city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നമ്മുടെ കുട്ടികളും മണ്ണു തിന്നാനിടവരരുത്: ശിശുക്ഷേമ സമിതിക്കൊരു കൈത്താങ്ങാവാം

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 10.12.2019)
തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രത്തിനരികില്‍ മണ്ണു തിന്നു വിശപ്പകറ്റുന്ന കുട്ടികളെ കണ്ട് കേരളം ഞെട്ടി. സാധാരണക്കാരന്റെ ആശ്രയമെന്ന് പുകള്‍പെറ്റ പിണറായി സര്‍ക്കാര്‍ വാരിക്കോരിക്കൊടുക്കുന്നതെല്ലാം ഓട്ടപ്പാട്ടകളിലായിരുന്നുവോ? കൊണ്ടുവരുന്ന പദ്ധതികളെല്ലാം തന്നെ നനഞ്ഞ പടക്കങ്ങളായോ? വിശക്കുന്നോന് ഒരു കുമ്പിള്‍ കഞ്ഞിവെച്ചു നീട്ടാന്‍ ഒരു സാമൂഹ്യ സംവിധാനത്തിനും സാധിക്കാതെ പോയതില്‍ വിലപിക്കാതിരിക്കാനാവില്ല. വാരിക്കൊടുക്കുന്ന പ്രകൃതിയില്‍ നിന്നും ആര്‍ത്തി പൂണ്ട മനുഷ്യര്‍ എല്ലാം തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുന്നു. ഇടയില്‍ കാല്‍തെറ്റി വീണുപോകുന്നവര്‍ മണ്ണു തിന്നു വിശപ്പകറ്റുന്നു. മഹാത്മാവിന്റെ പടമുള്ള നോട്ടുകെട്ടുകള്‍ അടുക്കി വികസനം നെയ്യുന്ന തിരുവന്തപുരത്ത് സംഭവിച്ചത് കെടുകാര്യസ്ഥതയാണ്.

സര്‍ക്കാര്‍ ഇനിയും എത്തേണ്ടിടത്തെത്തിപ്പെട്ടിട്ടില്ല. വീടും കുടിലുമില്ലാത്തവനെ ലൈഫ് പദ്ധതിയിലടക്കം ഉള്‍പ്പെടുത്തി രക്ഷിക്കാന്‍ ശ്രമിച്ചിട്ടും മൂക്കിനു താഴെ നാറുന്നത് അറിയാതെ പോയി. ഈ യാഥാര്‍ത്ഥ്യം നമ്മെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ഇതൊരൊറ്റപ്പെട്ട സംഭവമാണെന്ന് പറയാന്‍ വരട്ടെ. നമ്മുടെ ജില്ലയിലടക്കം ധാരാളിത്തത്തോടെയുണ്ട് ദാരിദ്ര്യം. പട്ടിണിയുടെ പരിവട്ടം വാരിയുടുക്കാന്‍ ഇനിയൊരു കുട്ടിക്കും അവസരമുണ്ടാകരുത്. ഈ നിശ്ചയത്തിന്റെ ഫലമായി രൂപപ്പെട്ട ജില്ലയിലെ ശിശു ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നാം ഓരോരുത്തരും ഒരു കൈത്താങ്ങ് സഹായിച്ചേ മതിയാകു.

നമ്മുടെ കുട്ടികളും മണ്ണു തിന്നാനിടവരരുത്: ശിശുക്ഷേമ സമിതിക്കൊരു കൈത്താങ്ങാവാം

മക്കളില്ലാത്ത ദമ്പതിമാര്‍, താലോലിക്കാന്‍ ഒരു കുഞ്ഞിക്കാലു ലഭിക്കാത്ത മുത്തശ്ശിയും മുത്തച്ഛന്മാരും നമുക്കിടയിലുമുണ്ട് ധാരാളം. കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാത്ത വീട് മഴത്തുള്ളി വീഴാത്ത തരിശു ഭൂവിടം പോലെയുള്ള ശാപഭൂമിയാണ്. ചെമ്മട്ടംബയലിലെ മതില്‍ക്കെട്ടിനകത്തല്ല, അത്തരം ഇടമാണ് കാരാഗ്രഹം. ചെണ്ടക്കോലും, വെഞ്ചാമരവും, തണുത്ത കാറ്റും ചാറ്റല്‍മഴയും മരവുമില്ലാത്ത മരുഭൂമിയാണ് കുഞ്ഞിന്റെ പൊട്ടിച്ചിരിയില്ലാത്തിടം. അവിടെക്കൊക്കെ പറന്നെത്താനും, തണുത്ത കാറ്റു വീശിത്തരാനും കരച്ചിലിന്റെയും, കൊഞ്ചലിന്റേയും ചാറ്റല്‍ മഴ പെയ്യിക്കനും, -അനാഥനായ കുട്ടികളെ ദത്തെടുത്തു നല്‍കാന്‍-കേരളത്തിലെ ശിശുക്ഷേമ സമിതികള്‍ക്ക് ജാഗരൂകരാണ്.

കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ പലവിധങ്ങളാണ്. എല്ലാ കാരണങ്ങളേയും അടച്ചാക്ഷേപിക്കേണ്ടതാണെങ്കിലും ഈ രംഗത്തു പ്രവര്‍ത്തിക്കാന്‍ തുനിയുന്നവര്‍ക്കറിയാം സമൂഹം കെട്ടിപ്പടുത്തുയര്‍ത്തിയ അഭിമാന-ദുരഭിമാനക്കോട്ട തകര്‍ക്കാന്‍ കെല്‍പ്പില്ലാതെ വരുമ്പോള്‍ പറ്റിയ തെറ്റിനെ മറച്ചു പിടിക്കാന്‍ വയറൊഴിച്ച് അവര്‍ കുഞ്ഞിനെ തെരുവിലുപേക്ഷിക്കുന്നു. മുരുകന്‍ കാട്ടാക്കട പാടിയതു പോല്‍ തെരുവിലെ ഭ്രാന്തിക്കു പോലുമുണ്ടാകുന്നു തെറ്റുകളുടെ ചിഹ്നങ്ങളായി ചോരക്കുഞ്ഞുങ്ങള്‍. അവയെ ഏറ്റെടുക്കാന്‍, പോറ്റിവളര്‍ത്താന്‍ സര്‍ക്കാര്‍ കൈസഹായത്തോടെ അമ്മത്തൊട്ടിലുള്ള നാടാണിത്.

ഇവിടെ ആരെങ്കിലും കുട്ടികള്‍ക്ക് നേരെ കണ്ണുരുട്ടിയാല്‍ മതി, വിവരം ടോള്‍ഫ്രീ നമ്പരായ 1517ല്‍ വിളിച്ചറിയിച്ചാല്‍ ഓടിയെത്തുന്ന 'തണല്‍' എന്ന സംവിധാനം ഇന്ന് നിലവിലുണ്ട്. അച്ചന് പോലും മകനെ തല്ലാനവകാശമില്ലെന്ന് കാണിച്ചിരിക്കുകയാണല്ലോ തിരുവന്തപുരത്തെ സംഭവം. മക്കളെ ശകാരിച്ചതിനു, കുടിച്ചു പൂസായിവന്ന് പിഞ്ചുകുഞ്ഞുങ്ങളെ തല്ലിയതിന് അച്ഛനെ അറസ്റ്റ് ചെയ്തിരിക്കുകയാണവിടെ. മുഖ്യമന്ത്രി പിണറായിയുടെ അനുഗ്രാഹിശിസുകളോടെ കടുത്ത നിലപാടുമായി തണല്‍ പ്രവര്‍ത്തകര്‍ ജാഗരൂകരാണ്. സംസ്ഥാനത്ത് ഏഴായിരം കേസുകള്‍ക്ക് നിമിത്തങ്ങളാവാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.


ജാഗ്രത... കുട്ടികളെ ശകാരിക്കുന്നതിനും, അസ്വാഭാവികമായി പെരുമാറുന്നതിനും ജാഗ്രത...

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് ഫെല്‍ഫേയറില്‍ അഫലിയേറ്റ് ചെയ്താണ് ജില്ലകള്‍ തോറും സമിതി പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ജില്ലയിലും ഉണ്ടായിട്ടുണ്ട് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കമ്മറ്റി. കളക്റ്റര്‍ കൂടിയായ ചെയര്‍മാനാണ് മുഖ്യ സാരഥിയെങ്കിലും ചലനങ്ങള്‍ നീക്കുന്നത് ജില്ലാ ജന. സെക്രട്ടറി കൂടിയായ മധു മുതിയക്കാലാണ്. കണ്ണും കാതും തുറന്നു വെച്ച് സജീവങ്ങളായ പ്രവര്‍ത്തക വൃന്ദങ്ങളും കൂട്ടത്തിലുണ്ട്. ശിശുക്കളുടെ ജനനം മുതല്‍ അവരനുഭവിക്കുന്ന പോരായ്മകളെക്കുറിച്ച് ഇവര്‍ നിദാന്ത ശ്രദ്ധയിലാണ്. അതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നു. അതില്‍ എടുത്തു പറയേണ്ടതാണ് 'മധുരം പ്രഭാതം'.

അനാഥരായ കുട്ടികളെ കണ്ടെത്തി പാലക്കുന്നിലെ തിരുവക്കോളിയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ കേന്ദ്രത്തില്‍ വേണ്ട പരിരക്ഷ ചെയ്തു വരുന്നുണ്ട്. സമാനമായ ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സഹൃദയര്‍ മാത്രമാണ് ഇവര്‍ക്കുള്ള ആശയും അഭയവും. മധുരം പ്രഭാതം പദ്ധതി സംഘാടകര്‍ക്ക് അത്ര മധുരമുള്ള ഇനമല്ല. ശിശുദിനത്തിനിടയില്‍ ചാച്ഛാ നെഹറുവിന്റെ സ്റ്റാമ്പു വിറ്റു കിട്ടുന്ന തുട്ടുമാത്രമാണ് ഏക വരുമാനം. ബാക്കിയെല്ലാം ജനങ്ങള്‍ കൈയ്യയച്ചുള്ള സഹായം മാത്രം. മധു മുതിയക്കാലിനെ സെക്രട്ടറിയാക്കി സര്‍ക്കാര്‍ നിര്‍മ്മിച്ച കമ്മറ്റി ജില്ലയിലെ ഓരോ ഗ്രാമങ്ങളിലേയും ഉള്‍ഞരമ്പുകള്‍ തൊട്ടറിയുന്നു. അപ്പോഴാണ് മനസിലാകുന്നത് ആയരിക്കണക്കിനു കുട്ടികള്‍ പ്രഭാതഭക്ഷണത്തിനു പോലും വകയില്ലാതെ.

അവര്‍ ഒത്തു ചേര്‍ന്ന് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയുടെ പേരാണ് 'മധുരം പ്രഭാതം'. ഇന്ന് ആ പദ്ധതിയില്‍ 1750ല്‍പ്പരം കുട്ടികള്‍ പ്രഭാതത്തില്‍ ചുണ്ടു നനക്കുന്നുണ്ട്. അവര്‍ക്കരികിലേക്ക് ഭക്ഷണം എത്തിക്കുകയാണ് മധുരം പ്രഭാതം. ഒരു നേരത്തേതെങ്കില്‍ അത്രയെങ്കിലും... നമ്മുടെ കൊച്ചു മക്കളെ ഒരു കൈ സഹായിക്കാന്‍ നമുക്കോരോര്‍ത്തര്‍ക്കും കടപ്പാടുണ്ട്. നമുക്കത് നിര്‍വ്വഹിക്കുക തന്നെ ചെയ്യാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Childrens, Thiruvananthapuram, kasaragod, Government, Prathibha-Rajan, Article about child protection and their safety

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia