city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുലൈമാനി നിറമുള്ള മൈലാഞ്ചി വരകള്‍

രേണുനാഥ്

(www.kasargodvartha.com 23.05.2020) നോമ്പുനോറ്റ് കാത്തിരുന്ന് ശവ്വാലിന്‍ അമ്പിളി വാനില്‍ തെളിയുന്നതോടെ തക്ബീര്‍ ധ്വനികളാല്‍ കാതുകള്‍ കുളിര്‍ക്കും. ഇരുപത്തിയൊമ്പത് നോമ്പായാല്‍ പിന്നെ പെരുന്നാള്‍ പിറ കാണാന്‍ തിരക്കുകൂട്ടുന്ന വിശ്വാസികളുടെ ആഘോഷരാവിന് തുടക്കമായി. പള്ളികളില്‍ നിന്നുള്ള തക്ബീര്‍ മുഴക്കം പരിസരങ്ങളില്‍ അലയടിക്കുന്നതോടെ പെരുന്നാള്‍ പ്രതീതി നിറയും. എന്നാല്‍ ഇപ്രാവിശ്യത്തെ പെരുന്നാളും വിഷുവും ഈസ്റ്റുമൊക്കെ കൊറോണ വൈറസിന്റെ ആധിയില്‍ മുങ്ങിപ്പോവുകയാണ്. ആഘോഷങ്ങള്‍ പ്രതീക്ഷയോടെ ഓരോ വിശ്വാസിയേയും മുന്നോട്ട് നയിക്കുമ്പോള്‍ അമിതാഹ്ളാദം ഇല്ലെങ്കിലും പെരുന്നാളും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീതി ഉളവാക്കുന്നു.

എന്നാല്‍ കാതങ്ങള്‍ക്കപ്പുറം മണലാരണ്യങ്ങളിലും മറ്റും പ്രവാസി മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് കൂടിക്കാഴ്ച നടത്തുന്നതും പെരുന്നാള്‍ ആശംസ നേരുന്നതും. ആധി പടരുന്ന ഇന്നത്തെ കാലത്ത് ഓണ്‍ലൈന്‍ ആശംസകളിലേക്ക് മാത്രമായി നാം തളച്ചിടപ്പെട്ടു. ഏതൊരു മഹാമാരിക്കും തളര്‍ത്താനാവാത്ത ഊര്‍ജം പകരാന്‍ കഴിയുന്ന റംസാന്‍ വ്രതാരംഭത്തിനു ശേഷമെത്തുന്ന ഈദുല്‍ ഫിതറിന്റെ ചേലൊന്ന് വെറെ തന്നെയാണ്. നോമ്പും പെരുന്നാളുമെത്തിയാല്‍ നാടും വീടും അങ്ങ് ദൂരെയുള്ള നാട്ടിലിരുന്ന് വീഡിയോ കോളിലൂടെയും മെസേജുകളിയൂടെയും സ്വന്തം നാട്ടിലേക്ക് ഒരു നിമിഷം ഓടിയെത്തും. പിന്നെ ഓര്‍മകളാണ് മറക്കാനാവാത്ത ബാല്യകാലങ്ങളിലൂടെ സമ്പന്നമാക്കിയ പെരുന്നാള്‍ ദിനങ്ങള്‍.

ഫിതര്‍ സക്കാത്തിന്റെ അരിയും വാങ്ങി വീട്ടിലെത്തുന്ന ആണ്‍കുട്ടികള്‍, പെരുന്നാള്‍ സുദിനത്തെ വരവേല്‍ക്കാന്‍ മൈലാഞ്ചി ചോപ്പിന്റെ ചിരിയുമായി പെണ്‍കുട്ടികള്‍ അകത്തളങ്ങളില്‍ ഉണ്ടാവും. അമ്മിക്കല്ലില്‍ അരച്ചെടുത്ത മൊഞ്ചുള്ള മൈലാഞ്ചി ചാര്‍ത്തി ഏറ്റവും കൂടുതല്‍ ചുവക്കാനുള്ള കാത്തിരിപ്പ് അതൊരു കാത്തിരിപ്പാണ്. മൈലാഞ്ചി അണിഞ്ഞ കൈകള്‍ ശ്രദ്ധയോടെ വിടര്‍ത്തിപ്പിടിച്ചാവും കുട്ടികളുടെ പെരുന്നാള്‍ തലേന്നുള്ള ഉറക്കം. സുലൈമാനി നിറമുള്ള നൂറോര്‍മകളുമായി നന്മ നിറഞ്ഞ മൈലാഞ്ചി ചുവപ്പൊക്കെ ഇപ്പോള്‍ മെഹന്തി ട്യൂബുകളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

കൈകളില്‍ വെളിച്ചെണ്ണ പുരട്ടി മൈലാഞ്ചിയെല്ലാം അടര്‍ത്തി മാറ്റുമ്പോള്‍ തെളിഞ്ഞുവരുന്ന മൈലാഞ്ചി ചോപ്പിന്റെ സന്തോഷമൊക്കെ മെഹന്തി ട്യൂബുകളിലേക്ക് വഴി മാറുമ്പോള്‍ മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറം കടും ചുവപ്പിലേക്ക് നിറയുന്നു. വിരല്‍ത്തുമ്പ് മുതല്‍ കൈമുട്ടു വരെയും കാല്‍പാദം വരെയും നിറയുന്ന മൈലാഞ്ചിച്ചുവപ്പുമായി ഇഴചേര്‍ന്ന് എത്രയോ ഡിസൈനുകളാണ് ഇപ്പോള്‍.

അത്തരത്തില്‍ പെരുന്നാളിന് പുതുവസ്ത്രത്തിനൊപ്പം കൈകളും പുത്തനാക്കാന്‍ ഒരു മെഹന്തി വരയാണ് അറേബ്യന്‍ മെഹന്ദി ഡിസൈന്‍. എമിറാത്തി ഫ്ലോറല്‍ ഡബിള്‍ ഷേഡഡ് ഹെന്ന എന്ന അറബ് ശൈലില്‍ ഈദ് സ്പെഷ്യല്‍ വര്‍ക്ക്. ആദ്യം മൈലാഞ്ചി കൊണ്ട് ഔട്ട്ലൈന്‍ കൊടുക്കുന്നു. വരച്ചു കഴിഞ്ഞാല്‍ സിമ്പിള്‍ ആയ ഗ്രിഡ് ഡിസൈന്‍ കൊണ്ട് ഒഴിഞ്ഞ ഭാഗം കവര്‍ ചെയ്യുന്നു. ഏറ്റവും മികച്ച റിസല്‍റ്റ് കിട്ടാന്‍ വരച്ച ശേഷം 6 മുതല്‍ 8 മണിക്കൂര്‍ വരെ കൈയില്‍ സൂക്ഷിക്കുകയും പിന്നീട് ഉണങ്ങിയ മൈലാഞ്ചി ചുരണ്ടികളഞ്ഞ് അര മണിക്കൂര്‍ ശേഷം കൈ കഴുകാം. പിന്നീട് ഒരു കഷ്ണം കറുവപ്പട്ടയും അല്‍പം ഗ്രാമ്പുവും ഇട്ട് ചൂടാക്കി അതിന്റെ ആവി കയ്യില്‍ കൊണ്ടാല്‍ നല്ല നിറം ലഭിക്കും.
സുലൈമാനി നിറമുള്ള മൈലാഞ്ചി വരകള്‍

എല്ലാ രാജ്യങ്ങളിലും പെരുന്നാള്‍ ആഘോഷിക്കപ്പെടുകയാണ്. പെരുന്നാളെന്നത് പ്രര്‍ത്ഥനകളില്‍ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തുന്നതിനാല്‍ ലോകത്തിലെ എല്ലാ ജനതയുടെയും കൂടി ആഘോഷമാകുന്നു. അന്യന്റെ വേദന കൂടി അറിഞ്ഞ് പാവപ്പെട്ടവന് കൂടി അത്തറിന്റെ സുഗന്ധമുള്ള പുത്തനുടുപ്പുമിട്ട് കുടുംബാംഗങ്ങളെയെല്ലാം ആലിംഗനം ചെയ്ത് പെരുന്നാള്‍ ആശംസകള്‍ കൈമാറുമ്പോള്‍ പെരുന്നാള്‍ നന്മ നിറഞ്ഞ ലാളിത്യമാകുന്നു. ചുകചുകപ്പുള്ള മൈലാഞ്ചിപ്പോലെ സ്നേഹത്തിന്റെയും കരുതലിന്റെയും ഇല്ലായ്മകളില്‍ വലയുന്നവനെ നെഞ്ചോട് ചേര്‍ക്കുന്നവരുടെയും നന്മ നിറഞ്ഞ പെരുന്നാള്‍...



Keywords: Kasaragod, Kerala, Article, Eid-al-Fitr-2020, Eid, Celebration, Article about Eid celebration

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia