അനുസ്മരണം: അൻസാരി ബദ്‌രിയ്യയുടെ വേർപാട് നാടിനെ കണ്ണീരണിയിച്ചു
● പുതിയ വ്യാപാര സംരംഭം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അൻസാരി.
● നെല്ലിക്കുന്ന് മുഹിയദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
● അപകടസമയത്ത് കൂടെയുണ്ടായിരുന്ന സ്പോൺസർക്ക് ഗുരുതര പരിക്ക്.
● അദ്ദേഹത്തിന്റെ മരണം സൗഹൃദങ്ങളെ വല്ലാതെ വേദനിപ്പിച്ചു.
മുഹമ്മദലി നെല്ലിക്കുന്ന്
(KasargodVartha) ദുബൈയിലുണ്ടായ വാഹനാപകടത്തിൽ നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗറിലെ ബദ്‌രിയ്യ ഹൗസിൽ അയ്യൂബ് അൻസാരി (43) മരണപ്പെട്ട വാർത്ത നാടിനെയാകെ കണ്ണീരിലാഴ്ത്തി. പ്രിയപ്പെട്ടവരുടെ വേർപാട് ഉൾക്കൊള്ളാൻ മനസ്സ് അനുവദിക്കാത്തതുപോലെ, അൻസാരിയുടെ അപ്രതീക്ഷിത വിയോഗം നെല്ലിക്കുന്ന് കടപ്പുറം നിവാസികൾക്ക് താങ്ങാനാവാത്ത ദുഃഖമായി മാറി.
വർഷങ്ങളായി നാട്ടുകാർക്ക് പ്രിയപ്പെട്ട അനുജനെപ്പോലെയായിരുന്നു അൻസാരി. ഗൾഫിൽ അവധിക്ക് വരുമ്പോൾ, എവിടെ കണ്ടാലും സ്നേഹത്തോടെ വിശേഷങ്ങൾ അന്വേഷിക്കുന്ന അവന്റെ സൗമ്യമായ പെരുമാറ്റം എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുന്നു.
എപ്പോഴും പുഞ്ചിരി തൂകിയ മുഖവും, സ്നേഹസമ്പന്നമായ മനസ്സുമായിരുന്നു അൻസാരിയുടേത്. മരണവാർത്ത കേട്ടപ്പോൾ അത് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞില്ല. ചെറുപ്പം മുതലേ ഫിർദൗസ് നഗറിലുള്ള ഉപ്പയുടെ കടയിൽ കച്ചവടത്തിൽ സഹായിച്ചുകൊണ്ടാണ് അൻസാരി പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഉപ്പ കടയിൽ നിന്ന് മാറിനിന്നപ്പോൾ സ്വയം ഏറ്റെടുത്ത് കച്ചവടം തുടർന്നു. കച്ചവടം മന്ദഗതിയിലായപ്പോൾ ഗൾഫിലേക്ക് പോവുകയും പ്രവാസിയായി മാറുകയും ചെയ്തു.
പ്രവാസ ജീവിതത്തിനിടയിലും അൻസാരി നിരവധി സൗഹൃദങ്ങൾ സ്ഥാപിക്കുകയും സ്നേഹിതരുടെയെല്ലാം പ്രിയപ്പെട്ടവനാവുകയും ചെയ്തു. ഒരു പുതിയ വ്യാപാര സംരംഭം തുടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം. ഈ അപകട മരണം ഓരോ സൗഹൃദങ്ങളെയും വല്ലാതെ വേദനിപ്പിച്ചു.
നെല്ലിക്കുന്ന് കടപ്പുറം നിവാസികളുടെ പ്രിയപ്പെട്ട കൂട്ടുകാരനെന്നതിലുപരി, പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കിയാണ് അൻസാരി ഈ ലോകത്തോട് വിട പറഞ്ഞത്. ചിലരുടെ മരണം ഇങ്ങനെയാണ്; നല്ല ഓർമ്മകൾ മാത്രം ബാക്കിവെച്ച് അവർ യാത്രയാകും. കൂട്ടത്തിൽ നിന്ന് ഒരാളുടെ കുറവ് നികത്താൻ കഴിയാത്ത ഒന്നാണ്. ആ വിടവിലൂടെ നോവിന്റെ ഓർമ്മകൾ എന്നും സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഹൃദയത്തിൽ ദുഃഖത്തിന്റെ കാർമേഘവും ഓർമ്മകളുടെ ഇടിമുഴക്കവും വട്ടമിട്ട് കറങ്ങും.
ഈയിടെയായി ചെറുപ്പക്കാരുടെ മരണവാർത്തകൾ ഏറെയാണ്. ഹൃദയസ്തംഭനവും അപകടങ്ങളുമെല്ലാം പലരുടെയും ജീവനെടുക്കുന്നു. പ്രിയപ്പെട്ടവർ നമ്മെ വിട്ടുപിരിയുമ്പോൾ ഹൃദയം പിടയുകയും വേദനയുടെ മുള്ള് കുത്തിനോവിക്കുകയും ചെയ്യുന്നു.
കായികമായാലും, സേവനമായാലും, രാഷ്ട്രീയമായാലും, മതപരമായാലും ഒരുമിച്ച് പ്രവർത്തിക്കുന്നവരുടെ വിയോഗം മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുന്നു. അവരുടെ മുഖം എന്നും ഹൃദയത്തിൽ മായാതെ ഓർമ്മയിൽ തങ്ങിനിൽക്കും, അതാണ് സൗഹൃദ ബന്ധങ്ങളുടെ മാഹാത്മ്യം.
നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗറിലെ പരേതരായ പി.എം. അബ്ദുൽ ഖാദർ-നഫീസ ദമ്പതികളുടെ മകനാണ് അൻസാരി. ഫാത്തിമത്ത് തസ്നിയാണ് ഭാര്യ. മുഹമ്മദ് ആലിം, ആയിഷ ആസ്ഹ എന്നിവർ മക്കളാണ്. മഹമൂദ്, ഹമീദ്, നാസർ, ബഷീർ, ഷമീമ എന്നിവർ സഹോദരങ്ങളാണ്. പരേതനായ റഫീഖ് സഹോദരനാണ്.
ദുബൈയിൽ നിന്നും അബൂദാബിയിലേക്ക് പോകുമ്പോൾ ചൊവ്വാഴ്ച പുലർച്ചെ ദുബൈ-അബൂദാബി റോഡിലുണ്ടായ അപകടത്തിലാണ് അൻസാരി മരണപ്പെട്ടത്. അബൂദാബിയിലെ ഒരു കമ്പനിയുടെ പി.ആർ.ഒ. ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അപകടസമയത്ത് കൂടെയുണ്ടായിരുന്ന സ്പോൺസർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ബുധനാഴ്ച രാത്രി 11.40-ന് വിമാനത്തിൽ പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്ക് മംഗലാപുരത്തെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ എട്ട് മണിക്ക് നെല്ലിക്കുന്ന് മുഹിയദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഈ ദുഃഖവാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കുവെച്ച് അനുസ്മരിക്കുക.
Article Summary: Nellikkunnu mourns Ansari Badariyya's tragic death in Dubai car accident.
#AnsariBadariyya #Nellikkunnu #DubaiAccident #KeralaNews #TragicDemise #GulfIndians






