city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inspiration | ആയിഷ: പ്രതിസന്ധികളെ അതിജയിച്ച് ഉയരങ്ങൾ കീഴടക്കിയ കാസർകോടൻ വനിത

Ayesha K, Govt Employee, trophy, memento, award, Kasargod, Kerala, India
Photo: Arranged

● ആയിഷയുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാണ്.
● പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാമെന്ന് ആയിഷ പഠിപ്പിക്കുന്നു.
● സർക്കാർ സർവീസിൽ ജോലി നേടി തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. 

കൂക്കാനം റഹ്‌മാൻ

(KasargodVartha) കാൻഫെഡിൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് ആയിഷയെ പരിചയപ്പെടുന്നത്. 'ആരോടും പറയാത്ത രഹസ്യങ്ങൾ' എന്ന ഞാനെഴുതിയ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങായിരുന്നു വേദി. അംബികാസുതൻ മാങ്ങാടായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. കാൻഫെഡ്‌സെക്രട്ടറി ഷാഫി ചൂരിപ്പള്ളം എൻ്റെ അടുത്തെത്തി ഒരു കാര്യം പറഞ്ഞു. 'സാറിൻ്റെ ചിത്രം വരച്ചു കൊണ്ടുവന്ന ഒരുസ്ത്രീ അത് സ്റ്റേജിൻവെച്ചു തന്നോട്ടെ എന്ന് അന്വേഷിക്കുന്നു. 'അതിനെന്താ?'. അവൾ പൊതിയുമായി സ്റ്റേജിൽ വന്നു. സന്തോഷത്തോടെ പൊതി എൻ്റെ കയ്യിൽ തന്നു. പൊതി അഴിച്ചു നോക്കി. മനോഹരമായി എൻ്റെ ചിത്രം പെൻസിൽ സ്കെച്ച് വഴി വരച്ചിരിക്കുന്നു. സദസ്സിലേക്ക് ഉയർത്തിക്കാട്ടി. നിർത്താതെ കയ്യടി ഉയർന്നു. 

Pencil Drawing Kookkanam Rahmaan

അന്നാണ് ആയിഷയെ കാണുന്നത്. എൻ്റെ സന്തോഷവും അഭിനന്ദനവും സ്റ്റേജിൽ വെച്ച് ആയിഷയെ അറിയിച്ചു. പിന്നെ വർഷങ്ങളായി അവളെക്കുറിച്ച് ഒന്നും അറിയുന്നില്ല. എൻ്റെ ഫേസ്ബുക്കും സ്റ്റാറ്റസും എന്നും ആയിഷ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം എന്നെ കാണാനെത്തിയ കുമ്പള പെർവാഡു കാരനായ പള്ളിക്കുഞ്ഞിയെകുറിച്ചെഴുതിയ കുറിപ്പിൽ 24.01 .25. എന്ന് എഴുതേണ്ടിടത്ത് 24.01.24 എന്ന് എഴുതി പോയി. ഈ തെറ്റ് കാണിച്ചു കൊണ്ട് ആയിഷ എന്നിക്കൊരു മെസ്സേജ് ഇട്ടു. അതു വെച്ചു കൊണ്ടാണ് തുടർന്നുള്ള സംവാദങ്ങൾ ഞങ്ങൾ തമ്മിൽ നടക്കുന്നത്.

Ayisha
         
കളത്തൂർ മൊയ്തീൻ കുഞ്ഞി മാസ്റ്ററുടെ ഒമ്പത് മക്കളിൽ ഏറ്റവും ഇളയവളാണ് ആയിഷ. പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. അതിനാൽ പ്രീ ഡിഗ്രിക്ക് അപ്പുറം പോവാൻ കഴിഞ്ഞില്ല. കളത്തൂർ പിന്നോക്ക പ്രദേശമായിരുന്നു. മുസ്ലിം പെൺകുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് വിടാൻ താൽപര്യമില്ലാത്ത പ്രദേശമായിരുന്നു ഒരുകാലത്ത്. ആയിഷക്ക് അഭിമാനിക്കാൻ കാരണമൊന്നു കൂടിയുണ്ട്. ആ പ്രദേശത്തുനിന്ന് കോളേജിൽ പഠിക്കാൻ ചെന്ന ആദ്യ പെൺകുട്ടിയായിരുന്നു ആയിഷ. അത്ഭുതത്തോടെയും അസൂയയോടെയുമായിരുന്നു ആയിഷയുടെ കോളേജിലേക്കുള്ള പോക്കു നോക്കിയത്.

Ayisha, a woman from Kasaragod, Kerala, India, who overcame adversity to achieve success.

ആയിഷയുടെ ക്രഡിറ്റിൽ വേറൊന്നു കൂടിയുണ്ട്. കന്നട മീഡിയത്തിലാണ് പത്താം ക്ലാസ് വരെയുള്ള പഠനം അതോടൊപ്പം മലയാളവും സ്വായത്തമാക്കി. രണ്ടു ഭാഷകളിലും പ്രാവീണ്യം നേടിയതുകൊണ്ട് ജീവിതയാത്രയിൽ അവ താങ്ങായി നിന്നു. പ്രീ ഡിഗ്രി കഴിഞ്ഞ ഉടനെ വിവാഹ ജീവിതത്തിലേക്ക് കടന്നു. അംഗഡിമൊഗറിലുള്ള അബൂബക്കർ സിദ്ദീഖാണ് ഭർത്താവ്. അംഗഡിമൊഗർ പ്രദേശം പഴയ കാലം തൊട്ട് വിദ്യാഭ്യാസപരമായി മുന്നിട്ട് നിന്നിരുന്നു ഭർതൃ സഹോദരന്മാരുടെ ഭാര്യമാർ അധ്യാപികരാണ്. ഇളയ ആൾ മലയാളത്തിൽ പി എച്ച് ഡി ചെയ്യുന്നുണ്ട്  ഭർത്താവ് അബൂബക്കർ സിദ്ദീഖ് പത്താം ക്ലാസിന് ശേഷം പ്രവാസ ജീവിതത്തിലേക്ക് മാറി.

അപ്പോഴും ആയിഷയുടെ ആഗ്രഹം എങ്ങിനെയെങ്കിലും ജോലി കണ്ടെത്തുക എന്നതായിരുന്നു. കാര്യം എളുപ്പമുള്ളതല്ലെന്നു ആയിഷക്കറിയാം. പ്രൊഫഷനലായിട്ടുള്ള വിദ്യാഭ്യാസമില്ല. ആകെ കയ്യിലുള്ളത് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മാത്രം. എന്നിട്ടും നിരാശ കൈവെടിഞ്ഞ് നാട്ടിലെ അങ്കൺവാടിയിൽ താൽക്കാലികമായി ജോലിയിൽ ചേർന്നു. അങ്കൺവാടിയിലെ ആയിഷയുടെ പ്രവർത്തനമിടുക്ക് കണ്ടും ഭാഷയിലുള്ള സ്വാധീനം കൊണ്ടും അങ്കൺവാടി ടീച്ചർമാർക്ക് പരിശീലനം നൽകാനുള്ള അവസരം മേലുദ്യോഗസ്ഥർ ഒരുക്കിക്കൊടുത്തു. ബാലസഭകൾക്ക് പരിശീലനം നൽകാനുള്ള റിസോർസ്പേർസണായും ആയിഷയെ തിരഞ്ഞെടുത്തു. ഇതോടൊപ്പം പൊതുരംഗത്ത് പ്രവർത്തിക്കാനും ആയിഷ സന്നദ്ധയായി.
    
കന്നട - മലയാളം ഭാഷാ ഇൻസ്ട്രക്ടറായും ആയിഷ സേവനം ചെയ്തു. ഇതിലേക്ക് ആയിഷയെ പ്രോത്സാഹിപ്പിച്ചത് സുധീർ മാഷാണെന്ന് നന്ദി പൂർവ്വം ആയിഷ സ്മരിക്കുന്നു. ജീവിതത്തിൽ നിർണായകമായ മാറ്റത്തിനിടയാക്കിയത് നാട്ടിൽ തുടങ്ങിയ ഏകാധ്യാപക വിദ്യാലയത്തിൽ  അവിടെയുണ്ടായിരുന്ന ലത്തീഫ് മാഷായിരുന്നു. ടീച്ചറായി അവിടെ കയറാൻ അവസരം നൽകിയത് അദ്ദേഹമായിരുന്നു. അധ്യാപകൻ്റെ മകളായ ആയിഷക്ക് അധ്യാപികയാവാനായിരുന്നു മോഹം. മറ്റു പല മേഖലകളിലും അധ്യാപികയായി ജോലി ചെയ്തിരുന്നെങ്കിലും ഏകാധ്യാപക വിദ്യാലയത്തിലെത്തിയപ്പോഴാണ് പൂർണ്ണമായും ഒരു ടീച്ചറായി തീർന്നു എന്ന ബോധ്യം വന്നത്. 

കുട്ടികളുടെ എണ്ണം കൂടിയതിനാൽ അവിടെ മൂന്നു അധ്യാപകരെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതിൽ ഒരാൾക്ക് പി.എസ്.സി. വഴി ജോലികിട്ടിയപ്പോൾ വന്ന ഒഴിവിലാണ് ആയിഷയെ നിശ്ചയിച്ചത്. ഓരോ സ്ഥലത്തും അവിചാരിതമായാണ് ആയിഷ ജോലിയിൽ എത്തപ്പെടുന്നത്. ആയിടക്കാണ് ഇടിത്തീ പോലെ ഏകാധ്യാപകവിദ്യാലയങ്ങൾ നിർത്തലാക്കുന്നു എന്ന വാർത്ത അറിയുന്നത്. അവിടെയും ആയിഷ പതറിയില്ല. പിടിച്ചു നിന്നു. ഏകാധ്യാപക വിദ്യാലയങ്ങളിൽ ജോലി ചെയ്ത അധ്യാപകരെ  സർക്കാർ സർവ്വീസിൽ നിയമനം നൽകുമെന്ന് അറിയിപ്പുണ്ടായി.

അങ്ങിനെയാണ് എറണാകുളം ജില്ലയിലെ പറവൂർ തത്തപ്പിള്ളി ഗവ. ഹൈസ്കൂളിൽ ഓഫീസ് സ്റ്റാഫ്‌ ആയി ആയിഷക്ക് നിയമനം ലഭിക്കുന്നത്. ടീച്ചർ ആയത്  കൊണ്ട് തന്നെ ഈ സ്കൂളിൽ കുട്ടികൾക്കു പഠിപ്പിക്കാനുള്ള അവസരവും ഒരുക്കിത്തന്ന എച്ച് എം സിമി ടീച്ചറിനെയും മറ്റു അധ്യാപകരെയും നന്ദി പൂർവ്വം സ്മരിക്കുന്നു. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് ആയിഷയെന്ന ഈ കാസർകോടൻ പെൺകുട്ടി ഇവിടം വരെ എത്തി. ഇപ്പോൾ ആയിഷ എറണാകുളക്കാരിയായി മാറി. സംസ്ഥാന-ജില്ലാ കലോൽസവങ്ങളിൽ കന്നട ഭാഷ മൽസരങ്ങൾ വിലയിരുത്താനുള്ള ജഡ്ജിൻ്റെ പട്ടവും ആയിഷ ഏറ്റുവാങ്ങി. 

കൊല്ലം, കോട്ടയം, പത്തനംതിട്ട എറണാകുളം ജില്ലകളിൽ കലോൽസവ ജഡ്ജ്മെൻ്റിനും ആയിഷ പോയിട്ടുണ്ട്. ഈയൊരു അപൂർവ്വനേട്ടം കൈവരിച്ചതിനാൽ സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനൊക്കെ ആയിഷ കടപ്പെട്ടിരിക്കുന്നത് സ്വന്തം കുടുംബത്തിനോടാണ്. മുഹമ്മദ് റാഫിദ്, മൊയ്തീൻ റാഷിദ് എന്നീ രണ്ടു ആൺകുട്ടികളാണിവർക്കുള്ളത്. ഭർത്താവും കുടുംബവും കുട്ടികളും ആയിഷക്ക് പൂർണ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. ലക്ഷ്യം വെച്ച് ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ എന്തും കൈവരിക്കാനാവുമെന്ന് ആയിഷ. തന്നേ പോലുള്ള സഹോദരിമാർക്ക് നൽകുന്ന അനുഭവ സന്ദേശമാണ് അവരുടെ ജീവിതം.

ഈ വാർത്ത മറ്റുള്ളവർക്കും പ്രചോദനമാകട്ടെ എന്ന് കരുതി ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ.

Aisha, from Kasaragod, overcame financial and social obstacles to complete her education and secure a government job. Her story highlights the importance of resilience and determination in achieving success.

#Inspiration #Success #Resilience #WomensEmpowerment #Kasaragod #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia