city-gold-ad-for-blogger

'എല്ലാം കൊണ്ടും ഒരു ദീപ്ത ഗോപുരം'; മാധ്യമ രംഗത്തെയും രാഷ്ട്രീയത്തിലെയും സുഹൃത്തായ കെ കെ മുഹമ്മദിനെ ഓർത്തെടുക്കുമ്പോൾ

Portrait of the late K.K. Muhammad.
Photo: Special Arrangement

● 'ലീഗ് ടൈംസ്' പത്രത്തിലെ സഹപ്രവർത്തന കാലത്തെയും യൂത്ത് ലീഗ് രാഷ്ട്രീയത്തിലെയും അനുഭവങ്ങൾ പങ്കുവെച്ചു.
● അടിയന്തരാവസ്ഥാ കാലത്തെ കഷ്ടപ്പാടുകളും സൗഹൃദത്തിന്റെ ആഴവും വിവരിക്കുന്നു.
● ബേവിഞ്ച അബ്ദുല്ലയുടെ മാധ്യമ ജീവിതത്തിന്റെ തുടക്കത്തിൽ കെ കെ മുഹമ്മദ് നൽകിയ പിന്തുണ എടുത്തുപറയുന്നു.
● 'എന്താ ബമ്പാ' എന്ന സ്നേഹം നിറഞ്ഞ വിളിയുടെ ഓർമകൾ പങ്കുവെച്ചു.

അഡ്വ. ബേവിഞ്ച അബ്ദുല്ല

(KasargodVartha) അന്തരിച്ച കെ കെ മുഹമ്മദ് സാഹിബ് സ്നേഹസമ്പന്നനും ലാളിത്യത്തിന്റെയും കർമകുശലതയുടെയും ഉദാത്ത മാതൃകയായിരുന്നു. പാർട്ടിക്കായി അഹോരാത്രം ത്യാഗം വരിച്ച കർമയോഗി. താഴെത്തലം മുതൽ അനുയായികളെയും സഹപ്രവർത്തകരെയും ചേർത്തുപിടിച്ച നേതാവ്. നഖശിഖാന്തം മതചിട്ട പാലിച്ച സാത്വികൻ. എല്ലാം കൊണ്ടും ഒരു ദീപ്ത ഗോപുരം. നേതാക്കളുടെ അരുമ ശിഷ്യൻ. പരേതരായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെയും ചെറിയ മമ്മുക്കേയിയുടെയും സന്തത സഹചാരി. വിദ്യാഭ്യാസ രംഗത്ത് അര നൂറ്റാണ്ടിന്റെ മികവുറ്റ സേവനം. കോഴിക്കോട് പ്രസ് ക്ലബ്ബിലും കേരള വർക്കിങ് ജേണലിസ്റ്റ് യൂണിയനിലും കെ കെ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ചന്ദ്രികയുടെയും പത്രാധിപരായിരുന്നു.

ലീഗ് ടൈംസ് കാലത്തെ ഓർമകൾ

മാധ്യമരംഗത്തും മുസ്ലിം യൂത്ത് ലീഗിലും എന്റെ സഹപ്രവർത്തകനും വഴികാട്ടിയും അദ്ദേഹമായിരുന്നു. മുഴുസമയ മാധ്യമ പ്രവർത്തന രംഗത്തേക്ക് ഞാൻ കാലെടുത്തുവെച്ചത് അദ്ദേഹം എഡിറ്ററായിരുന്ന ലീഗ് ടൈംസ് പത്രത്തിലൂടെയായിരുന്നു. കോഴിക്കോട്ട് പന്നിയങ്കരയിലായിരുന്നു ലീഗ് ടൈംസ് പ്രവർത്തിച്ചിരുന്നത്. ഞാൻ അതിന്റെ തുടക്കം മുതൽ തന്നെ ചീഫ് സബ് എഡിറ്ററായി. പിന്നെ ഡെപ്യൂട്ടി എഡിറ്ററും. 1975 മധ്യത്തിൽ അടിയന്തരാവസ്ഥയുടെ മൂർധന്യ കാലമായിരുന്നു അന്ന്. പി കെ മുഹമ്മദ് എന്ന മാനു സാഹിബ് ലീഗ് ടൈംസ് അസി. എഡിറ്ററും കെ പി കുഞ്ഞിമ്മൂസ ന്യൂസ് എഡിറ്ററുമായിരുന്നു. പിന്നീടാണ് ഉമ്മർ പാണ്ടികശാല ലീഗ് ടൈംസിൽ എത്തുന്നത്. പിന്നെയും കഴിഞ്ഞ് ഇന്നത്തെ സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബും ഞങ്ങളോടൊപ്പം ചേർന്നു.

സലാം സാഹിബും ഞാനും കോഴിക്കോട് ബാറിൽ ഒരേ സമയത്ത് അഭിഭാഷകരുമായിരുന്നു. ടി പി ചെറൂപ്പയും കെ മൊയ്തീൻ കോയയും അഹ്‌മദ് പാതിരിപ്പറ്റയും എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ ഇ കെ കെ മുഹമ്മദും ലീഗ് ടൈംസിൽ ഞങ്ങളുടെ സഹപ്രവർത്തകരായിരുന്നു. കെ കെ മുഹമ്മദ് സാഹിബ് അവിഭക്ത യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ ഞാൻ പ്രവർത്തക സമിതിയിൽ ഉണ്ടായിരുന്നു. ലീഗ് പിളർന്ന ശേഷം പല രംഗങ്ങളിലും ഞങ്ങൾ ഒന്നിച്ചു ഭാരവാഹികളായും സ്ഥാപകാംഗങ്ങളായും പ്രവർത്തിച്ചു. അഖിലേന്ത്യാ യൂത്ത് ലീഗിന്റെ അന്നത്തെ ഭേദഗതിപ്പെടുത്തിയ ഭരണഘടന ലീഗ് ടൈംസ് ഓഫീസിൽ ഇരുന്നു കൊണ്ട് തയ്യാറാക്കിയിരുന്നത് കെ കെ യും പി കെ മുഹമ്മദും കെ പി കുഞ്ഞിമൂസയും ഞാനും ആയിരുന്നു എന്ന് ഓർക്കുന്നു.

adv bevinje abdulla tribute to kk muhammad

ഈച്ച പൊതിഞ്ഞ ഭക്ഷണം കഴിച്ച് പശിയടക്കിയ ദിനങ്ങൾ

ഇന്ത്യയിൽ അടിയന്തരാവസ്ഥയും ഞങ്ങൾക്ക് ജീവിത സൗകര്യങ്ങളുടെ കുറവും പാർട്ടിക്കുണ്ടായിരുന്ന അപര്യാപ്തതകളും പരിമിതികളും മൂലം സാഹചര്യങ്ങൾ ദുഷ്കരമായിരുന്നു. ലീഗ് ടൈംസിനടുത്ത് വാസുവേട്ടന്റെ ഹോട്ടലിൽ ഈച്ച പൊതിഞ്ഞത് എന്നല്ല ഈച്ചയിൽ പൊതിഞ്ഞ ചോറും ചായയും മറ്റു ഭക്ഷണങ്ങൾ കൊണ്ടുമാണ് പശിയടക്കിയിരുന്നത്. ഇടക്കിടെ വയറിളക്കം. ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന പി എം അബൂബക്കർ സാഹിബിന്റെ വീട് അടുത്തായിരുന്നു. ഞങ്ങളുടെ അവസ്ഥ അറിഞ്ഞിരുന്ന പി എമ്മിന്റെ പത്‌നി സൈനിത്ത ഇടക്കിടെ ഞങ്ങളെ വിളിച്ചു സൽക്കരിക്കുമായിരുന്നു.

കെ കെ യും ചെറൂപ്പയും അഹ്‌മദ് പാതിരിപ്പറ്റയും പത്രത്തിന്റെ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന കെ കെ യുടെ ബന്ധുകൂടിയായ സൈനുദ്ദീനും ഞാനും അടുത്തുള്ള ഒരു വീട് വാടകക്കെടുത്തായിരുന്നു പൊറുതി. എങ്കിലും ധന്യമായിരുന്നു ആ കാലഘട്ടം. ഇന്നത് മധുരതരമായ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമാണ്.

ലീഗുകൾ തമ്മിൽ യോജിച്ചതോടെ ലീഗ് ടൈംസ് നിർത്തി. ചന്ദ്രിക നിലനിർത്തി. സിറാജ് പത്രം അച്ചടിക്കാനായി ആ പ്രസ് കാന്തപുരം വിഭാഗം സമസ്ത വിലയ്ക്ക് വാങ്ങി. ലീഗുകൾ യോജിച്ചതോടെ പത്രം നിർത്തുന്നതിന് അഞ്ചാറ് വർഷം മുമ്പ് തന്നെ 1978 അവസാനം ഞാൻ യുഎഇയിലേക്ക് പോയി. ഖലീജ് ടൈംസ് ഇംഗ്ലീഷ് പത്രത്തിൽ ചേർന്നു. ഒപ്പം ദുബൈയിൽ ലീഗൽ കൺസൾട്ടന്റായും തുടർന്ന് മാതൃഭൂമി പത്രത്തിന്റെ ഗൾഫ് - മിഡിൽ ഈസ്റ്റ് മുഖ്യ പ്രതിനിധിയും ഗൾഫ് എഡിഷൻ ന്യൂസ് എഡിറ്ററുമായി 29 വർഷം പ്രവർത്തിച്ചു. അതിനിടയിൽ തന്നെ ഒൻപത് വർഷം കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായി.

യുഎഇയിൽ ഞാൻ ഉണ്ടായിരുന്ന കാലത്തും നാട്ടിലായപ്പോഴും കെ കെ യുമായുള്ള ബന്ധം അനസ്യൂതം നിലനിർത്തി. ഏറ്റവും ആദരവോടെയാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നത്. ഞങ്ങളുടെ ബന്ധങ്ങൾക്കിടയിലെ ഒരുപാട് സംഭവങ്ങൾ എഴുതി തീർക്കാനുണ്ട്. എന്നെ 'എന്താ ബമ്പാ' എന്ന കനത്ത ശബ്ദത്തിലുള്ള പരമ സ്നേഹത്തോടെയുള്ള വിളി ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. അല്ലാഹു പരേതന് മഗ്ഫിറത്തും മർഹമത്തും പ്രദാനം ചെയ്യട്ടെ. ഖബറിടം വിശാലമാക്കി കൊടുക്കട്ടെ. ആമീൻ.

കെ കെ മുഹമ്മദ് സാഹിബിന്റെ ഓർമകൾ പങ്കുവെക്കുന്ന ഈ അനുസ്മരണക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: A heartfelt tribute and memoir by Adv. Bevinje Abdulla, remembering the late K.K. Muhammad, shares their experiences in League Times, the Muslim Youth League, and the media industry.

#KKMuhammad #MuslimLeague #AdvBevinjeAbdulla #Tribute #LeagueTimes #KeralaNews

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia