city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഡ്വ ഗോപി അഭിഭാഷകന്‍ മാത്രമായിരുന്നില്ല...

ടി കെ പ്രഭാകരന്‍

(www.kasargodvartha.com 07.07.2017) വ്യാഴാഴ്ച രാത്രി അന്തരിച്ച കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ അഡ്വ പി ഗോപി ജില്ലയിലെ മറ്റ് അഭിഭാഷകരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. അഭിഭാഷക വൃത്തിയെ വെറുമൊരു ജോലിയായി മാത്രം കണ്ടിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു പി ഗോപി. അതിന് വേണ്ടി അഭിഭാഷകന്റെ കറുത്ത കോട്ടിനകത്ത് ചുരുങ്ങാതെ നീതിക്ക് വേണ്ടി പൊതു പ്രവര്‍ത്തകന്റെ വേഷമണിഞ്ഞ് രംഗത്തുവരാന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.

സി പി എമ്മിന്റെ പ്രാദേശിക ഘടകത്തില്‍ ഒരു ഘട്ടത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചിരുന്ന ഗോപി പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പൊതു താത്പര്യങ്ങള്‍ക്ക് പ്രവര്‍ത്തിച്ചപ്പോള്‍ നേതൃത്വത്തിന് അനഭിമതനായി മാറുകയായിരുന്നു. ഇതോടെ രാഷ്ട്രീയ കെട്ടുപാടുകളില്‍ നിന്ന് മോചിതനായി സ്വതന്ത്രമായ പൊതുപ്രവര്‍ത്തനം നടത്താന്‍ അഭിഭാഷകന്റെതായ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു. പരാതികളുമായി തന്നെ സമീപിക്കുന്നവരെ നിസ്വാര്‍ത്ഥമായി സഹായിക്കാനുളള സന്‍മനസ്സ് ഗോപി എന്ന അഭിഭാഷകനുണ്ടായിരുന്നു.

നീതിന്യായ രംഗം സാമ്പത്തിക നേട്ടത്തിനുള്ള വെറും വ്യാപാരം മാത്രമായി അധപതിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നീതിയും ന്യായവും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കണമെന്ന സന്ദേശവുമായി ഗോപി നടത്തിയ ഇടപെടലുകള്‍ മാതൃകാപരം തന്നെയായിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ പെട്ട് സ്‌കൂള്‍ കുട്ടികള്‍ അപകടത്തില്‍ പെടുന്ന സാഹചര്യം കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ഹൊസ്ദുര്‍ഗ് സബ്‌കോടതിയില്‍ ഗോപി നല്‍കിയ ഹരജിയും അതിന് അനുകൂലമായുണ്ടായ വിധിയും ഈ അവസരത്തില്‍ ഓര്‍മ്മ വരികയാണ്. ഇവിടെ അഭിഭാഷകന്‍ എന്ന നിലയിലല്ല.

സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു പൗരന്‍ എന്ന നിലയിലായിരുന്നു ഗോപിയുടെ പ്രവര്‍ത്തനം. പണത്തിന് വേണ്ടി സ്വന്തം കക്ഷികളുടെ കാര്യം മാത്രം നോക്കുകയും പൊതു താത്പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കുകയും ചെയ്യുന്ന അഭിഭാഷകരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ഗോപിയെ പോലെ ജനകീയരായ അഭിഭാഷകര്‍ എണ്ണത്തില്‍ കുറവാണെങ്കില്‍ പോലും ഉണ്ടാകുന്നത് ചെറിയൊരു ആശ്വാസം തന്നെയാണ്. നാടിനെയും പരിസ്ഥിതിയെയും പൊതുജനങ്ങളെയും ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഒരു രൂപ പോലും വാങ്ങാതെ ഗോപി നടത്തിയ വ്യവഹാരങ്ങള്‍ അദ്ദേഹത്തെ അടുത്തറിയാവുന്ന ആര്‍ക്കും മറക്കാന്‍ സാധിക്കില്ല.

അഭിഭാഷക വൃത്തിയുമായി ബന്ധപ്പെട്ട ഫയലുകള്‍ക്ക് പുറമെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഹരജികളുടെ കെട്ടും ഗോപിയുടെ കയ്യില്‍ കാണുമായിരുന്നു. ഈ ലേഖകന്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയിരുന്ന കാലത്ത് അഡ്വ ഗോപിയെ കണ്ടുമുട്ടുമ്പോഴൊക്കെ അദ്ദേഹം നാട്ടില്‍ നടക്കുന്ന അനീതികളെ കുറിച്ചും നീതി നിഷേധങ്ങളെ കുറിച്ചും സംസാരിക്കുമായിരുന്നു.

പലരും അദ്ദേഹത്തിന് നല്‍കിയ നീതിക്ക് വേണ്ടിയുള്ള പരാതികള്‍ വാര്‍ത്തകളാക്കി നീതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ആ അഭിഭാഷകന്റെ സംരംഭത്തില്‍ ചെറിയ പങ്കാളിത്തം വഹിക്കാന്‍ കഴിഞ്ഞതിനുള്ള ചാരിതാര്‍ത്ഥ്യം ഈ ലേഖകനുണ്ട്. അഡ്വ ഗോപിയെ പോലുള്ള അഭിഭാഷകര്‍ സമൂഹത്തിന് ആവശ്യമാണ്. സ്വാര്‍ത്ഥ ചിന്താഗതിക്കാരായ ഒരു കൂട്ടം അഭിഭാഷകര്‍ ഗോപിയുടെ ജീവിതം ഒരു പാഠമാക്കിയെങ്കില്‍ എന്നാഗ്രഹിച്ച് പോകുകയാണ്.

Also Read:
അഭിഭാഷകന്‍ പി. ഗോപി നിര്യാതനായി

അഡ്വ ഗോപി അഭിഭാഷകന്‍ മാത്രമായിരുന്നില്ല...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Students, Court, Complaint, Justice, T.K Prabhakaran, Adv. P Gopi, Social worker, Petition, Adv. Gopi is not only a lawyer.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia