരവധി പുണ്യചരിതങ്ങള്‍. ആ മഹാന്മാരെപ്പോലെത്തന്നെ അനശ്വരമാണ് അവരെക്കുറിച്ചുള്ള ഒരുപാട് അമാനുഷിക സിദ്ധി വിശേഷങ്ങളും. ജീവിച്ചിരുന്നപ്പോഴും തുടര്‍ന്നിന്നോളവും നിത്യവും ആയിരക്കണക്കിനു പേര്‍ സമാധാനവും പരിഹാരവും തേടി അവരുടെ അടുത്തെത്തുന്നു. അത്തരമൊരു മാഹാത്മ്യമായിരുന്നു ബഹുമാനപ്പെട്ട ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി അവര്‍കളുടെ ജീവിതകാലം. ആശീര്‍വാദവും രോഗശാന്തിക്ക് മന്ത്രിച്ച വെള്ളവും ലാക്കാക്കി മതജാതി ഭേദമില്ലാതെ ഏറെയാളുകള്‍ ദിവസവും അദ്ദേഹത്തെച്ചെന്നു കാണുമായിരുന്നു.  എന്റെ ചെറുപ്പത്തില്‍, ഉപ്പയുടെ കാലത്ത്, ബന്ധുഗൃഹമായ ചെമ്പിരിക്ക ഖാസിത്തറവാട്ടിലേക്ക് എന്നെയും കൊണ്ടുപോയിട്ടുണ്ട്. അവിടത്തെ ആളുകളുടെ വരവും പോക്കും ചിട്ടവട്ടങ്ങളും ഒപ്പം സുഗന്ധവും തെല്ലൊരത്ഭുതത്തോടെയാണ് ഞാനാസ്വദിച്ചത്. അന്നു കരുതി, ഈ മഹാന്‍ ഭാവിയില്‍ വലിയ സൂഫിയായി അറിയപ്പെടും.

മഹജ്ജീവിതത്തിനൊടുവില്‍, സൂഫിപോരിഷയും മാറ്റേറ്റുമാറ്, സ്‌തോഭജനകമായ വിയോഗവാര്‍ത്തയാണ് നാട് ആകസ്മികമായി കേട്ടത്. പക്ഷെ ശേഷകഥയാണ് സങ്കടകരം. കടുക്കക്കല്ല്, അവിടേക്കുള്ള നടത്തം, വടി, താഴ്ച, കിടപ്പ്, ഒഴുകിയകലാതിരിക്കല്‍, കവിതാശകലം... അങ്ങനെ നൂറുകൂട്ടം വിസ്മയങ്ങള്‍ കിടന്നു അദ്ദേഹത്തെ മഹത്വപ്പെടുത്താന്‍. വലിയൊരു തത്വജ്ഞാനിയുടെ അമാനുഷികമായ വിടപറച്ചിലിന്റെ അടയാളങ്ങള്‍ വിശ്വാസിസമൂഹത്തിന്റെ മുന്നില്‍ നിരന്നുനിന്നു. കറാമത്തെന്ന പുണ്യസിദ്ധിയുടെ വ്യാഖ്യാനത്തിലൊതുങ്ങുമായിരുന്നു എല്ലാം. മന്ത്രജലം കൊണ്ടുമാത്രം പരശ്ശതം സന്ദര്‍ശകര്‍ക്ക് ശാന്തി പകരുംവിധം സവിശേഷ ജീവിതം നയിച്ച ഖാസിയവര്‍കള്‍ക്കു ചേരുന്നതും അത്തരമൊരു വിശേഷണമാണ്.
ഈയൊരു സുന്ദരഭാവന ഏറ്റവുമാദ്യം പ്രതീക്ഷിച്ചുപോവുന്നത് സുന്നീ പ്രസ്ഥാനങ്ങളില്‍ നിന്നാണ്. എവിടെയാണ് പിഴച്ചതെന്നറിയുന്നില്ല. സംഗതി മറ്റൊരു വഴിക്കായി. കൊലപാതകം എന്നൊക്കെ കേള്‍ക്കുന്നു, ബോധ്യന്യായങ്ങള്‍ അതിനൊട്ടു നിരത്തുന്നുമില്ല. ആര്? എന്തിന്? അതും അവിടെ കൊണ്ടുപോയി? ഈ മഹത് വേര്‍പാട് കൊലപാതമാണെന്നു വരുത്തണമെന്നു നമുക്കെന്തിത്ര നിര്‍ബന്ധം? 

അതാ മഹാമനീഷിയോട് ചെയ്യുന്ന അപരാധമാകാതെയും നോക്കണം. വലിയൊരു പണ്ഡിതന്റെ അറിവും ജീവിതവും വ്യാഖ്യാനിക്കാന്‍ സാധാരണക്കാരന് കഴിഞ്ഞുകൊള്ളണമെന്നില്ല. പരദ്രോഹമില്ലാതെ എന്നാല്‍ പരോപകാതനിരതനായി ജീവിച്ച ഒരു നിഷ്‌കാമ കര്‍മിയായിരുന്നുവല്ലോ മഹാനവര്‍കള്‍! .
അന്വേഷണസംഘങ്ങളെല്ലാം പറയുന്നു മരണം കൊലപാതകമല്ലെന്ന്. അന്യഥാ തെളിവു ലഭിച്ചില്ലെങ്കില്‍ നിയമത്തിന്റെ ഭാഷയില്‍, പകരം വാക്കില്ലാത്തതുകൊണ്ട് അവരങ്ങനെ പറയും. പക്ഷെ വിശ്വാസിസമൂഹത്തിന് ഇതുപോലുള്ള അസാധാരണ പ്രതിഭാസങ്ങളെ യുക്തിയുടെ ആ വിപരീതദിശക്കു പിറകെപ്പായാതെ 'ന്ട്ടാന്തര' മെന്നു വ്യവഹരിക്കാം. (ഞെട്ടാന്‍ തരം: അത്ഭുത സിദ്ധി അഥവാ ദൈവിക ഇടപെടല്‍-പ്രാചീനമായ ഒരു നാട്ടുമൊഴി). വിശ്വാസത്തിന്റെ തനിമയും ഊര്‍ജവുമുള്ളൊരു കാഴ്ചപ്പാടാണിത്. സുന്ദരം; രചനാത്മകം.

സംഭവിച്ചത് കൊലപാതക ദുരന്തമാണെങ്കില്‍ ഖാസിയവര്‍കളുടെ ന്ട്ടാന്തരം കൊണ്ട് അടുത്ത അന്വേഷണത്തിലെങ്കിലുമത് തെളിയുമെന്ന് ആശ്വസിക്കുക. അതല്ല അതൊരാരോപണം മാത്രമാണെങ്കില്‍, മഹാനവര്‍കള്‍ക്ക് അവഹേളനമായിപ്പോകാവുന്ന പ്രചാരണങ്ങളുടെ വിഷയത്തില്‍ സുന്നീ പ്രസ്ഥാനങ്ങളെങ്കിലും സൂക്ഷ്മത പുലര്‍ത്തണമെന്ന് സാദരം ഉണര്‍ത്തുന്നു. അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ അനവരതം പ്രസരിപ്പിക്കട്ടെ നന്മയുടെ പരിമളം.


ബഹുമാനപ്പെട്ട ഖാസി: സുന്നീ സമൂഹം ചെയ്യേണ്ടത്
K.T Hasan
-കെ.ടി. ഹസന്‍
Email: kteych@gmail.com


Keywords: C.M Abdulla Maulavi, Article, K.T. Hassan, Qazi Chembirika, Mangalore, CBI

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia